155 ബാരല്‍ മനുഷ്യ വിസര്‍ജ്യം റിസോര്‍ട്ടില്‍ ഉപേക്ഷിച്ച് ‘ സെലിബ്രിറ്റി’ ദമ്പതിമാര്‍ മുങ്ങി

ഇരുവരും ഗ്വാട്ടിമാലയില്‍ ഉണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ട്

സ്റ്റെഡ്‌സാന്‍സ് എന്ന പരിസ്ഥിതി സൗഹൃദ റിസോര്‍ട്ടിന്റെ നടത്തിപ്പിലൂടെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച സ്വീഡിഷ് ദമ്പതിമാരാണ് ഫ്‌ളെമിംഗ് ഹാന്‍സെനും മെറ്റെ ഹെന്‍ബെക്കും. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ഈ സെലിബ്രിറ്റി ദമ്പതിമാര്‍ക്ക് ആകെ ‘ നാറ്റക്കേസ്’ ആയിരിക്കുകയാണ്. ഫ്‌ളെമിംഗും മെറ്റയും സാമ്പത്തിക തട്ടിപ്പ് നടത്തിയതായി നികുതി വകുപ്പ് കണ്ടെത്തിയതോടെയാണ് ഇവരുടെ ഇമേജ് ആദ്യം പൊളിഞ്ഞത്. പിടിയിലാകുമെന്ന് മനസിലായതോടെ രണ്ടുപേരും സ്ഥലം വിട്ടു. പിന്നാലെ ഇവരുടെ റിസോര്‍ട്ട് പരിശോധിച്ചപ്പോഴാണ് സംഭവം ആകെ ‘ നാറിയത്! 155 ബാരലോളം മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ റിസോര്‍ട്ടില്‍ ഉപേക്ഷിച്ചാണ് ദമ്പതിമാര്‍ കടന്നു കളഞ്ഞത്. ഇരുവരും ഗ്വാട്ടിമാലയില്‍ ഉണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ട്.

ദമ്പതികളായ ഫ്ലെമിം​ഗ് ഹാൻസെനും മെറ്റെ ഹെൻബെക്കും തെക്കൻ സ്വീഡനിലെ ഹാൻലൻഡിലാണ് തങ്ങളുടെ പരിസ്ഥിതി സൗഹൃദ റിസോർട്ട് ആരംഭിക്കുന്നത്. 16 ചെറിയ കോട്ടേജുകൾ ഉൾപ്പെടുന്ന ഇരുവരുടെയും റിസോർട്ട് പരിസ്ഥിതി സൗഹൃദപരമായ അന്തരീക്ഷം ഉറപ്പാക്കിയിരുന്നത് കൊണ്ട് അന്താരാഷ്ട്രതലത്തിൽ പ്രകീർത്തി നേടിയിരുന്നു. കുറച്ചു മാസങ്ങൾക്ക് മുമ്പാണ് മുന്നറിയിപ്പുകളൊന്നും കൂടാതെ ദമ്പതികളെ കാണാതാവുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റിസോർട്ടിലെ വളർത്തു മൃ​ഗങ്ങളെയും മനുഷ്യവിസർജ്യം ഉൾപ്പെടെയുള്ള മാലിന്യങ്ങളും ഉപേക്ഷിച്ചാണ് ഇരുവരും കടന്നു കളഞ്ഞതെന്ന് കണ്ടെത്തിയത്. ഇതിന് പുറമേ റിസോർട്ടിൽ നിന്നുള്ള മലിനജലവും വനത്തിലേക്കാണ് വഴിത്തിരിച്ചു വിട്ടിരുന്നത്. നികുതിയിനത്തിൽ പണം കൃത്യമായി അടയ്ക്കാൻ സാധിക്കാത്തതിനാൽ ഇരുവരുടെയും റിസോർട്ടിനെതിരെ നിയമനടപടി നേരിടുമെന്ന് മാർച്ചിൽ ഔദ്യോ​ഗിക വൃത്തം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ നടപടികളിൽ നിന്ന് രക്ഷ നേടാൻ ഡിസംബർ മുതൽ ഇരുവരും വിദേശത്താണ് താമസിച്ചു വരുന്നതെന്ന തരത്തിലുള്ള രേഖകൾ നി‌ർമ്മിച്ചിരുന്നു. ഡെൻമാർക്കിൽ താമസിക്കുന്ന സമയത്ത് കൃത്യമായി നികുതിയടക്കാൻ സാധിക്കാതെ വന്നതോടെയാണ് ഇരുവരും സ്വീഡനിലേക്ക് 2016ൽ താമസം മാറുന്നത്. സ്വീഡനിൽ പരിസ്ഥിതി സൗഹൃദ റിസോർട്ട് ആരംഭിച്ചെങ്കിലും ഇവിടെയും സാമ്പത്തിക അട്ടിമറി തുടർന്നതിനാൽ ഇരുവർക്കും അത് ഉപേക്ഷിക്കേണ്ടി വന്നു.

പ്രകൃതിയ്ക്ക് വിനാശകരമായി ബാധിക്കുന്ന തരത്തിലുള്ള ദമ്പതികളുടെ നടപടിയ്ക്കെതിരെ പ്രാദേശികതലത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. മൃ​ഗങ്ങളെ ഉപേക്ഷിച്ച് കടന്നു കള‍ഞ്ഞതിനെ ന്യായീകരിച്ചാണ് ഹാൻസെൻ മാധ്യമങ്ങളോട് സംസാരിച്ചത്. നികുതി വകുപ്പിന്റെ ചുമതലയുള്ള ഉദ്യോ​ഗസ്ഥരെ നാർസിസ്റ്റുകളെന്ന് ഹാൻസെൻ അഭിസംബോധന ചെയ്യുകയും ചെയ്തു. നികുതി വകുപ്പിന്റെ ഇടപെ‍ടലിലൂടെ താൻ ആജീവനാന്ത കാലം ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടതായും ഹാൻസെൻ പറഞ്ഞു. പാരിസ്ഥിതികമായ വിനാശങ്ങളുണ്ടാക്കിയതിനും സാമ്പത്തിക അട്ടിമറി നടത്തിയതിനും ദമ്പതികൾക്കെതിരെ അന്വേഷണം നടന്നു കൊണ്ടിരിക്കയാണ്. ​ഗ്വാട്ടിമലയിൽ ഇരുവരും പുതിയ ഒരു ഹോട്ടൽ ആ​രംഭിച്ചതായും സൂചനകളുണ്ട്. ദമ്പതികളുടെ പെട്ടെന്നുള്ള തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്. ഹോട്ടലിന്റെ നടത്തിപ്പുമായി മുന്നോട്ടു പോകുവാൻ തങ്ങൾ പരമാവധി ശ്രമിച്ചിരുന്നുവെന്നും ഈ രാജ്യത്ത് തങ്ങളുടെ ലക്ഷ്യത്തിലൂന്നി മാത്രം പ്രവർത്തിക്കുന്ന ആത്മാർത്ഥതയുള്ള സംരഭകരായി തുടരാൻ തങ്ങൾക്ക് സാധിക്കില്ലെന്നും, നിങ്ങൾ ഈ പോസ്റ്റ് വായിച്ചു കഴിയുമ്പോൾ ഞങ്ങളെ സാമ്പത്തികതട്ടിപ്പ് നടത്തിയവരെന്ന് മുദ്ര കുത്തിയിട്ടുണ്ടാവുമെന്ന് സ്റ്റെഡ്സാൻസിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ ദമ്പതികൾ കുറിച്ചു.

content summary: A couple who operated a Swedish eco-retreat fled, leaving behind barrels of human waste.

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment