June 18, 2025 |
Share on

ദേശീയ ​ഗാനത്തിനിടെ ചിരിച്ചും സംസാരിച്ചും നിതീഷ്; അന്ന് രാഹുൽ ​ഗാന്ധി ചെയ്തത് തെറ്റ്, ഇന്ന് നിതീഷിന് ബിജെപിയുടെ തലോടൽ

വിഷയത്തിൽ ജനതാദൾ ഇതുവരെ ഔദ്യോ​ഗിക പ്രതികരണം നടത്തിയിട്ടില്ല

പട്നയിൽ നടന്ന കായികമേളയിൽ ദേശീയ ​ഗാനം ആലപിക്കുന്നതിനിടെ ചിരിക്കുകയും സംസാരിക്കുകയും ചെയ്ത ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷം നടത്തിയിരിക്കുന്നത്. രാജ്യത്തെയും ദേശീയ ​ഗാനത്തെയും നിതീഷ് കുമാർ അധിക്ഷേപിച്ചുവെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആരോപിച്ചു. എക്സിലൂടെയായിരുന്നു തേജസ്വി യാദവിന്‌റെ ആരോപണം.

ദയവുചെയ്ത് ദേശീയ ​ഗാനത്തെയെങ്കിലും അപമാനിക്കാതിരിക്കൂ മുഖ്യമന്ത്രി, എല്ലാ ദിവസവും സംസ്ഥാനത്തെ യുവാക്കളെയും സ്ത്രീകളെയും പ്രായമായവരെയെല്ലാം നിങ്ങൾ അപമാനിക്കുകയാണ്. നിങ്ങൾ മഹാത്മാ​ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കൈയ്യടിക്കുകയും രക്തസാക്ഷിത്വത്തെ അപമാനിക്കുകയും ചെയ്തു. നിങ്ങൾ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഞാൻ നിങ്ങളെ ഓർമിപ്പിക്കട്ടെ. കുറച്ച് നിമിഷം പോലും നിങ്ങൾക്ക് സ്ഥിരതയുള്ളയാളായി നിൽക്കാൻ കഴിയുന്നില്ല. ഇത് സംസ്ഥാനത്തിന്റെ ഭാവിയെ ആശങ്കയിലാക്കുന്നു. ഇനിയും ബീഹാറിനെ ഇത്തരത്തിൽ അപമാനിക്കരുത്, തേജസ്വി യാദവ് കുറിച്ചു.

ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും സംഭവത്തിൽ നിതീഷിനെതിരെ വിമർശനവുമായി രം​ഗത്തെത്തിയിട്ടുണ്ട്. ദേശീയ ​ഗാനത്തെ അപമാനിക്കുന്നത് ഇന്ത്യ ഒരിക്കലും സഹിക്കില്ലെന്നും ബീഹാറിലെ ജനങ്ങൾ ഇനിയെന്തെങ്കിലും അനുഭവിക്കാൻ ബാക്കിയുണ്ടോയെന്നും ലാലു പ്രസാദ് യാദവ് വിമർശിച്ചു.

അതേസമയം നിതീഷ് കുമാറോ ജനതാദളോ വിഷയത്തിൽ ഇതുവരെ ഔദ്യോ​ഗിക പ്രതികരണം നടത്തിയിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഉണ്ടായേക്കാവുന്ന തർക്കങ്ങൾ ഒഴിവാക്കുന്നതിനായി മുഖ്യമന്ത്രി നിരുപാധികം മാപ്പ് പറയുമെന്ന് ജനതാദൾ യുണൈറ്റഡ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിറ്റിവി റിപ്പോർട്ട് ചെയ്തു.

ദേശീയ ​ഗാനത്തെ അപമാനിച്ചുവെന്നാരോപിച്ച് പല തവണ ബിജെപി നേതാക്കൾ രം​ഗത്തെത്തിയിട്ടുണ്ട്. എന്നാൽ എൻഡിഎ സർക്കാരിന്റെ സംഖ്യകക്ഷിയായ ജെഡിയു നേതാവിന്റെ പ്രവൃത്തിയിൽ യാതൊരു പരാമർശവും ബിജെപി ഇതുവരെ നടത്തിയിട്ടില്ല.

2025 ജനുവരിയിൽ പട്നയിൽ നടന്ന സംവിധൻ സുരക്ഷ സമ്മേളനത്തിൽ വെച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി ദേശീയ ​ഗാനത്തെ അപമാനിച്ചുവെന്നാരോപിച്ച് ബിജെപി രം​ഗത്തെത്തിയിരുന്നു. ദേശീയ​ഗാനത്തിനിടെ രാഹുൽ ​ഗാന്ധി പാർട്ടി പ്രവർത്തകരെ കൈവീശി കാണിക്കുകയും ശേഷം നേരെ നിൽക്കാൻ ജനങ്ങളോട് ആം​ഗ്യം കാണിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചായിരുന്നു ബിജെപി രാഹുലിനെ വിമർശിച്ചത്. ഭരണഘടന സംരക്ഷിക്കാൻ നടത്തിയ പരിപാടിയിൽ ​ദേശീയ​ഗാനത്തെ അപമാനിച്ചുവെന്ന തരത്തിലുള്ള പല വിമർശനങ്ങളും രാഹുൽ ​ഗാന്ധിക്കെതിരെ ബിജെപി നേതാക്കൾ ഉയർത്തിയിരുന്നു.

നിതീഷ് കുമാറിനെ ന്യായീകരിക്കുന്ന പരാമർശമാണ് കേന്ദ്ര മന്ത്രി ജിതിൻ റാം മാഞ്ചി നടത്തിയിരിക്കുന്നത്. ബീഹാറിനെ അപമാനിക്കുന്നവർ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കെതിരെ ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണെന്നും ലാലു ജിയും അദ്ദേഹത്തിന്റെ പാർട്ടിയും ബീഹാറിന്റെ പേരിന് കളങ്കം വരുത്തിയെന്നും ജിതിൻ റാം മാഞ്ചി സോഷ്യൽ മീഡിയയിൽ കുറിച്ചു. ജനങ്ങൾ ഇപ്പോഴും ലാലു പ്രസാദ് യാദവിന്റെ ഭരണത്തെ ഭയപ്പെടുന്നുവെന്നും അതേസമയം നിതീഷ് ബീഹാറിന്റെ പ്രിയപ്പെട്ട നേതാവായി തുടരുന്നുവെന്നും ജിതിൻ റാം മാഞ്ചി കൂട്ടിച്ചേർത്തു.

കായികമേളയിൽ ദേശീയ ഗാനം ആലപിക്കുന്നതിനിടെ, മുഖ്യമന്ത്രി അടുത്ത് നിന്നിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി ദീപക് കുമാറിനെ ആവർത്തിച്ച് സ്പർശിക്കുകയും അദ്ദേഹത്തോട് സംസാരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.
ദേശീയ ഗാനത്തിനിടെ നിതീഷ് കുമാർ നിരന്തരം സ്പർശിച്ചതോടെ ദീപക് കുമാർ വളരെ അസ്വസ്ഥനാകുന്നതും വീഡിയോയിൽ കാണാം. ആംഗ്യങ്ങളിലൂടെ നിതീഷ് കുമാറിനോട് ജാഗ്രതയോടെ നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ നിതീഷ് കുമാർ ദീപക് കുമാറിനെ തുടർച്ചയായി ശല്യപ്പെടുത്തുകയായിരുന്നു.ദേശീയ ഗാനം പാടുന്നതിനിടെ വേദിയിലെ മറ്റുള്ളവർക്ക് കൈനൽകാനും നിതീഷ് കുമാർ ശ്രമിച്ചിരുന്നു.

Content Summary: nitish kumar insulting national anthem; Rahul Gandhi Faced Criticism Then, While Nitish Gains BJP’s Support

Leave a Reply

Your email address will not be published. Required fields are marked *

×