ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നോട്ടുകെട്ടുകളുടെ കൂമ്പാരം; ശിക്ഷ ജന്മനാട്ടിലേക്കുള്ള സ്ഥലം മാറ്റം മാത്രം

യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടുത്തം അണയ്ക്കാനെത്തിയ ഫയർഫോഴ്‌സ് സംഘം കണക്കിൽപ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടുത്തം അണയ്ക്കാനെത്തിയ ഫയർഫോഴ്‌സ് സംഘം കണക്കിൽപ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എന്നാൽ കണക്കിൽപ്പെടാത്ത ഇത്രയും വലിയ തുക ഒരു ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടും ജന്മ നാട്ടിലേക്കുള്ള സ്ഥലം മാറ്റം മാത്രമാണ് ശിക്ഷ.Yashwant Varma transfer

കൊളീജിയത്തിൽ എടുത്ത തീരുമാനത്തോട് വിയോജിപ്പ് അറിയിച്ച് ചില അംഗങ്ങൾ രംഗത്ത് വന്നിരുന്നു. ഇത്രയും ഗുരുതരമായ പ്രശ്‌നത്തിൽ സ്ഥലം മാറ്റം മാത്രം നടത്തുന്നത് ജുഡീഷ്യറിയുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ചില അംഗങ്ങളെങ്കിലും അഭിപ്രായപ്പെട്ടത്. ജസ്റ്റിസ് യശ്വന്ത് വർമ്മയോട് രാജിവെയ്ക്കാൻ പറയണമെന്നും അവർ ആവശ്യപ്പെട്ടു.

യശ്വന്ത് വർമ്മയുടെ വസതിയിലുണ്ടായ തീപിടുത്തം അണയ്ക്കാനെത്തിയ ഫയർഫോഴ്‌സ് അംഗങ്ങൾ അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് കണക്കില്ലാത്ത കെട്ടുകണക്കിന് പണം കണ്ടെത്തുകയായിരുന്നു. എന്നാൽ ഈ സമയത്ത് യശ്വന്ത് വീട്ടിലുണ്ടായിരുന്നില്ല. തീപിടുത്തമുണ്ടായപ്പോൾ കുടുംബാംഗങ്ങൾ അഗ്നിരക്ഷാ സേനയെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. തീയണച്ചതിന് ശേഷമാണ് മുറിയിൽ നിന്നും കെട്ടുകണക്കിന് പണം കണ്ടെത്തിയത്. തുടർന്ന് ലോക്കൽ പോലീസ് ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. വിവരമറിഞ്ഞ കേന്ദ്ര സർക്കാരിലെ ഉയർന്ന ഉദ്യോഗസ്ഥർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ വിവരം അറിയിക്കുകയും അദ്ദേഹം കൊളീജിയം യോഗം വിളിച്ച് ചേർക്കുകയുമായിരുന്നു.

ഏതെങ്കിലും ജഡ്ജിയെ സംബന്ധിച്ച് അഴിമതി ആരോപണങ്ങൾ ഉയർന്ന് വരികയാണെങ്കിൽ അത് സംബന്ധിച്ച് ആരോപണ വിധേയനായ വ്യക്തിയോട് വിശദീകരണം തേടുക എന്നതാണ് ആദ്യ നടപടി. തുടർന്ന് സുപ്രീം കോടതിയിലെ ഒരു ജഡ്ജിയും രണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരും അടങ്ങുന്ന ആഭ്യന്തര അന്വേഷണ സമിതിക്ക് രൂപം നൽകാം. ആഭ്യന്തര അന്വേഷണ സമിതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാൽ ജഡ്ജിയെ പുറത്താക്കാനുള്ള നടപടികളിലേക്ക് പാർലമെന്റിന് കടക്കാം.

നിലവിൽ ഡൽഹി ഹൈക്കോടതി കൊളീജിയത്തിലെ അംഗമാണ് ജസ്റ്റിസ് യശ്വന്ത് വർമ്മ. ഡൽഹി ഹൈക്കോടതിയിലെ സീനിയോരിറ്റിയിൽ ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായും ജസ്റ്റിസ് വിഭു ബാക്രൂവും കഴിഞ്ഞാൽ ജസ്റ്റിസ് യശ്വന്ത് വർമ്മയാണ്. 2014ൽ അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിയായ ജസ്റ്റിസ് വർമ്മ 2021ലാണ് ഡൽഹി ഹൈക്കോടതിയിൽ എത്തുന്നത്. അലഹാബാദ് ഹൈക്കോടതി മുൻ ജഡ്ജി എ എൻ വർമ്മയുടെ മകനാണ് ജസ്റ്റിസ് യശ്വന്ത് വർമ്മ.Yashwant Varma transfer

content summary; A Delhi HC judge has been ‘transferred’ after a large sum of cash was found at Yashwant Varma’s home

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment