പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’ സഖ്യത്തിന്റെ നിര്‍ണായക യോഗം തിങ്കളാഴ്ച ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ചേരും. മണ്ഡല പുനര്‍നിര്‍ണ്ണയം, വനിതാ സംവരണം എന്നിവയുമായി ബന്ധപ്പെട്ട ബില്ലുകളില്‍ പാര്‍ലമെന്ററി തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ ഏപ്രില്‍ 15-നാണ് സഖ്യം അവസാനമായി ഒത്തുചേര്‍ന്നത്. ആ സാഹചര്യത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് ഇപ്പോള്‍ വീണ്ടും യോഗം ചേരുന്നത്. സമീപകാല നിയമസഭാ തിരഞ്ഞെടുപ്പുകളിലേറ്റ കടുത്ത തിരിച്ചടികളും സഖ്യകക്ഷികള്‍ക്കിടയിലെ മാറിയ സമവാക്യങ്ങളും പ്രതിപക്ഷ നിരയുടെ കെട്ടുറിപ്പിനെ തകര്‍ത്തിട്ടുണ്ട്.
ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന യോഗത്തില്‍ കടുത്ത ആഭ്യന്തര തര്‍ക്കങ്ങള്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നണിയിലെ വിവിധ നേതാക്കള്‍ നല്‍കുന്ന സൂചന. കോണ്‍ഗ്രസിന്റെ ഏകപക്ഷീയമായ പ്രവര്‍ത്തന ശൈലിയില്‍ ഘടകകക്ഷികളായ സി.പി.എം, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) എന്നിവര്‍ക്കുള്ള കടുത്ത അതൃപ്തി ഇതിനോടകം തന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ നിന്ന് ഈ മാസം നടക്കുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍, സഖ്യകക്ഷികളോട് ആലോചിക്കാതെ കോണ്‍ഗ്രസ് ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണ് ജെ.എം.എമ്മിനെ ചൊടിപ്പിച്ചത്. അതേസമയം, കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ നിരന്തരമായ കടന്നാക്രമണങ്ങളിലാണ് സി.പി.എം കടുത്ത അമര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. ഈ വിയോജിപ്പുകള്‍ നിലനില്‍ക്കുമ്പോഴും സി.പി.ഐ.എം പ്രതിനിധിയായി രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസ് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
അതുപോലെ തന്നെ, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഡി.എം.കെയുമായുള്ള സഖ്യം അവസാനിപ്പിച്ച് ജോസഫ് വിജയ്യുടെ ടി.വി.കെ പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാരിന്റെ ഭാഗമാകാന്‍ തീരുമാനിച്ചതില്‍ ഡി.എം.കെ നേതൃത്വം കടുത്ത ദേഷ്യത്തിലാണ്. കോണ്‍ഗ്രസിന്റെ ഈ ‘വഞ്ചന’യില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെ ഇന്നത്തെ യോഗം പൂര്‍ണ്ണമായി ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സഖ്യത്തില്‍ പാര്‍ലമെന്റ് പ്രാതിനിധ്യമുള്ള പാര്‍ട്ടികള്‍ക്ക് മാത്രമാണ് ക്ഷണമെന്നതിനാല്‍ ടി.വി.കെ യോഗത്തില്‍ പങ്കെടുക്കില്ല. എന്നാല്‍ മുന്നണിയിലെ ഏറ്റവും ശക്തമായ തൂണുകളിലൊന്നായ ഡി.എം.കെയുടെ അഭാവം സഖ്യത്തിന് വലിയൊരു തിരിച്ചടിയാണ്. മമതാ ബാനര്‍ജി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഡി.എം.കെയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
അതേസമയം, പശ്ചിമ ബംഗാളില്‍ ഭരണം നഷ്ടപ്പെടുകയും പാര്‍ട്ടിയില്‍ വലിയ തോതിലുള്ള ആഭ്യന്തര കലഹങ്ങളും പിളര്‍പ്പ് ഭീഷണികളും നേരിടുകയും ചെയ്യുന്ന തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി), മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി സഖ്യത്തില്‍ കൂടുതല്‍ സജീവമായ പങ്കുവഹിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. സഖ്യത്തിലെ ഭിന്നതകള്‍ പരിഹരിക്കാനുള്ള ഒരു അനുരഞ്ജന ചര്‍ച്ചയ്ക്ക് ഇവര്‍ നേതൃത്വം നല്‍കിയേക്കും. 23 പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍സ് മേധാവി ജയറാം രമേശ് അറിയിച്ചതിന് പിന്നാലെ, ‘പൊതുവായ ലക്ഷ്യത്തോടെയും വ്യക്തമായ ഉദ്ദേശ്യത്തോടെയും ഇന്ത്യ സഖ്യം ഒന്നിച്ചുനില്‍ക്കുന്നു’ എന്ന് ടി.എം.സി രാജ്യസഭാ എം.പി ഡെറക് ഒബ്രയന്‍ എക്‌സില്‍ കുറിച്ചിരുന്നു. ചില പാര്‍ട്ടികള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും അവര്‍ മോദി സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ഒപ്പമുണ്ടെന്ന് ജയറാം രമേശ് വ്യക്തമാക്കി.
വരുന്ന പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ക്ക് പുറമെ, വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്‌ഐആര്‍), മണ്ഡല പുനര്‍നിര്‍ണ്ണയ ബില്‍, ഒരേ രാജ്യം ഒരേ തിരഞ്ഞെടുപ്പ് ബില്‍, ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികള്‍ എന്നിവയും ഇന്നത്തെ യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയങ്ങളാകും. ഏപ്രിലില്‍ മണ്ഡല പുനര്‍നിര്‍ണ്ണയ ബില്‍ പാസാക്കാന്‍ സാധിക്കാതെ വന്നതോടെ, വരാനിരിക്കുന്ന സമ്മേളനത്തില്‍ ജനാധിപത്യ വിരുദ്ധമായ ഈ നിയമങ്ങള്‍ വീണ്ടും കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് പ്രതിപക്ഷ വിലയിരുത്തല്‍.
സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആര്‍.ജെ.ഡിയില്‍ നിന്ന് തേജസ്വി യാദവ് അല്ലെങ്കില്‍ മനോജ് ഝാ, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തി, ഐ.യു.എം.എല്‍ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി, ആര്‍.എസ്.പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍, എന്‍.സി.പി നേതാവ് സുപ്രിയ സുലെ എന്നിവരും യോഗത്തില്‍ നേരിട്ട് പങ്കെടുക്കുന്നുണ്ട്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നേരിട്ടും ശിവസേന (യു.ബി.ടി) അധ്യക്ഷന്‍ ഉദ്ദവ് താക്കറെ ഓണ്‍ലൈന്‍ വഴിയും യോഗത്തിന്റെ ഭാഗമാകും. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി മുന്നോട്ട് പോകണമെന്ന ശക്തമായ ആവശ്യം യോഗത്തില്‍ ഉയരുമെന്നുറപ്പാണ്.
Content Summary; The opposition INDIA bloc meets in Delhi amid internal rifts and assembly election setbacks, as DMK boycotts the huddle and Left parties voice anger against the Congress leadership
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.