2015 ലെ ഐപിഎല്‍ മെഗാലേലം, മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായത് അതിലെ ‘ ഇന്ത്യന്‍ അധിപത്യം’ കൊണ്ടായിരുന്നു. കഴിഞ്ഞ സീസണ്‍ വരെ വിദേശ താരങ്ങള്‍ക്കായിരുന്നു കോടിമൂല്യം എങ്കില്‍ ഇത്തവണ ഓവര്‍സീസ് താരങ്ങളെ പിന്നിലേക്കു നിര്‍ത്തി ഇന്ത്യക്കാരാണ് വിലയേറിയ കളിക്കാരായത്. കോടീശ്വരന്മാരുടെ ആദ്യ അഞ്ചു സ്ഥാനങ്ങളിലും ഇന്ത്യന്‍ താരങ്ങളാണ്. ഇവരുടെ യെല്ലാം മൂല്യം 18 കോടിക്ക് മുകളിലും. ഇതിന് മുമ്പ് 2011 ലും 2022 ലും മാത്രമാണ് ഇന്ത്യന്‍ താരങ്ങള്‍ ലേലത്തില്‍ വിലപിടിപ്പുള്ളവരായിട്ടുള്ളത്. ഈ മാറ്റം ഐപിഎല്‍ ട്രെന്‍ഡില്‍ വന്നിരിക്കുന്ന വ്യതിയാനത്തെയാണ് കാണിക്കുന്നത്. ഈ വര്‍ഷത്തെ ലേലത്തില്‍ കാണുന്നൊരു പ്രത്യേകത, അത് സ്വദേശികളായ യുവ പ്രതിഭകളില്‍ നോട്ടമിട്ടിരിക്കുന്നുവെന്നതാണ്, സാധാരണ അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രധാനികള്‍ക്കാണ് ഫ്രാഞ്ചൈസികള്‍ മുതല്‍ മുടക്കാറുള്ളത്, ആ ട്രെന്‍ഡിന് മാറ്റം വന്നിരിക്കുന്നു.
2025 ലെ ലേലത്തിന് മുമ്പ്, ഒരു ഇന്ത്യന്‍ കളിക്കാരന് ലഭിച്ച ഏറ്റവും ഉയര്‍ന്ന തുക 16 കോടിയായിരുന്നു. 2015 ല്‍ യുവരാജ് സിംഗിനെ വാങ്ങാന്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്(ഡല്‍ഹി ക്യാപ്പിറ്റല്‍) ആയിരുന്നു അത്രയും തുക മുടക്കിയത്. ഓവര്‍സീസ് കളിക്കാര്‍ ഐപിഎല്ലില്‍ ശതകോടീശ്വരന്മാരാകാന്‍ തുടങ്ങും വരെ ഈ തുകയൊരു റെക്കോര്‍ഡ് ആയി നിലനിന്നു. തുടര്‍ന്നുള്ള ഒമ്പത് വര്‍ഷങ്ങളില്‍ ആറ് വിദേശകളിക്കാര്‍ യുവരാജ് സിംഗിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ കളിക്കാരുടെ മുകളില്‍ വാണിരുന്നു. ഇതിനിടയില്‍ കോടികള്‍ കൊണ്ട് ശ്രദ്ധേയമായത്, 2019 ല്‍ ജയദേവ് ഉനദ്കട്ടും വരുണ്‍ ചക്രവര്‍ത്തിയും 8.4 കോടി വാങ്ങിയതും, 2022 ല്‍ ഇഷാന്‍ കിഷന് 15.25 കോടി സ്വന്തമാക്കിയതുമാണ്.
എന്നാല്‍, ഇത്തവണത്തെ ലേലത്തില്‍ കണ്ടത് ഇന്ത്യന്‍ താരങ്ങള്‍ ഫ്രാഞ്ചൈസികളുടെ ഫസ്റ്റ് ചോയ്‌സ് ആകുന്നതാണ്. അര്‍ഷദീപ് സിംഗാണ് 16 കോടിയെന്ന ഇതുവരെയുണ്ടായിരുന്ന വേലി ആദ്യം ചാടിക്കടന്നത്. 18 കോടിക്കാണ് പഞ്ചാബ് സിംഗിനെ നിലനിര്‍ത്തിയത്. എന്നാല്‍ അര്‍ഷദീപിന്റെ റെക്കോര്‍ഡ് വൈകാതെ തകര്‍ന്നു. കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് 26.7 കോടി വില ഉറപ്പിച്ച് പഞ്ചാബ് കിംഗ്‌സ് തന്നെയാണ് ചരിത്രപരമായ ആ വാങ്ങല്‍ നടത്തിയത്. മുന്‍ ടീമായ കൊല്‍ക്കത്തയും ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബിനൊപ്പം അയ്യര്‍ക്ക് വേണ്ടി ശക്തമായ പോരാട്ടം നടത്തിയിരുന്നു. അയ്യര്‍ ചരിത്രം കുറിച്ചെന്ന് കരുതിയപ്പോഴാണ്, ലകനൗ ഞെട്ടിച്ചത്. ഡല്‍ഹി ക്യാപ്റ്റനായിരുന്ന ഋഷഭ് പന്തിനെ 27 കോടിയെന്ന ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് ലക്‌നൗ പന്തിനെ സ്വന്തമാക്കിയത്.
ഇന്ത്യന്‍ താരങ്ങള്‍ക്കായി തങ്ങളുടെ പണ സഞ്ചി യഥേഷ്ടം തുറക്കാന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറയതിന് പിന്നില്‍ ഐഎപിഎല്‍ തന്ത്രങ്ങളില്‍ വന്ന മാറ്റം തന്നെയാണ്. 10 ഫ്രാഞ്ചൈസികളും കൂടി 120 ഇന്ത്യന്‍ താരങ്ങള്‍ക്കായി ചെലവാക്കിയത് 383.4 കോടിയാണ്. സ്‌പെഷ്യലിസ്റ്റുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ഫ്രാഞ്ചൈസികളുടെ തീരുമാനവും ഇന്ത്യന്‍ കളിക്കാരുടെ ഡിമാന്‍ഡ് കൂട്ടിയിട്ടുണ്ട്. ഇംപാക്ട് പ്ലെയര്‍ എന്ന നിര്‍ണായ റോള്‍ കൂടി മാറിയ ട്രെന്‍ഡിന് കാരണമായിട്ടുണ്ട്. സാധാരണ പ്രകടനം പോരാ, കളിക്കാര്‍ക്ക് ഗ്രൗണ്ടില്‍ കാഴ്ച്ചവയ്ക്കാനാകുന്ന അവരുടെതുമാത്രമായ പ്രത്യേക കഴിവുകളെയാണ് ടീം ഉടമകള്‍ നോട്ടമിട്ടത്. ബൗളര്‍മാര്‍ക്ക് മാത്രമായി ചെലവഴിച്ചത് 284.05 കോടിയാണ്. 117.05 കോടിയാണ് ബാറ്റര്‍മാര്‍ക്കായി നല്‍കിയത്. ഒരു മത്സരത്തിന്റെ ഫലത്തെ സ്വാധീനിക്കാന്‍ കഴിവുള്ള കളിക്കാര്‍ക്കായി എത്രവേണമെങ്കിലും മുടക്കാം എന്ന തീരുമാനത്തിലായിരുന്നു ടീമുകള്‍. ഇതിന്റെ ഗുണമായിരുന്നു യുസ്‌വേന്ദ്ര ചഹലിനെ പോലുള്ള കളിക്കാര്‍ക്ക് കിട്ടിയത്. ഐപിഎല്‍ ചരിത്രത്തില്‍ ഒരു സ്പിന്നര്‍ക്ക് കിട്ടുന്ന റെക്കോര്‍ഡ് തുകയാണ് ചഹല്‍ സ്വന്തമാക്കിയത്. 18 കോടിക്കാണ് പഞ്ചാബ് കിംഗ്‌സ് ചഹലിനെ വാങ്ങിയത്.
2025 സീസണ്‍ വേണ്ടിയുള്ള ലേലത്തില്‍ കണ്ട മറ്റൊരു പ്രത്യേകത, യുവാക്കളുടെ പ്രാതിനിധ്യമാണ്. വൈഭവ് സൂര്യവംശി പ്രായം കൊണ്ട് ചരിത്രം കുറിക്കുകയും ചെയ്തു. 1.10 കോടിക്ക് രാജസ്ഥാന്‍ സ്വന്തമാക്കിയ ഈ ബിഹാറി പയ്യന്റെ പ്രായം 13 വയസും 243 ദിവസവുമാണ്. 30 ലക്ഷമെന്ന അടിസ്ഥാന വിലയില്‍ നിന്നാണ് ഡല്‍ഹിയുമായി മല്ലുപിടിച്ച് രാജസ്ഥാന്‍ വൈഭവിനെ കൂടെക്കൂട്ടിയത്. ഐപിഎല്‍ തുടങ്ങി(2008) മൂന്നു വര്‍ഷം കഴിഞ്ഞ്(2011) ജനിച്ച ഒരു പയ്യനാണ് ഇന്ന് കോടികള്‍ സ്വന്തമാക്കി അതേ ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങുന്നതെന്ന കൗതുകവും വൈഭവിന്റെ കാര്യത്തിലുണ്ട്. യുവാക്കളെയും അണ്‍ടെസ്റ്റ്ഡ് ടാലന്റുകളെയും ലക്ഷ്യമിടുക മാത്രമല്ല, ഐപിഎല്‍ ക്രിക്കറ്റ് ഫോര്‍മാറ്റിന്റെ റിക്രൂട്ട്‌മെന്റ് രീതിയില്‍ വന്നിരിക്കുന്ന മാറ്റത്തെയും എടുത്തു കാണിക്കുക കൂടിയാണ് ഇത്തവണത്തെ ലേലം. 20 വയസില്‍ താഴെയുള്ള 13 കളിക്കാരാണ് ഇത്തവണത്തെ ലേലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇത്, ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപമായാണ് കാണേണ്ടത്. പ്രതിഭകളെ വളര്‍ത്തിക്കൊണ്ടു വന്ന് തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാക്കുകയെന്ന ലക്ഷ്യമാണ്. മുന്‍കാലങ്ങളിലെപ്പോലെ, എസ്റ്റാബ്ലിഷ്ഡ് താരങ്ങളെ സ്വന്തമാക്കുന്ന പ്രവണത അവസാനിച്ചിരിക്കുന്നു.
യുവത്വത്തിന്റെ ആഘോഷം ലേലത്തില്‍ കാണുമ്പോള്‍, ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, മുതിര്‍ന്നവരുടെ കാര്യത്തില്‍ ടീമുകള്‍ ശരിക്കൊന്ന് ആലോചിക്കുന്നുണ്ടെന്നതാണ്. ആകെ ഒമ്പത് താരങ്ങളാണ് 36 വയസിന് മേല്‍ പ്രായമുള്ളത്. ഇതില്‍ ബഹുഭൂരിപക്ഷവും അവരുടെ അടിസ്ഥാന വിലയില്‍ തന്നെയാണ് വിറ്റു പോയതും. കൂടുതല്‍ കാലത്തേക്ക് തങ്ങള്‍ക്ക് മുതലാകുന്ന യുവ താരങ്ങളില്‍ കാശ് ഇറക്കി ലാഭം നേടാമെന്ന് ടീമുകള്‍ കരുതിയതോടെയാണ് മുതിര്‍ന്നവരുടെ വിലയിടിഞ്ഞത്.
ലേലത്തില്‍ കണ്ട ട്രെന്‍ഡ് മാറ്റം ഐപിഎല്ലിന്റെ സ്വഭാവത്തെക്കൂടി സ്വാധീനിക്കും. യുവാക്കളും പരിചയ സമ്പന്നരുമായ ഇന്ത്യന്‍ താരങ്ങളും അതോടൊപ്പം സ്‌പെഷ്യലിസ്റ്റുകളും ലേലത്തില്‍ പ്രസക്തരായി. ക്രിക്കറ്റിന്റെ സ്വഭാവം മാറുകയാണ്. ഐപിഎല്ലിലും അതിന്റെ പ്രതിഫലനം ഉണ്ടാകും, മാറിയ കാലത്തെ ക്രിക്കറ്റിന് യോജിച്ച, താരങ്ങളെയാണ് ഫ്രാഞ്ചൈസികള്‍ ലക്ഷ്യമിടുന്നത്. ഇത്തവണ ലേലം, വരും വര്‍ഷങ്ങള്‍ക്കായുള്ള ഒരു ബ്ലൂ പ്രിന്റ് ആയി മാറാം. ഇന്ത്യന്‍ താരങ്ങളിലും യുവ പ്രതിഭകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ടീമുകളുടെ താത്പര്യം ഐപിഎല്ലിനെ തന്നെ പുനര്‍നിര്‍വചിച്ചേക്കാം. 2025 IPL Auction Marks a Shift Towards Indian Players, With Special Emphasis on Youth and Specialization
Content Summary; 2025 IPL Auction Marks a Shift Towards Indian Players, With Special Emphasis on Youth and Specialization