പുടിൻ – സെലൻസ്കി കൂടിക്കാഴ്ചയുണ്ടാകുമെന്ന് ട്രംപ്; യുഎസ് ഉൾപ്പെടുന്ന ത്രികക്ഷി ചർച്ചയ്ക്കും തീരുമാനം

ട്രംപ് പുടിനുമായി ഫോണിൽ സംസാരിച്ചു

റഷ്യയുടെ യുക്രെയ്ൻ അധിനിവേശം അവസാനിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളുടെയും പ്രസിഡൻ്റുമാർ തമ്മിൽ ഉഭയകക്ഷി ചർച്ച നടത്താനുദ്ദേശിക്കുന്നുവെന്ന് അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്കിയുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഉഭയകക്ഷി ചർച്ചക്ക് തയ്യാറാണെന്ന് സെലൻസ്കിയും അറിയിച്ചു.

ഭാവിയിൽ യുക്രെയ്നെ ആക്രമിക്കുന്നതിൽ നിന്ന് റഷ്യയെ തടയാൻ യൂറോപ്യൻ സുരക്ഷാ ​ഗ്യാരന്റിക്ക് യുഎസ് പിന്തുണ നൽകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ട്രംപ് പുടിനുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. താൻ കൂടി ഉൾപ്പെടുന്ന ത്രികക്ഷി ചർച്ച ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു. ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, ഇറ്റലി, ഫിൻലാൻഡ്, യൂറോപ്യൻ യൂണിയൻ, നാറ്റോ നേതാക്കളുമായും ട്രംപ് ചർച്ച നടത്തി.

അതേസമയം, ഉഭയകക്ഷി ചർച്ചയ്ക്ക് പുടിൻ പൂർണമായും സമ്മതം അറിയിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ചർച്ചകൾ തുടരാൻ പുടിൻ തയ്യാറാണെന്ന തരത്തിലാണ് പുടിൻ സംസാരിച്ചതെന്നും 40 മിനിറ്റോളം ഫോൺ കോൾ നീണ്ടുനിന്നെന്നും പുടിന്റെ ഉപദേഷ്ടാവ് പറഞ്ഞു.

യുക്രെയ്ന് സുരക്ഷ ഉറപ്പാക്കുന്നതിനായി യുഎസ് നടത്തിയ ഇടപെടലാണ് ഇതിൽ പ്രാധാനമെന്ന് ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

തുടക്കത്തിൽ വെടിനിർത്തൽ വേണമെന്ന് നിർബന്ധം പിടിച്ചിരുന്ന സെലൻസ്കി, സമാധാനത്തിലേക്കുള്ള വഴി കണ്ടെത്തുന്നതിന് മുൻവ്യവസ്ഥകളില്ലാതെ ചർച്ചകൾ നടത്താൻ ഒരുക്കമാണെന്നാണ് ഇപ്പോൾ അറിയിക്കുന്നത്. വെടിനിർത്തൽ, റഷ്യൻ അധിനിവേശ യുക്രേനിയൻ ഭൂമിയുടെ നിയന്ത്രണം തുടങ്ങിയ പ്രധാന വിഷയങ്ങൾ പുടിനും സെലെൻസ്‌കിയും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളിലൂടെ തീരുമാനിക്കണമെന്നും ട്രംപ് നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, നാറ്റോയുടെ ഭാഗമാകണമെന്ന മോഹം യുക്രെയ്ൻ ഉപേക്ഷിക്കണമെന്നും ട്രംപ് പറഞ്ഞു. റഷ്യ പിടിച്ചെടുത്താല്ഡ ക്രീമിയ തിരിച്ചുലഭിക്കുമെന്ന പ്രതീക്ഷ വേണ്ടെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി വിചാരിക്കുകയാണെങ്കിൽ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ കഴിയുമെന്നും ചില വിട്ടുവീഴ്ചകൾ വേണ്ടിവരുമെന്നും കൂടിക്കാഴ്ചക്ക് മുമ്പ് ട്രംപ് സമൂഹ മാധ്യമത്തിൽ വ്യക്തമാക്കിയിരുന്നു.

യുക്രെയ്നുമായി ചർച്ച നടത്തിയെങ്കിലും റഷ്യയ്ക്ക് അനുകൂലമായ തീരുമാനം ട്രംപ് സ്വീകരിക്കുമെന്ന് യൂറോപ്യൻ രാജ്യങ്ങൾക്ക് ഇപ്പോഴും ആശങ്കയുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ സെലൻസ്‌കിയുമായുള്ള ട്രംപിൻ്റെ കൂടിക്കാഴ്ചയിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു ഈ വൈറ്റ് ഹൗസ് കൂടിക്കാഴ്ച. യുക്രെയ്ൻ യുഎസിനോട്

നന്ദി കാണിച്ചില്ലെന്ന് അറിയിച്ച ട്രംപ് ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് യുക്രെയ്നിലേക്കുള്ള യുഎസ് സഹായം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. സെലൻസ്കിയെ അപമാനിക്കുന്ന രീതിയിലുള്ള പെരുമാറ്റമാണ് അന്ന് ട്രംപിൽനിന്നുണ്ടായത്.

Content Summary: A Putin-Zelenskyy meeting will take place, as Trump decides to hold trilateral talks involving the U.S

This post was last modified on August 19, 2025 11:16 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment