December 09, 2024 |
Share on

ബസും ട്രക്കും തടഞ്ഞ് കൂട്ടക്കൊല; പാകിസ്താനില്‍ 23 യാത്രക്കാരെ വെടിവച്ച് കൊന്നു

യാത്രക്കാരില്‍ പഞ്ചാബിലുള്ളവരെ രേഖകള്‍ പരിശോധിച്ച് കണ്ടെത്തിയാണ് കൊലപ്പെടുത്തിയത്

പാകിസ്താനില്‍ ബസ്, ട്രക്ക് യാത്രികരായ 23 പേരെ വെടിവച്ചു കൊലപ്പെടുത്തി. ബലൂചിസ്താനിലെ മുസാഖയില്‍ ജില്ലയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. തിങ്കളാള്ച്ച രാവിലെയാണ് ബസുകളിലും ട്രക്കുകളിലും യാത്ര ചെയ്യുകയായിരുന്നവരെ വാഹനങ്ങള്‍ തടഞ്ഞ് പുറത്തിറക്കിയശേഷം അവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ആയുധധാരികള്‍ വെടിവച്ച് കൊലപ്പെടുത്തിയത്.

ററാഷാം ഭാഗത്തുള്ള അന്തര്‍-പ്രവിശ്യ ദേശീയപാതയില്‍ ഗതാഗത സ്തംഭനം ഉണ്ടാക്കിയാണ് ആക്രമികള്‍ വാഹനങ്ങള്‍ തടഞ്ഞതെന്നാണ് മുസാഖയില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ നജീബ് കകാര്‍ മാധ്യമങ്ങളെ അറിയിച്ചത്. കൊല്ലപ്പട്ടവരില്‍ മൂന്നുപേര്‍ ബലൂചിസ്താനില്‍ നിന്നുള്ളവരും ബാക്കിയുള്ളവര്‍ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ളവരാണെന്നുമാണ് പൊലീസ് പറയുന്നത്.

അക്രമികള്‍ പത്ത് ട്രക്കുകള്‍ കത്തിക്കുകയും അവയുടെ ഡ്രൈവര്‍മാരെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ ഹമീദ് സാഹിര്‍ പറയുന്നത്.

പഞ്ചാബ് പ്രവിശ്യയിലേക്കു പോകുന്ന വാഹനങ്ങളാണ് തടഞ്ഞത്. യാത്രക്കാരില്‍ പഞ്ചാബിലുള്ളവരെ രേഖകള്‍ പരിശോധിച്ച് കണ്ടെത്തിയാണ് കൊലപ്പെടുത്തിയത്. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ലെന്നാണ് അസിസ്റ്റന്റ് കമ്മീഷണര്‍ എഎഫിപിയോട് പറയുന്നത്. ആരും ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

അതേസമയം ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി അവകാശപ്പെടുന്നത്, സാധാരണ വേഷത്തില്‍ യാത്ര ചെയ്യുകയായിരുന്ന അവരുടെ സംഘാംഗങ്ങളെ സൈന്യം രേഖകള്‍ പരിശോധിച്ച് തിരിച്ചറിഞ്ഞ് കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ്. എന്നാല്‍ പാക് ആഭ്യന്തര മന്ത്രി ഇത്തരമൊരു വാദം തള്ളിക്കളയുകയാണ്. കൊല്ലപ്പെട്ടവരെല്ലാം തന്നെ സാധാരണക്കാരായ ജനങ്ങളാണെന്നാണ് മന്ത്രി പറയുന്നത്.

ഇതേ സ്വഭാവത്തില്‍ ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഏപ്രിലില്‍ ബലൂചിസ്താന് സമീപം നോഷ്‌കി പട്ടണത്തില്‍ വച്ച് ഒരു ബസ് തടഞ്ഞ് നിര്‍ത്തി അതില്‍ യാത്ര ചെയ്തിരുന്നവരില്‍ ഒമ്പത് പേരെ വെടിവച്ച് കൊന്നിരുന്നു. ഇത്തവണത്തെ പോലെ അന്നും തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചായിരുന്നു അക്രമികള്‍ ആളുകളെ കൊന്നത്.

2023 ഒക്ടോബറില്‍ ബലൂചിസ്താനിലെ കെച്ച് ജില്ലയില്‍ തുര്‍ബാത്തില്‍ വച്ച് പഞ്ചാബില്‍ നിന്നുള്ള ആറ് തൊഴിലാളികളെ അജ്ഞാതരായ ആക്രമികള്‍ വെടിവച്ച് കൊന്ന സംഭവവുമുണ്ട്.

ഈ കൊലപാതകങ്ങള്‍ എല്ലാം തന്നെ കൃത്യമായി ലക്ഷ്യമിട്ട് ചെയ്തിട്ടുള്ളതാണെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ടവരെല്ലാം തെക്കന്‍ പഞ്ചാബ് പ്രവിശ്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ഇരകളുടെ വംശീയ പശ്ചാത്തലം പരിഗണിച്ചാണ് അവരെ കൊന്നത്.

2019 ല്‍ ഗ്വാദര്‍ ജില്ലയ്ക്ക് സമീപം ഒര്‍മാരയില്‍ ഒരു ബസ് തടഞ്ഞ് നിര്‍ത്തി 14 പേരെ ഇതുപോലെ വെടിവച്ചു കൊന്നിരുന്നു. കൊല്ലപ്പെട്ടവരില്‍ നേവി, എയര്‍ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. തിരിച്ചറിയല്‍ രേഖകള്‍ നോക്കിയായിരുന്നു അന്നും ഇരകളെ കണ്ടെത്തിയത്. സമാനമായ സംഭവം 2015 ല്‍ തുര്‍ബാട്ടിലെ തൊഴിലാളി ക്യാമ്പിലും നടന്നിരുന്നു. പുലരും മുമ്പേ 20 നിര്‍മാണ തൊഴിലാളികളെയാണ് വെടിവച്ചു കൊന്നത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇരകളെല്ലാവരും സിന്ധ്, പഞ്ചാബ് മേഖലകളില്‍ നിന്നുള്ളവരായിരുന്നു.

ബലൂചിസ്താന്‍ കൂട്ടക്കൊലയില്‍ പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും ബലൂചിസ്താന്‍ മുഖ്യമന്ത്രി സര്‍ഫറാസ് ബുഗ്ട്ടിയും ശക്തമായി അപലപിച്ചിട്ടുണ്ട്. അക്രമികളാരായാലും അവര്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നാണ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്.  23 passengers were killed in pakistan’s balochistan

Content Summary; 23 passengers were killed in pakistan’s balochistan

Advertisement
×