April 20, 2025 |

അഭിഭാഷക-വിദ്യാർത്ഥി സംഘർഷം; അഭിഭാഷകരുടേത് ഏകപക്ഷീയമായ കടന്നാക്രമണമെന്ന് ചെയർമാൻ

പ്രകോപിപ്പിച്ചത് വിദ്യാർത്ഥികളെന്ന് ബാർ അസോസിയേഷൻ

എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികളും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷം അഴവില്ലാതെ തുടരുകയാണ്. വ്യാഴാഴ്ച ആരംഭിച്ച സംഘർഷം ഇന്നലെയും തുടർന്നതാണ് സാഹചര്യം കൂടുതൽ കലുഷിതമാക്കിയത്. ജില്ലാ കോടതി വളപ്പിൽ ബാർ കൗൺസിൽ പരിപാടി കഴിഞ്ഞിറങ്ങിയ അഭിഭാഷകരും മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികളും തമ്മിൽ വ്യാഴാഴ്ച അർദ്ധ രാത്രിയോടെയാണ് സംഘർഷമുണ്ടാവുന്നത്. പരസ്പരം പഴി ചാരിയാണ് ഇരുവിഭാഗങ്ങളും രംഗത്തു വരുന്നത്.

ബാർ അസോസിയേഷന്റെ വാർഷികാഘോഷവുമായി ബന്ധപ്പെട്ട് മദ്യലഹരിയിലായിരുന്ന അഭിഭാഷകർ കോളേജ് ക്യാമ്പസിന്റെ ​ഗേറ്റിന് മുൻവശം വച്ച് സി​ഗരറ്റ് വലിച്ച് കുട്ടികളുടെ മുഖത്തേക്ക് ഊതുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി മഹാരാജാസ് കോളേജ് ചെയർമാൻ അഭിനന്ദ് അഴിമുഖത്തോട് പറഞ്ഞു.

ഇതിനെ തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ വാക്കുതർക്കം ഉണ്ടായതായും അഭിഭാഷകർ ധരിച്ചിരുന്ന ബെൽറ്റൂരിയും സൈൻ ബോർഡുകളുടെ കമ്പി ഉപയോ​ഗിച്ചും വിദ്യാർത്ഥികളെ മർദ്ദിച്ചതായി അഭിനന്ദ് പറയുന്നു.

”18ഉം 20ഉം വയസുള്ള വിദ്യാർത്ഥികളെ അസഭ്യ വർഷത്തോടെ സംഘം ചേർന്നാണ് ഈ അഭിഭാഷകർ മർദ്ദിച്ചിരിക്കുന്നത്. നിയമസംവിധാനത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ ഏതെങ്കിലും തരത്തിൽ ഒരു പ്രശ്നമുണ്ടായാൽ പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ട ഇവരുടെ ഭാ​ഗത്ത് നിന്നാണ് ഇങ്ങനെയൊരു പ്രവർത്തിയുണ്ടായതെന്ന് കരുതണം. വിദ്യാർത്ഥികൾക്ക് നേരെ ഏകപക്ഷീയമായ മൃ​ഗീയ കടന്നാക്രമണമാണ് അഭിഭാഷക‌ർ നടത്തിയിരിക്കുന്നത്”. എന്നാണ് അഭിനന്ദിന്റെ വാക്കുകൾ

അഭിഭാഷകരുമായി യാതൊരു തരത്തിലുള്ള മുൻവൈരാ​ഗ്യങ്ങളും ഉണ്ടായിരുന്നില്ലെന്നും ഈ സംഭവത്തിന്റെ പേരിൽ പ്രചരിക്കുന്ന വാദങ്ങൾ തെറ്റാണെന്നും അഭിനന്ദ് പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ എത്തിയ മഹാരാജാസിലെ യൂണിറ്റ് സെക്രട്ടറി ആദിലിനടക്കം മർദ്ദനമേറ്റതായും. മർദ്ദനമേറ്റ പതിനാറോളം വി​ദ്യാർത്ഥികൾ ചികിത്സ നേടിയതായും അഭിനന്ദ് പറയുന്നു.

”വനിതാ അഭിഭാഷകരോട് മോശമായി പെരുമാറിയെന്ന തരത്തിൽ പ്രചരിക്കുന്ന വാദവും തെറ്റാണ്. ഈ സംഭവത്തിന്റെ തൊട്ടടുത്ത ​ദിവസം കോളേജ് കോമ്പൗണ്ടിലേക്ക് അഭിഭാഷകർ ബിയർ ബോട്ടിലുകളടക്കം വലിച്ചെറിയുകയുണ്ടായി, കോടതി കോമ്പൗണ്ടിനുള്ളിൽ ഇത്രയധികം മദ്യകുപ്പികൾ എങ്ങനെ വന്നുവെന്നതാണ് എന്റെ ചോദ്യം. ഈ പ്രവർത്തിയിലൂടെ ഞങ്ങളെ പ്രകോപിതരാക്കുകയായിരുന്നു അവരുടെ ലക്ഷ്യം ഇതിനെതിരെ പ്രതികരിക്കുമ്പോൾ കോടതിവളപ്പിലേക്ക് സാധങ്ങൾ എറിഞ്ഞുവെന്ന തരത്തിൽ പരാതി നൽകുകയും ആവാം. ഏറ്റവും തരംതാഴ്ന്ന തരത്തിലുള്ള പ്രവർത്തിയാണ് അഭിഭാഷകരുടെ ഭാ​ഗത്ത് നിന്നുണ്ടായത്”. അഭിനന്ദ് പറയുന്നു

എറണാകുളം മഹാരാജാസ് കോളേജിലെ ബാർ അസോസിയേഷന്റെ വാർഷികത്തിൽ എല്ലാ വർഷവും മഹാരാജാസിലെ വിദ്യാർത്ഥികൾ വന്ന് ഭക്ഷണം കഴിക്കാറുള്ളതാണ്. ഇതുവരെ അവരെ തടയുന്ന ഒരു സാഹചര്യമുണ്ടായിട്ടില്ല. വാർഷികത്തിന്റെ ഭാ​ഗമായി നടത്തിയ കൾച്ചറൽ ഇവന്റ്സിലേക്ക് വിദ്യാർത്ഥികൾ നുഴഞ്ഞു കയറി സ്ത്രീകളോട് അപമര്യാദയായി പെറുമാറിയതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് അഴിമുഖത്തോട് പറഞ്ഞു.

ഈ സംഭവത്തിന് പിന്നാലെ വിദ്യാർത്ഥികളോട് പുറത്തു പോകാൻ അഭിഭാഷകർ ആവശ്യപ്പെട്ടതിനെ തുടർന്ന് രാത്രി പന്ത്രണ്ട് മണിയോടടുത്ത് വിദ്യാർത്ഥികൾ സംഘം ചേർന്ന് അസോസിയേഷൻ കോമ്പൗണ്ടിനുള്ളിൽ കയറി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ബാർ അസോസിയേഷൻ പ്രഡിഡന്റ് പറയുന്നത്.

”കോടതിയുടെ മുൻഭാ​ഗത്തും പിൻഭാ​ഗത്തുമായി വിദ്യാർത്ഥികൾ വളഞ്ഞു നിൽക്കുകയായിരുന്നു. ഇതിനെ തുടർന്ന് വെളുപ്പിന് മൂന്ന് മണിയോടെ ആണ് അഭിഭാഷകർക്ക് വീടുകളിലേക്ക് പോകാൻ സാധിച്ചത് അതുവരെ സംഘർഷാവസ്ഥ തുടർന്നിരുന്നു. സംഘർഷത്തിൽ പരിക്കേറ്റ അഭിഭാഷകരെ ആശുപത്രികളിലേക്ക് മാറ്റാൻ സാധിച്ചതും ഇതിന് ശേഷമാണ്”. സംഭവത്തിന്റെ ഭീകരാവസ്ഥയെക്കുറിച്ച് അസോസിയേഷൻ പ്രഡിഡന്റിന്റെ വാക്കുകൾ

ഇരുപത്തഞ്ചിന് മുകളിൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നതായും പറയുന്നു. സംഭവത്തിൽ പത്തോളം അഭിഭാഷകർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിൽ പരിക്കേറ്റ അഭിഭാഷകരും അസോസിയേഷന്റെ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറിയതിന് അസോസിയേഷനും നിലവിൽ പരാതി നൽകിയിട്ടുണ്ട്.കൂടാതെ റോഡിന് അപ്പുറത്ത് നിന്ന് വിദ്യാർത്ഥികൾ കല്ലെറിഞ്ഞതിനെ തുടർന്ന് ഒരു പൊലീസ് ഉദ്യോ​ഗസ്ഥന് പരിക്കേറ്റിട്ടുള്ളതായും പറയുന്നു.

കോളേജ് വളപ്പിലേക്ക് അഭിഭാഷകർ കുപ്പിയെറിഞ്ഞുവെന്ന് പറയുന്ന സംഭവത്തെക്കുറിച്ച് അസോസിയേഷൻ പ്രഡിഡന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്;

”അഭിഭാഷകർ കോളേജ് കോമ്പൗണ്ടിനുള്ളിലേക്ക് കുപ്പി വലിച്ചെറിഞ്ഞുവെന്ന് പറയുന്ന സംഭവത്തിന്റെ സത്യാവസ്ഥ അങ്ങനെയല്ല. ഇന്നലെ അസോസിയേഷന്റെ ജനറൽ ബോഡി ഉണ്ടായിരുന്നു. ജനറൽ ബോഡി കഴിഞ്ഞിറങ്ങിയ അഭിഭാഷകരെ ആദ്യം മഹാരാജാസ് കോളേജിൽ നിന്നാണ് കല്ലെറിയുന്നത്. അതിന്റെ വീഡിയോ ഞങ്ങളുടെ കൈവശമുണ്ട് മലയാള മനോരമയ്ക്ക് ഈ ദൃശ്യങ്ങൾ കൈമാറിയിരുന്നു, ഇത് മറ്റു മാധ്യമങ്ങളൊന്നും നൽകി കണ്ടില്ല. വധശ്രമം, മാരകായുധം ഉപയോ​ഗിച്ചുള്ള ആക്രമണം, പിടിച്ചുപറി, പൊതുമുതൽ നശിപ്പിക്കൽ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികൾക്കെതിരെ കേസ് നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയെന്നോണം ഇന്നലെ ഉച്ചയോട് കൂടി കോളേജ് പരിസരത്തേക്ക് അഭിഭാഷകർ കുപ്പിയേറും കല്ലേറു നടത്തിയിരുന്നു. കോളേജിലെ മലയാളം വിഭാ​ഗത്തിന്റെ മുൻവശത്താണ് കുപ്പികൾ വന്ന് പതിച്ചത്. ഈ ഒരു സംഭവത്തിൽ കോളേജിലെ പ്രിൻസിപ്പൾ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുള്ളതായി മഹാരാജാസ് കോളേജിലെ മലയാളം വിഭാ​ഗം അധ്യാപകനും എകെജിസിറ്റി അം​ഗവുമായി എം എസ് മുരളി അഴിമുഖത്തോട് പറഞ്ഞു.

അഭിഭാഷകർ കൂട്ടം കൂടി നിന്ന് കോളേജ് കോമ്പൗണ്ടിലേക്ക് കല്ലെറിഞ്ഞതായും. കോടതിയുടെ കാന്റീനിൽ ഭക്ഷണം കഴിക്കാൻ കുറച്ചു വിദ്യാർത്ഥികൾ ചെന്നതല്ലാതെ മറ്റു തരത്തിലുള്ള പ്രകോപനങ്ങളൊന്നും വിദ്യാർത്ഥികളുടെ ഭാ​ഗത്ത് നിന്നുണ്ടായിട്ടില്ലെന്നാണ് അറിയാൻ സാധിച്ചതെന്നും മുരളി പറയുന്നു.

ഒരു മതിലിന് അപ്പുറവും ഇപ്പുറവുമുള്ള വളരെ സൗഹാർദ്ദപരമായി പൊയ്ക്കൊണ്ടിരുന്ന സ്ഥാപനങ്ങളാണ് രണ്ടും. കോളേജിലെ നൂറിലധികം ആളുകൾ നിത്യേന ഭക്ഷണം കഴിക്കുന്നത് കോടതിയുടെ കാന്റീനിൽ നിന്നാണ്. ഇങ്ങനെ സംഭവിച്ചതിൽ സത്യത്തിൽ ദുഃഖമുള്ളതായാണ് മുരളി പറയുന്നത്. സം​​ഘർഷത്തെ സംബന്ധിച്ച് രണ്ട് വാദങ്ങൾ നിലനിൽക്കുന്നതായി മുരളി വ്യക്തമാക്കുന്നു. ബാർ അസോസിയേഷൻ പരിപാടിയിലേക്ക് വിദ്യാർത്ഥികൾ അതിക്രമിച്ച് കയറി സംഘ‌ർഷം തുടങ്ങി വച്ചുവെന്ന് അഭിഭാഷകരും, യാതൊരു പ്രകോപനവുമില്ലാതെ അഭിഭാഷകർ ഇങ്ങോട്ട് ആക്രമിക്കുവായിരുന്നുവെന്ന് വിദ്യാർത്ഥികളുടെയും വാദം. കോടതി വളപ്പിലും റോഡിലും വച്ച് നടന്നതായി രണ്ട് കൂട്ടരും പറയുന്നത് കൊണ്ട് തന്നെ കോളേജിന് ഈ വിഷയത്തിൽ ഇടപെടാനോ പരാതി നൽകാനോ സാധിക്കില്ലെന്നും മുരളി പറയുന്നു.

വ്യാഴാഴ്ച രാത്രിയിൽ കോടതി വളപ്പിലുണ്ടായ സംഘർഷത്തിന്റെ ബാക്കിയായി ഇന്നലെ ഉച്ചയോടെ ഒരു കൂട്ടം അഭിഭാഷകർ കോളേജ് വളപ്പിലേക്ക് ബിയർ കുപ്പികൾ എറിഞ്ഞ സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പൾ ഷജിലാ ബീവി അഴിമുഖത്തോട് പറഞ്ഞു. ഈ സംഭവത്തിന്റെ ദൃശ്യങ്ങളടക്കമാണ് പൊലീസിന് കൈമാറിയത്. ഇന്നലെയുണ്ടായ സംഭവത്തിൽ വിദ്യാർത്ഥികളുടെ ഭാ​ഗത്ത് നിന്ന് പ്രകോപനപരമായ കാര്യങ്ങളൊന്നും ഉണ്ടായിട്ടുള്ളതായി അറിയില്ലെന്നും പ്രിൻസിപ്പൾ വ്യക്തമാക്കി.
content summary:A clash occurred between advocates and students in Kochi, with both sides blaming each other for the incident

Leave a Reply

Your email address will not be published. Required fields are marked *

×