ഇരുപത്തിനാലിലധികം ഭാഷകൾ സംസാരിക്കുന്ന 373 ദശലക്ഷം ആളുകൾ വോട്ട് രേഖപ്പെടുത്തുന്ന ഒരു വലിയ ജനാധിപത്യ തെരഞ്ഞടുപ്പ്. അടുത്ത അഞ്ച് വർഷത്തേക്ക് ഒരു ഭൂഖണ്ഡത്തിൻ്റെ രാഷ്ട്രീയ സ്വരം എന്തായിരിക്കണമെന്ന അന്തിമ വിധി കൂടി തീരുമാനിക്കപ്പെടുന്നത് ഈ ജനവിധിയിലൂടെ ആയിരിക്കും. ലോകം ഉറ്റുനോക്കികൊണ്ടിരിക്കുന്ന യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന യൂറോപ്യൻ യൂണിയന് നിയമങ്ങൾ അംഗീകരിക്കാനോ നിരസിക്കാനോ ഉള്ള അധികാരമുണ്ട്. എന്നാൽ നിയമനിർമ്മാണം നടത്താനുള്ള അധികാരം യൂറോപ്യൻ കമ്മീഷന്റെ അധീനതയിലായിരിക്കും. യൂറോപ്യൻ യൂണിയൻ്റെ ബജറ്റ് തീരുമാനിക്കുക, യൂറോപ്യൻ കമ്മീഷൻ നേതാവിൻ്റെ തെരഞ്ഞെടുപ്പ് അംഗീകരിക്കുക തുടങ്ങിയവയാണ് യൂണിയന്റെ പ്രധാന ചുമതലകൾ. നിലവിൽ ഉർസുല വോൺ ഡെർ ലെയ്ൻ ആണ് ഈ പദവി വഹിക്കുന്നത്. തെരഞ്ഞെടുപ്പിന് ഒടുവിൽ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഫലപ്രഖ്യാപനങ്ങൾ തീവ്ര വലതുപക്ഷ സഖ്യത്തിന് അനുകൂലമാണ്. പാർലമെന്റിൽ ആധിപത്യം നേടാനുള്ള ഭൂരിപക്ഷം നേടിയിട്ടില്ലെങ്കിലും ഇടതുപക്ഷത്തിന് കാര്യമായ ക്ഷതമേല്പിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് വലതുപക്ഷം. യൂറോപ്പിലുടനീളം വലിയ പിന്തുണയുള്ള വോൺ ഡെർ ലെയ്ൻ ഒരിക്കൽ കൂടി അധികാരത്തിലെത്തുമെന്നാണ് അന്താരഷ്ട്ര മാധ്യമങ്ങളടക്കം വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പിലെ ഫലങ്ങളും, അതിനു ശേഷമുള്ള നടപടികളും അന്താരഷ്ട്ര തലത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുമോ ?
തീവ്ര വലതുപക്ഷത്തിന്റെ വിജയത്തെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മാക്രോൺ
മറൈൻ ലെ പെന്നിൻ്റെ തീവ്ര വലതുപക്ഷ നാഷണൽ റാലി ഫ്രാൻസിൽ 30 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് വിജയിച്ചിരിക്കുന്നത്. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണിൻ്റെ മധ്യപക്ഷ നവോത്ഥാന പാർട്ടി നേടിയ വോട്ടിൻ്റെ ഇരട്ടിയിലധികമാണ് ഇത്. അന്തിമ വോട്ടുകൾ എണ്ണുന്നതിന് മുമ്പ്, പുതിയ തെരഞ്ഞെടുപ്പിനുള്ള പ്രസിഡന്റ്റിന്റെ ആഹ്വാനം അപ്രതീക്ഷിതമായിരുന്നു. ദേശീയവാദികളായ രാഷ്ട്രീയ നേതാക്കളുടെയും പ്രസ്ഥാനങ്ങളുടെയും വർദ്ധിച്ചുവരുന്ന സ്വാധീനവും ശക്തിയും ഫ്രാൻസിനു മാത്രമല്ല യൂറോപ്പിനും ലോകത്തിനും തന്നെ അപകടകരമാണെന്ന് അദ്ദേഹം വാദിക്കുന്നു. എന്നാൽ ഈ തീരുമാനം മക്രോണിന് തന്നെ തിരിച്ചടിയാകുമോ എന്ന ആശങ്കയും നിലവിലുണ്ട്. തെരഞ്ഞെടുപ്പിൽ വിധി ഏതിടത്തേക്ക് ചാഞ്ഞാലും മൂന്ന് വർഷക്കാലം കൂടി മാക്രോൺ പ്രസിഡന്റ് ആയി തുടരും. നാഷണൽ റാലി കൂടുതൽ സീറ്റുകൾ നേടുകയാണെങ്കിൽ മാക്രോണിന് തൻ്റെ ശേഷിക്കുന്ന കാലയളവിൽ ആഭ്യന്തര നയങ്ങളിൽ നിയന്ത്രണം നഷ്ടപ്പെടും.
വലതുപക്ഷം
ഫ്രാൻസിലെ ഫലങ്ങൾക്ക് സമാനമായാണ് മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ സംഭവിച്ചിരിക്കുന്നത്. തീവ്ര വലതുപക്ഷ പാർട്ടികൾ വലിയ രീതിയിൽ വിജയം നേടിയപ്പോൾ മധ്യപക്ഷ പാർട്ടികൾക്ക് പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. യൂറോപ്യൻ പാർലമെൻ്റിലെ തീവ്ര വലതുപക്ഷ പാർട്ടികളായ രണ്ട് ഗ്രൂപ്പുകൾ, യൂറോപ്യൻ കൺസർവേറ്റീവ്സ് ആൻഡ് റിഫോർമിസ്‌റ്റുകൾ (ഇസിആർ), ഐഡൻ്റിറ്റി ആൻഡ് ഡെമോക്രസി (ഐഡി) എന്നിവ 13 സീറ്റുകൾ കൂടി നേടുമെന്ന് പ്രവചിക്കുന്നുണ്ട്, ഇതോടെ മൊത്തം സീറ്റുകൾ 130- ന് മുകളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇസിആർ പാർട്ടിയുടെ വിജയത്തിന് ആക്കം കൂട്ടിയത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ വിജയം കൂടിയാണ്. തീവ്ര വലതുപക്ഷ ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടി ഏറ്റവും കൂടുതൽ വോട്ടുകൾ നേടി. ഇതോടെ മെലോണിയുടെ ആഗോളതലത്തിലെ സ്വീകാര്യത കൂടി വർദ്ധിച്ചിരിക്കുകയാണ്.
യുക്രൈനിന് നൽകുന്ന ധനസഹായത്തെ ബാധിക്കുമോ
യൂറോപ്പിൻ്റെ വിദേശ, സൈനിക നയങ്ങൾ പ്രധാനമായും കൈ കാര്യം ചെയ്യുന്നതിന്റെ ചുമതല 27 അംഗരാജ്യങ്ങൾക്കാണ്. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ യുക്രൈന് നൽകി വരുന്ന സഹായങ്ങളെ ബാധിക്കില്ല. യൂറോപ്യൻ കൗൺസിലിൻ്റെ കണക്കനുസരിച്ച് ഇതുവരെ 150 ബില്യൺ ഡോളറിലധികം സഹായം കൈ മാറിയിട്ടുണ്ട്. ഉപരോധങ്ങളും സൈനിക സഹായവും സംബന്ധിച്ച തീരുമാനങ്ങൾ ഓരോ രാജ്യങ്ങളും വ്യക്തിപരമായാണ് സ്വീകരിക്കുക. എന്നാൽ മാനുഷിക സഹായത്തിനാണ് കൂടുതലായും ഈ രാജ്യങ്ങൾ പണം നൽകുന്നത്. എന്നാൽ റഷ്യയെ പിന്തുണക്കുന്ന തീവ്ര വലതുപക്ഷത്തിന്റെ വലിയ വിജയം ആശങ്കകൾ ഉണ്ടാക്കുന്നുണ്ട്. യുക്രെയിനിലേക്ക് സൈനിക-സാമ്പത്തിക സഹായങ്ങൾ എത്തിക്കുന്നതിൽ ആളുകൾ പിന്തുണക്കുന്നുണ്ടെങ്കിലും മുൻ കാലങ്ങളിൽ നിന്ന് മാറ്റം സംഭവിച്ചതായി യൂറോപ്യൻ കമ്മീഷൻ്റെ യൂറോബാരോമീറ്റർ നടത്തിയ സമീപകാല വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നു.
എന്നാൽ തീവ്രവലതുപക്ഷത്തിനുള്ളിൽ വലിയ സ്വര ചേർച്ചകളുണ്ട്. മെലോണിയെ പോലുള്ള രാഷ്ട്ര നേതാക്കൾ യൂറോപ്പിലെ റഷ്യൻ സ്വാധീനത്തെ ശക്തമായി എതിർക്കുകയും യുക്രെനിനുള്ള സഹായത്തെ പിന്തുണയ്ക്കുകയും ചെയുന്നുണ്ട്. മറുവശത്ത്, ഫ്രാൻസിലെ ലെ പെന്നിൻ്റെ നാഷണൽ റാലി പാർട്ടിക്ക് മുമ്പ് മോസ്കോയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടി വിജയിക്കുകയാണെങ്കിൽ, യുക്രെയ്ന് ഫ്രാൻസ് നൽകിക്കൊണ്ടിരിക്കുന്ന ശക്തമായ പിന്തുണയിൽ മാറ്റങ്ങൾ വന്നേക്കാം. പാർട്ടി നിലവിൽ റഷ്യയുമായി പഴയതുപോലെ അടുത്ത ബന്ധം പുലർത്തുന്നില്ലെങ്കിൽ പോലും യുക്രെയിനെ പിന്തുണക്കുന്ന നിലപാടുകൾ ഇതുവരെയും സ്വീകരിച്ചിട്ടില്ല. നാറ്റോയുമായുള്ള ഫ്രാൻസിൻ്റെ സൈനിക സഹകരണം കുറയ്ക്കുമെന്നും അമേരിക്കയുടെ അമിത നിയന്ത്രണത്തെ എതിർക്കുമെന്നുമാണ് ലെ പെന്നിന്റെ വാഗ്ദാനം.
ഗ്രീൻ യൂറോപ്പിനേറ്റ പ്രഹരം
2019-ൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാനെയെങ്കിലും ഈ തെരഞ്ഞെടുപ്പിൽ ഗ്രീൻ പാർട്ടിക്ക് വലിയ ക്ഷീണമാണ് സംഭവിച്ചിരിക്കുന്നത്. പാരിസ്ഥിതിക പ്രശ്നങ്ങൾ, സാമൂഹിക നീതി, സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലുടനീളമുള്ള പാർട്ടിയാണിത്. ഗ്രീൻസ്/യൂറോപ്യൻ ഫ്രീ അലയൻസ് (ഗ്രീൻസ്/ഇഎഫ്എ) എന്നറിയപ്പെടുന്ന യൂറോപ്യൻ പാർലമെൻ്റിലെ ഒരു വലിയ സഖ്യത്തിൻ്റെ ഭാഗമാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുക, ജൈവവൈവിധ്യം സംരക്ഷിക്കുക, പുനരുപയോഗ ഊർജം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഹരിത നയങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.
സമ്പദ്‌വ്യവസ്ഥ പോലുള്ള കാര്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ വോട്ടർമാരിൽ പലരും കാലാവസ്ഥാ വ്യതിയാനത്തിന് നൽകിയ പ്രാധന്യമാണ് പാർട്ടിക്ക് ഗുണം ചെയ്തിരിക്കുന്നത്. ഇയു പ്രൊജക്ഷൻ അനുസരിച്ച്, ഗ്രീൻ ഗ്രൂപ്പിന് മൊത്തം 20 സീറ്റുകൾ നഷ്ടപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജർമ്മനിയിൽ ഷോൾസിനൊപ്പമാണ് ഗ്രീൻ പാർട്ടി സഖ്യം ഉണ്ടാക്കിയത്. ഇവിടെ നിന്നും പാർട്ടിക്ക് പകുതിയോളം സീറ്റുകൾ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തുന്നത്. 2030-ഓടെ മലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിടുന്ന നിയമങ്ങൾ യൂറോപ്യൻ അംഗീകരിച്ചിരുന്നു. ഈ നിയമങ്ങൾ പൂർണ്ണമായും പഴയപടിയാക്കാൻ ബുദ്ധിമുട്ടായിരിക്കും, എന്നാൽ വരുന്ന നിയമനിർമ്മാതാക്കൾക്ക് അവയെ ദുർബലപ്പെടുത്താൻ കഴിഞ്ഞേക്കും. 2040-ലേക്കുള്ള ഉദ്വമന ലക്ഷ്യങ്ങൾ നിശ്ചയിക്കുന്ന തുടർ ചർച്ചകൾക്കായി പുതിയ പാർലമെൻ്റിനെ ചുമതലപ്പെടുത്തും.
വോട്ടെടുപ്പ്
യൂറോപ്യൻ പാർലമെൻ്റ് പുറത്തുവിട്ട ആദ്യ കണക്കുകൾ പ്രകാരം യൂറോപ്യൻ യൂണിയനിലുടനീളമുള്ള വോട്ടർമാർക്കിടയിൽ ഈ വർഷം 51 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ നടന്ന യൂറോപ്യൻ തിരഞ്ഞെടുപ്പുകളിൽ 50.66 ശതമാനമായിരുന്നു പോളിങ്. ഇത് 2020 ലെ യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ 66 ശതമാനം പോളിംഗ് ശതമാനത്തേക്കാൾ കുറവാണ്. 2019ൽ 50.66 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
Content summary; key takeaways after far right surges in European Parliament elections