തൃശ്ശൂര്‍ ജില്ലയിലെ കോടാലി എന്ന ഗ്രാമത്തിലെ പ്രീപ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ മാത്രമുള്ളതല്ല, മറിച്ച് നാട്ടുകാര്‍ക്കും, മറ്റാളുകള്‍ക്കും വിശ്രമിക്കാനും, പുസ്തകം വായിക്കാനും, സംസാരിക്കാനുമെല്ലാമുള്ള ഒരിടം കൂടിയാണ്. ഒരു പാര്‍ക്കില്‍ വേണ്ട എല്ലാ സൗകര്യങ്ങളും കൂടിയ സ്‌കൂള്‍ ഗ്രൗണ്ട് എല്ലാവര്‍ക്കും ഏതു നേരത്തും ഉപയോഗിക്കാന്‍ കഴിയും. ജോലി കഴിഞ്ഞ് അല്‍പനേരമൊന്ന് വിശ്രമിക്കാന്‍ പറ്റിയ അന്തരീക്ഷമാണ് സ്‌കൂളിലുള്ളത്. കുട്ടികളുമായി എത്തുന്ന അമ്മമാര്‍ മുതല്‍ ജോലി കഴിഞ്ഞ് ഇത്തിരി നേരം കുശലം പറഞ്ഞിരിക്കാനെത്തുന്ന അപ്പൂപ്പന്മാര്‍ വരെ ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.
കൊടകരയില്‍ നിന്ന് വെള്ളിക്കുളങ്ങര ബസില്‍ കയറിയാല്‍ കോടാലിയില്‍ ഇറങ്ങാം. നാട്ടിന്‍പുറത്തിന്റെ അവശേഷിപ്പുകള്‍ ബാക്കി വച്ച ആ കൊച്ചു പട്ടണത്തിന്റെ ഹൃദയഭാഗത്ത് തന്നെയാണ് ഈ വിദ്യാലയവും സ്ഥിതി ചെയ്യുന്നത്. അത്രയും ആളുകള്‍ വരികയും പോകുകയും ചെയ്യുന്ന ആ സ്‌കൂളിന്റെ ഏതെങ്കിലും ഭാഗത്ത് പോലും ഒരു പ്ലാസ്റ്റിക് മാലിന്യം കാണാന്‍ കഴിയില്ല എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.
കയറിച്ചെല്ലുമ്പോള്‍ തന്നെ മുന്‍ വശത്ത് കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ ധാരാളം മൃഗങ്ങളുടെ രൂപങ്ങളുമൊക്കെ വച്ചിരിക്കുന്നു, ഇതൊരു പാര്‍ക്കിന്റെ പ്രതീതി വരുത്താന്‍ കൂടുതല്‍ സഹായകമാകുന്നു. കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും ആകര്‍ഷിക്കാന്‍ വായനക്കായുള്ള ഇടങ്ങളും മരച്ചുവട്ടിലെ ഇരിപ്പിടങ്ങളുമെല്ലാം സജ്ജമാണ്. കേരളത്തില്‍ ഇത്തരത്തിലൊരു ഓപ്പണ്‍ സ്‌കൂള്‍ ഇത്രയും വൃത്തിയായി മറ്റെവിടെയെങ്കിലും ഉണ്ടോ എന്നതും സംശയിക്കേണ്ട കാര്യമാണ്.
2006 മുതലാണ് കോടാലി സ്‌കൂളിനെ മറ്റ് സ്‌കൂളുകളില്‍ നിന്ന് വത്യസ്ഥമാക്കിക്കൊണ്ട് പുതിയ മാറ്റങ്ങള്‍ വന്നത്.’സ്‌കൂളിനെ ഈ രീതിയില്‍ നിലനിര്‍ത്താന്‍ നാട്ടുകാരും പൂര്‍വ്വ വിദ്യാര്‍ഥികളുമെല്ലാം ഒരു പോലെ സഹകരിക്കുന്നുണ്ട്. മറ്റെല്ലാ സ്‌കൂളുകളിലും പിടിഎ പ്രസിഡന്റുമാര്‍ മാറി മാറി വരുമ്പോള്‍ ആദ്യമുള്ളവര്‍ പിന്നീട് യാതൊരു കാര്യത്തിലും സഹകരിക്കാറില്ല, എന്നാല്‍ ഇവിടെ കഴിഞ്ഞു പോയ കുട്ടികളുടെ മാതാപിതാക്കളും സഹകരണത്തോടെ നമുക്കൊപ്പം നില്‍ക്കും. സ്‌കൂളില്‍ എന്ത് പരിപാടി വന്നാലും നാട്ടിലെ ആളുകളും പോലീസുകാരടക്കം സഹകരിക്കുമെന്നത് പ്രത്യേകതയാണ്. ഇവിടുത്തെ ഗ്രൗണ്ടും ഇവിടെയുള്ള പക്ഷികളെയും മൃഗങ്ങളെയുമെല്ലാം നോക്കുന്നത് നാട്ടുകാരാണ്. രാത്രി പത്തുമണി വരെയൊക്കെ സ്‌കൂള്‍ ഗ്രൗണ്ട് സജീവമാണ്. ഞങ്ങള്‍ സ്‌കൂള്‍ പൂട്ടാറില്ല.’ പ്രധാന അധ്യാപിക ശകുന്തള ടീച്ചര്‍ പറയുന്നു.
സ്‌കൂള്‍ ഇത്തരത്തില്‍ എപ്പോഴും സജീവമാണെങ്കിലും അത് കുട്ടികളുടെ പഠനത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല. അവിടെ ഗ്രൗണ്ടില്‍ ആളുകള്‍ വന്നിരിക്കുന്നതും പുസ്തകം വായിക്കുന്നതുമെല്ലാം കുട്ടികള്‍ക്ക് കൗതുകവും ആവേശവുമാണ്.
‘ഞങ്ങളുടെ സ്‌കൂളില്‍ എപ്പോഴും ആളുകളൊക്കെ ഉണ്ടാകും, കളിക്കാനും കുറെ സ്ഥലമുണ്ട്. പിന്നെ ഇവിടെ മുയലും പ്രാവും കിളികളും അങ്ങനെ എല്ലാമുണ്ട്. അപ്പോ നല്ല രസമാണ്’ നാലാം ക്ലാസുകാരി ശ്രീക്കുട്ടി പറഞ്ഞു.
അല്‍പ നേരത്തെ വിശ്രമത്തിനും നേരംപോക്കിനുമായി ഏതാള്‍ക്കും വന്നിരിക്കാവുന്ന സ്ഥലമുണ്ടാകുന്നത് വളരെ വലിയ കാര്യമാണ്. അത് നാടിന്റെ ഹൃദയ ഭാഗത്തെ സ്‌കൂളാകുന്നത് എത്ര സന്തോഷകരമായ കാര്യമാണ്. കുട്ടികളെ സ്‌കൂളില്‍ നിന്ന് വിളിച്ചു കൊണ്ടുപോകുന്നത് ഒരു പാര്‍ക്കിലേക്കോ മറ്റോ ആകുന്നത് രക്ഷിതാക്കള്‍ക്കും ഒരു സന്തോഷമാണ്, എന്നാല്‍ സ്‌കൂള്‍ തന്നെ പാര്‍ക്കാവുമ്പോള്‍ ആ സന്തോഷം ഇരട്ടി മധുരമാകുന്നു.
content summary; A school that feels like a park, where nature and creativity nurture young minds.