June 26, 2026 |
Share on

എന്തിനായിരുന്നു തുടങ്ങിയത്? യുദ്ധം നിര്‍ത്താന്‍ ചര്‍ച്ച നടത്തുന്ന ട്രംപിനോടാണ് ചോദ്യം

യുദ്ധത്തിന് കാരണമായി പറഞ്ഞിരുന്ന അടിസ്ഥാനപരമായ പ്രശ്നങ്ങളൊന്നും ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം

അമേരിക്കന്‍ സമയം ചൊവ്വാഴ്ച രാവിലെ 8:06-ന് ഇറാനെതിരെ അതിശക്തമായ ഭീഷണിയുമായി രംഗത്തെത്തിയ ഡൊണാള്‍ഡ് ട്രംപ്, അന്ന് വൈകുന്നേരത്തോടെ ആ നിലപാടില്‍ നിന്ന് താല്‍ക്കാലികമായാണെങ്കിലും പിന്നോട്ട് പോയത് ലോകം ഉറ്റുനോക്കുന്ന വലിയൊരു നയതന്ത്ര നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കില്‍ ‘ഒരു നാഗരികത മുഴുവന്‍ ഇന്ന് രാത്രി മരിക്കും’ എന്നായിരുന്നു ട്രംപിന്റെ ഭീഷണി. എന്നാല്‍ പത്തു മണിക്കൂറിന് ശേഷം, പാകിസ്ഥാന്‍ സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് അദ്ദേഹം സമ്മതിക്കുകയായിരുന്നു. ആഗോള സമ്പദ്വ്യവസ്ഥയെ തകിടം മറിച്ച യുദ്ധത്തില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും കരകയറാന്‍ ട്രംപ് കണ്ടെത്തിയ ഈ വഴി, അദ്ദേഹത്തിന്റെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകളിലൂന്നിയ നയതന്ത്ര ശൈലിയുടെ വിജയമായാണ് അനുയായികള്‍ കാണുന്നതെങ്കിലും മറിച്ചുള്ള അഭിപ്രായത്തിനാണ് മുന്‍തൂക്കം.

ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണയും വളവും ഹീലിയവും വീണ്ടും പ്രവഹിച്ചു തുടങ്ങുമെന്നത് വിപണികള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, യുദ്ധത്തിന് കാരണമായ അടിസ്ഥാനപരമായ പ്രശ്‌നങ്ങളൊന്നും ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മിസൈലുകളും ബോംബുകളും ഉപയോഗിച്ച് അമേരിക്ക ഇറാനെ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഇപ്പോഴും ശക്തമായി തന്നെ നിലകൊള്ളുന്നു. യുദ്ധത്തിന് പ്രധാന കാരണമായി പറഞ്ഞിരുന്ന ഇറാന്റെ 970 പൗണ്ട് ആണവ ഇന്ധന ശേഖരം ഇപ്പോഴും സുരക്ഷിതമായി അവിടെത്തന്നെയുണ്ട്.

അമേരിക്കയുടെ ഗള്‍ഫ് സഖ്യകക്ഷികളെ സംബന്ധിച്ചിടത്തോളം ഈ യുദ്ധം വലിയൊരു തിരിച്ചറിവാണ് നല്‍കിയത്. ദുബായിലെ ആകാശചുംബികളായ കെട്ടിടങ്ങളും കുവൈറ്റിലെ ശുദ്ധജല പ്ലാന്റുകളും ഇറാന്റെ മിസൈലുകള്‍ക്കും ഡ്രോണുകള്‍ക്കും മുന്നില്‍ എത്രത്തോളം നിസ്സഹായമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇതിനിടെ, പശ്ചിമേഷ്യയിലെ അവസാനിക്കാത്ത യുദ്ധങ്ങളില്‍ അമേരിക്കയെ തളച്ചിടില്ലെന്ന വാഗ്ദാനം ട്രംപും ജെ.ഡി. വാന്‍സും ലംഘിച്ചുവെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സ്വന്തം രാഷ്ട്രീയ തറവാട്ടിലും വിള്ളലുകള്‍ വീണിരിക്കുകയാണ്. 13,000 സൈനിക ആക്രമണങ്ങളെ അതിജീവിച്ചും തിരിച്ചടിക്കാന്‍ ഇറാനുള്ള ശേഷി അമേരിക്കയെ അമ്പരപ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ ട്രംപിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഈ യുദ്ധം കൊണ്ട് എന്ത് നേടി എന്ന് ലോകത്തിന് കാണിച്ചുകൊടുക്കുക എന്നതാണ്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ മേധാവിത്വം അവസാനിപ്പിക്കുകയും അവരുടെ ആണവ മോഹങ്ങള്‍ തകര്‍ക്കുകയും ചെയ്യുക എന്നത് അത്ര എളുപ്പമല്ല. നിലവിലെ കരാര്‍ പ്രകാരം കപ്പല്‍ ഗതാഗതം പുനരാരംഭിക്കുമെങ്കിലും അത് ഇറാന്റെ സൈനിക നിയന്ത്രണത്തിലായിരിക്കും എന്നത് അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ നിയന്ത്രണം ഇപ്പോള്‍ ഇറാന് ഈ ജലപാതയിലുണ്ട് എന്നത് യുഎസ് നയതന്ത്രജ്ഞരെ ആശങ്കപ്പെടുത്തുന്നു.

നാലാഴ്ച മുമ്പ് ഇറാന്റെ ‘നിരുപാധിക കീഴടങ്ങല്‍’ ആവശ്യപ്പെട്ട ട്രംപ്, ഇപ്പോള്‍ ഇറാന്‍ മുന്നോട്ടുവെച്ച 10 ഇന നിര്‍ദ്ദേശങ്ങളില്‍ ചര്‍ച്ച നടത്താന്‍ തയ്യാറായത് വലിയൊരു മാറ്റമാണ്. ആണവ സമ്പുഷ്ടീകരണത്തിനുള്ള അവകാശം, ഉപരോധങ്ങള്‍ നീക്കല്‍, യുദ്ധ നഷ്ടപരിഹാരം തുടങ്ങി ഇറാന്റെ ഒരു ‘വിഷ് ലിസ്റ്റ്’ പോലെയാണ് ഈ നിര്‍ദ്ദേശങ്ങളെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒബാമ ഭരണകൂടം വര്‍ഷങ്ങളെടുത്ത് ഉണ്ടാക്കിയ ആണവ കരാറിനേക്കാള്‍ മികച്ചതൊന്നും ട്രംപിന് നേടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ യുദ്ധം ഒരു വലിയ പരാജയമായി മാറും. മിസൈല്‍ ശേഖരം പരിമിതപ്പെടുത്താനും ആണവ ഇന്ധനം രാജ്യത്തിന് പുറത്തേക്ക് കടത്താനും ഇറാനെ നിര്‍ബന്ധിതരാക്കുക എന്നത് അസാധ്യമായ ദൗത്യമായി തുടരുന്നു.

അഞ്ചാഴ്ച മുമ്പ് ഇറാന്റെ ഭരണകൂടത്തെ താഴെയിറക്കാന്‍ അവിടുത്തെ ജനങ്ങളോട് ആഹ്വാനം ചെയ്ത ട്രംപ്, ഇന്ന് അതേ സര്‍ക്കാരുമായി ബിസിനസ്സ് ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയാണ്. പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിയെ ‘ബുദ്ധിമാനും മിതവാദിയുമായ നേതാവ്’ എന്ന് ട്രംപ് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അതില്‍ സംശയമുണ്ട്. ഈ ചര്‍ച്ചകള്‍ ഒരുപക്ഷേ ഇറാനെ കൂടുതല്‍ ശക്തരാക്കിയേക്കാം എന്നും, യുദ്ധം തുടങ്ങിയപ്പോഴത്തെ സാഹചര്യത്തേക്കാള്‍ മോശമായ ഒരവസ്ഥയില്‍ ലോകം എത്തിയേക്കാം എന്നുമുള്ള ഭീതി നയതന്ത്ര ലോകത്ത് ശക്തമാണ്.

Content Summary: Donald Trump agrees two week ceasefire with Iran, But the Causes of War Remain Unresolved

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×