ഒമാനിലെ ഹൈകമ്മീഷണറെന്ന വ്യാജേന ആൾമാറാട്ടം, ഇന്ത്യൻ പ്രൊഫസറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിലായി നിരവധി കാലം സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ പ്രൊഫസർ കെ. എസ് റാണയെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. ഒരു വർഷത്തോളമാണ് ഹൈകമ്മീഷണറെന്ന വ്യാജേന റാണ ഒരു രാജ്യത്തെ മുഴുവൻ കബളിപ്പിച്ചത്. ഇന്ത്യ സന്ദർശിക്കാൻ എത്തുന്നതായും സുരക്ഷാക്രമീകരണങ്ങൾ സജ്ജമാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ ദിവസം ഗാസിയാബാദ് പൊലീസ് കമ്മീഷണറേറ്റ് ഓഫീസിനും ജില്ലാ മജിസ്ട്രേറ്റ് ഓഫീസിനും അയച്ച കത്താണ് റാണയെ വെട്ടിലാക്കിയത്.
ഒമാൻ സുൽത്താനേറ്റിലെ ഹൈക്കമ്മീഷണറാണെന്ന് പരിചയപ്പെടുത്തി കൊണ്ടായിരുന്നു കത്ത്. മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരുടെ സന്ദർശനം സ്വാഭാവികമായത് കൊണ്ട് സുരക്ഷാ ക്രമീകരണം ഒരുക്കാനുള്ള അഭ്യർത്ഥനയിൽ അസ്വാഭാവികമായൊന്നും തോന്നിയിരുന്നില്ലെന്നും, സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കാനുള്ള നടപടികൾ പൊലീസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ചിരുന്നതായും കമ്മീഷണർ അജയ് കുമാർ മിശ്ര പറഞ്ഞു. എന്നാൽ പെട്ടെന്നാണ് കത്തിലെ ഒരു ചെറിയ തെറ്റ് കമ്മീഷണർ അജയ് കുമാർ മിശ്രയുടെ കണ്ണിൽപ്പെട്ടത്. ഈ തെറ്റാണ് റാണയുടെ അറസ്റ്റിലേക്ക് നയിച്ചത്. ഒമാൻ കോമൺവെത്ത് രാജ്യങ്ങളുടെ ഭാഗമല്ല അത് കൊണ്ട് തന്നെ ഹൈകമ്മീഷണർ ഉണ്ടായിരിക്കുകയില്ല. ഇത് മനസിലാക്കിയ കമ്മീഷണർ കത്തിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ തന്റെ ടീമിനോട് ആവശ്യപ്പെട്ടു. കൃത്യമായ അന്വേഷണത്തിന് ശേഷം കെ എസ് റാണയെ പൊലീസ് അറസ്റ്റ് ചെയ്തു. ആൾമാറാട്ടം, വ്യക്തിത്വം അപരിക്കൽ, വ്യാജ രേഖ ചമയ്ക്കൽ എന്നിവയാണ് റാണയ്ക്ക് മേൽ ചുമത്തിയ കുറ്റം. സുരക്ഷ അഭ്യർത്ഥിച്ച് കൊണ്ട് പ്രൊഫസർ റാണയുടെ പ്രൈവറ്റ് സെക്രട്ടറി ദേവ് കുമാർ തയ്യാറാക്കിയ കത്താണ് റാണയെ വെട്ടിലാക്കിയത്. ഗാസാബാദിലെ കൗശാബിയിൽ നടക്കുന്ന ഒരു സുപ്രധാന കൂടിക്കാഴ്ചയ്ക്കായാണ് റാണ എത്തുന്നതെന്നായിരുന്നു കത്തിൽ പരാമർശിച്ചിരുന്നത്. ആവശ്യപ്പെട്ട പ്രകാരമുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി പിന്നീട് പൊലീസ് റാണയെ അറിയിക്കുന്നു, തുടർന്ന് നേരിട്ടെത്തിയ റാണയെ പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ആയിരുന്നു.
ഡൽഹിയിലെ ലാജ്പത് നഗർ നിവാസിയായ റാണ നൈനിറ്റാളിലെ കുമൗൺ സർവകലാശാല (2018 മുതൽ 2020 വരെ), അൽമോറയിലെ ഉത്തരാഖണ്ഡ് റെസിഡൻഷ്യൽ സർവകലാശാല (2020-21), രാജസ്ഥാനിലെ മേവാർ സർവകലാശാല (2021-22), ജയ്പൂരിലെ സാങ്കേതിക സർവകലാശാല (2024 ൽ ഏതാനും മാസങ്ങൾ) എന്നിവയുടെ മുൻ വൈസ് ചാൻസലറായിരുന്നുവെന്ന് പോലീസ് പറഞ്ഞു.കുമൗൺ സർവകലാശാലയിലെ സഹപ്രവർത്തകർ ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. 2024 ഓഗസ്റ്റ് മുതൽ ഹൈകമ്മീഷണറെന്ന തരത്തിൽ റാണ ആൾമാറാട്ടം നടത്തുന്നതായാണ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പാട്ടീൽ നിമിഷ് മിശ്ര വ്യക്തമാക്കിയത്. വിഐപി പ്രോട്ടോക്കോൾ നേടാനുള്ള റാണയുടെ മുൻ ശ്രമങ്ങൾ വിജയിച്ചിരുന്നു. കൂടുതൽ വിവരങ്ങൾക്കായി ഒമാൻ സുൽത്താനേറ്റ് എംബസിയ്ക്കും റാണ ജോലി ചെയ്യ്തിരുന്ന യൂണിവേഴ്സിറ്റികളിലും പൊലീസ് സഹായം തേടിയിട്ടുണ്ട്.
content summary: A former vice chancellor from India crafted an impersonation as high commissioner of Oman and police arrested him