യെമനിലെ പത്ര ഓഫിസുകള്‍ക്കു നേരെ ഇസ്രയേല്‍ കഴിഞ്ഞാഴ്ച്ച നടത്തിയ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകരും മാധ്യമ സ്ഥാപന ജീവനക്കാരും ഉള്‍പ്പെടെ 35 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ 16 വര്‍ഷത്തിനിടയില്‍ ലോകത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ ഉണ്ടാകുന്ന ഏറ്റവും മാരകമായ ആക്രമണം എന്നാണ് ഈ സംഭവത്തെ കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ് (സിപിജെ) നിരീക്ഷിക്കുന്നത്.
സെപ്തംബര്‍ 10 നാണ് യെമനിലെ സനായില്‍ സ്ഥിതി ചെയ്യുന്ന ഒരു സമുച്ചയത്തില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഹൂതികളുമായി ബന്ധമുള്ള മൂന്നു മാധ്യമസ്ഥാപനങ്ങള്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അവരായിരുന്നു ലക്ഷ്യം.
യെമന്‍ സൈന്യത്തിന്റെ മാധ്യമവിഭാഗം ആഴ്ചതോറും പുറത്തിറക്കാറുള്ള വാര്‍ത്താക്കുറിപ്പുകളുടെ പ്രിന്റിംഗ് പൂര്‍ത്തിയാക്കിക്കൊണ്ടാരിക്കുന്ന സമയത്തായിരുന്നു ഇസ്രയേല്‍ ആക്രമണം നടക്കുന്നതെന്നായിരുന്നു ഒരു പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്റര്‍ പറഞ്ഞത്. പ്രിന്റിംഗ് സമയം ആയിരുന്നതുകൊണ്ട് തന്നെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ എണ്ണം കൂടുതലായിരുന്നു.
കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഒരു മാധ്യമപ്രവര്‍ത്തകനൊപ്പം ഓഫീസിലേക്ക് വന്നതായിരുന്നു കുട്ടി. ആക്രമണത്തില്‍ 131 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഹൂതി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ മാധ്യമപ്രവര്‍ത്തകരും ഹൂതികളുമായി ബന്ധപ്പെട്ട ‘സെപ്റ്റംബര്‍ 26’ എന്ന പത്രത്തിലോ യെമന്‍ പത്രത്തിലോ ജോലി ചെയ്തിരുന്നവരായിരുന്നുവെന്നും പുറത്തു വന്ന വിവരങ്ങളില്‍ പറയുന്നത്.
2009ല്‍ ഫിലിപ്പീന്‍സിലെ മാഗ്വിന്‍ഡനാവോ കൂട്ടക്കൊലയ്ക്ക് ശേഷം നടക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള രണ്ടാമത്തെ ഏറ്റവും വലിയ ആക്രമണമാണ് യെമനിലേത് എന്നാണ് സിപിജെ. ‘മാധ്യമ മേഖലയില്‍ ജോലി ചെയ്യുന്നു എന്നതിന്റെ പേരില്‍ നിരപരാധികളെ ലക്ഷ്യം വച്ച് നടത്തിയ ക്രൂരവും നീതീകരിക്കപ്പെടാത്തതുമായ ആക്രമണമാണിത് എന്നാണു ‘സെപ്റ്റംബര്‍ 26’-ന്റെ എഡിറ്റര്‍-ഇന്‍-ചീഫ് നാസര്‍ അല്‍-ഖദ്രി സിപിജെയോട് പറഞ്ഞത്.
യുദ്ധങ്ങളിലോ, സായുധ ആക്രമണങ്ങളിലോ നേരിട്ട് പങ്കെടുക്കാതിരിക്കുന്ന കാലത്തോളം, സായുധ സംഘങ്ങളുമായി ബന്ധമുണ്ടെന്നതിന്റെ പേരില്‍ മാത്രം മാധ്യമ സ്ഥാപനങ്ങളെയോ മാധ്യമ പ്രവര്‍ത്തകരെയോ വധിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന് വിരുദ്ധമാണ്.
ആക്രമണം ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സനായിലെ ‘സൈനിക ലക്ഷ്യങ്ങള്‍’ തങ്ങള്‍ ആക്രമിച്ചുവെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്. അതേസമയം മാധ്യമ സ്ഥാപനത്തെ ആക്രമിച്ചതിനെ അവര്‍ ന്യായീകരിക്കുന്നുമുണ്ട്. ‘മാനസിക ഭീകരത’ പ്രചരിപ്പിക്കുന്ന ഹൂതി പബ്ലിക് റിലേഷന്‍സ് വകുപ്പിനെയും ആക്രമിച്ചുവെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.
പലസ്തീനികളെ പിന്തുണയ്ക്കുന്നുവെന്ന് അവകാശപ്പെട്ട് ഇസ്രയേലിനെതിരേ ഹൂതികള്‍ നിരന്തരം ആക്രമണം നടത്തുകയാണെന്നും, അതിനെതിരേയുള്ള പ്രതികരണമാണ് തങ്ങളില്‍ നിന്നുണ്ടായിരിക്കുന്നതെന്നും ഇസ്രയേല്‍ വാദിക്കുന്നു.
മിഡില്‍ ഈസ്റ്റിലുടനീളമുള്ള മാധ്യമ പ്രവര്‍ത്തകരെ ഇസ്രയേല്‍ കൊല്ലുകയാണ്. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരെ തീവ്രവാദികളായി ചിത്രീകരിക്കാന്‍ ശ്രമിച്ചുകൊണ്ട് ആ കൊലപാതകങ്ങളെ ന്യായീകരിക്കുകയുമാണ് ഇസ്രയേല്‍ ചെയ്യുന്നത്. അതേ പ്രചാരണം തന്നെയാണ് യെമനിലെ ആക്രമണത്തിലും അവര്‍ നടത്തുന്നതെന്നാണ് സിപിജെ കുറ്റപ്പെടുത്തുന്നത്. 2023 ഒക്ടോബര്‍ 7 മുതല്‍ ഇസ്രയേല്‍ ഗാസയില്‍ 247 പത്രപ്രവര്‍ത്തകരെ കൊന്നിട്ടുണ്ടെന്നാണ് യുഎന്‍ മനുഷ്യാവകാശ ഓഫീസ് പറയുന്നത്.
ഓഗസ്റ്റ് 10 ന് ഗാസ നഗരത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ തങ്ങിയിരുന്ന ടെന്റുകളില്‍ ബോംബിട്ട് അല്‍ ജസീറയിലെ അനസ് അല്‍-ഷെരീഫ് ഉള്‍പ്പെടെ ആറ് പത്രപ്രവര്‍ത്തകരെയാണ് ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയത്. എന്നിട്ട് അവര്‍ നടത്തിയ പ്രചാരണം, കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ ഹമാസിലെ അംഗങ്ങളാണെന്നായിരുന്നു. എന്നാല്‍ ആ ആരോപണത്തില്‍ യാതൊരു തെളിവും ഇസ്രയേലിനുണ്ടായിരുന്നില്ല. ഓഗസ്റ്റ് 26 ന് തെക്കന്‍ ഗാസയിലെ അല്‍-നാസര്‍ ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രായേലി ആക്രമണത്തില്‍ അഞ്ച് പത്രപ്രവര്‍ത്തകര്‍ കൂടി കൊല്ലപ്പെട്ടിരുന്നു.
ലെബനനില്‍, ഹിസ്ബുള്ള അനുകൂല ചാനലുകളുമായി ബന്ധമുള്ള പത്രപ്രവര്‍ത്തകരെയും ഹിസ്ബുള്ളയുടെ മീഡിയ ഓഫീസിലെ അംഗങ്ങളെയും ഇസ്രയേല്‍ കൊലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര നിയമപ്രകാരം കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരെല്ലാം തന്നെ സാധാരണ പൗരന്മാരായിരുന്നു.
ഇസ്രയേല്‍ സൈന്യം ഇപ്പോള്‍ മിഡില്‍ ഈസ്റ്റിലുള്ള മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ച് അവരുടെ കൊലയാളികളാണ്. ഒക്ടോബര്‍ 7 ന് ശേഷം ഈ ഭീഷണി ശക്തമായി വര്‍ദ്ധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളെല്ലാം അവര്‍ കാറ്റില്‍ പറത്തുകയാണ്. യെമനിലെ ആക്രമണം മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ശക്തമായ മറ്റൊരു മുന്നറയിപ്പാണ്. ഒരു സ്ഥലവും നിങ്ങള്‍ക്ക് സുരക്ഷിതമല്ല എന്നാണ് ആ മുന്നറിയിപ്പ് എന്നാണ് സിപിജെ റീജിയണല്‍ പ്രോഗ്രാം ഡയറക്ടര്‍ സാറ ഖുദ പറയുന്നത്.
മാധ്യമപ്രര്‍ത്തകരെ ലക്ഷ്യം വയ്ക്കുന്ന ഇസ്രയേലി സൈന്യത്തിനെതിരേ ആഗോളതലത്തില്‍ പ്രതിഷേധം ശക്തമാകുമ്പോഴും, ഇസ്രയേല്‍ സര്‍ക്കാര്‍ അവരുടെ സൈന്യത്തിന്റെ മനുഷ്യത്വരഹിത പ്രവര്‍ത്തികളെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്.
Content Summary; Israeli forces carried out airstrikes on a media center in Sanaa, Yemen’s capital, on September 10. At least 35 people were killed, and dozens more were injured. this is the second deadliest on journalists ever recorded
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.