ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാര്‍ (ബിടിഎ) വെളിച്ചം കാണാത്ത പശ്ചാത്തലത്തിലാണ് മെക്‌സിക്കോയ്ക്കും യൂറോപ്യന്‍ യൂണിയനും ട്രംപിന്റെ പ്രഹരം. മെക്‌സിക്കോയില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നും യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ആഗസ്റ്റ് ഒന്ന് മുതല്‍ 30 ശതമാനം അധിക തീരുവ ഈടാക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇന്ത്യയ്ക്ക് മുന്നിലും യുഎസ് വച്ചിരിക്കുന്നത് ആഗസ്റ്റ് ഒന്ന് എന്ന സമയപരിധിയാണ്.
വാഷിംഗ്ടണുമായി വ്യാപാര കരാര്‍ നടത്തുന്ന രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ യുഎസുമായി സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്ക് ആദ്യം തുടക്കമിട്ട രാജ്യം ഇന്ത്യയായിരുന്നു. 40 ബില്യണ്‍ ഡോളറിലധികം വ്യാപാര കമ്മി ഇന്ത്യയ്ക്ക് അനുകൂലമായി ഉള്ളതിനാല്‍ ട്രംപ് ഇന്ത്യയെ പലതവണ വിമര്‍ശിക്കുകയും ‘താരിഫ് കിംഗ്’ എന്ന് ഇന്ത്യയെ വിശേഷിപ്പിക്കുകയും ചെയ്തു.
തീരുവയും വ്യാപരവും സംബന്ധിച്ച് പ്രവചനാതീതമായ നിലപാടുകള്‍ക്കിടയിലും ഇന്ത്യ, യുഎസുമായി സമാധാന ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ അമേരിക്ക ഒന്നിലും തൃപ്തരായില്ല. ഇതോടെ ഇന്ത്യ നിലപാടുകള്‍ കടുപ്പിച്ചതാണ് നിലവിലെ സ്തംഭനാവസ്ഥയ്ക്ക് കാരണമായത്.
ആഗസ്റ്റ് ഒന്ന് എന്ന പുതുക്കിയ സമയപരിധിക്ക് മുമ്പായി അവസാനവട്ട ശ്രമമെന്നോണം, ഇന്ത്യന്‍ പ്രതിനിധി സംഘം ഉടന്‍ തന്നെ യുഎസ് സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ലെങ്കിലും അടുത്തയാഴ്ച ഒരു സംഘം വാഷിംഗ്ടണിലേക്ക് പോയേക്കും.
കൃഷി, പാലുല്പന്നങ്ങള്‍, ഓട്ടോമൊബൈലുകള്‍, വാഹന ഘടകങ്ങള്‍, സ്റ്റീല്‍ എന്നിവ സംബന്ധിച്ചാണ് പ്രധാനമായും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത്. താരിഫുകള്‍ കൂടാതെ, എണ്ണ, എല്‍എന്‍ജി, ബോയിംഗില്‍ നിന്നുള്ള സിവിലിയന്‍, സൈനിക വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ആണവ റിയാക്ടറുകള്‍ എന്നിവയുടെ വലിയ തോതിലുള്ള വാണിജ്യ ഇടപാടുകള്‍ക്കും യുഎസ് സമ്മര്‍ദം ചെലുത്തുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയാകട്ടെ, എട്ട് ദശലക്ഷത്തിലധികം വരുന്ന ക്ഷീര സഹകരണ അംഗങ്ങളുടെയും കര്‍ഷകരുടെയും ഉപജീവനമാര്‍ഗങ്ങളെ കരാര്‍ പ്രതികൂലമായി ബാധിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
സോയബീന്‍, ഉണക്കിയ ധാന്യങ്ങള്‍, മൃഗങ്ങളുടെ തീറ്റ തുടങ്ങിയ ജനിതകമാറ്റം വരുത്തിയ വിളകള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കണമെന്ന് അമേരിക്ക ഇന്ത്യയോട് സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇത് ഇന്ത്യയില്‍ എതിര്‍പ്പിനും കാരണമാകുന്നു. ആദ്യഘട്ടത്തില്‍, കാര്‍ഷിക ഉത്പന്നങ്ങളുടെ താരിഫ് കുറയ്ക്കുന്നതിനോ ജനിതക മാറ്റം വരുത്തിയ വിളകളുടെ ഇറക്കുമതി സംബന്ധിച്ചോ ഇന്ത്യ എതിര്‍പ്പ് അറിയിച്ചിരുന്നില്ല. ഈ വര്‍ഷം ആദ്യം പോലും, നീതി ആയോഗ് റിപ്പോര്‍ട്ടില്‍ ഇന്ത്യ പറഞ്ഞിരുന്നത് ഇന്ത്യയുടെ ഭക്ഷ്യകയറ്റുമതിക്ക് യുഎസ് പ്രധാന വിപണിയായി മാറുമെന്നായിരുന്നു.
അതുപോലെ, ഇന്ത്യയെ നേരിട്ട് ബാധിക്കുന്ന തരത്തില്‍ സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്കും യുഎസ് 50 ശതമാനം ഉയര്‍ന്ന തീരുവയാണ് ചുമത്തിയിരിക്കുന്നത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ, യുഎസിലേക്ക് 4.56 ബില്യണ്‍ ഡോളറിന്റെ ഇരുമ്പ്, സ്റ്റീല്‍, അലുമിനിയം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തിരുന്നു. ഉയര്‍ന്ന താരിഫുകള്‍ ലാഭക്ഷമതയെ പ്രതികൂലമായി ബാധിക്കും.
എന്നാല്‍ ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാര്‍ താരിഫുകളില്‍ മാത്രം ഒതുങ്ങുന്നില്ല. പകരം, ഇന്ത്യയുടെ നിയന്ത്രിത ഡിജിറ്റല്‍ വ്യാപാര നിയമങ്ങള്‍, ദുര്‍ബലമായ ബൗദ്ധിക സ്വത്തവകാശ നിര്‍വഹണം, സംഭരണ രീതികള്‍ എന്നിവയെ ബാധിക്കും. കൂടാതെ കാര്‍ഷിക സബ്‌സിഡി ഇരു രാജ്യങ്ങളും തമ്മിലുള്ള മറ്റൊരു പ്രധാന പ്രതിസന്ധിയാണ്.
ആഗസ്റ്റ് ഒന്നിന് മുമ്പായി താരിഫുകളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന മിനി കരാറില്‍ ഒപ്പിടാന്‍ ഇന്ത്യ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, കാര്‍ഷിക സബ്‌സിഡി പോലുള്ള വിവാദപരമായ വിഷയങ്ങള്‍ താല്കാലികമായി മാറ്റിവയ്ക്കാന്‍ യുഎസ് തയ്യാറാകുമോ എന്നതാണ് ഇനി അറിയേണ്ട കാര്യം.
കരാറുകളൊന്നും ഒപ്പുവയ്ക്കാത്ത സാഹചര്യത്തില്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് കുറഞ്ഞ താരിഫ് (നേരത്തെ പ്രഖ്യാപിച്ചതിനേക്കാള്‍ 26 ശതമാനം കുറവ്) ചുമത്തുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. India- US trade deal; India’s concerns and hopes
Content Summary: India- US trade deal; India’s concerns and hopes
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.