June 17, 2026 |
Share on

ഇസ്രയേല്‍ പിന്മാറാതെ സമാധാനമില്ലെന്ന് ഇറാന്‍; ക്രൂരത നിര്‍ത്താന്‍ നെതന്യാഹുവിനോട് ട്രംപ്

ഇസ്രയേലിന്റെ തീരുമാനത്തെ ആശ്രയിച്ചാണ് ഇപ്പോള്‍ ഇറാന്‍-യുഎസ് സമാധാന കരാറിന്റെ ഭാവിയും

അമേരിക്കയുമായി പൂര്‍ണമായൊരു സമാധാന കരാറിലെത്തണമെങ്കില്‍ ഇസ്രയേല്‍ ലെബനനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന വാശിയില്‍ ഇറാന്‍. ഇപ്പോള്‍ ഇസ്രയേല്‍ കൈയടക്കി വച്ചിരിക്കുന്ന ലെബനന്‍ പ്രദേശങ്ങളില്‍നിന്ന് സൈന്യം പിന്മാറാതെ പശ്ചിമേഷ്യന്‍ യുദ്ധത്തിന് പൂര്‍ണ്ണമായൊരു അന്ത്യമുണ്ടാകില്ലെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഉറപ്പിച്ചു പറയുന്നത്. അമേരിക്കയുമായി നടക്കാനിരിക്കുന്ന അടുത്ത ഘട്ട ചര്‍ച്ചകളില്‍ ലെബനനിലെ ഇസ്രയേല്‍ പിന്മാറ്റമായിരിക്കും ഇറാന്‍ ഏറ്റവും ശക്തമായ ആവശ്യമെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഉറപ്പ് ലഭിച്ചതായി ഹിസ്ബുള്ള വക്താവും സ്ഥിരീകരിച്ചു.

ഇതിനിടെ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെതിരെ കടുത്ത വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഫ്രാന്‍സിലെ എവിആനില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ സംസാരിക്കവേ, ലെബനനില്‍ ഇസ്രയേല്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അടുത്തിടെ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തെ ‘ക്രൂരമായ നടപടി’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഹിസ്ബുള്ളയുമായുള്ള പോരാട്ടത്തില്‍ നിരപരാധികളായ ഒരുപാട് ആളുകള്‍ കൊല്ലപ്പെടുന്നുണ്ടെന്നും, ആരെയെങ്കിലും തിരഞ്ഞുപോകുമ്പോള്‍ സാധാരണക്കാര്‍ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ തകര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഹിസ്ബുള്ളയെ നേരിടുന്നതില്‍ ഇസ്രയേലിനേക്കാള്‍ മികച്ച രീതിയില്‍ സിറിയന്‍ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ സാധിച്ചേക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാനുമായി ഒപ്പുവെക്കാനിരുന്ന കരാറിന് കൃത്യം രണ്ട് മണിക്കൂര്‍ മുന്‍പ് ഇസ്രയേല്‍ ബെയ്‌റൂട്ടില്‍ ആക്രമണം നടത്തിയതിലുള്ള അതൃപ്തിയും അദ്ദേഹം പരസ്യമാക്കി.

എന്നാല്‍, ലെബനനില്‍ ഇസ്രയേല്‍ നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. മേയ്ഫദൂണ്‍ ഗ്രാമത്തിലുണ്ടായ ഇരട്ട ഡ്രോണ്‍ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായാണ് ഒടുവിലത്തെ വിവരം.

ഇറാനുമായി അമേരിക്ക ഉണ്ടാക്കിയ 60 ദിവസത്തെ താല്‍ക്കാലിക സമാധാന കരാറിന് ഇസ്രയേലിന്റെ ഈ നിലപാടുകള്‍ ഭീഷണിയാകുമെന്ന ആശങ്കയിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. ആണവായുധങ്ങള്‍ ഉപേക്ഷിക്കുന്നതിനുള്ള പ്രതിഫലമായി ഗള്‍ഫ് രാജ്യങ്ങള്‍ ഇറാനില്‍ 300 ശതകോടി ഡോളറിന്റെ വന്‍ നിക്ഷേപം നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ജി7 ഉച്ചകോടിയില്‍ ചര്‍ച്ചയായി. ഇറാന്‍ തങ്ങളുടെ ആണവ പദ്ധതികള്‍ പൂര്‍ണ്ണമായും സുതാര്യമായി നിര്‍വീര്യമാക്കി എന്ന് അമേരിക്കയ്ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ ഈ ഫണ്ട് അനുവദിക്കൂ എന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് വ്യക്തമാക്കി. ഈ ഫണ്ട് അമേരിക്ക നേരിട്ട് നല്‍കുന്നതല്ല, മറിച്ച് ഇറാനിലെ പുനര്‍നിര്‍മ്മാണത്തിനായി ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നിക്ഷേപം നടത്താനുള്ള ഒരു വാണിജ്യ മാര്‍ഗ്ഗമായിരിക്കുമിത്. യുദ്ധത്തില്‍ തകര്‍ന്ന ഇറാന്റെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍, തങ്ങള്‍ക്കെതിരെ നടന്ന യുദ്ധത്തിനുള്ള നഷ്ടപരിഹാരമായാണ് ഇറാന്‍ ഈ നിക്ഷേപത്തെ കാണുന്നത്. യു.എ.ഇ, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ തലവന്മാരും ഈ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഇതോടൊപ്പം, അമേരിക്കന്‍ ഉപരോധത്തെത്തുടര്‍ന്ന് വിദേശ ബാങ്കുകളില്‍ മരവിപ്പിക്കപ്പെട്ട തങ്ങളുടെ 24 ശതകോടി ഡോളര്‍ സമ്പാദ്യത്തിന്റെ പകുതിയെങ്കിലും വിട്ടുകിട്ടുമെന്നും ഇറാന്‍ പ്രതീക്ഷിക്കുന്നുണ്ട്.

നിലവിലെ ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഇറാന്‍ തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണ തോത് സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് മാത്രമുള്ള 3.67 ശതമാനത്തിലേക്ക് താഴ്‌ത്തേണ്ടിവരും. അതേസമയം, രാജ്യത്തിനകത്ത് യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള അവകാശം ഇറാനില്‍ നിലനിര്‍ത്തുകയും ചെയ്യും. എന്നാല്‍ കരാറിലെ ഒട്ടുമിക്ക വ്യവസ്ഥകളും ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ബാലിസ്റ്റിക് മിസൈല്‍ നിയന്ത്രണം പോലുള്ള പ്രധാന കാര്യങ്ങള്‍ കരാറില്‍ ഉള്‍പ്പെടുത്താത്തതില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ, ഇറാനുമേലുള്ള എണ്ണ ഉപരോധങ്ങള്‍ ഉടന്‍ നീക്കുന്നതിനെതിരെ അമേരിക്കയിലെ തീവ്ര യാഥാസ്ഥിതിക വിഭാഗങ്ങളില്‍ നിന്നും ഇസ്രായേലില്‍ നിന്നും ട്രംപിന് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വരുന്നുണ്ട്. എങ്കിലും, ഇറാന്‍ തുറമുഖങ്ങളിലെ അമേരിക്കന്‍ നാവിക ഉപരോധം നീങ്ങിത്തുടങ്ങിയതോടെ മേഖലയില്‍ വാണിജ്യ കപ്പലുകളുടെ നീക്കം പുനരാരംഭിച്ചിട്ടുണ്ട്. യുദ്ധം കാരണം ഗാസയിലെ പ്രതിസന്ധി അവഗണിക്കപ്പെടുന്നതിലുള്ള അതൃപ്തി അറബ് രാജ്യങ്ങള്‍ ചര്‍ച്ചകളില്‍ പ്രകടിപ്പിച്ചു.

Content Summary; Iran demands Israeli withdrawal from Lebanon for a full US peace deal, as Donald Trump criticizes Benjamin Netanyahu’s actions in Beirut

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×