ഇന്നേക്ക് 42 വര്‍ഷം മുമ്പുള്ള ഫെബ്രുവരി 18ന് പ്രഭാതത്തിലായിരുന്നു അത്. മധ്യ അസമിലെ നഗാവ് ജില്ലയിലെ പതിനാല് ഗ്രാമങ്ങളിലേയ്ക്ക് ഇരച്ച് കയറിയ അസം ദേശീയവാദികള്‍ ആറു മണിക്കൂറുകള്‍ കൊണ്ട് ആയിരക്കണക്കിന് പേരെ വെട്ടിയും വെടിവെച്ചും തല്ലിയും കൊന്ന് തള്ളി. മിക്കവരും ബംഗാള്‍ വംശജരായ മുസ്ലിങ്ങളായിരുന്നു. ഔദ്യോഗിക കണക്കുകള്‍ 2000ത്തിലേറെ മരണം എന്നാണ്. എന്നാല്‍ 7000-ലേറെ എന്ന് പലരും വിശ്വസിക്കുന്നു. 10,000ത്തിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് പല മനുഷ്യാവകാശ സംഘടനകളും പറഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമായിരുന്നു.
നെല്ലി കൂട്ടക്കൊലയെന്ന് ഗൂഗിളില്‍ പരതി നോക്കൂ. മാസ്‌ക് ചെയ്യാത്ത, മറച്ച് വയ്ക്കാത്ത ഒരു ചിത്രവും ലഭിക്കില്ല. ആധുനിക ലോകം നോക്കാന്‍ ഭയപ്പെടുന്ന ക്രൂരതകളാണവ. ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയധികം മനുഷ്യരെ കൊന്ന് തള്ളിയ ഒരു വംശഹത്യ സ്വതന്ത്രേന്ത്യയുടെ ചരിത്രത്തില്‍ വേറെയില്ല. ഈ അതിക്രൂരമായ കൊലയ്ക്ക് ഉത്തരവാദികളായ ഒരാളേയും ഇക്കാലത്തിനിടയില്‍ ശിക്ഷിച്ചിട്ടില്ല. 688 ക്രിമിനല്‍ കേസുകള്‍ രേഖപ്പെടുത്തിയെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം എല്ലാ കേസും ഉപേക്ഷിച്ചു. ഒരാള്‍ പോലും പ്രോസിക്യൂട്ട് ചെയ്യപ്പെട്ടില്ല. ഇതേ കുറിച്ച് നടത്തിയ അന്വേഷണം ഇന്ന് വരെ വെളിച്ചം കണ്ടിട്ടില്ല.
അറുപതുകളില്‍ ആരംഭിച്ച, ഇന്നും തുടരുന്ന അസമീസ് ദേശീയവാദവും തദ്ദേശ അസമീസ് വൈകാരിതയും ചേര്‍ന്നാണ് നെല്ലി കൂട്ടക്കൊല എന്നറിയപ്പെടുന്ന ആ വംശീയഹത്യ നടപ്പാക്കിയത്. ഒരുകാലത്ത് മുംബൈ കേന്ദ്രീകരിച്ച് ശിവസേന ആരംഭിച്ചതും ഇന്ന് പല യൂറോപ്യന്‍ രാജ്യങ്ങളില്‍ നവനാസികളും പ്രചരിപ്പിക്കുന്നതും അമേരിക്കയില്‍ ട്രംപ്-മസ്‌ക് കൂട്ടുകെട്ട് ലക്ഷ്യമിടുന്നതും എല്ലാം ഒരേ കാര്യമാണ്. തദ്ദേശീയ സമൂഹത്തിന് പ്രാഥമിക പരിഗണനവേണം. കുടിയേറിയവര്‍ ജോലികളും ആവാസസ്ഥലങ്ങളും സംസ്‌കാരവും തട്ടിപ്പറിക്കുന്നു. അസമീസ് ദേശീയ ഭാഷയോടുള്ള അഭിനിവേശവും പടിഞ്ഞാറ്, കിഴക്കന്‍ ബംഗാളുകളില്‍ നിന്ന് കുടിയേറിയവര്‍ക്കെതിരെയുള്ള വെറുപ്പും ചേര്‍ന്ന് സൃഷ്ടിച്ച ഒരു വൈകാരികത വൈകാതെ രാഷ്ട്രീയ രൂപമാര്‍ജ്ജിച്ചു. ആ വൈകാരികതയില്‍ നിന്നാണ് 1967-ല്‍ ആള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍ ഉണ്ടാകുന്നത്.
1971-ല്‍ ബംഗ്ലാദേശ് രൂപീകരണത്തിനും അതോടൊപ്പമുണ്ടായ യുദ്ധത്തിനും ശേഷം യുദ്ധയാതനകളനുഭവിച്ച ഹിന്ദുക്കളും മുസ്ലീങ്ങളുമെല്ലാം പല വഴിക്ക് പാലായനം ചെയ്തു. പലരും അസമിലും എത്തിയിട്ടുണ്ട്. പക്ഷേ നൂറ്റാണ്ടുകളായി അവിടെ ജീവിക്കുന്ന ബംഗാളി വേരുകളുള്ള മുസ്ലീം സമൂഹങ്ങളും ഇതേ തുടര്‍ന്ന് അനധികൃത കുടിയേറ്റക്കാര്‍ എന്ന നിലയില്‍ പരിഗണിക്കപ്പെടാന്‍ തുടങ്ങി. 1978-ല്‍ മംഗള്‍ദോയ് ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ പുതിയ വോട്ടര്‍മാരുടെ എണ്ണം വളരെ വര്‍ദ്ധിച്ചതിന് കാരണം അനധികൃത കുടിയേറ്റമാണെന്ന് നിലയില്‍ ആരോപണം വന്നു. ഇത് ആസു എന്നറിയപ്പെടുന്ന ആള്‍ ആസാം സ്റ്റുഡന്റസ് യൂണിയന്റെ വലിയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായി. അക്രമാസക്തമായ സമരങ്ങള്‍ക്കൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ 1971-ലെ ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം എത്തിയ കുടിയേറ്റക്കാര്‍ക്ക് വോട്ടവകാശം ഉണ്ടാകില്ല എന്നുറപ്പ് കൊടുത്തു.
1983-ല്‍ അസം നിയമസഭ തിരഞ്ഞെടുപ്പിനിടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. ഇന്ദിരാഗാന്ധി അനധികൃത കുടിയറ്റേക്കാര്‍ക്ക് വോട്ടവകാശം നല്‍കുമെന്ന പ്രചരണം കനത്ത അക്രമസംഭവങ്ങളിലേയ്ക്ക് വഴിതെളിച്ചു. ഇതിനിടയില്‍ 1980-ല്‍ ബി.ജെ.പി രൂപവത്കരിക്കപ്പെടുകയും അടല്‍ ബിഹാരി വാജ്പേയി പ്രഥമ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. അസമില്‍ ബി.ജെ.പിക്ക് അക്കാലത്ത് വേരുകളൊന്നുമില്ലെങ്കിലും കോണ്‍ഗ്രസിനെതിരായ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വാജ്പേയിയും എത്തിയിരുന്നു. പ്രചരണത്തിനിടെ വാജ്പേയിയുടെ ഒരു തീപ്പൊരി പ്രസംഗം പെട്ടന്ന് ശ്രദ്ധ പിടിച്ച് പറ്റി-‘വിദേശികള്‍ ഇവിടെ വന്ന് കൂടിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. പഞ്ചാബിലോ മറ്റോ ആയിരുന്നുവെങ്കില്‍ എന്തായാനേ? ജനങ്ങള്‍ വെട്ടിക്കീറി അതിര്‍ത്തിക്കപ്പുറം എറിഞ്ഞേനെ’.
അടല്‍ ബിഹാരി വാജ്‌പേയ്
ഈ പ്രസംഗത്തിന് ശേഷം വാജ്പേയി ഡല്‍ഹിയില്‍ തിരിച്ചെത്തുന്നതിന് മുമ്പാണ് നെല്ലിയടക്കമുള്ള 14 ഗ്രാമങ്ങളില്‍ ഒരേ സമയം കൂട്ടക്കൊല നടക്കുന്നത്. സ്ത്രീകളേയും കുഞ്ഞുങ്ങളേയും അക്രമികള്‍ കൊന്ന് തള്ളി. പ്രായഭേദമെന്യേ പെണ്‍കുട്ടികളും സ്ത്രീകളും ബലാത്സംഗത്തിനിരയായി. ആറുമണിക്കൂറിനുള്ളില്‍ പതിനായിരത്തോളം മനുഷ്യരെന്നാണ് അനൗദ്യോഗികകണക്ക്. തികച്ചും സുസംഘടിതവും കരുതലോടുള്ളതുമായിരുന്നു. പലയിടത്തും വഴികളില്‍ ഗ്രാമീണര്‍ കാത്ത് നിന്ന് പോലീസിനെ വഴി തിരിച്ച് വിട്ടു. ഗ്രാമങ്ങളില്‍ മനുഷ്യരേയും അവര്‍ താമസിച്ചിരുന്ന കുടിലുകളേയും കന്നുകാലികളേയും ചുട്ടെരിച്ച തീ ദൂരെ നിന്ന് കാണുന്നവരോട് വൈക്കോല്‍ കത്തിച്ചാണെന്ന് വിശദീകരിക്കാന്‍ ആളുകളുണ്ടായിരുന്നു. 19-ന് വൈകീട്ടാണ് ഈ ഗ്രാമങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള പോലീസ് ഘടകങ്ങളെത്തുന്നത്.
കേസുകളെല്ലാം രജിസ്റ്റര്‍ ചെയ്തുവെങ്കിലും ഒന്നും കോടതിയിലെത്തിയില്ല. പകുതിയോളം കേസുകള്‍ തെളിവുകളില്ല എന്ന പേരില്‍ പിന്‍വലിച്ചു. ആള്‍ ആസം സ്റ്റുഡന്റ്സ് യൂണിയന്‍ സമരം തുടര്‍ന്നു. ഡല്‍ഹിയില്‍ അതിനിടെ ഇന്ദിരാ ഗാന്ധി കൊല്ലപ്പെടുകയും രാജീവ് ഗാന്ധി പ്രധാനമന്ത്രി ആവുകയും ചെയ്തു. 1985 ഓഗസ്റ്റ് 15 ന് അസം സമാധാന കരാര്‍ എന്നറിയപ്പെടുന്ന ‘അസം അക്കോര്‍ഡ്’ ഒപ്പിടുന്നത്. അതിന്റെ ഭാഗമായി നെല്ലി വംശഹത്യയുടെ പേരിലെടുത്തിരുന്ന കേസുകളില്‍ ബാക്കി ഉണ്ടായിരുന്നവ പിന്‍വലിച്ചു. സര്‍ക്കാര്‍ ഈ സംഭവം അന്വേഷിക്കാന്‍ നിയോഗിച്ച തിവാരി കമ്മീഷന്റെ റിപ്പോര്‍ട്ട് നാല് പതിറ്റാണ്ടിനിപ്പുറവും വെളിച്ചം കണ്ടിട്ടില്ല. അസം കരാറോടെ പ്രക്ഷോഭങ്ങളവസാനിച്ചതിനാല്‍ നെല്ലി കേസ് മറക്കാനായിരുന്നു സര്‍ക്കാരുകളുടെ തീരുമാനം.
അസം സമാധാന കരാര്‍ എന്നറിയപ്പെടുന്ന ‘അസം അക്കോര്‍ഡ്’ ഒപ്പിടുന്നു
എന്നാല്‍ ഇപ്പോഴും ആ വംശഹത്യയുടെ ഓര്‍മ്മകള്‍ പേറി ജീവിക്കുന്ന അതിജീവിതരുണ്ട്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും അയല്‍ക്കാരുമുണ്ട്. ബംഗാള്‍ മുസ്ലീം സമൂഹത്തിനോടുള്ള ക്രൂരതകള്‍ ഇപ്പോള്‍ അവസാനിച്ചിട്ടുമില്ല. പൗരത്വബില്ലിന്റെ ആദ്യഘട്ടത്തില്‍ ഗ്രാമങ്ങളോടെ കുടിയിറക്കപ്പെട്ടവരും ആക്രമിക്കപ്പെട്ടവരും കേസിലകപ്പെട്ടവരും മിക്കവാറും ഇവരാണ്. ഇവരില്‍ മുന്‍ സൈനികരും സൈനികരുടെ ബന്ധുക്കളും സര്‍ക്കാര്‍ ജോലിക്കാരും അധ്യാപകരും നൂറ്റാണ്ടുകളായി അതേപ്രദേശത്ത് ജീവിച്ച് പോരുന്ന തലമുറകളില്‍ പെട്ടവരുമുണ്ട്. ‘മിയാ’ മുസ്ലീങ്ങള്‍ എന്ന പേരില്‍ അവരെ അധിക്ഷേപിക്കാനുള്ള ഒരസരവും പൊതുസമൂഹം പാഴാക്കിയിട്ടില്ല. അവരുടെ വീടുകള്‍ തുടര്‍ന്നും തകര്‍ക്കപ്പെട്ടു, അവരുടെ ഭൂമിയും ശരീരവും നിയമവിരുദ്ധമാക്കപ്പെട്ടു. 2021-ലെ അസം കന്നുകാലി (പ്രിവന്‍ഷെന്‍) നിയമം, മദ്രസകളിലെ വിദ്യാഭ്യാസത്തിന് സഹായം നല്‍കുന്നത് തടയുന്ന 2022-ലെ നിയമം എന്നിവ അസം നിയമസഭ പാസാക്കി. മിയ മുസ്ലീങ്ങള്‍ സംഘടിത ശക്തിയായില്ല എന്ന് ഉറപ്പ് വരുത്താന്‍ നിയമസഭ മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ മാറ്റി. പച്ചക്കറി വില ഉയരാന്‍ അവരാണ് കാരണമെന്ന് പ്രചരണം നടത്തി (ഫുഡ് ജിഹാദ്). ഇതിനെല്ലാം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയായ ബി.ജെ.പിയാകട്ടെ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ തങ്ങള്‍ക്ക് മിയ മുസ്ലീങ്ങളുടെ വോട്ട് വേണ്ട എന്ന് വരെ പരസ്യമായി പ്രഖ്യാപിച്ചു. അവര്‍ പെറ്റ് കൂട്ടുന്നവരാണെന്നും ഭീകരവാദികളുമാണെന്നാവര്‍ത്തിച്ചു. ഇതൊന്നും വംശീയതാണ് എന്ന് ഒരു കോടതിക്കും നിയമപാലകര്‍ക്കും തോന്നിയിട്ടില്ല.
അഥവാ കൊല്ലപ്പെട്ടവരുടെ എണ്ണം പോലും തിട്ടമില്ലാത്ത ഒരു വംശഹത്യയെ കുറിച്ച് നാല് പതിറ്റാണ്ടിന് ശേഷം ആലോചിക്കുമ്പോള്‍ വംശഹത്യ തുടരുകയാണ് എന്ന് തോന്നും. നീതിയുടെ വെളിച്ചം കൂടുതല്‍ വിദൂരതകളിലേയ്ക്ക് നീങ്ങുന്നു. 42 years of the Nellie massacre: the worst genocide India has ever seen
Content Summary; 42 years of the Nellie massacre: the worst genocide India has ever seen