January 21, 2025 |
Share on

അഞ്ച് വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 692 പേര്‍

115 പേര്‍ കാട്ടാനയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്

കേരളത്തില്‍ വന്യമൃഗ ആക്രമണങ്ങളും മരണങ്ങളും ഒരു തുടര്‍ക്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. മുന്‍പ് കാട് കയറിയിരുന്ന മനുഷ്യരെ മാത്രം ഉപദ്രവിച്ചിരുന്ന മൃഗങ്ങള്‍ ഇപ്പോള്‍ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങി മനുഷ്യ ജീവന് ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കേരളത്തില്‍ വന്യമൃഗ ആക്രമണം മൂലം മരണപ്പെട്ടത് 692 ആളുകളാണ്. അതില്‍ത്തന്നെ 115 പേര്‍ കാട്ടാനയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്ച കോതമംഗലം കുട്ടമ്പുഴയില്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസ് ആണ് കേരളത്തിലെ കാട്ടാനക്കലിയുടെ ഏറ്റവും അവസാനത്തെ ഇര.692 people have been killed in wild animal attacks in five years

എപ്പോള്‍ ആക്രമണങ്ങള്‍ നടന്നാലും ആദ്യത്തെ കുറച്ച് ദിവസങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുകയും പിന്നീട് അതിന്റെ ചൂട് ആറി തണുക്കുമ്പോള്‍ എല്ലാവരും അത് മറക്കുകയും ചെയ്യുകയാണ് പതിവ്. കേരളത്തിലെ തുടര്‍ച്ചയായ വന്യമൃഗ ആക്രമണങ്ങളുടെ കാരണങ്ങള്‍ എന്താണ്? ഇതിന് ശാശ്വതമായ പരിഹാരമുണ്ടോ തുടങ്ങിയ വിഷയത്തില്‍ അഴിമുഖവുമായി സംസാരിക്കുകയാണ് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍(കിഫ) ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍.

കേരളത്തില്‍ വന്യമൃഗ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം നിലവിലുണ്ടോ, അതോ പണ്ടത്തേക്കാള്‍ കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടുന്നതുകൊണ്ട് വന്യമൃഗ ആക്രമണങ്ങള്‍ കൂടുകയാണ് എന്നൊരു പൊതുബോധം സൃഷ്ടിക്കപ്പെട്ടതാണോ?

തീര്‍ച്ചയായും വന്യമൃഗ ആക്രമണങ്ങള്‍ കൂടുന്നുണ്ട്. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 2008 മുതല്‍ 2023 വരെ കേരളത്തില്‍ വന്യമൃഗ ആക്രമണം മൂലം 1596 ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്.

2008-09: 13
2009-10: 20
2010-11: 69
2012-13: 169
2013-14: 159
2014-15: 149
2015-16: 104
2016-17: 145
2017-18: 168
2018-19: 122
2019-20: 111
2020-21: 88
2021-22: 114
2022-23: 98
എന്നിങ്ങനെയാണ് 2008 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ള ആളുകളുടെ കണക്കുകള്‍. 2024ല്‍ സെപ്തംബര്‍ മാസം വരെ 74 ആളുകള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തെ കണക്കെടുത്താല്‍, ശരാശരി നൂറിന് മുകളില്‍ ആളുകള്‍ക്ക് വന്യ ജീവി ആക്രമണങ്ങള്‍ മൂലം ഒരു വര്‍ഷം ജീവന്‍ നഷ്ടപ്പെടുന്നുണ്ട്. കേരളത്തില്‍ ആനയുടെ ആക്രമണം മൂലം ശരാശരി 25 ആളുകള്‍ ഒരു വര്‍ഷം കൊല്ലപ്പെടുന്നുണ്ട് . വന്യ ജീവികളുടെ നാട്ടിലേക്കുള്ള കടന്ന് കയറ്റം മൂലം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കൃഷി നാശം ഒരു വര്‍ഷം ശരാശരി 100 കോടി രൂപയുടേതാണ്, ശരിക്കുമുണ്ടാകുന്ന നഷ്ടത്തിന്റെ പത്തില്‍ ഒന്നുപോലും റിപ്പോര്‍ട്ട് ചെയ്യപെടുന്നില്ല എന്നതാണ് വസ്തുത.

elephant

എന്തൊക്കെയായാണ് വന്യജീവി ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്നതിന്റെ കാരണങ്ങള്‍?

ഇത്തരത്തില്‍ വന്യജീവി ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്നതിന്റെ അടിസ്ഥാന കാരണം വനത്തിന് താങ്ങാന്‍ കഴിയുന്ന വാഹക ശേഷി(ക്യാരിയിങ് കപ്പാസിറ്റി)യെക്കാള്‍ വന്യമൃഗങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി എന്നതാണ്. ക്യാരിയിങ് കപ്പാസിറ്റി അല്ലെങ്കില്‍ വാഹക ശേഷി എന്ന ഒരു ആശയമുണ്ട്, അതായത് ഒരു വനത്തിന് താങ്ങാന്‍ കഴിയുന്ന ശരാശരി വന്യ ജീവികളുടെ കണക്കാണിത്. ഒരു കാട്ടില്‍ ശരാശരി എത്ര ആനകള്‍ക്ക് വരെ ജീവിക്കാന്‍ പറ്റും, കടുവകള്‍ എത്ര, മറ്റ് വന്യജീവികള്‍ എത്ര തുടങ്ങിയ കണക്കുകള്‍ എടുത്തു കൊണ്ട് ആ വനത്തിനു ഉള്‍കൊള്ളാന്‍ പറ്റുന്ന തരത്തില്‍ അവയുടെ എണ്ണം ക്രമീകരിക്കുക എന്നതാണ് ശാസ്ത്രീയമായ ഫോറസ്റ്റ് മാനേജ്മന്റ്. ലോകം മുഴുവന്‍ വന്യജീവി ശല്യം നിയന്ത്രിക്കുന്നത് വാഹക ശേഷിയുടെ അടിസ്ഥാനത്തില്‍ വന്യമൃഗങ്ങളുടെ എണ്ണം ക്രമീകരിച്ചുകൊണ്ടാണ്. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ വന്യജീവി സംരക്ഷണം എന്നത് എണ്ണം കൂട്ടല്‍ മാത്രമായി അധപതിച്ചിരിക്കുന്നു. ഈ വിഷയത്തില്‍ ലോകം മുഴുവന്‍ പിന്തുടരുന്ന ബെസ്റ്റ് പ്രാക്ടിസിസ് അടിയന്തിരമായി ഇന്ത്യയിലും വന്നേ പറ്റൂ. ഉദാഹരണത്തിന് ഓസ്‌ട്രേലിയയുടെ ദേശീയ മൃഗമായ കങ്കാരുക്കളെ ദശലക്ഷക്കണക്കിന് എണ്ണത്തെയാണ് അവര്‍ ഓരോ വര്‍ഷവും കൊന്ന് കളയുന്നത്. കാരണം അവരുടെ കൃഷിയ്ക്ക് കങ്കാരുക്കള്‍ വലിയ ഭീഷണിയാണ്. അതുപോലെ അമേരിക്കയില്‍ ഇഎസ്എ(Endangered Species Atc) എന്നൊരു ആക്ട് ഉണ്ട്, 1973ല്‍ നിലവില്‍ വന്നതാണ്. അത് പ്രകാരം വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങള്‍ക്ക് മാത്രമേ സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുള്ളു. ഇന്ത്യയിലെ നിയമം 1972ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് ആണ്. വംശനാശ ഭീഷണി ഉണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ, എല്ലാ മൃഗങ്ങള്‍ക്കും ഒരേ സംരക്ഷണം തന്നെയാണ് ഇന്ത്യയില്‍ എല്ലായിടത്തും നല്‍കിയിരിക്കുന്നത്. ഇത് തെറ്റായ രീതിയാണ്. അതുപോലെ തന്നെ എല്ലാ മൃഗങ്ങള്‍ക്കും നാടെന്നോ കാടെന്നോ വേര്‍തിരിവില്ലാതെ നിയമസംരക്ഷണം നല്‍കിയിരിക്കുന്നു. ഉദാഹരണത്തിന് ഒരു കടുവ നമ്മളെ വീട്ടില്‍ കയറി ആക്രമിച്ചാല്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി നമ്മള്‍ ആ കടുവയെ കൊല്ലുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്താല്‍ പോലും നമ്മള്‍ ജാമ്യമില്ലാ കുറ്റത്തിന് ജയിലില്‍ പോകേണ്ടി വരും. ഇത്രയും പ്രാകൃതമായ നിയമം പൗരന്മാരുടെ ജീവന് വിലയും അന്തസും നല്‍കുന്ന വേറെ ഏതെങ്കിലും രാജ്യത്തുണ്ടോ?

Post Thumbnail
ജീവിതം ബലി നല്‍കിയ ഗാസയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കൊരു ചരമ ഗീതംവായിക്കുക

tiger

ഈ പ്രശനം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന ഒന്നാണോ ?

ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ ക്രമാതീതമായി ഇറങ്ങുന്ന വന്യജീവികളെ നിയന്ത്രിക്കാന്‍ കഴിയില്ല. കേരളത്തിലെ ഫോറസ്റ്റ് ഓഫീസുകളില്‍ ആകെയുള്ള സ്റ്റാഫിന്റെ എണ്ണം 7,500 ആണ്, അതില്‍ ഗ്രൗണ്ട് ലെവലില്‍ വര്‍ക്ക് ചെയ്യുന്ന ബിഎഫ്ഓ അടക്കമുള്ള ആളുകള്‍ 3,000 വരും. ബാക്കി എല്ലാവരും തന്നെ ഓഫീസില്‍ ഇരുന്ന് വര്‍ക്ക് ചെയ്യുന്ന ആളുകളാണ്. ആ ഉദ്യോഗസ്ഥരെ കൊണ്ട് ഇത് കൈകാര്യം ചെയ്യാന്‍ കഴിയില്ല.

കേരളത്തില്‍ വനനശീകരണം നടക്കുന്നത് കൊണ്ടല്ലേ വന്യമൃഗങ്ങള്‍ പുറത്തേക്ക് ഇറങ്ങുന്നത്?

വനനശീകരണം നടക്കുന്നത് കൊണ്ടാണ് വന്യമൃഗ ശല്യം രൂക്ഷമാകുന്നത് എന്ന ഒരു വലിയ പ്രചരണം കേരളത്തില്‍ നടക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ കഴിഞ്ഞ 50 വര്‍ഷത്തില്‍ വനം കൂടുകയാണ്, കുറയുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഉള്ള പൊതുബോധം നേരെ തിരിച്ചാണ്. 1957ല്‍ കേരളം രൂപീകൃതമായപ്പോള്‍ ഉണ്ടായിരുന്നത് 25 ശതമാനം വനമാണ്, കഴിഞ്ഞ വര്‍ഷം വനം വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം 29.65 ശതമാനമായി ഇത് ഉയര്‍ന്നിട്ടുണ്ട്. അഞ്ച് ശതമാനത്തോളം വനത്തില്‍ വര്‍ധവ് ഉണ്ടാവുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ വനനശീകരണം എന്നത് കേരളത്തില്‍ ഒരു മിഥ്യയാണ്. വനം കുറയുന്നതുകൊണ്ടല്ല മറിച്ച് വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു എന്നതാണ് പ്രശ്‌നം. ഉദാഹരത്തിനു കടുവകളുടെ എണ്ണം നമുക്കെടുക്കാം
കേരളത്തിലെ കടുവകളുടെ എണ്ണം 2006 ലെ കണക്കുകള്‍ പ്രകാരം 46ല്‍ നിന്ന് ക്രമാനുഗതമായി വര്‍ധിച്ചു, 2022ല്‍ 213 ആയി ഉയര്‍ന്നിരിക്കുന്നു. ദേശീയ തലത്തില്‍ 2006 ലെ 1411ല്‍ നിന്ന് ഉയര്‍ന്നു 2022ല്‍ കടുവകളുടെ എണ്ണം 3682 ആയിരിക്കുന്നു. ഇതില്‍ 1087 എണ്ണം കേരളം ഉള്‍പ്പെടുന്ന പശ്ചിമഘട്ട മേഖലയില്‍ ആണുള്ളത്. കടുവകളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ധനയോടൊപ്പം തന്നെ കടുവകളുടെ ആക്രമണത്തിനിരയാകുന്ന വളര്‍ത്തു മൃഗങ്ങളുടെയും മനുഷ്യരുടെയും എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു. വയനാട്ടില്‍ മാത്രം കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 7 പേരാണ്. കേരളത്തില്‍ 2021-22 കാലയളവില്‍ മാത്രം കടുവകള്‍ ആക്രമിച്ചു കൊന്ന കന്നുകാലികള്‍ 179 ഉം പുലി ആക്രമിച്ചു കൊന്ന കന്നുകാലികള്‍ 180 ഉം ആണ്. ഇതേ കാലയളവില്‍ കടുവകളുടെ ആക്രമണത്തില്‍ വിളനാശവും സ്വത്ത് നാശവും ഉണ്ടായ കേസുകള്‍ 24 ആണ്.

ഇനി ആനകളുടെ എണ്ണമെടുത്താല്‍ കേരളത്തില്‍ 1993ല്‍ 4286 ആനകള്‍ എന്നത് 2017ല്‍ 5706 ആനകളായി ഉയര്‍ന്നിരിക്കുന്നു. കാട്ടുപോത്തുകളുടെ എണ്ണം 1993ല്‍ 4840 എന്നതില്‍ നിന്ന് 2011ല്‍ 17860 ആയി ഉയര്‍ന്നിരിക്കുന്നു. ഈ രീതിയില്‍ ഒട്ടുമിക്ക വന്യജീവികളുടെയും എണ്ണത്തില്‍ ക്രമാതീതമായ വളര്‍ച്ചയാണ് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെ ഇതിന് ചെയ്യാവുന്ന പ്രതിവിധി എണ്ണം കുറയ്ക്കുക എന്നത് മാത്രമാണ്. അത് ശാസ്ത്രീയമായ വാഹകശേഷിയുടെ അടിസ്ഥാനത്തില്‍ തന്നെ ചെയ്യേണ്ടതുണ്ട്.

Post Thumbnail
'വളരെ പ്രതീക്ഷയോടെ ഞാനും ആടുജീവിതം കാത്തിരിക്കുകയാണ്'-ബെന്യാമിന്‍: അഭിമുഖംവായിക്കുക

forest

ഈ വിഷയം ശാശ്വതമായി പരിഹരിക്കാന്‍ എന്തൊക്കെ നിര്‍ദേശങ്ങളാണ് കിഫക്ക് മുന്നോട്ടു വെക്കാനുള്ളത്

1. വന്യജീവികളെ പുനരുല്‍പ്പാദിപ്പിക്കാവുന്ന വിഭവങ്ങള്‍ (renewable resources) ആയി കണക്കാക്കി അവയുടെ നിയന്ത്രണത്തിനും, വംശവര്‍ധനക്കും ശാസ്ത്രീയമായ വാഹക ശേഷി (carrying capacity) പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുക. ഇതിനായി നിലവിലുള്ള നിയമത്തിന്റെ (Wildlife Protection Act 1972) 12-ാം വകുപ്പില്‍ സൈ്ന്റിഫിക് കള്ളിങിനായി പ്രത്യേകം ഉപവകുപ്പ് ഉള്‍പെടുത്തുക.

2. നിലവിലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം വനത്തിനകത്തും പുറത്തും (ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലുമടക്കം) വന്യജീവികള്‍ക്ക് സംരക്ഷണം ലഭിക്കുന്നത് കൊണ്ട് വനത്തിനു വെളിയിലുള്ള കൃഷിയിടങ്ങളില്‍ അതിക്രമിച്ചു കയറുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ മനുഷ്യര്‍ക്ക് സാധിക്കാതെ വരുന്നു. ഈ നിയമം അടിസ്ഥാനപരമായി ഭരണഘടനാ ഉറപ്പു നല്‍കുന്ന ജീവനും ജീവനോപാധിക്കുമുള്ള അവകാശത്തിന്റെ ലംഘനമായതുകൊണ്ട് ഇതില്‍ മാറ്റം വരണം. കൃഷിയിടത്തിലും മറ്റു ജനവാസ കേന്ദ്രങ്ങളിലുമിറങ്ങുന്ന വന്യജീവികളെ സ്വയ രക്ഷക്കായി നേരിടുന്നവര്‍ക്ക് ഇന്ത്യന്‍ പീനല്‍ കോഡ് 96 മുതല്‍ 106 വരെയുള്ള വകുപ്പുകള്‍ പ്രകാരം (സ്വയരക്ഷക്കുള്ള അവകാശം) നിയമ സംരക്ഷണം നല്‍കുകയും, കേസ് എടുക്കാതിരിക്കുകയും ചെയ്യുക .

3. അമേരിക്കയിലെ Endangered Species Act 1973 മോഡലില്‍, നിയമ സംരക്ഷണം വംശനാശ ഭീഷണിയുള്ള വന്യജീവികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുക.

4. വന്യമൃഗ ആക്രമണത്തില്‍ ഇനി ഒരു ജീവന്‍ കൂടി പൊലിയാതിരിക്കാനും കേരളത്തില്‍ അതിരൂക്ഷമായി തുടരുന്ന വന്യജീവി ശല്യം നിയന്ത്രിക്കാനും വനാതിര്‍ത്തിയില്‍ നിന്നും 100 മീറ്റര്‍ ഉള്ളിലേക്ക് Human Sensitive Zone (HSZ) സ്ഥാപിക്കുകയും വന്യമൃഗങ്ങളെ HSZ അതിര്‍ത്തിയില്‍ തടയുന്നതിന് വേണ്ട നടപടികള്‍ അടിയന്തിരമായി എടുക്കുകയും ചെയ്യുക. ഈ 100 മീറ്റര്‍ വീതിയില്‍ മരങ്ങളും കുറ്റിക്കാടുകളും പൂര്‍ണ്ണമായും മുറിച്ചുമാറ്റി ഫയര്‍ ലൈന്‍ തെളിക്കുക. ഫെന്‍സിങ് , കിടങ്ങുകള്‍ മുതലായവ ഇങ്ങനെ തെളിച്ചിട്ടിരിക്കുന്ന സ്ഥലത്ത് പണിയുക.

5. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 62 വകുപ്പ് പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ചു കൊണ്ട് കര്‍ഷകര്‍ക്ക് നിലവില്‍ ഏറ്റവും കൂടുതല്‍ ഉപദ്രവം ഉണ്ടാക്കുന്നതും ഷെഡ്യൂള്‍ 2 ഇല്‍ പെട്ടതുമായ കാട്ടു പന്നി, മുള്ളന്‍ പന്നി, കുരങ്ങ്, മാന്‍ എന്നിവയെ അടിയന്തിരമായി ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ എടുക്കുകയും അതുവരെ ഇത്തരം ജീവികളെ നശിപ്പിക്കാന്‍ ഉത്തരവിടാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് നല്‍കുകയും ചെയ്യുക (Sec 11.1b) (നിലവില്‍ കാട്ടുപന്നിയെ കൊല്ലാനുള്ള ഉത്തരവിടാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. അത് മറ്റു മൃഗങ്ങളുടെ കാര്യത്തിലും നല്‍കുക)

6. വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും ഇപ്പോള്‍ നല്‍കുന്ന തുച്ഛമായ ആശ്വാസ ധനത്തിനു പകരം മോട്ടോര്‍ ആക്‌സിഡന്റ് നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നതു പോലെ ഓരോ കേസും പ്രത്യേകമായി എടുത്തുകൊണ്ട്, ഓരോരുത്തരുടെയും പ്രായവും, ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണം തുടങ്ങിയ മാനദണ്ഡങ്ങള്‍ വെച്ചുകൊണ്ട് ന്യായമായ നഷ്ടപരിഹാരം ഉറപ്പു വരുത്തുക.692 people have been killed in wild animal attacks in five years

Post Thumbnail
മലപ്പുറത്ത് ബസുകള്‍ കൂട്ടിയിടിച്ച് അപകടം ; 30 ലധികം പേര്‍ക്ക് പരിക്ക്വായിക്കുക

Content Summary: 692 people have been killed in wild animal attacks in five years

animals attack killed peoples 692 people killed in kerala latest news kerala news 

അതുല്യ മുരളി

അതുല്യ മുരളി

സബ് എഡിറ്റർ

More Posts

×