മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു ,വെജിറ്റേറിയനായ യാത്രക്കാരന്‍ ശ്വാസംമുട്ടി മരിച്ചു

ഖത്തർ എയർവേയ്സിനെതിരെ നടപടി

qatar-airways-plane

വിമാനത്തിൽ വെജിറ്റേറിയൻ ഭക്ഷണം നൽകാത്തതിനെ തുടർന്ന് മാംസം അടങ്ങിയ ഭക്ഷണം കഴിക്കാൻ നിർബന്ധിതനായ 85കാരനായ യാത്രക്കാരൻ ശ്വാസം മുട്ടി മരിച്ചു. ദക്ഷിണ കാലിഫോർണിയയിൽ നിന്നുള്ള റിട്ട. കാർഡിയോളജിസ്റ്റ് ഡോക്ടർ അശോക് ജയവീരയാണ് മരണപ്പെട്ടത്. ഖത്തർ എയർവേയ്‌സ് വിമാനയാത്രക്കിടയിലാണ് ദാരുണമായ ഈ സംഭവം നടന്നത്.

സസ്യാഹാരം മുൻകൂട്ടി ഓർഡർ ചെയ്‌തിട്ടും അദ്ദേഹത്തിന് മാംസം അടങ്ങിയ ഭക്ഷണം നൽകി. ഭക്ഷണം മാറ്റിക്കൊടുക്കുന്നതിന് പകരം മാംസം കഴിക്കാൻ വിമാനത്തിലെ ജീവനക്കാർ ഉപദേശിച്ചതായി പരാതിയിൽ പറയുന്നു. ലോസ് ആഞ്ചൽസിൽ നിന്ന് കൊളംബിയയിലേക്കുള്ള ഖത്തർ എയർവേയ്സിൽ ആയിരുന്നു സംഭവം. 15.5 മണിക്കൂർ ദൈർഘ്യമുള്ള യാത്രയായതിനാലാണ് അശോക് ജയവീര മൂൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്തിരുന്നത്.

മാംസം ഒഴിവാക്കി കഴിക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹം ശ്വാസംമുട്ടി ബോധരഹിതനാവുകയും പിന്നീട് ആസ്പിരേഷൻ ന്യുമോണിയ (aspiration pneumonia) ബാധിച്ച് മരിക്കുകയുമായിരുന്നു. വിമാനത്തിലെ ജീവനക്കാ‍ർ വൈദ്യസഹായം നൽകാൻ ശ്രമിക്കുകയും മെഡ് എയറിൽ നിന്നുള്ള വിദൂര മെഡിക്കൽ ഉപദേഷ്ടാക്കളുമായി ബന്ധപ്പെടുകയും ചെയ്തെങ്കിലും അദ്ദേഹത്തിന്റെ നില വഷളായി.

തുടർന്ന്, വിമാനം സ്കോട്ടിലൻഡിലെ എഡിൻബർ​ഗിൽ അടിയന്തിരമായി ഇറക്കി. ഡോക്ടർ ജയവീരയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു. ഭക്ഷണത്തിന്റെയോ ദ്രാവകത്തിന്റെയോ അംശം അബദ്ധത്തിൽ ശ്വാസകോശത്തിൽ പ്രവേശിക്കുന്നത് മൂലമുണ്ടാകുന്ന ആസ്പിരേഷൻ ന്യുമോണിയ ആയിരുന്നു മരണകാരണം.

എമർജൻസി ലാൻഡിംഗിന് പൈലറ്റിന് കഴിഞ്ഞില്ലെന്നും വിമാനക്കമ്പനിയുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നും ആരോപിച്ച് കുടുംബം ഖത്തർ എയർവേയ്‌സിനെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. ഭക്ഷണ വിതരത്തിൽ വന്ന അശ്രദ്ധയും അടിയന്തര സാഹചര്യങ്ങളോടുള്ള പ്രതികരണത്തിലെ വീഴ്ചയും ആരോപിച്ച് ജയവീരയുടെ മകൻ സൂര്യവീരയാണ് ഖത്ത‍ർ എയർവേയ്സിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നഷട്പരിഹാരമായി കുറഞ്ഞത് 128,821 ഡോളറാണ് (ഏകദേശം 1.07 കോടി രൂപ) മകൻ ആവശ്യപ്പെടുന്നത്.

ഖത്തറും അമേരിക്കയും അംഗങ്ങളായ മോൺട്രിയൽ കൺവെൻഷൻ (Montreal Convention) എന്ന അന്താരാഷ്ട്ര ഉടമ്പടി പ്രകാരമാണ് കേസ്. വിമാനത്തിൽ വെച്ചുണ്ടാകുന്ന മരണങ്ങൾക്കും പരിക്കുകൾക്കുമുള്ള നഷ്ടപരിഹാരം ഏകദേശം 175,000 ഡോളറായി ഈ ഉടമ്പടി പരിമിതപ്പെടുത്തുന്നു. ഈ വിഷയത്തിൽ, ഖത്തർ എയർവേയ്‌സ് കുടുംബത്തെ അനുശോചനം അറിയിക്കുകയും അധികൃതരുമായി സഹകരിച്ച് അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ടെന്ന് അറിയിച്ചു.

യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണ നിയന്ത്രണങ്ങൾ (dietary restrictions) പാലിക്കുന്നതിൽ വിമാനക്കമ്പനികൾക്ക് ഉണ്ടാകുന്ന വീഴ്ചകളെക്കുറിച്ച് ഈ സംഭവം വലിയ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ഇത് ആദ്യമായല്ല ഖത്തർ എയർവേയ്‌സിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. ഗുരുതരമായ നട്സ് അലർജിയുള്ള ബ്രിട്ടീഷ് റിയാലിറ്റി താരമായ ജാക്ക് ഫൗളർക്ക് (Jack Fowler) കഴിഞ്ഞ വർഷം ഖത്തർ എയർവേയ്‌സ് വിമാനത്തിൽ നട്സ് ചേർത്ത കറി നൽകിയതിനെ തുടർന്ന് അപകടകരമായ അവസ്ഥയുണ്ടായിരുന്നു. സമാനമായി, സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ സീ ഫുഡ് അലർജിയുള്ള സ്ത്രീക്ക് ചെമ്മീൻ നൽകിയതിനെ തുടർന്ന് വിമാനം പാരീസിലേക്ക് തിരിച്ചുവിട്ടിരുന്നു.

content summary: An 85-year-old vegetarian passenger died of suffocation after being served meat on a Qatar Airways flight, Legal action is being pursued against the airline

This post was last modified on October 9, 2025 11:02 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment