അതിമനോഹരിയായ ജെന്നിഫര്‍ പാര്‍ക്കര്‍ ന്യൂയോര്‍ക്കിലെ ജില്ലാ അസിസ്റ്റന്റ് അറ്റോര്‍ണിയാണ്. കരിയറിന്റെ തുടക്കത്തില്‍ തന്നെ ആ സുന്ദരി കണ്ടുമുട്ടുന്നത് അമേരിക്കയിലെ കുപ്രസിദ്ധ ഗുണ്ടാകുടുംബത്തിലെ മിഷേല്‍ മൊറോട്ടിയെയാണ്. തനിക്കെതിരായ വിചാരണയില്‍ നിന്ന് രക്ഷപ്പെടാനായി മിഷേല്‍ മൊറോട്ടി തയ്യാറാക്കുന്ന ഗൂഢപദ്ധതിയില്‍ ചെന്ന് വീഴുകയാണ് ജെന്നിഫര്‍. Rajavinte Makan
ജെന്നിഫറിനെ കണ്ണിലെ കരടായി കാണുന്ന മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി റോബര്‍ട്ട് ഡി സില്‍വ ഈ അവസരം മുതലെടുത്ത് അവളുടെ കരിയര്‍ തകര്‍ക്കാന്‍ ശ്രമമാരംഭിക്കുന്നു. ജെന്നിഫറിനെതിരെ നിയമലംഘന നടപടിയുടെ വിചാരണ തുടങ്ങുമ്പോള്‍ കേസ് അന്വേഷണത്തിനായി എത്തുന്നത് ആദം വാര്‍ണര്‍ എന്ന യുവസുന്ദരനാണ്. ജെന്നിഫര്‍ നിരപരാധിയാണെന്ന് കണ്ടെത്തുന്നതിനൊപ്പം ആദം-ജെന്നിഫര്‍ പ്രണയവും മൊട്ടിടുന്നു. കരിയര്‍ വീണ്ടും ആരംഭിച്ച ജെന്നിഫറിനെ പിന്തുടര്‍ന്ന് മിഷേല്‍ മൊറോട്ടിയുമുണ്ട്.
വീണിട്ടും തളരാതെ എഴുന്നേറ്റ് വരുന്ന അവളുടെ ആത്മവീര്യത്തില്‍ ആകൃഷ്ടനായിരിക്കുകയാണ് അയാള്‍. ആദം നേരത്തെ തന്നെ വിവാഹിതനാണ്, ചതി അറിയുന്ന ജെന്നിഫര്‍ വിവാഹമോചനത്തിനായി കാത്തിരിക്കുന്ന അയാളുടെ ഭാര്യയുമായി സൗഹൃദത്തിലാവുന്നു. ആദം രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതോടെ അയാളെ വിട്ട് പോവാതിരിക്കാന്‍ പ്ലാന്‍ ചെയ്ത് ഗര്‍ഭം ധരിക്കുന്ന ഭാര്യ, വിവാഹമോചനത്തില്‍ നിന്ന് പിന്‍മാറുന്നു.
ജെന്നിഫര്‍ കാര്യങ്ങള്‍ മനസിലാക്കി സ്വന്തം ജീവിതവുമായി പൊരുത്താപ്പെടാന്‍ നോക്കുന്നു. അവളും ഒരു മകന് ജന്മം നല്‍കുന്നു. ജോഷ്വാ ആദം പാര്‍ക്കറെന്ന ആ മകനെ അതീവരഹസ്യമായാണ് അവള്‍ വളര്‍ത്തുന്നത്. മിഷേല്‍ മൊറോട്ടി അപ്പോഴും അവളുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല. ഒടുവില്‍ മകനെ ക്രിമിനലുകള്‍ തട്ടികൊണ്ടു പോവുമ്പോള്‍ ജെന്നിഫറിന് മിഷേലിന്റെ സഹായം വേണ്ടിവരുന്നു.
ആ ബന്ധം ജെന്നിഫറിന് അധോലോക നായിക പരിവേഷം ചാര്‍ത്തി കൊടുക്കുകയാണ്. പോലീസിനെ പേടിച്ച് ഓടിമറയുന്ന ജെന്നിഫറിനെ തകര്‍ത്ത് മകന്റെ അപകട മരണ വാര്‍ത്തയും എത്തുന്നു. പോലീസിന് വഴി കാണിച്ച് നല്‍കുന്നത് ജെന്നിഫര്‍ ആണെന്ന സംശയത്തില്‍ മിഷേല്‍ അവളെ കൊല്ലാന്‍ ശ്രമിക്കുന്നു. ഇതിനിടെ ആദം ജെന്നിഫറിനെ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്തി. പ്രിയപ്പെട്ടവരെയെല്ലാം നഷ്ടപ്പെട്ട ജെന്നിഫര്‍ സ്വന്തം ഗ്രാമത്തിലിരുന്ന് ആദം രാജ്യത്തിന്റെ പ്രസിഡന്റായി സത്യ പ്രതിജ്ഞ ചെയ്യുന്നത് ടിവിയില്‍ കാണുന്നതോടെ ആ കഥ അവസാനിക്കുന്നു.
1980ല്‍ സിഡ്‌നി ഷെല്‍ഡല്‍ എന്ന അമേരിക്കന്‍ എഴുത്തുകാരി രചിച്ച റേജ് ഓഫ് ഏഞ്ചല്‍സ് എന്ന നോവലിലെ കഥയാണ് ഇത്. ഈ കഥ അതുപോലെ അല്ലെങ്കിലും കുറേയേറെ മലയാളിയ്ക്കും സുപരിചിതമാണ്. കാരണം പ്രേക്ഷക സിംഹാസനത്തില്‍ ഇരുപ്പുറപ്പിച്ച രാജാവിന്റെ മകന്‍- എന്ന ക്ലാസിക് ചിത്രത്തിന്റെ പ്രമേയം ഈ നോവലില്‍ നിന്ന് ഉടലെടുത്തതാണ്. നോവലിലെ പല സന്ദര്‍ഭങ്ങളും സീനുകളുമെല്ലാം ചിത്രത്തിലുണ്ട്. നോവലിലെ ജെന്നിഫര്‍ എന്ന നായികയ്ക്ക് പ്രാധാന്യം കിട്ടിയപ്പോള്‍ മലയാളത്തില്‍ കിട്ടിയത് വിന്‍സന്റ് ഗോമസിനാണ്. അമേരിക്കന്‍ സംസ്‌കാരം കേരളത്തിന്റെ പശ്ചാത്തലത്തിലേക്ക് മാറ്റി ഡെന്നീസ് ജോസഫ് എഴുതിയതാണ് രാജാവിന്റെ മകന്‍.
നോവലിലെ ആശയം കേരളത്തിലെത്തിയപ്പോള്‍ കഥാതന്തു അബ്കാരി ലോബിയും കേരളത്തിലെ അധികാരവര്‍ഗങ്ങളും തമ്മിലുള്ള കുടിപ്പകയായി മാറി. നായകനും വില്ലനും ഒരാളാവുന്ന കാഴ്ച. ഏത് തരം പ്രേക്ഷകരെയും എന്‍ഗേജ് ചെയ്യുന്നത് രചനയുടെ ക്രാഫ്റ്റായിരുന്നു ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. കോടതിയിലേക്ക് കയറി വരികയാണ് നായകന്‍-വിന്‍സെന്റ് ഗോമസ്, തന്റെ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫറെ ഒറ്റനോട്ടം കൊണ്ട് ഭസ്മമാക്കി, അയാളെക്കൊണ്ട് തന്നെ ആ ഫിലിം റോള്‍ നശിപ്പിക്കുന്നു. കോടതിയുടെ സ്‌റ്റൈപ്പുകളില്‍ കോട്ടും സ്യൂട്ടും അണിഞ്ഞ് നില്‍ക്കുന്ന മോഹന്‍ലാല്‍-പിന്നീടങ്ങോട്ട് കൈയ്യടി നേടുന്ന ഡയലോഗുകളുടെ ശരവര്‍ഷമാണ്.
മൈ ഫോണ്‍ നമ്പര്‍ ഈസ് ഡബിള്‍ ടു ഡബ്ബിള്‍ ഫൈവ്
കണ്ണിനു കണ്ണ് പല്ലിനു പല്ല് ! .
കൈ പോയാലും തലയ്ക്കു വേദനിക്കും. ആ കൈയങ്ങു വെട്ടിക്കളഞ്ഞേക്ക്
ഓപ്പണറില്ലേ സോഡ പൊട്ടിക്കാന്‍?
എന്നെയും നിന്നെയും ഇവിടെ എത്തിച്ചത് പണമല്ലെടാ–ചങ്കുറ്റം…
വിന്‍സെന്റ് ഗോമസിനെ ചതിച്ചവരാരും ഇന്ന് ജീവിച്ചിരിപ്പില്ല
മനസില്‍ കുറ്റബോധം തോന്നി തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും
ഇന്ന് ആ ചിത്രത്തിന് 38 വയസ് തികയുകയാണ്. രാജാവിന്റെ മകന്‍ എന്ന ആ പടം കാലത്തെ അതിജീവിച്ചിരിക്കുന്നു. ഈ ഡയലോഗെല്ലാം ഇന്നും പ്രേക്ഷക മനസില്‍ നിറഞ്ഞ് നില്‍ക്കുന്നതും അതുകൊണ്ട് തന്നെയാണ്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രം, മോഹന്‍ലാല്‍ എന്ന നടനെ ഇപ്പോള്‍ കാണുന്ന സൂപ്പര്‍ താര പദവിയിലേയ്ക്ക് ഉയര്‍ത്തി കൊണ്ടുവന്ന ചിത്രം കൂടിയായിരുന്നു. സിനിമയോളം തന്നെ ആ ചിത്രത്തിലെ കഥാപാത്രമായ വിന്‍സെന്റ് ഗോമസ് എന്ന അധോലോക രാജകുമാരനും ആഘോഷിക്കപ്പെട്ടു. മോഹന്‍ലാലിനൊപ്പം രതീഷ്, സുരേഷ് ഗോപി, അംബിക തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
ഇതില്‍ അംബികയുടെ കഥാപാത്രമാണ് നോവലിലെ ജെന്നിഫറുമായി ചേര്‍ന്ന് നില്‍ക്കുന്നത്. അരങ്ങിലും അണിയറയിലും ഉള്ളവര്‍ക്കെല്ലാം ഈ വിജയം നിര്‍ണ്ണായകമായിരുന്നു. ലാലിനോടൊപ്പം തന്നെ സുരേഷ് ഗോപിയും കൂടുതല്‍ തിരക്കുള്ളവരായി മാറി. ഒപ്പം തമ്പി കണ്ണന്താനവും ഡെന്നീസ് ജോസഫും ഡിമാന്റുള്ള സംവിധായകനും തിരകഥാകൃത്തുമായി മാറി. ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംഗീതം നിര്‍വ്വഹിച്ച എസ് പി വെങ്കിടേഷ് മലയാളത്തില്‍ സജീവമായി. പറയുന്നതെന്ത് എന്നതിനേക്കാള്‍ എങ്ങനെ പറഞ്ഞിരിക്കുന്നു എന്ന പ്രമാണത്തിലെ മേന്മ വിലയിരുത്തുകയാണെങ്കിലും ഇന്നും ഒന്നാം സ്ഥാനം തന്നെ ചിത്രത്തിന് കൊടുക്കാവുന്നതാണ്. തെലുങ്കിലും തമിഴിലുമെല്ലാം രാജാവിന്റെ മകന് റിമെയ്ക്ക് ഉണ്ടായി.
English Summary: 38 years of ‘Rajavinte Makan’: The cult film that made Mohanlal a ‘Superstar’ overnight