June 26, 2026 |
Share on

മലയാളിക്ക് മാറ്റി നിര്‍ത്താന്‍ കഴിയാത്ത ശ്രീനിവാസന്‍

മലയാളിയുടെ ജീവിതത്തിലെ ‘ശ്രീനിവാസന്‍ ഇമ്പാക്ട്’ കാലാവര്‍ത്തിയായി തുടരും

മലയാള സിനിമയിലെ ശ്രീനിവാസന്‍ ഇറ അവസാനിക്കുന്നു. ഈ സത്യം വിശ്വസിക്കാനും ഉള്‍ക്കൊള്ളാനും ബുദ്ധിമുട്ടുണ്ടെങ്കിലും, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ രോഗബാധിതനായ ശ്രീനിവാസനെ കാണുന്നത് വേദനയുളവാക്കിയിരുന്നു. ഒരു ദിവസം പൊടുന്നനെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ ഫോട്ടോ, കലാകാരന്മാര്‍ അവരുടെ ആരോഗ്യത്തിനു കൊടുക്കേണ്ട പ്രാധാന്യത്തെ കുറിച്ച് വീണ്ടും ഓര്‍മ്മപ്പെടുത്തി. എഴുത്തിലും, സംവിധാനത്തിലും, അഭിനയത്തിലും, സാമൂഹ്യ വിമര്‍ശനങ്ങളിലും വര്‍ഷങ്ങളോളം തിരക്കിലായിരുന്ന അദ്ദേഹം തീരെ അവഗണിച്ചത് അതായിരിക്കണം. അല്ലെങ്കില്‍, ഇനിയും ഏറെക്കാലം നമ്മളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ശ്രീനിവാസന്‍ ഇവിടെ ഉണ്ടാവുമായിരുന്നു.

1970കളുടെ മധ്യത്തോടെ തുടങ്ങിയ സിനിമാജീവിതം. തുടക്ക കാലത്തെ ശ്രീനിവാസനെ അന്വേഷിച്ചു പോയാല്‍ പി എ ബക്കറിന്റെ സിനിമകളില്‍ കാണാം. പരക്കെ അറിയപ്പെടുന്ന കോമഡി റോളുകളില്‍ അല്ല. അല്ലെങ്കില്‍ തന്നെ കോമഡി എന്ന് വിശ്വസിപ്പിച്ചു, ആക്ഷേപഹാസ്യത്തിന്റെ ഒളിയമ്പുകള്‍ പരമാവധി ലളിതവും, ജനകീയവുമാക്കി, എന്നാല്‍ സാമൂഹ്യവിമര്‍ശനത്തിന്റെ മൂര്‍ച്ച ഒട്ടും കുറഞ്ഞുപോവാതെ എഴുതിയ കഥകളും, തിരക്കഥകളും, കാലത്തിനു അതീതമായി നില നില്‍ക്കുന്ന, ശ്രീനിവാസന്‍ ഡയലോഗുകളും ഒക്കെയല്ലേ ശ്രീനിവാസന്റെ യുഎസ്പി. മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായ എത്രയോ ശ്രീനിവാസന്‍ വിറ്റുകള്‍! കണ്ണീരും ചിരിയും ഇട കലര്‍ന്ന എത്രയോ ജീവിതസന്ദര്‍ഭങ്ങള്‍! മനസ്സറിഞ്ഞു ചിരിച്ച, ലോജിക്കുള്ളതും ഇല്ലാത്തതുമായ എത്രയോ ഹാസ്യരംഗങ്ങള്‍! ജെന്‍-സി അടക്കം ഇപ്പോഴും യൂട്യൂബില്‍ സെര്‍ച്ച് ചെയ്യുന്നത് പഴയ മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിന്റെ കലാപരിപാടികള്‍ ആണ് എന്നറിയുമ്പോള്‍, കലയുടെ തലമുറകള്‍ മറികടക്കുന്ന സ്വാധീനം നമ്മളെ അമ്പരിപ്പിക്കും.

ശ്രീനിവാസന്‍ ആദ്യമായി തിരക്കഥ എഴുതിയത് ഓടരുതമ്മാവാ ആളറിയാം എന്ന പ്രിയദര്‍ശന്‍ സിനിമക്കാണ്. ഇപ്പോഴും കാണാന്‍ പറ്റുന്ന ഒരു സിനിമ. അക്കാലത്തു ഒരു സിനിമ മൊത്തത്തില്‍ തോളിലേറ്റാന്‍ അനായേസേന ഏതു ഭാവവും ഗംഭീരമാക്കുന്ന നെടുമുടി വേണു അനിവാര്യമാണ് എന്ന് കാണാം. പ്രിയദര്‍ശന് വേണ്ടി തുടര്‍ന്നും എഴുതി. മണിയന്‍ പിള്ള രാജുവും, മുകേഷും, ജഗദീഷുമൊക്കെ അങ്ങിനെ വളരുന്നു. ശങ്കറുമുണ്ട്. ശേഷം, സന്മസ്സുള്ളവര്‍ക്കു സമാധാനം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം- ശ്രീനിവാസന്റെ തിരക്കഥകള്‍ 80കളില്‍ തന്നെ, അദ്ദേഹത്തിന്റെ പ്രതിഭയെ അടയാളപ്പെടുത്തുന്നു. ഒരര്‍ത്ഥത്തില്‍, മോഹന്‍ലാല്‍- ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് – യുഗം എന്ന് വിളിക്കാവുന്ന സമയം കൂടിയാണ് ഇത്. കടുത്ത തൊഴില്‍ ഇല്ലായ്മയും, ജപ്തി നേരിടുന്ന മധ്യവര്‍ഗ്ഗ വീടുകളും, ഒന്നുമില്ലായ്മയിലും ജീവിതത്തോടുള്ള ശുഭാപ്തി വിശ്വാസവും, കര കയറാനുള്ള അഭിനിവേശവും, എന്ത് ജോലിയും ചെയ്യാനുള്ള മനസ്ഥിതിയും, ആശ്വാസമായി വരുന്ന സ്ത്രീകളും, ഇടയിലെ നുറുങ്ങു കള്ളത്തരങ്ങളും മലയാളി ഏറ്റെടുത്ത വര്‍ഷങ്ങള്‍. ആ സിനിമകള്‍ അവരുടേത് കൂടിയായിരുന്നു. അതില്‍ നിന്നും അധികമൊന്നും വിഭിന്നമല്ലാത്ത അവരുടെ ജീവിതങ്ങളെ നോക്കി സ്വയം ചിരിക്കാന്‍ പഠിപ്പിച്ച ശ്രീനിവാസന്‍ സ്‌ക്രിപ്റ്റുകള്‍. 89ല്‍ ഇറങ്ങിയ വരവേല്‍പ്പിലെ മുരളിയും, ഗള്‍ഫ് മോട്ടോഴ്‌സും മലയാളിയുടെ ഒഴിയാബാധയാണ്. കൃത്യമായ സാമൂഹ്യവിമര്‍ശനം. കുടുംബം പിഴിയുന്ന, ഗള്‍ഫുകാരനെന്ന ലേബലില്‍ സ്വന്തം ബിസിനസ് തുടങ്ങി, ജോലിക്കാരന്‍ ചതിക്കുന്ന, ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിക്കുന്ന, ഒടുവില്‍ അദ്ധ്വാനത്തിന്റെ കൊടുംചൂടിലേക്ക് തന്നെ തിരികെപോവേണ്ടിവരുന്ന മുരളി, പ്രവാസികളോടും, അവരുടെ ചെറിയ ബിസിനസ് സംരംഭങ്ങളോടുമുള്ള അക്കാലത്തെ സര്‍ക്കാറിന്റെ സമീപനത്തെയും തുറന്നു കാട്ടുന്നു. 90കളില്‍ ഇറങ്ങിയ മിഥുനവും ഇതേ തീം ആവര്‍ത്തിക്കുന്നുണ്ട്.

വളരെ പ്രസക്തമായ മറ്റൊരു ശ്രീനിവാസന്‍ സ്‌ക്രിപ്റ്റ് ആണ് തലയണമന്ത്രം. അടിസ്ഥാനപരമായി പാവമാണെങ്കിലും, കാഞ്ചനയുടെ പൊങ്ങച്ചവും. സൊസൈറ്റി ലൈഫിനോടുള്ള അമിതമായ ആകര്‍ഷണവും, ജെകെ കണ്‍സ്ട്രക്ക്ഷന്‍ സൂപ്പര്‍വൈസര്‍ സുകുമാരന്റെ ജീവിതം മാറ്റിമറിക്കുന്ന കാഴ്ച. പോളിടെക്നിക്കില്‍ പഠിച്ച സുകുമാരന്റെ കാറോട്ടം. മാമുക്കോയയുടെ അവിസ്മരണീയമായ ട്രെയിനിങ് സെഷന്‍. ഉര്‍വശിയുടെ ക്ലാസ് അഭിനയം. സിനിമയുടെ ഒടുക്കം ഒരു വലിയ പാഠമാണ് സുകുമാരന്‍ സമൂഹത്തിനു നല്‍കുന്നത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മിഥുനത്തില്‍ അസ്ഥിയില്‍ പിടിച്ച പ്രേമത്തിനെയും, തുടര്‍ന്നുള്ള വിവാഹജീവിതത്തെയും ശ്രീനിവാസന്‍ സ്‌ക്രിപ്റ്റ് നോക്കിക്കാണുന്ന വിധം, അതിന്റെ തലങ്ങള്‍. കാല്പനികതയില്‍ നിന്നും യഥാര്‍ത്ഥ ജീവിതത്തിലേക്ക് ഇറങ്ങി, പരസ്പരം മനസിലാക്കി, കൂടെ നില്‍ക്കണ്ടത്തിന്റെ പ്രായോഗികത. അത് വരെയുള്ള നമ്മുടെ പ്രണയ സങ്കല്പങ്ങളുടെ ഒരു പൊളിച്ചെഴുത്താണത്. പലപ്പോഴും തോന്നിയിട്ടുണ്ട്, മിഥുനത്തിന്റെ സ്‌ക്രിപ്റ്റ് കുറച്ചു മുന്‍പേ പറന്ന പക്ഷിയാണെന്ന്.
ശ്രീനിവാസന്റെ ഏറ്റവും ജനപ്രീതി നേടിയ, ക്ലാസിക് പൊളിറ്റിക്കല്‍ സറ്റയര്‍-സന്ദേശം ഇറങ്ങിയത് 1991ലാണ്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനമികവ്. ഇടതുപക്ഷ രാഷ്ട്രീയ വൈരുദ്ധ്യങ്ങളെ തുറന്നു വിമര്‍ശിച്ച ഈ സ്‌ക്രിപ്റ്റ് ശ്രീനിവാസന്റെ മാസ്റ്റര്‍പീസ് ആണ്. കെജി ജോര്‍ജിന്റെ പഞ്ചവടിപ്പാലത്തിനു ശേഷം സന്ദേശം എന്നത് മലയാളികള്‍ക്കു കക്ഷിഭേദമന്യേ യോജിപ്പുള്ള അപൂര്‍വം വിഷയങ്ങളില്‍ ഒന്നാണ്.

ശ്രീനിവാസന്‍ സ്വന്തം ശൈലിയില്‍ നിന്നും മാറി ചിന്തിച്ച സിനിമകളാണ് പിന്നീടങ്ങോട്ടുള്ള 90കളിലെ തിരക്കഥകള്‍. കമല്‍ സംവിധാനം ചെയ്ത മഴയെത്തും മുന്‍പേ, അഴകിയ രാവണന്‍, ലാല്‍ജോസിന്റെ ഒരു മറവത്തൂര്‍ കനവ് ഒക്കെ ഇതില്‍പെടും.

2000 മുതല്‍ മാറിത്തുടങ്ങുന്ന മലയാള സിനിമക്കൊപ്പം ശ്രീനിവാസന്റെ എഴുത്തു രൂപാന്തരപ്പെടുന്നുണ്ട്. ഉദയനാണ് താരം വീണ്ടും ശ്രീനിവാസന്‍ – മോഹന്‍ലാല്‍ ജോടിയെ സ്‌ക്രീനില്‍ എത്തിക്കുന്നുണ്ടെങ്കിലും, പഴയ കെമിസ്ട്രിയില്‍ മാറ്റമുണ്ട്. കഥ പറയുമ്പോള്‍ എന്ന സിനിമയിലെ ബാര്‍ബര്‍ ബാലനിലേക്കു ശ്രീനിവാസന്‍ സെല്‍ഫ് -ഫിറ്റ് ആവുന്നത് എത്രയോ സ്വാഭാവികതയോടു കൂടിയാണ്. എം മോഹനന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ അവസാനത്തെ സീനിലാണ് മൊത്തം സ്‌കോപ്പ് ഉള്ളത്, എന്നിട്ടും ആ സബ്‌ജെക്ട് പാന്‍ ഇന്ത്യ ലെവലില്‍ എത്തിയത് അതിശയപ്പെടുത്തിയിട്ടുണ്ട്. ഫഹദിന്റെ ഞാന്‍ പ്രകാശന്‍ നമുക്കു പരിചയമുള്ള ഒരു കഥാപാത്രം തന്നെയാണ്.

തളത്തില്‍ ദിനേശനെ ഓര്‍ക്കുമ്പോഴൊക്കെ, ചിരിയിലൂടെ ചിന്തിപ്പിക്കാനുള്ള ശ്രീനിവാസന്റെ കഴിവിനെ അഭിനന്ദിച്ചു പോവും. ദിനേശന്റെ മാനസികതലങ്ങള്‍ ഉള്ള എത്രയോ മനുഷ്യരെ നമുക്കറിയാം. കൃത്യമായ അജണ്ടയോടെ സ്വയം അപഹാസ്യനായി, രൂപപരമായ സങ്കല്പങ്ങളെയും, കറുപ്പിന്റെ അപകര്ഷതാബോധത്തെയും, (കരിന്തിരിയും നിലവിളക്കും നമ്മള്‍ എവിടെയൊക്കെ ഉപയോഗിച്ചു!) മാനസികമായ അരക്ഷിതാവസ്ഥകളെയും തിരശീലയിലെത്തിച്ച ശ്രീനിവാസന്റെ കഥാപാത്രങ്ങളില്‍ ദിനേശന്‍ ഒരു സ്റ്റഡി മെറ്റീരിയല്‍ ആവുന്നു. തന്റെ ആദ്യ സംവിധാന സംരംഭത്തിന് എക്കാലത്തും സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയം തന്നെ തിരഞ്ഞെടുത്തു ശ്രീനിവാസന്‍. സംസ്ഥാന അവാര്‍ഡും നേടി. ചിന്താവിഷ്ടയായ ശ്യാമള സംവിധാനം ചെയ്യുന്നത് 1998ലാണ് . നല്ല ഗ്യാപ്പുണ്ട് ഇടയില്‍. പൊടുന്നനെ കുടുബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കേണ്ടി വരുന്ന ശ്യാമളമാര്‍ക്കു ഗ്ലോബലിറ്റി തന്നെയുണ്ട്. രാവിലെ കുളിച്ചു കുറിയിട്ടു മീന്‍ വാങ്ങാന്‍ പോയി ആഴ്ചകളോളം തിരിച്ചു വരാത്ത വിജയന്മാര്‍. ചെയ്യുന്ന പണിയില്‍ നിന്നും, ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടുന്നവര്‍.unapologetic escapism അതാണ് വിജയന്‍. വലിയൊരു സാമൂഹ്യപ്രശ്‌നത്തെ അവതരിപ്പിച്ച ചിന്താവിഷ്ടയായ ശ്യാമള അതെ കാറ്റഗറിയില്‍ ദേശീയ അവാര്‍ഡിലെത്തിച്ചു ശ്രീനിവാസനെ.

200ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ച ശ്രീനിവാസന്റെ ചിത്രങ്ങളില്‍ കാണാത്തവ വിരളമാണ്. എല്ലാ സിനിമകളിലും ശ്രീനിവാസനിലെ നടന്‍ തിളങ്ങി എന്ന അഭിപ്രായം ഇല്ല. വഴങ്ങാതെ, ബോറായിപ്പോയ കോമഡി റോളുകളും കുറെയുണ്ട്. പക്ഷെ, മനസ്സില്‍ തങ്ങി നില്‍ക്കുന്ന എത്രയോ കഥാപാത്രങ്ങള്‍. അവിടെയൊക്കെ മോഹന്‍ലാലും പിണഞ്ഞുകിടക്കുന്നു. നാടോടിക്കാറ്റിലെ ദാസനും വിജയനും എഫ്ഫക്റ്റ്. ബികോം ഫസ്റ്റ് ക്ലാസ് ദാസന്‍. അത്ര പഠിക്കാത്ത വിജയന്‍. അവര്‍ക്കിടയിലെ ആ ക്ലാസിക് കോമിക് ടെന്‍ഷന്‍. ഒരിക്കലും മടുക്കാത്ത അക്കരെ അക്കരെ അക്കരെ. അമേരിക്കയിലെത്തുന്നതിനും മുന്‍പും, പിന്‍പും വിജയന്‍. ഗാന്ധിനഗറില്‍ തന്ത്രപ്രധാനമായ ആ ഗൂര്‍ഖ ഐഡിയ കൊണ്ട് വരുന്ന മാധവന്‍. സന്മനസുള്ളവര്‍ക്കു സമാധാനത്തിലെ എസ് ഐ രാജേന്ദ്രനും, പവിഴമല്ലി പൂത്തുലയുന്നതും, മിഥുനത്തിലെ ഡ്രൈവര്‍ പ്രേമന്‍, ഹിസ് ഹൈനസ്സിലെ രവി വര്‍മ്മ, നഗരങ്ങളില്‍ ചെന്ന് രാപാര്‍ക്കാം- കുഞ്ഞൂട്ടന്‍, വിദ്യാരംഭത്തിലെ സുധാകരന്‍, സന്ദേശത്തിലെ പ്രഭാകരന്‍ (ശങ്കരാടി കോംബോ) ചിത്രത്തിലെ ‘ഞാള് കണ്ടു ‘ഭാസ്‌കരന്‍, വരവേല്‍പ്പിലെ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, പൊന്മുട്ടയിടുന്ന താറാവിലെ തട്ടാന്‍ ഭാസ്‌കരന്‍, തേന്മമാവില്‍ കൊമ്പത്തിലെ അപ്പക്കാള, മേഘത്തിലെ പണക്കാരന്‍ ഷണ്‍മുഖന്‍, ടിപി ബാലഗോപാലനിലെ വക്കീല്‍, ഫ്രണ്ട്‌സിലെ ചക്കച്ചാംപറമ്പില്‍ ജോയ്…അങ്ങിനെ പോവുന്നു.

2000 മുതല്‍ ചെയ്ത സീരിയസ് റോളുകളില്‍, പാസഞ്ചറിലെ സത്യനാഥന്‍. അറബിക്കഥയിലെ ലോയല്‍ കമ്മ്യൂണിസ്റ്റ് ക്യൂബ മുകുന്ദന്‍. തകരച്ചെണ്ടയിലെ ചക്രപാണി. ഞാന്‍ പ്രകാശനിലെ ഗോപാല്‍ജി. ഓര്‍ത്തെടുക്കാന്‍ ഇനിയും എത്രയോ റോളുകള്‍. അരവിന്ദന്റെ ചിദംബരത്തിലെ മുനിയാണ്ടിയെപോലെ ഒരിക്കലും മായാത്ത റോളുകളില്‍ ശ്രീനിവാസനിലെ പ്രതിഭയുള്ള നടന്‍ കുറച്ചു കൂടി ശ്രദ്ധ പതിപ്പിച്ചിരുന്നെങ്കില്‍ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

എന്തായാലും, മലയാളസിനിമയിലും, മലയാളികളുടെ ദൈനംദിന ജീവിതത്തിലും, ശ്രീനിവാസന്‍ തിരക്കഥകളും, കഥാപാത്രങ്ങളും അവശേഷിപ്പിച്ച ആ ‘ശ്രീനിവാസന്‍ ഇമ്പാക്ട്’ കാലാവര്‍ത്തിയായി തുടരും.

Content Summary; The Sreenivasan impact that will forever influence the lives of Malayalis.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×