July 13, 2025 |
Share on

‘യുദ്ധം തുടങ്ങിയത് നിങ്ങളാണ്, അത് അവസാനിപ്പിക്കുന്നത് ഞങ്ങളും’; ട്രംപിന് ഭീഷണിയുമായി ഇറാൻ

ചൂതാട്ടക്കാരനായ ട്രംപിൻ്റെ പ്രവൃത്തിക്ക് കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ്

ഇറാന്റെ ആണവകേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള യുഎസ് ആക്രമണത്തിൽ കൃത്യമായ തിരിച്ചടി നൽകുമെന്നറിയിച്ച് ഇറാൻ സൈന്യം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ചൂതാട്ടക്കാരൻ എന്ന് വിളിച്ച ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) വക്താവ് ഇബ്രാഹിം സോൾഫാഗാരി അമേരിക്കയുടെ പ്രവർത്തനങ്ങൾക്ക് കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ഇസ്രയേലിന്റെ സൈനിക ക്യാമ്പെയിനിൽ ചേർന്നതിനാണ് ട്രംപിനെ ചൂതാട്ടക്കാരൻ എന്ന് വിശേഷിപ്പിച്ചത്. ചൂതാട്ടക്കാരനായ മിസ്റ്റർ ട്രംപ്, ഈ യുദ്ധം തുടങ്ങിയത് നിങ്ങളായിരിക്കാം, എന്നാൽ ഇത് അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കും, ഇബ്രാഹിം സോൾഫാഗാരി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഇറാന്റെ ഫോർഡോ ആണവ കേന്ദ്രത്തിന് നേരെയുണ്ടായ യുഎസ് ആക്രമണം വലിയ നാശനഷ്ടമുണ്ടാക്കിയെന്നും ആ സ്ഥലത്തിനും അവിടെ സൂക്ഷിച്ചിരുന്ന യുറേനിയം സമ്പുഷ്ടമാക്കുന്ന സെൻട്രിഫ്യൂജുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചെന്നുമാണ് ചിത്രങ്ങൾ വ്യക്തമാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, നാശനഷ്ടത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ഇറാന്റെ ആണവ കേന്ദ്രത്തിന് പ്രത്യേകിച്ച് ഭൂമിക്കടിയിൽ നിർമിച്ചിരുന്നവയ്ക്ക് ഭീകരമായ നാശനഷ്ടം വരുത്തിയിട്ടുണ്ടെന്ന് ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചിരുന്നു. ടെഹ്‌റാൻ സമാധാനം എന്ന ഓപ്ഷൻ തിരഞ്ഞെടുത്തില്ലെങ്കിൽ ഭാവിയിലെ യുഎസ് ആക്രമണങ്ങൾ കൂടുതൽ കഠിനമാകുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

മൂന്ന് ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ബങ്കർ-ബസ്റ്റർ ബോംബുകളും ടോമാഹോക്ക് മിസൈലുകളും ഉൾപ്പെടെ 75 പ്രിസിഷൻ-ഗൈഡഡ് ആയുധങ്ങളാണ് ഉപയോ​ഗിച്ചതെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ആക്രമണങ്ങൾക്ക് ശേഷം വികിരണ അളവിൽ വർദ്ധനവ് ഉണ്ടായിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐഎഇഎ) റിപ്പോർട്ട് ചെയ്തു. ഭൂഗർഭ നാശനഷ്ടങ്ങൾ ഏജൻസി വിലയിരുത്തുന്നുകയാണെന്ന് ഐഎഇഎ തലവൻ റാഫേൽ ഗ്രോസി പറഞ്ഞു.

അതേയമയം, ഫോർഡോവിൽ സൂക്ഷിച്ചിരുന്ന യുറേനിയത്തിന്റെ ഭൂരിഭാഗവും ആക്രമണത്തിന് മുമ്പ് മാറ്റിസ്ഥാപിച്ചതായി ഒരു ഇറാനിയൻ ഉദ്യോഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ അവകാശവാദം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല.

ആക്രമണത്തിന് മറുപടിയായി ഇറാൻ ഇസ്രായേലിനു നേരെ മിസൈൽ ആക്രമണം നടത്തിയിരുന്നു. എന്നാൽ ആഗോള എണ്ണ കയറ്റുമതിക്കുള്ള നിർണായക ജലപാതയായ ഹോർമുസ് കടലിടുക്ക് തടയാൻ ശ്രമിക്കുന്നതോ യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കുന്നതോ ഇറാൻ ഇതുവരെ തീരുമാനമാക്കിയിട്ടില്ല. കടലിടുക്ക് തടയുന്നത് എണ്ണവില കുതിച്ചുയരാനും ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കാനും യുഎസ് നാവികസേനയുമായി നേരിട്ടുള്ള സംഘർഷത്തിന് കാരണമാകാനും സാധ്യതയുണ്ടെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.

Content Summary: ‘You started the war, We will end it’; Iran’s warning to Donald trump

Leave a Reply

Your email address will not be published. Required fields are marked *

×