60 കോടിയുടെ തട്ടിപ്പ്; ശില്‍പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരേ ലുക്ക് ഔട്ട് നോട്ടീസ്

മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷിക്കുന്ന കേസാണിത്

ബോളിവുഡ് താരം ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ്‌ രാജ് കുന്ദ്രയ്ക്കുമെതിരേ ലുക്ക് ഔട്ട് നോട്ടീസ്. മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷിക്കുന്ന 60 കോടി രൂപയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇരുവര്‍ക്കുമെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.. ദമ്പതിമാര്‍ക്കെതിരേ എല്‍ഒസി(ലുക്ക് ഔട്ട് സര്‍ക്കുലേഷന്‍) പുറപ്പെടുവിക്കുന്നതിനായി നിയമപരമായ രേഖകള്‍ ഇഒഡബ്ല്യു ഇമിഗ്രേഷന്‍ വകുപ്പില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇരുവര്‍ക്കുമെതിരേ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും എല്‍ഒസി അയച്ചിട്ടുണ്ട്. ദമ്പതിമാര്‍ ഏതു വിമാനത്താവളം വഴി യാത്ര ചെയ്യാന്‍ എത്തിയാലും അവരെ കസ്റ്റഡിയില്‍ എടുക്കുമെന്നാണ് മുംബൈ പൊലീസ് പറയുന്നത്. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ശില്‍പ്പയെയും രാജിനെയും വിളിച്ചു വരുത്താന്‍ പൊലീസിന് ഉദ്ദേശമുണ്ട്. നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ ലോട്ടസ് ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ഡയറക്ടറായ ദീപക് കോത്താരിയാണ് ഈ കേസിലെ പരാതിക്കാരന്‍. ശില്‍പ്പ, രാജ്, ലോണ്‍ ഏജന്റ് രാജേഷ് ആര്യ എന്നിവര്‍ ചേര്‍ന്ന് തന്നെ കബളിപ്പിച്ച് വായ്പ്പയെടുക്കുകയും പിന്നീടത് തിരിച്ചടയ്ക്കാതെയിരിക്കുകയുമാണെന്നാണ്. പണം തിരികെ വാങ്ങിച്ചു നല്‍കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. കോവിഡ് മഹാമാരി പറഞ്ഞ് പണം തിരിച്ചടയ്ക്കുന്നത് വയ്കിപ്പിച്ചു, എന്നാല്‍ അതിനുശേഷവും വായ്പ്പ പണം തിരികെ തരാന്‍ തയ്യാറായില്ല. ഈ പണം രാജും ശില്‍പ്പയും അവരുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിച്ചതെന്നും ദീപകിന്റെ പരാതിയില്‍ പറയുന്നു.

രാജേഷ് ആര്യ തന്റെ സ്ഥാപനത്തിലെ ലോണ്‍ ഏജന്റ് ആയിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. രാജേഷാണ് കുന്ദ്രയും ഷെട്ടിയും ഒരു ബിസിനസ് ലോണ്‍ എടുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും രണ്ടു പേരും തനിക്ക് പരിചയമുള്ളവരാണെന്നും പറഞ്ഞ് ദീപകിനെ വിശ്വാസത്തിലെടുക്കുന്നത്. 2015 ല്‍ ജുഹുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ സംഘടിപ്പിച്ച കൂടിക്കാഴ്ചയില്‍ രാജ് കുന്ദ്ര, ശില്‍പ ഷെട്ടി, ആര്യ, ദീപക്, അദ്ദേഹത്തിന്റെ മകന്‍ എന്നിവര്‍ തമ്മില്‍ കാണുകയും ലോണ്‍ കാര്യം സംസാരിക്കുകയും ചെയ്തു.

ഹോം ഷോപ്പിംഗ്, ഓണ്‍ലൈന്‍ റീട്ടെയില്‍ പ്ലാറ്റ്ഫോമായ ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരാണ് തങ്ങള്‍ ഇപ്പോള്‍ എന്നായിരുന്നു ദീപകിനോട് ദമ്പതികള്‍ അവകാശപ്പെട്ടത്. ഇപ്പോള്‍ ഈ കമ്പനി പ്രവര്‍ത്തനരഹിതമാണ്. ആ സമയത്ത്, കമ്പനിയുടെ 87.61 ശതമാനം ഓഹരികള്‍ ശില്‍പ്പ ഷെട്ടിയുടെ കൈവശമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരുവരും 12 ശതമാനം പലിശയ്ക്ക് 75 കോടി രൂപയാണ് ദീപകിന്റെ സ്ഥാപനത്തില്‍ നിന്നും വായ്പയായി ആവശ്യപ്പെട്ടത്.

എന്നാല്‍, രാജും ശില്‍പ്പയും ദീപകിന്റെ മുന്നില്‍ ഒരു ആവശ്യം വച്ചു. നികുതി ഒഴിവാക്കുന്നതിനായി വായ്പ്പ ഒരു ‘നിക്ഷേപമായി’ വേണം തരാന്‍ എന്നായിരുന്നു ദമ്പതികളുടെ ആവശ്യം. 2016 സെപ്റ്റംബറില്‍ ബെസ്റ്റ് ഡീല്‍ ടിവിയുടെ ഡയറക്ടര്‍ സ്ഥാനം ശില്‍പ്പ രാജിവച്ചു. ഇക്കാര്യം അവരുടെ ഇമെയ്ല്‍ വിലാസത്തില്‍ നിന്ന് തന്നെ പരാതിക്കാരനായ ദീപകിന് ഒരു ഇമെയില്‍ വഴി അറിയിപ്പ് കിട്ടി. എന്തു കൊണ്ട് രാജിവച്ചു എന്നതിന് ദീപക് കോത്താരി കാരണങ്ങള്‍ ചോദിച്ചെങ്കിലും തൃപ്തികരമായ ഉത്തരം നല്‍കാതെ ശില്‍പ്പ ഒഴിയുകയായിരുന്നുവെന്നും എഫ് ഐ ആറില്‍ പറയുന്നു. 2017 ല്‍ ഇതേ കമ്പനിക്കെതിരേ മറ്റൊരു വഴിയില്‍ പാപ്പരത്ത നടപടികള്‍ ആരംഭിച്ചതായും ദീപക് മനസിലാക്കി.

താന്‍ വഞ്ചിക്കപ്പെടുകയാണെന്ന് മനസിലായതോടെ ദീപക് കോത്താരി ജുഹു പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍, ഈ വര്‍ഷം ഓഗസ്റ്റില്‍ രാജ് കുന്ദ്രയ്ക്കും ശില്‍പ ഷെട്ടി കുന്ദ്രയ്ക്കുമെതിരെ ഐപിസി 403 (സത്യസന്ധതയില്ലായ്മയും സ്വത്ത് ദുരുപയോഗവും), 406 (ക്രിമിനല്‍ വിശ്വാസ വഞ്ചന), 34 (പൊതു ഉദ്ദേശ്യം) എന്നീ വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 10 കോടി രൂപയില്‍ കൂടുതല്‍ തുക ഉള്‍പ്പെട്ടതിനാല്‍ കേസ് ഇഒഡബ്ല്യുവിന് കൈമാറുകയായിരുന്നു.  60 crore cheating case: Look-Out Circular issued for actor Shilpa Shetty husband Raj Kundra

Content Summary; 60 crore cheating case: Look-Out Circular issued for actor Shilpa Shetty husband Raj Kundra

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment