July 13, 2025 |

കൊതുകിനെ പിടിച്ചാല്‍ പാരിതോഷികം ഉറപ്പ്; വ്യത്യസ്ത ആശയവുമായി ഫിലിപ്പൈന്‍സ്‌

കൊതുകകളെയോ, കൊതുക് ലാർവകളെയോ നശിപ്പിക്കുന്നവർക്ക് അഞ്ച് എണ്ണത്തിന് ഒരു ഫിലിപ്പൈൻ പെസോ

കൊതുകിനെ പിടികൂടുന്നവർക്ക് പാരിതോഷികം നൽകാനൊരുങ്ങി ഫിലിപ്പൈൻസ്. ഡെങ്കിപ്പനിയെ നേരിടുന്നതിനാണ് ഈ രസകരമായ മാർഗം സ്വീകരിച്ചിരിക്കുന്നത്. ഫിലിപ്പൈൻസിന്റെ തലസ്ഥാന നഗരമായ മനിലയുടെ പ്രാന്തപ്രദേശങ്ങളായ മലയോര മേഖലകളിലാണ് ഈ അസാധാരണ നീക്കം നടക്കുന്നത്.

രോഗ പടർച്ച തടയുക എന്നതാണ് കൊതുക് പിടിത്തം കൊണ്ട് ലക്ഷ്യമാക്കുന്നത്. കൊതുകകളെയോ, കൊതുക് ലാർവകളെയോ നശിപ്പിക്കുന്നവർക്ക് അഞ്ച് എണ്ണത്തിന് ഒരു ഫിലിപ്പൈൻ പെസോ എന്ന നിലയിൽ പാരിതോഷികമാണ് ലഭിക്കുകയെന്ന് പ്രദേശത്തെ ഗ്രാമ പ്രമുഖൻ കാർലിറ്റോ സെർണൽ പറയുന്നു.

മലയോര മേഖലയായ മൻഡലുയോങ് മേഖലയിലാണ് പദ്ധതി ആദ്യഘട്ടത്തിൽ തുടങ്ങുക. സമീപ പ്രദേശമായ ക്യൂസണിൽ ഡെങ്കിപ്പനി പടർന്നതാണ് മൻഡലുയോങ് അധികൃതരെ മുൻകരുതലെടുക്കാൻ പ്രേരിപ്പിച്ചത്. രാജ്യത്തെ എട്ടോളം മേഖലകളിലാണ് കൊതുകുജന്യ രോഗമായ ഡെങ്കിപ്പനി പടർന്നുപിടിച്ചിരിക്കുന്നത്.

ഈ വർഷം ഇതുവരെ 28,234 ഡെങ്കിപ്പനി കേസുകളാണ് ഫിലിപ്പൈൻസിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 40 ശതമാനം വർധനയാണിത്. ക്യൂസണിൽ ഇതിനോടകം പത്ത് മരണങ്ങളാണ് രോഗ ബാധയെ തുടർന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നഗരത്തിൽ മാത്രം 1,769 പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും കനാൽ ഉൾപ്പെടെ വൃത്തിയാക്കി ശുചിത്വ ക്യാംപയിൻ എന്നിവയും സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ്പ തിനായിത്തോളം പേർ താമസിക്കുന്ന പ്രദേശത്ത് കൊതുക് പിടിത്ത ക്യാംപയിൻ സംഘടിപ്പിച്ചിരിക്കുന്നത്.

എന്നാൽ, പദ്ധതി തിരിച്ചടിയുണ്ടാക്കുമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. പാരിതോഷികം ലഭിക്കാൻ ജനങ്ങൾ കൊതുക് വളർത്താൻ ശ്രമിക്കുമെന്നാണ് വിമർശകർ പറയുന്നത്. എന്നാൽ, ക്യാംപയിൻ തുടങ്ങിയതിന് പിന്നാലെ നഗര മേഖലയിൽ കൊതുക് വേട്ടക്കാരുടെ തിരക്ക് രൂപം കൊണ്ടെന്നാണ് റിപ്പോർട്ടുകൾ. 45 ഡാർക്ക് മൊസ്‌കിറ്റോ ലാർവകളുമായി എത്തിയ തനിക്ക് ഒമ്പത് പെസോ അധികൃതർ അനുവദിച്ചെന്ന് 64 കാരനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു. കൊതുക് വേട്ടയ്ക്ക് പുറമെ തവളകളെ ഇറക്കിയും മറ്റ് ശാസ്ത്രീയ മാർഗങ്ങൾ പരീക്ഷിച്ചും രോഗ വാഹികളായ കൊതുകളെ നശിപ്പിക്കാനാണ് ക്യൂസൺ അധികാരികളുടെ ശ്രമം.

content summary; A Philippine town is offering a bounty for mosquitoes

Leave a Reply

Your email address will not be published. Required fields are marked *

×