June 26, 2026 |
Share on

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍; വാഷിംഗ്ടണില്‍ നിര്‍ണായക ചര്‍ച്ച നടത്തി ജയശങ്കര്‍

ഊര്‍ജ്ജ സുരക്ഷയിലും വ്യാപാരത്തിലും ഊന്നിയുള്ള ചര്‍ച്ചകളാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് എന്നിവരുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുടെ നിര്‍ണായക കൂടിക്കാഴ്ച. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ നടന്ന ചര്‍ച്ചകളില്‍ ‘ഊര്‍ജ്ജ സുരക്ഷ’യ്ക്കാണ് ഇരുരാജ്യങ്ങളും പ്രധാന പരിഗണന നല്‍കിയതെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്നും പകരം അമേരിക്കന്‍, വെനിസ്വേലന്‍ എണ്ണ വാങ്ങുമെന്ന്് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. എണ്ണ ഇറക്കുമതിയെക്കുറിച്ച് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, റഷ്യന്‍ എണ്ണയ്ക്ക് മേല്‍ അമേരിക്ക 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി കുറഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാര്‍ക്കോ റൂബിയോയുമായുള്ള ചര്‍ച്ചയില്‍ തങ്ങള്‍ കാര്യങ്ങള്‍ വിശദമായി സംസാരിച്ചുവെന്നാണ് ജയശങ്കര്‍ പ്രതികരിച്ചത്. വ്യാപാരം, ഊര്‍ജ്ജം, ആണവോര്‍ജ്ജം, പ്രതിരോധം, നിര്‍ണ്ണായക ധാതുക്കള്‍, സാങ്കേതികവിദ്യ എന്നിവയില്‍ സഹകരണം ഉറപ്പാക്കാന്‍ ചര്‍ച്ചയില്‍ ധാരണയായതായി പറയുന്നു.

ഇന്തോ-പസഫിക് മേഖലയുടെ സുരക്ഷയ്ക്കായി ‘ക്വാഡ്’ വഴി സഹകരണം വിപുലീകരിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ക്വാഡ് ഉച്ചകോടിക്ക് ഈ വര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിക്കുമൊണ് പ്രതീക്ഷിക്കുന്നത്.

ധാതുക്കളുടെ ഖനനം, സംസ്‌കരണം എന്നിവയില്‍ ഉഭയകക്ഷി സഹകരണം ഔദ്യോഗികമാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി.

യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റുമായി സാമ്പത്തിക പങ്കാളിത്തത്തെക്കുറിച്ചും സപ്ലൈ ചെയിന്‍ സുരക്ഷയെക്കുറിച്ചും ജയശങ്കര്‍ സംസാരിച്ചു. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതിനെ നേരത്തെ വിമര്‍ശിച്ചിട്ടുള്ള വ്യക്തിയാണ് ബെസെന്റ്. ഇന്ത്യയുമായുള്ള യൂറോപ്യന്‍ യൂണിയന്റെ വ്യാപാര കരാര്‍ കാരണം ഇന്ത്യയ്ക്ക് മേല്‍ താരിഫ് ചുമത്താന്‍ വിസമ്മതിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ അദ്ദേഹം കഴിഞ്ഞ ആഴ്ച വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് നടന്ന നിര്‍ണ്ണായക ധാതുക്കളുടെ മന്ത്രിതല യോഗത്തിലും ജയശങ്കര്‍ പങ്കെടുത്തു.

നാഷണല്‍ ക്രിട്ടിക്കല്‍ മിനറല്‍സ് മിഷന്‍, റെയര്‍ എര്‍ത്ത് കോറിഡോറുകള്‍ എന്നിവയിലൂടെ ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. നിര്‍ണായക ധാതുക്കള്‍ക്കായുള്ള ‘ഫോര്‍ജ്’ പദ്ധതിക്ക് ഇന്ത്യയുടെ പിന്തുണയും അദ്ദേഹം അറിയിച്ചു. ഒരു മേഖലയില്‍ മാത്രം വിഭവങ്ങള്‍ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കി രാജ്യാന്തര തലത്തില്‍ സപ്ലൈ ചെയിനുകള്‍ വിപുലീകരിക്കുക എന്നതാണ് ഈ യോഗം കൊണ്ട് അമേരിക്ക ലക്ഷ്യമിടുന്നത്.

Content Summary; India-US trade deal; Indian Foreign Minister Jaishankar holds talks with Marco Rubio and Scott Bessent in Washington

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×