കര്‍ണാടകയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു. പ്രതിയുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരനും പരിക്കേറ്റു. ഏപ്രില്‍ 13 രാത്രിയിലായിരുന്നു സംഭവം. പിടിയില്‍ നിന്നും രക്ഷപ്പെടാനായി പ്രതി പൊലീസ് സംഘത്തെ ആക്രമിക്കുകയായിരുന്നുവെന്നാണ് ഔദ്യോഗിക ഭാഷ്യം. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തടയാനായി പൊലീസ് മുന്നറിയിപ്പെന്നോണം ഒരു വെടിയുതിര്‍ത്തെങ്കിലും, അത് അവഗണിച്ച് ഓടി രക്ഷപ്പെടാനാണ് പ്രതി ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ബിഹാറിലെ പട്‌ന സ്വദേശിയായ 35 കാരന്‍ നിതീഷ് കുമാറിനെയാണ് കര്‍ണാടക പൊലീസ് വധിച്ചത്.
കുട്ടിയെ തട്ടിക്കൊണ്ടു പോയ നിതീഷ് കുമാര്‍ ലൈംഗികമായി പീഡിപ്പിച്ചശേഷമാണ് കൊലപ്പെടുത്തിയത്. പ്രതിയുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാനായി ജന്മനാടായ പാട്‌നയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു നിതീഷ് കുമാര്‍ പൊലീസ് സംഘത്തെ ആക്രമിച്ചതെന്നാണ് ഹുബള്ളി പൊലീസ് മേധാവി ശശി കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
പൊലീസ് വാഹനത്തിനും പ്രതി കേടുപാടുകള്‍ ഉണ്ടാക്കി. തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ ഒരു പൊലീസുകാരന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് നിതീഷ് കുമാറിന് മുന്നറിയിപ്പ് നല്‍കി. അത് അവഗണിച്ച് അയാള്‍ രക്ഷപ്പെടാനായി ഓടിയതോടെയാണ് രണ്ട് റൗണ്ട് വെടിയുതിര്‍ത്തത്. ഉടന്‍ തന്നെ ഇയാളെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചുവെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും പൊലീസ് മേധാവി മാധ്യമങ്ങളെ അറിയിക്കുന്നുണ്ട്.
സബ് ഇന്‍സ്‌പെക്ടര്‍ അന്നപൂര്‍ണയാണ് നിതീഷ് കുമാറിനെതിരേ രണ്ട് റൗണ്ട് വെടിയുതിര്‍ത്തത്. വെടിവച്ച് വീഴ്ത്തിയാണ് പ്രതിയെ വീണ്ടും പൊലീസ് തങ്ങളുടെ കസ്റ്റഡിയിലാക്കിയത്. ഉടന്‍ തന്നെ വനിത ഇന്‍സ്‌പെക്ടറും മറ്റ് പൊലീസുകരും ചേര്‍ന്ന് നിതീഷിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.
കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വലിയ ജനക്കൂട്ടം ഹുബള്ളിയിലെ അശോക നഗര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു.
കൊപ്പള്ളി സ്വദേശിയകളായ മാതാപിതാക്കളുടെ മകളെയാണ് നിതീഷ് കുമാര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. കുട്ടിയുടെ അച്ഛന്‍ ഒരു പെയിന്റ് പണിക്കാരനാണ്. അമ്മ വീട്ടു ജോലികള്‍ക്ക് പോകുന്നു. ഒരു ബ്യൂട്ടി പാര്‍ലറിലും ഇവര്‍ സഹായിയായി നില്‍ക്കുന്നുണ്ട്. വീട്ടു ജോലിക്കു പോകുമ്പോള്‍ പെണ്‍മകളെയും അമ്മ കൂടെക്കൊണ്ടു പോകുമായിരുന്നു. അങ്ങനെ കൊണ്ടു പോയ സമയത്താണ് നിതീഷ് കുമാര്‍ കുട്ടിയെ തട്ടിയെടുക്കുന്നത്.
കരച്ചില്‍ കേട്ടാണ് കുട്ടിയെ കണ്ടെത്തുന്നത്. കാണാതായ വീടിന് സമീപത്ത് തന്നെയുള്ള ഷീറ്റ് കൊണ്ട് മേല്‍ക്കൂര മറച്ച ചെറിയൊരു ശുചിമുറിയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതി നിതീഷി കുമാര്‍ ആണെന്നു കണ്ടെത്തുന്നത്.
നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ് നടന്നതെന്നായിരുന്നു കേന്ദ്രമന്ത്രിയും ധര്‍വാഡ് എംപിയുമായ പ്രഹ്ലാദ് ജോഷി പ്രതിരിച്ചത്. കുട്ടിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും, ആ കുടുംബത്തിലെ, ആരോഗ്യപ്രശ്‌നമുള്ള ഇളയ കുട്ടിയുടെ സംരക്ഷ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്. A 5-year-old girl’s rapist and murderer was killed in a police encounter in Karnataka
Content Summary; A 5-year-old girl’s rapist and murderer was killed in a police encounter in Karnataka
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.