തമിഴ്നാട്ടിലെ ശിവഗംഗയില്‍ 26 വയസുകാരനായ ദളിത് യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍, പൊലീസിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും യുവാവിന്റെ മരണമൊഴിയും പുറത്തുവന്നു. ഇതേത്തുടര്‍ന്ന് വിവിധ സ്റ്റേഷനുകളിലെ ഇന്‍സ്‌പെക്ടര്‍ അടക്കം ആറ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ശിവഗംഗ സ്വദേശിയായ ആര്‍. ആകാശ് ഡെലിസണ്‍ ആണ് കൊല്ലപ്പെട്ടത്. കേസ് നിലവില്‍ ക്രൈം ബ്രാഞ്ച് സിഐഡിക്ക് കൈമാറിയിരിക്കുകയാണ്.
ഒരു മര്‍ദ്ദനക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 6-നാണ് ഡെലിസണെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ഇയാള്‍ മരിച്ചു. പാലത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റതാണ് മരണകാരണമെന്നായിരുന്നു പൊലീസിന്റെ ആദ്യ വാദം. എന്നാല്‍ ഈ വാദങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. ഡെലിസണിന്റെ ശരീരത്തില്‍ ഇരുപതിലധികം പരിക്കുകള്‍ ഉണ്ടായിരുന്നതായും വലതുകാലിലെ അസ്ഥികള്‍ ക്രൂരമായി തകര്‍ക്കപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വീഴ്ചയില്‍ സംഭവിക്കുന്ന തരത്തിലുള്ള പരിക്കുകളല്ല ഇതെന്നും മര്‍ദ്ദനമേറ്റതിന്റേതാണെന്നും ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
മരണത്തിന് ഒരു ദിവസം മുമ്പ് മജിസ്ട്രേറ്റിന് മുന്നില്‍ ഡെലിസണ്‍ നല്‍കിയ മരണമൊഴി പൊലീസില്‍ നിന്നും താന്‍ നേരിട്ട ക്രൂരതകള്‍ അക്കമിട്ട് നിരത്തുന്നതാണ്. പൊലീസ് തന്റെ കണ്ണുകള്‍ വെള്ളത്തുണി കൊണ്ട് കെട്ടിയതായും കാലിനടിയില്‍ കല്ലുകള്‍ വെച്ച് നനഞ്ഞ ചാക്ക് കൊണ്ട് മൂടിയ ശേഷം ഇരുമ്പ് വടി കൊണ്ട് അടിച്ചതായും മൊഴിയിലുണ്ട്. അടി കിട്ടിയ ഉടനെ അസ്ഥികള്‍ ഒടിഞ്ഞ് പുറത്തേക്ക് വന്നതായും ഡെലിസന്റെ മൊഴിയില്‍ പറയുന്നു. പുറത്ത് മുറിവുകള്‍ കാണപ്പെടാതിരിക്കാനാണ് നനഞ്ഞ ചാക്ക് ഉപയോഗിച്ച് അടിക്കുന്ന ഈ രീതി പൊലീസ് സ്വീകരിക്കുന്നത്. തമിഴ്നാട് പൊലീസിനെതിരെ മുന്‍പും ഇത്തരം ക്രൂരതകള്‍ ഉയര്‍ന്നു വന്നിട്ടുള്ളതാണ്.
ഡെലിസണിന്റെ മരണം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. വിസികെ അധ്യക്ഷന്‍ തോള്‍ തിരുമാളവന്‍, ശിവഗംഗ എംപി കാര്‍ത്തി ചിദംബരം തുടങ്ങിയവര്‍ വിഷയത്തില്‍ ഇടപെട്ടു. തന്റെ പ്രദേശത്തെ ലഹരി വില്‍പ്പനയെ ഡെലിസണ്‍ എതിര്‍ത്തിരുന്നതായും അതിനാലാണ് ഇത്തരമൊരു ആക്രമണം ഉണ്ടായതെന്നും തിരുമാളവന്‍ ആരോപിച്ചു. അതേസമയം, തമിഴ്നാട്ടില്‍ ഭരണകൂടങ്ങള്‍ മാറിയാലും കസ്റ്റഡി മരണങ്ങള്‍ തുടരുകയാണെന്നും പൊലീസ് പരിഷ്‌കരണം അനിവാര്യമാണെന്നും ഭരണകക്ഷിയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം അഭിപ്രായപ്പെട്ടു.
നിലവില്‍ കൊലപാതകക്കുറ്റവും എസ്സി/എസ്ടി നിയമപ്രകാരമുള്ള വകുപ്പുകളും ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. മരിച്ച യുവാവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. തിരുപ്പുവനം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ദിലീപന്‍, സബ് ഇന്‍സ്‌പെക്ടര്‍ ഗുഗന്‍ ഉള്‍പ്പെടെയുള്ള ആറ് ഉദ്യോഗസ്ഥരെയാണ് രാമനാഥപുരം റേഞ്ച് ഡിഐജി എന്‍. മണിവണ്ണന്‍ സസ്‌പെന്‍ഡ് ചെയ്തത്. കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന സിബി-സിഐഡി അന്വേഷണം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകള്‍ പുറത്തുകൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Summary: A 26-year-old Dalit youth was brutally tortured to death in custody; widespread protests erupt against Tamil Nadu police
This post was last modified on March 15, 2026 9:54 am
Leave a Comment