നിറങ്ങളേയും ക്യാന്‍വാസിനേയും പോലെ കേരള ചിത്രകലാ സംസ്‌കാരത്തെയും തന്റെ ജീവിതത്തോട് ചേര്‍ത്ത, വിഖ്യാത ഭാരതീയ ചിത്രകാരന്‍ എ രാമചന്ദ്രന്‍ അന്തരിച്ചിട്ട് ഒരു വര്‍ഷം തികഞ്ഞു. കലാകാരനെന്ന നിലയില്‍ പ്രശസ്തനായ രാമചന്ദ്രന്‍ അനുഗ്രഹീതനായ ഒരു എഴുത്തുകാരന്‍ കൂടിയായിരുന്നു.A Ramachandran; the famous Indian painter has been a year passed away
കോട്ടയത്തെ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം മലയാള പുസ്തക രംഗം അടക്കിവാഴുന്ന സമയം. കാരൂരും ഡി.സി കിഴക്കേ മുറിയുമൊക്കെ മലയാള സാഹിത്യകാരന്‍മാരെ അവരുടെ കൃതികള്‍ അച്ചടിച്ച്, വിറ്റ് റോയല്‍റ്റി കൊടുത്ത് അവരെ വരുമാന നികുതിയടയ്ക്കുന്ന വരേണ്യ വര്‍ഗമാക്കിയ കാലം. മലയാള സാഹിത്യത്തിന്റെ നല്ല കാലം.
മദ്രാസില്‍ വെച്ച് കണ്ട ചിത്രകാരന്‍ കെ.സി.എസ്. പണിക്കരാണ് ആറ്റിങ്ങലുകാരനായ എ.രാമചന്ദ്രനെ കല്‍ക്കട്ടയിലെ ശാന്തിനികേതനില്‍ പോയി പഠിക്കാന്‍ പ്രേരിപ്പിച്ചത്. അവിടെ അദ്ധ്യാപകനായ ശില്‍പ്പകലയിലെ പ്രഗത്ഭനായ രാം കിങ്കറിന്റെ പ്രധാന ശിഷ്യനായിരുന്നു.
ഒരു നാള്‍ ശാന്തിനികേതനില്‍ വിദ്യാര്‍ത്ഥിയായ രാമചന്ദ്രന്‍ നാട്ടില്‍ അവധിക്ക് വന്നപ്പോള്‍ കോട്ടയത്ത് സി.എന്‍ ശ്രീകണ്ഠന്‍ നായരെ കാണാനെത്തി. ശ്രീകണ്ഠന്‍ നായരാണ് രാമചന്ദ്രനെ സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെ പരമാത്മാവായ കാരൂരിന്റെ മുന്നിലെത്തിക്കുന്നത്. എസ്.പി.സി.എസ് കുട്ടികള്‍ക്ക് 12 പുസ്തകങ്ങളടങ്ങിയ ഒരു ‘സമ്മാനപ്പെട്ടി’ പുറത്തിറക്കുന്നു. അതിന് പടങ്ങള്‍ രാമചന്ദ്രന്‍ വരയ്ക്കണം. രാമചന്ദ്രന്‍ കോട്ടയം ഗസ്റ്റ് ഹൗസില്‍ ഇരുന്ന് വര തുടങ്ങി. സഹായത്തിന് ജി. അരവിന്ദനും എത്തി.
എ. രാമചന്ദ്രൻ
കുഞ്ചന്‍ നമ്പ്യാര്‍ തൊട്ട് കാരൂര്‍ വരെ അര ഡസന്‍ പ്രസിദ്ധരായ എഴുത്തുകാരുടെ പുസ്തങ്ങള്‍. എല്ലാം വ്യത്യസ്ത രീതിയില്‍ രാമചന്ദ്രന്‍ വരച്ചു. കുട്ടികള്‍ക്ക് വേണ്ടി വരയ്ക്കുക കുട്ടിക്കളിയല്ല എന്നും അത്ര എളുപ്പമല്ലെന്നും രാമചന്ദ്രന് അന്ന് മനസ്സിലായി. സാഹിത്യ പ്രവര്‍ത്തി സഹകരണ സംഘത്തിന്റെ ഈ പുസ്തകങ്ങള്‍ വളരെ ജനപ്രീതി നേടി.
പിന്നീട് ആറ് വര്‍ഷത്തിന് ശേഷം ഇന്ത്യാ ടുഡെ ഉടമയും എഡിറ്ററുമായ അരുണ്‍ പുരിയുടെ ഡല്‍ഹിയിലെ തോംസണ്‍ പ്രസ്സ് കുട്ടികള്‍ക്ക് വേണ്ടി പുസ്തകം ഇറക്കാന്‍ തീരുമാനിച്ചപ്പോള്‍ ചിത്രീകരണത്തിനായ് സമീപിച്ചത് രാമചന്ദ്രനെയായിരുന്നു. അതിനിടെ മറ്റൊരു സംഭവമുണ്ടായി. UNESCO യുടെ ഒരു സംഘം ആളുകള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്കുള്ള പുസ്തകങ്ങളുടെ ഏഷ്യയിലെ നിലവാരത്തെ കുറിച്ച് പഠിക്കാന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. അവര്‍ തോംസണ്‍ പ്രസ്സിലെത്തി രാമചന്ദ്രന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ പുസ്തകങ്ങള്‍ അച്ചടിക്ക് മുന്‍പുള്ള ഘട്ടത്തില്‍ കണ്ടു. ആ സംഘത്തില്‍ ജപ്പാനില്‍ നിന്നുള്ള ഒരു എഡിറ്റര്‍ ഉണ്ടായിരുന്നു.
എ. രാമചന്ദ്രൻ ശാന്തിനികേതനത്തിലെ പഠനകാലത്ത് വരച്ച ചിത്രവുമായി
രാമചന്ദ്രന്റെ ചിത്രീകരണത്തില്‍ മതിപ്പ് തോന്നിയ ആ ജപ്പാന്‍കാരന്‍ രാമചന്ദ്രനോട് ജപ്പാനിലേക്ക് വരാനും കുട്ടികള്‍ക്ക് വേണ്ടിയുള്ള പുസ്തകങ്ങള്‍ക്കായി വരയ്ക്കാനും ആവശ്യപ്പെട്ടു. അങ്ങനെ രാമചന്ദ്രന്‍ ജപ്പാനിലെത്തി തയ്യാറാക്കിയ പുസ്തകങ്ങള്‍ ജപ്പാനില്‍ വലിയ ഹിറ്റായി. 12 പതിപ്പ് അച്ചടിച്ച ഈ പ്രീസ്‌കൂള്‍ കുട്ടികള്‍ക്കുള്ള പുസ്തകങ്ങളില്‍ മഹാഭാരതത്തില്‍ നിന്നും ഇന്ത്യയിലെ നാടോടിക്കഥകളുമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഹനുമാന്‍ സൂര്യനെ പിടിക്കാന്‍ ചാടുന്ന കഥയ്ക്ക് മധുബാണി ശൈലിയില്‍ രാമചന്ദ്രന്‍ വരച്ച പടങ്ങള്‍ വളരെ ശ്രദ്ധിക്കപ്പെട്ടു. (സീതയുടെ ജന്മസ്ഥലമാണ് മധുബാണി). ഒരു അവധിക്കാലത്ത് കേരളത്തില്‍ വന്ന് കുട്ടികളുടെ പുസ്തകത്തിന് വരച്ചു തുടങ്ങിയ രാമചന്ദ്രന്‍ അതോടെ കുട്ടികളുടെ പുസ്തകലോകത്തെ ഏറ്റവും മികച്ച പ്രൊഫഷണല്‍ ഇലസ്ട്രേറ്ററായി, ദേശാന്തരപ്രശസ്തനായി. പിന്നീട് ഈ പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. ‘കുട്ടികളുടെ ചിത്രത്തിലേക്ക് ഒരു ഹനുമാന്‍ ചാട്ടം’ എന്നാണ് രാമചന്ദ്രന്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.
ചിത്രകലയില്‍ നിന്ന് വ്യത്യസ്തമായി രാമചന്ദ്രന്‍ നടത്തിയ ഒരു കലാവിപ്ലവമായിരുന്നു തപാല്‍ സ്റ്റാമ്പുകളിലേത്. ഗ്രാഫിക് ഡിസൈന്റെ അടിസ്ഥാന’തത്വത്തിലാണ് അരയിഞ്ച് ചതുരശ്ര സ്ഥലം മാത്രമുള്ള സ്റ്റാമ്പില്‍ കാഴ്ചക്കാരനുമായി സംവദിക്കുന്ന ഒരാശയം ചിത്രീകരിക്കേണ്ടത്. ISI- ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്‍സ്റ്റിട്യൂട്ട് സില്‍വര്‍ ജൂബിലിയാഘോഷിച്ചപ്പോള്‍ പുറത്തിറക്കിയ സ്റ്റാമ്പ് ആണ് രാമചന്ദ്രന്‍ രൂപകല്‍പ്പന ചെയ്ത ആദ്യ സ്റ്റാമ്പ്.
ആദ്യമായി വെള്ളനിറത്തില്‍ ഇന്ത്യയില്‍ സ്റ്റാമ്പ് ഡിസൈന്‍ ചെയ്തത് രാമചന്ദ്രനാണ്. വെള്ളയില്‍ കറുത്ത ഡിസൈന്‍ മാത്രം നല്‍കിയ ഈ സ്റ്റാമ്പ് ലോകമെങ്ങുമുള്ള ഫിലാറ്റലിക്കാരുടെ പ്രശംസ നേടി.
ഇന്ത്യൻ സ്റ്റാൻഡേർഡ് ഇൻസ്റ്റിട്യൂട്ട് സിൽവർ ജൂബിലി സ്റ്റാമ്പ്
ഇന്ത്യന്‍ സ്റ്റാമ്പ് ഡിസൈനിങ്ങില്‍ പുതിയൊരു തരംഗം സൃഷ്ടിച്ചതും രാമചന്ദ്രനായിരുന്നു. മധുബാണി പെയ്ന്റിംഗുകള്‍, മിനിയേച്ചറുകള്‍, പ്രാചീന തുണിത്തരങ്ങള്‍ എന്നിവയിലെ ഡിസൈനുകള്‍ സ്റ്റാമ്പിലേക്ക് കൊണ്ടുവന്നു. നമ്മുടെ ദൃശ്യസംസ്‌കാരം സ്റ്റാമ്പിലേക്ക് കൊണ്ടുവന്നത് രാമചന്ദ്രനാണ്.
1982 ഡല്‍ഹി ഏഷ്യാഡിന് രാമചന്ദ്രന്‍ ഡിസൈന്‍ ചെയ്ത ഒരു സ്റ്റാമ്പ് വിവാദമുണ്ടാക്കി. രണ്ട് ഗുസ്തിക്കാര്‍ പൊരുതുന്ന, ഒരു മുഗള്‍ ചിത്രത്തില്‍ നിന്ന് എടുത്ത പടമാണ് സ്റ്റാമ്പില്‍ ഉപയോഗിച്ചത്. നിര്‍ഭാഗ്യവശാല്‍ ഒരാള്‍ക്ക് കുടുമയും അപരന് താടിയുമുണ്ടായിരുന്നു. പാര്‍ലമെന്റില്‍ ചില എം.പിമാര്‍ ഇത് ചൂണ്ടിക്കാണിച്ച് ഒച്ചപ്പാടുണ്ടാക്കി,. ഇത് ഹിന്ദു മുസ്ലിം പോരാട്ടമാണെന്ന് അവര്‍ വിളിച്ച് കൂവി. പുലിവാല് പിടിക്കേണ്ട എന്ന് കരുതി തപാല്‍ വകുപ്പ് അത് പുറത്ത് ഇറക്കാതെ വെച്ചു. പിന്നീട് സ്റ്റാമ്പ് പുറത്തുവന്നപ്പോഴേക്കും വിവാദം കെട്ടടങ്ങിയിരുന്നു. രാമചന്ദ്രന്റെ ‘ഗാന്ധിയുടെ ദണ്ഡിയാത്ര’ സ്റ്റാമ്പ് ലോകപ്രസിദ്ധമായ, കിട്ടാന്‍ വിഷമമുള്ള ഒരു കളക്‌റ്റേഴ്‌സ് ഐറ്റമാണ്.
യയാതി പെയിൻ്റിംഗുകൾ
90 കളില്‍ കേരളത്തിന് പുറത്ത് ആദ്യമായി രാജാ രവിവര്‍മ്മയുടെ ചിത്രപ്രദര്‍ശനം ഡല്‍ഹിയില്‍ നടത്തിയത് രാമചന്ദ്രന്‍ കേരള ലളിതകലാ അക്കാദമി ചെയര്‍മാനായപ്പോഴായിരുന്നു. അതാകട്ടെ കേരളത്തിലെ ചില സാംസ്‌കാരിക ശിങ്കങ്ങള്‍ ഒരു അസംബന്ധനാടകമാക്കി മാറ്റി. ശ്രീചിത്ര ഗാലറിയില്‍ നിന്ന് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനായി ഡല്‍ഹിയില്‍ കൊണ്ടുപോകുന്നതിനെ അവര്‍ അടപടലം എതിര്‍ത്തു. ഒറിജിനല്‍ അടിച്ച് മാറ്റി പകര്‍പ്പ് തിരികെ കൊണ്ടുവരുമെന്ന ന്യായമാണ് ചിലര്‍ പറഞ്ഞത്. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കാന്‍വാസ് എങ്ങനെ പുതിയതായി നിര്‍മ്മിക്കും എന്ന് ചിന്തിക്കാനുള്ള ബോധമോ യുക്തിയോ അല്‍പ്പബുദ്ധികളായ ഇവര്‍ക്കുണ്ടായിരുന്നില്ല. തിരുവനന്തപുരത്തെ കവടിയാര്‍ കൊട്ടാരം പോലും ഒരു ചിത്രവും നല്‍കാതെ ഇതില്‍ നിസഹകരിച്ചു എന്നത് ഞെട്ടലുണ്ടാക്കിയ ഒരു വസ്തുതയായിരുന്നു. സാംസ്‌കാരിക നായകരുടെ കുത്തിത്തിരിപ്പ് അവരെയും സ്വാധീനിച്ചു.
എങ്കിലും ഡല്‍ഹിയിലെ ഈ പ്രദര്‍ശനം വന്‍ വിജയമായി രവിവര്‍മ്മ ചിത്രത്തിന്റെ പകര്‍പ്പുകള്‍ ഉള്‍പ്പെടുത്തി ഒരു പുസ്തകം അക്കാദമി പുറത്തിറക്കി. പ്രധാനമന്ത്രി നരസിംഹ റാവു ആണ് അത് പ്രകാശനം ചെയ്തത്. പ്രദര്‍ശനം കഴിഞ്ഞ് ചിത്രങ്ങള്‍ ഗാലറിയില്‍ ഭദ്രമായി എത്തിച്ചശേഷം രാമചന്ദ്രന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ഇത്തരം കാര്യങ്ങള്‍ക്ക് ചിലവിടാന്‍ കേരളത്തിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എ. രാമചന്ദ്രൻ
വര്‍ഷങ്ങള്‍ക്ക് ശേഷം 2003 ല്‍ രാജാ രവിവര്‍മ്മ പുരസ്‌ക്കാരം എ .രാമചന്ദ്രന് നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ പഴയ കഥകള്‍ എല്ലാവരും വിസ്മരിച്ചിരുന്നെങ്കിലും, അതൊരു കാവ്യനീതിയായി രാമചന്ദ്രനെ തേടി വരികയായിരുന്നു.
രാജാരവിവര്‍മ്മയുടെ സഹോദരന്‍ രാജരാജ വര്‍മ്മ നല്ലൊരു ചിത്രകാരനായിരുന്നു. രവിവര്‍മ്മയുടെ പ്രശസ്തിയില്‍ മങ്ങിപ്പോയ ചിത്രങ്ങളും ചിത്രകാരനുമായിരുന്ന രാജരാജവര്‍മ്മയുടെ ഡയറിയെ കുറിച്ച് രാമചന്ദ്രന്‍ വിശദമായി എഴുതി. അത് പ്രസിദ്ധീകരിക്കണമെന്ന് എഴുതി. പക്ഷേ, ലളിതകലാ അക്കാദമിയോ ഏതെങ്കിലും സര്‍ക്കാര്‍ സാംസ്‌കാരിക സ്ഥാപനമോ ഇനിയും അത് ഫലവത്താക്കിയിട്ടില്ല.
പെയിൻ്റിംഗുകൾ
‘രാജരാജവര്‍മ്മയുടെ കുറച്ച് ചിത്രങ്ങള്‍ തിരുവനന്തപുരത്ത് ചിത്രാലയത്തിലുണ്ട്. അദ്ദേഹത്തിന്റെ ഒരു പ്രത്യേകത ഒരു പുരാണകഥാപാത്രത്തെയും വരച്ചില്ല എന്നതാണ്. പ്രകൃതി ദൃശ്യങ്ങളും സാധാരണ മനുഷ്യരേയുമാണ് അദ്ദേഹം വരച്ചത്. രാജാരവിവര്‍മ്മയുടെ വിഖ്യാത ചിത്രമായ ദമയന്തിയുടെ പശ്ചാത്തലം മുഴുവന്‍ വരച്ചത് സഹോദരനായ രാജരാജവര്‍മ്മയായിരുന്നു എന്ന് അധികം പേര്‍ അറിയാത്ത വസ്തുതയാണ്. രവിവര്‍മ്മ ശ്രദ്ധിച്ചത് ദമയന്തിയുടെ സൗന്ദര്യം വരയ്ക്കുന്നതില്‍ മാത്രമായിരുന്നു’ രാമചന്ദ്രന്‍ എഴുതി.
പഠനകാലത്ത് കേരളത്തിലെ ചുവര്‍ ചിത്രങ്ങളെക്കുറിച്ച് പഠിക്കാന്‍ കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളും സന്ദര്‍ശിച്ച രാമചന്ദ്രന്‍ അവയുടെ സുരക്ഷിത്വത്തെയും നിലനില്‍പ്പിനേയും കുറിച്ച് എന്നും വ്യാകുലപ്പെട്ടിരുന്നു. ചുവര്‍ ചിത്രങ്ങള്‍ പുതുക്കാനെന്ന നാട്യത്തോടെ അവയെ ചായംതേച്ച് നശിപ്പിക്കുന്ന ഒരു കല കേരളത്തിലുണ്ടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അതിനെതിരെ അദ്ദേഹം നിരന്തരം അധികാരികള്‍ക്ക് എഴുതി.
കണ്ണൂരിലെ തൊടിക്കുളം ശിവക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങള്‍ പുതുക്കുകയാണെന്നും പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ അവ ചായംതേയ്ക്കാനൊരുങ്ങുകയാണെന്നും കലാ സ്‌നേഹികളായ ക്ഷേത്രത്തിനടുത്തുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ രാമചന്ദ്രന് കത്തെഴുതി. കത്തു കിട്ടിയത് മുതല്‍ അദ്ദേഹം അസ്വസ്ഥനായി. കേരളത്തില്‍ നിന്ന് മൂവ്വായിരം കിലോമീറ്റര്‍ അകലെ ഡല്‍ഹിയിരിക്കുമ്പോഴും അദ്ദേഹം ചുവര്‍ ചിത്രങ്ങളെ രക്ഷിക്കാന്‍ ശ്രമം നടത്തി.
‘ചുവര്‍ചിത്രങ്ങള്‍ പുതുക്കാനെന്ന വ്യാജേന അവയെ ചായം തേച്ച് നശിപ്പിക്കുകയാണ്’ രാമചന്ദ്രന്‍ വ്യസനത്തോടെ പറഞ്ഞു. ഈ ചുവര്‍ ചിത്രങ്ങള്‍ അജന്തയിലെയോ എല്ലോറയിലെയോ ചിത്രങ്ങള്‍ പോലെ വിലപ്പെട്ടവയാണ്. അവ കേടുപാടു കൂടാതെ സംരക്ഷിക്കുക എന്നാല്‍ ചായം തേച്ച് പുതുക്കുകയല്ല. ‘ എന്നാല്‍ കേരളത്തില്‍ ഇതൊന്നും ആരും കേള്‍ക്കാനില്ലാത്തതില്‍ അദ്ദേഹം രോഷാകുലനായി.
അത്യപൂര്‍വ്വമാണ് ഈ ചുവര്‍ ചിത്രങ്ങളെന്ന് രാമചന്ദ്രന്‍ പറയുന്നു. അവയിലെ നിറക്കൂട്ടുകള്‍ മഴയും വെയിലുമേറ്റ് മങ്ങാതെ നില്‍ക്കുന്നു. അവ ചുമരുകള്‍ക്കുള്ളില്‍ ഈര്‍പ്പമിറങ്ങി നശിക്കുന്നെങ്കിലല്ലാതെ കേട് വരില്ല. എന്നാല്‍ കേരളത്തില്‍ ചെയ്യുന്നതാകട്ടെ അവയുടെ പുറമേക്കൂടി ഏതെങ്കിലും ചായം പൂശുകയാണ്. ഒരു പഴയ കലാകാരന്റെ ചിത്രത്തില്‍ കൈവയ്ക്കാന്‍ മറ്റാര്‍ക്കും അവകാശമോ അധികാരമോ ഇല്ല. എഴുത്തച്ഛന്റെയോ കുഞ്ചന്‍ നമ്പ്യാരുടേയോ വരികള്‍ പഴയതായതുകൊണ്ട് അത് തിരുത്തുമോ? എന്നായിരുന്നു രാമചന്ദ്രന്റെ ചോദ്യം.
മലയാളിയുടെ ചിത്രകലാബോധം രവിവര്‍മ്മയില്‍ നിന്ന് ഏറെയൊന്നും മുന്നോട്ട് പോയിട്ടില്ല എന്നായിരുന്നു രാമചന്ദ്രന്‍ പറഞ്ഞതും എഴുതിയതും. ”എഴുത്തില്‍ വന്ന പരിണാമങ്ങളും പരിവര്‍ത്തനങ്ങളും കലയിലും വന്നിട്ടുണ്ടെന്ന സ്വാഭാവികമായ ഒരു ചിന്താബോധം മലയാളിക്കില്ല. സി. വി. രാമന്‍ പിള്ള എഴുതിയതല്ല ബഷീര്‍ എഴുതിയ ഭാഷ. ബഷീറിന്റെ ഭാഷയില്‍ നിന്ന് വ്യത്യസ്തമാണ് ഒ.വി.വിജയന്റെത്. ഈ മാറ്റം ചിത്രകലയിലും വന്നു. ഇത് മനസ്സിലാകാന്‍ കഴിയാതെ പോകുന്നതാണ് ഖേദകരം” രാമചന്ദ്രന്‍ എഴുതി.
മഹാത്മാഗാന്ധിയുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ ഡല്‍ഹിയിലെ രാജ്ഘട്ടിലെ ഗാന്ധി മ്യൂസിയത്തില്‍ ഗാന്ധിയുടെ ജീവിതത്തോടും തത്വചിന്തയോടും രാജ്യത്തെ പ്രശസ്തരായ കലാകാരന്മാരുടെ സൃഷ്ടിയിലൂടെ പ്രതികരണം പ്രകടമാക്കുക എന്നതായിരുന്നു ലക്ഷ്യം. 20 അടി നീളവും 18 അടി വീതിയിലും ചുമര്‍ ചിത്രം വരയ്ക്കാന്‍ രാമചന്ദ്രന് സ്ഥലം നല്‍കി. രാമചന്ദ്രന്റെ ആദ്യത്തെ കമ്മീഷന്‍ഡ് വര്‍ക്കായിരുന്നു അത്. ഏറ്റവും വ്യത്യസ്തമായ, രാമചന്ദ്രന് തൃപ്തികരമായ ഒരു ചിത്രമായിരുന്നു അതെങ്കിലും ആദ്യം അനുവദിച്ച സ്ഥലം മാറ്റി മറ്റൊരു സ്ഥലം നല്‍കിയതോടെ താന്‍ വിഭാവനം ചെയ്ത സങ്കല്‍പ്പമല്ലാതായി. ‘അവിടെ ഈ പെയ്ന്റിങ്ങിന് ശ്വാസംമുട്ടാതെ നില്‍ക്കാന്‍ സ്ഥലമുണ്ടായിരുന്നില്ല. മാത്രമല്ല അത് തറനിരപ്പോളം താഴുകയും ചെയ്തു. ഇന്ന് നിങ്ങള്‍ക്ക് ഗാന്ധിദര്‍ശനില്‍ പോയാല്‍ കാണാന്‍ കഴിയുക എന്റെ ചുവര്‍ ചിത്രത്തില്‍ ഒരടി നീളമുള്ള കറുത്ത പാടും മുകളില്‍ പക്ഷികളുടെ കാഷ്ഠവുമാണ്’.
‘ഒരു മഹത്തായ പദ്ധതി എങ്ങനെ ഹാസ്യരൂപത്തില്‍ പര്യവസാനിപ്പിക്കാമെന്നതിന് വേറെ ഉദാഹരണം വേണ്ട. ഗാന്ധി ശതാബ്ദി കഴിഞ്ഞു. അതോടൊപ്പമുണ്ടായിരുന്ന എല്ലാ ആരവങ്ങളും അടങ്ങി. ഇന്ന് എല്ലാവരും അത് മറന്നു കഴിഞ്ഞു. അതോടൊപ്പം എന്റെ ചുവര്‍ ചിത്രവും’ രാമചന്ദ്രന്‍ വ്യസനത്തോടെ എഴുതി.
ചെന്നെയില്‍ ശ്രീ പെരുമ്പത്തൂരിലെ രാജീവ് ഗാന്ധി സ്മാരകമാണ് രാമചന്ദ്രന്റെ മറ്റൊരു മഹത്തായ വര്‍ക്ക്. 1998 ല്‍ പണി ഏറ്റെടുത്തപ്പോള്‍ കരിങ്കല്‍ കൊത്തുപണിയുടെ സങ്കേതിക വിദ്യ അറിയാതെയാണ് രാമചന്ദ്രന്‍ അത് ഏറ്റെടുത്തത്. 120 അടി നീളവും 20 അടി ഉയരവുമുള്ള ഈ ഭീമാകാരമായ പദ്ധതിക്ക് മൂന്ന് ടണ്‍ വീതം ഭാരമുള്ള നാന്നൂറിലേറെ ഗ്രാനേറ്റ് ബ്ലോക്കുകള്‍ വേണ്ടിവന്നു. രാമചന്ദ്രന്റെ ആശയവുമായോ ശൈലിയുമായോ യാതൊരു പരിചയവുമില്ലാത്ത പരമ്പരാഗത കരിങ്കല്‍ കൊത്തുപണിക്കാരാണ് ഇതില്‍ പണി ചെയ്തത്. ഇന്ത്യന്‍ ശില്‍പകലയിലെ ഐക്കോണിക്കായ ഒരു സൃഷ്ടിയായി ഇന്നും അത് ശ്രീ പെരുമ്പത്തൂരില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
ശ്രീ പെരുംമ്പത്തൂരിലെ രാജീവ് ഗാന്ധി സ്മാരകം
മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയ രാമചന്ദ്രന്‍ എഴുതിയതിലധികവും ഇംഗ്ലീഷിലാണ്. രാമചന്ദ്രന്‍ എഴുതിയതെല്ലാം കൂടുതലും കലയുമായി ബന്ധപ്പെട്ടതാണ്. ശാന്തിനികേതനിലെ ആചാര്യന്മാരായ നന്ദലാല്‍ ബോസ്, രാം കിങ്കര്‍ തുടങ്ങിയവരുടെ ജീവിതം, കല എന്നിവയെ കുറിച്ച് തന്റെ ബൃഹദ് കാന്‍വാസുപോലെ എഴുതി. അതില്‍ ഏറ്റവും മികച്ച ഓര്‍മ്മക്കുറിപ്പായ രാമചന്ദ്രന്റെ ‘Ram Kinker – The Man and Artist ‘ എന്ന കൃതി രാം കിങ്കര്‍’: മനുഷ്യനും കലാകാരനും എന്ന പേരില്‍ കേരള ലളിത കലാ അക്കാദമി 2019 ല്‍ പ്രസിദ്ധീകരിച്ചു. ചിത്രകലാ നിരൂപകനും പത്രപ്രവര്‍ത്തകനുമായ പി. സുധാകരനാണ് പരിഭാഷ. ‘ആണ്‍നോട്ടം’ എന്നൊരു സമാഹാരവും സുധാകരന്‍ മലയാളത്തില്‍ 2010 ല്‍ മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ മലയാള മനോരമയില്‍ എഴുതിയ പംക്തി ‘ദൃശ്യസാരം’ എന്ന പേരില്‍ ഒരു പുസ്തകവും മലയാളത്തില്‍ ഉണ്ട്.
രാം കിങ്കർ
അദ്ദേഹത്തിന്റെ മരണശേഷം രാമചന്ദ്രന്റെ ശേഖരത്തിലുണ്ടായിരുന്ന നാലായിരത്തോളം പുസ്തകങ്ങളും അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരങ്ങളടക്കമുള്ള അമൂല്യവസ്തുക്കളുമുള്‍പ്പെടുത്തി ഒരു വിഷ്വല്‍ കള്‍ച്ചറല്‍ ലാബ് തയാറാക്കി. രാമചന്ദ്രന്റെ കുടുംബം കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ലളിതകലാ അക്കാദമിക്ക് അവ സംഭാവന ചെയ്തു. സൂക്ഷ്മമായും സമഗ്രമായും രൂപകല്‍പ്പന ചെയ്ത ഈ വിഷ്വല്‍ കള്‍ച്ചറല്‍ ലാബ്, രാമചന്ദ്രന്റെ കല, കലാ പാരമ്പര്യങ്ങള്‍, ജീവിതം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങളെ പ്രതിഫലിപ്പിക്കുന്നു. അദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്ന മാധ്യമങ്ങളും രൂപങ്ങളും, തത്ത്വചിന്ത, കലാശൈലി എന്നിവ മനസ്സിലാക്കുന്നതിനുള്ള അടിത്തറയായി ഇത് പ്രവര്‍ത്തിക്കും.
ക്ലാസിക്കല്‍ ഇന്ത്യന്‍ കല, ഐക്കണോഗ്രഫി, ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ കലാപാരമ്പര്യങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളിലുള്ള രാമചന്ദ്രന്റെ അഗാധമായ താല്‍പ്പര്യം വെളിപ്പെടുത്തുന്നതാണ് ഈ കലാപുസ്തക ശേഖരം. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള കലാകാരന്മാരെക്കുറിച്ചുള്ള പഠനങ്ങളുടെയും മോണോഗ്രാഫുകളുടെയും ഒരു ശേഖരവും ഇതിലുള്‍പ്പെടുന്നു. രാമചന്ദ്രന്‍ തന്നെ തന്റെ സ്റ്റുഡിയോയില്‍ രൂപകല്പന ചെയ്ത അതേ പുസ്തക ഷെല്‍ഫുകളില്‍ തന്നെയാണ് അക്കാദമിയില്‍ പുസ്തകശേഖരമൊരുക്കിയിരിക്കുന്നത്.
രാമചന്ദ്രന്റെ ഇംഗ്ലീഷിലെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍ മലയാളത്തില്‍ മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിക്കുക എന്നതാണ് ലളിതകലാ അക്കാദമിയോ സാഹിത്യ അക്കാദമിയോ ഇനി ചെയ്യേണ്ടത്. അതാണ് മലയാളികള്‍ അധികമറിയാത്ത എഴുത്തുകാരനായ ചിത്രകാരന്‍ എ. രാമചന്ദ്രനുള്ള ഏറ്റവും വലിയ ശ്രദ്ധാഞ്ജലി’.
യയാതി പെയിൻ്റിംഗുകൾ
രാമചന്ദ്രന്റെ ഏറ്റവും പ്രശംസ നേടിയ കൃതികളില്‍ ഒന്നായ ‘യയാതി’ 80 കളില്‍ പരിവര്‍ത്തന കാലഘട്ടത്തിന്റെ തുടക്കത്തിലാണ് സൃഷ്ടിക്കപ്പെട്ടത്. ചിത്രകലയുടെയും ശില്പകലയുടെയും ഒരു സ്മാരക പ്രതിഷ്ഠയായ ഇതില്‍ 60 അടി നീളവും 8 അടി വീതിയുമുള്ള 12 പാനലുകള്‍ ഉള്‍പ്പെടുന്നു, മധ്യഭാഗത്ത് 13 വെങ്കല രൂപങ്ങളുടെ ഒരു കൂട്ടമുണ്ട്. മഹാഭാരതത്തിലെ യയാതിയുടെ കഥയില്‍ നിന്ന് ഉരുത്തിരിഞ്ഞ ഈ ഗംഭീരമായ കലാസൃഷ്ടി പൂര്‍ത്തിയാക്കാന്‍ 4 വര്‍ഷമെടുത്തു, കൂടാതെ സമ്പന്നമായ പുരാണ ഇമേജറിയുടെ ഉപയോഗവും, സമകാലിക സ്പര്‍ശം ചേര്‍ത്തതും, കേരളത്തിലെ ചുവര്‍ച്ചിത്രങ്ങളുടെ രൂപത്തിലും നിറത്തിലും വലിയ സ്വാധീനം ചെലുത്തിയതുമാണ് ഇതിന്റെ സവിശേഷത.
നാല്‍പ്പത് വര്‍ഷം മുന്‍പ് തൃശൂര്‍ വടക്കുന്നാഥക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയില്‍ ഒരു വലിയ ചിത്ര പ്രദര്‍ശനം നടന്നു. ഫോട്ടോ പ്രദര്‍ശനം പോലെ നീളത്തില്‍ ബോര്‍ഡുകളില്‍ തൂക്കിയ പല വര്‍ണ്ണങ്ങളില്‍, 60 അടി നീളമുള്ള എ. രാമചന്ദ്രന്‍ വരച്ച ‘യയാതി’ എന്ന ചിത്രം’ പൂരം നടക്കുന്ന തേക്കിന്‍കാട് മൈതാനത്ത് തെക്കേ നടയില്‍ കാണാറുള്ള, ലോകപ്രശസ്തമായ തൃശൂര്‍ പൂരത്തിന്റെ ‘കുടമാറ്റം’ കാണുന്നതു പോലെ അന്ന് ആളുകള്‍ രാമചന്ദ്രന്‍ വരച്ച വിഖ്യാതമായ ‘യയാതി’ അത്ഭുതത്തോടെ കണ്ടു.AA Ramachandran; the famous Indian painter has been a year passed away
Content Summary: A Ramachandran; the famous Indian painter has been a year passed away
Leave a Comment