കാലം തെറ്റി വന്ന ‘ആരോ’

മാറിയ കാലത്തെയും, പ്രേക്ഷകരെയും കണക്കിലെടുത്താലേ ഇനിയങ്ങോട്ട് 'ആരോ'കളെയൊക്കെ സ്വന്തമാക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാവുകയുള്ളു

aaro malayalam short film

സോഷ്യല്‍ മീഡിയ നെഗറ്റീവ് പബ്ലിസിറ്റി ‘ആരോ’ യെ തുണച്ചു. ഒരു മില്യണ്‍ വ്യൂ ആയി. ഒരര്‍ത്ഥത്തില്‍, ആരോയെ കാണാതെയും വിമര്‍ശിക്കാതെയും ആര്‍ക്കും ഇരിക്കപ്പൊറുതി ഇല്ലാത്ത അവസ്ഥ ആയി. ട്രെന്‍ഡിങ് താരം ആരോ!

മമ്മൂട്ടി കമ്പനിയുടെ ഷോര്‍ട്ട് ഫിലിമുകളിലേക്കുള്ള ആദ്യത്തെ ചുവടുവെയ്പ്പ്. മലയാളികളുടെ പ്രിയതാരം മഞ്ജു വാരിയരുടെ ആദ്യത്തെ ഷോര്‍ട് ഫിലിം. പ്രശസ്ത സംവിധായകന്‍ രഞ്ജിത്ത് ഓണ്‍ബോര്‍ഡ്. പ്രത്യേകിച്ചും മമ്മൂട്ടി, പുതിയ തലമുറയിലെ ഷോര്‍ട് ഫിലിം സംവിധായകരെ അടക്കം നന്നായി ഒബ്‌സര്‍വ് ചെയ്യുന്ന നടനാണ്. ‘ആരോ’യെക്കുറിച്ചുള്ള പ്രതീക്ഷകള്‍ സ്വാഭാവികം. ‘ആരോ’ ഇറക്കുന്നതിനു മുന്‍പ് പ്രൊമോഷന്‍ വല്ലതും ഉണ്ടായിരുന്നോ? എനിക്ക് പിടിയില്ലായിരുന്നു. തികച്ചും ആകസ്മികമായാണ് കണ്ടത്.

നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞ പോലെ കപട ബുദ്ധിജീവികളുടെ സര്‍കാസം മാത്രമായി തള്ളിക്കളയാവുന്ന ഒന്നല്ല ആരോക്കെതിരെയുള്ള പൊതു വിമര്‍ശനം. രഞ്ജിത്തിന്റെ ‘കയ്യൊപ്പിലും’ ആരോയുടെ ഒരു പശ്ചാത്തലം ഉണ്ട്, മറ്റൊരു തരത്തില്‍. റൈറ്റേഴ്സ് ബ്ലോക്കില്‍ പെട്ട് കിടക്കുന്ന ബാലനും, പ്രചോദിപ്പിക്കുന്ന പദ്മയും അവര്‍ക്കിടയില്‍ ഒളിച്ചു കളിക്കുന്ന പ്രണയവും, അതിന്റെ കഥാര്‍സിസും ഇപ്പോഴും മനസ്സിലുണ്ട്. ‘വരില്ലെന്നറിഞ്ഞിട്ടും കാത്തിരിക്കുന്നവരുടെ വേദന കഠിനമാണ്, കണ്ണീരാണ്’ എന്ന് 2025ലെ ഒരു ഫീച്ചര്‍ ഫിലിമില്‍ പറഞ്ഞാല്‍ മിക്കവാറും ക്രിഞ്ചായി മാറിയേക്കാം. ആരോയിലെ പേരില്ലാത്ത ‘ശ്യാമപ്രസാദ്’ കഥാപാത്രവും ഇത് തന്നെയല്ലേ പറയാതെ പറയുന്നത്.

രാത്രിമഴയില്‍, ഒരു സ്വപ്നത്തിനും യാഥാര്‍ഥ്യത്തിനും ഇടയിലുള്ള ഭ്രമാത്മകതയില്‍ കയറി വന്ന അവളോട് ‘ആരാ’ എന്ന് ചോദിക്കുവാന്‍ ഭയപ്പെടുന്നത്രയും ഒറ്റപ്പെടല്‍ ഉണ്ട് അയാളില്‍. വി ആര്‍ സുധീഷിന്റെ കഥ ‘വിപര്യയം’ ഇന്നാണ് വായിച്ചത്. അത് വെച്ച് രഞ്ജിത്ത് സൃഷ്ടിച്ച കഥാപാത്രങ്ങള്‍ കൃത്യമാണ്. പക്ഷെ, പാളിയത് മേക്കിങ് ആണ്. കഥയില്‍ കാലഘട്ടമില്ല. 2025ലേക്ക് അതിനെ പറിച്ചു നടുമ്പോള്‍, ഒരു മോഡേണ്‍ സെന്‍സിബിലിറ്റി ഉള്ള ക്രാഫ്റ്റ് പ്രതീക്ഷിക്കുന്ന പ്രേക്ഷകരെ മുന്നില്‍ കാണേണ്ടത് ഒരു അനിവാര്യതയാണ്.

ആരോയിലെ ഷോട്ടുകള്‍ സാങ്കേതികമായി ക്ലാസിക് വിഭാഗത്തില്‍ പെടുന്നവയാണ്. പ്രശ്‌നം, അവയിലെ ആവര്‍ത്തന വിരസതയാണ്. ആകെ അലങ്കോലമായ, ഒരു ലാവിഷ് സെറ്റപ്പില്‍ ജീവിക്കുന്ന, ഒരു റോയല്‍ ബ്രീഡ്. അയാള്‍ തറയില്‍ കിടന്നുറങ്ങുന്നതോ, അയാളുടെ ചുറ്റുപാടുകളിലെ കഴുകാത്ത പ്ലേറ്റുകളോ, ചിതറി കിടക്കുന്ന പുസ്തകങ്ങളോ, മാസികകളോ (മൊത്തം ‘വീക്ക്’ ആണത്രേ), അയാളുടെ മദ്യപാനമോ, വൈറസ് ബാധിച്ച ഫ്രിഡ്ജോ ഒന്നും നമ്മളെ സ്പര്‍ശിക്കാത്തതു ഈ ഷോട്ടുകളില്‍ മുഴച്ചു നിക്കുന്ന കൃതിമതം കൊണ്ടാണ്. കൃത്യമായി അറേഞ്ച് ചെയ്തു വെച്ച ഒരു സെറ്റപ്പ് ഫീല്‍. ആക്ഷന്‍ -കട്ട് മോഡില്‍, റോബോട്ടിക് ആയി ആ ക്ലാസിക് വീടിനകത്തു അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന അയാള്‍. ഒരു അജ്ഞാത ഫോണ്‍ കാള്‍ കണ്ട ഉടനെ എഴുത്തുമേശയിലെത്തുന്നു. കുറിച്ച വരികളുടെ, കാലഹരണപ്പെട്ട കാല്പനികത കാണുമ്പോള്‍, റൈറ്റേഴ്സ് ബ്ലോക്ക് ഒരനുഗ്രഹമാണെന്നു നമുക്കു തോന്നുന്നത് തെറ്റാണോ. വോയിസ് മെയിലില്‍, ആരും ഉണര്‍ന്നിരിക്കാന്‍ സാധ്യത ഇല്ലാത്ത ഒരു സമയത്തു കിട്ടിയ മെസ്സേജിന് അപ്പോള്‍ തന്നെ മറുപടി! അതിനു നായകന്റെ മോണോക്രോം മോണോലോഗ്. അതിനെ താങ്ങാന്‍, മഴ, ഇടി, മിന്നല്‍, വരുവാനാരോ ഉള്ളതോ ഇല്ലാത്തതോ ആയ പഴയ നടവഴി, ബോഗന്‍വില്ല, സിഗരറ്റ് പുക…ഇവിടെ അയാള്‍ക്കു വേണ്ടത് ഒരു ലോസ്റ്റ് ലുക്ക് ആണ് എന്ന് പ്രത്യേകം പറയേണ്ടതില്ലലോ.

പിറ്റേന്ന്, രാവിലെ തന്നെ കുളിച്ചു, ക്ലാസിക് ലിനന്‍ ജുബ്ബ ഇട്ടു, കുട്ടപ്പനായി സ്വന്തം ആത്മവിശ്വാസത്തെ പൊലിപ്പിക്കുന്ന ആ ചെറുപുഞ്ചിരിയോടെ ഉഷാറായ ശ്യാമപ്രസാദിന്റെ ഒരു ആരാധിക ആയി മാറി ഞാന്‍. തലേന്നു, അല്ല പുലര്‍ച്ചെ, (ആ തറവാടി ക്ലോക്കിലെ സമയപ്രകാരം), ഏകാന്തതയും, അന്യതാബോധവും കൊല്ലാതെ കൊല്ലുന്ന ആ അജ്ഞാത കഥാപാത്രമാവാന്‍, വിതുമ്പി കഷ്ടപ്പെടുന്ന ഒരു സംവിധായകനടനെ ഞാന്‍ വിസ്മരിച്ചു… ചുളിയാത്ത മുഖം, ആ മനോഹരമായ സോള്‍ട് പെപ്പെര്‍ തല, (ഒരു മുടി പോലും പൊഴിഞ്ഞിട്ടില്ല) ഹാങ്ങോവര്‍ നഹി നഹി.. (കൃത്യമായി വെള്ളം ചേര്‍ത്ത് ബകാര്‍ഡി കുടിച്ചു, കൃത്യമായി ഭക്ഷണം കഴിക്കുന്നതിന്റെ ഗുണം). അല്പം തള്ളിയ വയര്‍ ക്ഷമിക്കാം (മലയാളി ട്രേഡ്മാര്‍ക്). പോരാത്തതിന് ‘സ്പിരിറ്റ്’ മാറ്റി കട്ടന്‍ ചായയിലേക്കുള്ള ആ പരകായപ്രവേശം.

ഇനിയിപ്പോ, ഓട്ടോറിക്ഷയില്‍ നിന്നും തുണിസഞ്ചി ഇട്ടു, സമീറ സെറ്റുസാരി എടുത്തു, ചുവപ്പു വട്ടപ്പൊട്ടു തൊട്ട്, കരിവളകള്‍ കുലുക്കി, നൂറുവാട്ട് പുഞ്ചിരിയോടെ ഇറങ്ങിയ മഞ്ജു വാരിയറിലേക്കു കാമറ. സുന്ദരി, സുന്ദരി, എന്ന് ആരാധകര്‍ ബാക്ക്ഗ്രൗണ്ടില്‍ മുറവിളി കൂട്ടുന്നു. അങ്ങിനെ ഒരിക്കലും തോന്നാത്ത എനിക്ക് ആകെ പറയാന്‍ ഉള്ളത് മഞ്ജുവിനു ഡയലോഗ് വേണ്ടായിരുന്നു എന്നാണ്. വാഷ്റൂമിലേക്കുള്ള ആ സ്പ്രിന്റ് , മാനുഷികമായി ക്ഷമിക്കാം. പക്ഷെ, നിശാഗന്ധിയും, ബക്കാര്‍ഡിയും തമ്മിലുള്ള ആ കണ്‍കോഷന്‍, ആ കരുതല്‍ സെന്റിമെന്റ്‌സ്, എപ്പോഴും പാടുന്ന പാട്ട്, ഇതൊന്നും താങ്ങാന്‍ പറ്റിയില്ല. മഞ്ജുവിന്റെ സ്ഥിരം വോയിസ് മോഡുലേഷനില്‍ പ്രത്യേകിച്ചും. ഒരു മിസ്റ്റിക് കഥാപാത്രം ആവാന്‍, അതിന്റെ മിസ്റ്റിക് ചാം സ്‌ക്രീനില്‍ നിറക്കാന്‍ മഞ്ജുവിനും, രഞ്ജിത്തിനും പറ്റിയിട്ടില്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം. മാധവിക്കുട്ടിയെ നേരില്‍ കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ ആമിയാകേണ്ടിയിരുന്നത് ഒരിക്കലും മഞ്ജു അല്ല എന്നുറച്ചു വിശ്വസിക്കുന്നു. (ആമിയെ ഓര്‍മ വന്നു എന്നോര്‍മിപ്പിച്ച പോസ്റ്റുകളോട് കടപ്പാട്).

ആരോ യിലെ ദേജാവുവും അടയുന്ന വാതിലും, രഞ്ജിത്തിലെ സംവിധായകനെ വീണ്ടും ഓര്‍മിപ്പിച്ചു. കാരണം സുധീഷിന്റെ കഥയും ഭാഷയും സാധാരണമായി തോന്നി. ഇടയില്‍ വായിച്ചെടുത്താലേ ഒരു മിസ്റ്റിക് ഷോര്‍ട്ഫിലിം സാധ്യത തെളിയുകയുള്ളു. മൊത്തം പൊതു വിമര്‍ശനത്തിന്റെ നിറവില്‍, ‘ആരോ’ എങ്ങിനെയാവാം എന്ന് കൂടി ചിന്തിച്ചു.

അപ്രകാരം: ഫിക്ഷണല്‍ ഫ്രീഡം എടുത്തു കൊണ്ട്, പുതുക്കിയ ക്രാഫ്റ്റില്‍, ഡയലോഗുകളിലെ കാല്പനിക ക്രിഞ്ചുകള്‍ കുറക്കാമായിരുന്നു. അവതരണത്തിലെ ടിപ്പിക്കല്‍ പഴമകളും, കൃതിമത്വവും ഒഴിവാക്കാമായിരുന്നു. കഥാപാത്രത്തിന്റെ മൂഡും മഴയും സമന്വയിപ്പിക്കുന്ന ഷോട്ടുകള്‍ ഒരുദാഹരണം മാത്രം. കാസ്റ്റിംഗില്‍, പേരുകള്‍ക്കപ്പുറത്താണ്, നല്ല അഭിനേതാക്കളുടെ (അതിപ്പോ പുതുമുഖങ്ങള്‍ ആയാലും) സ്‌ക്രീന്‍ മാജിക് എന്നും തിരിച്ചറിയേണ്ടതുണ്ട്. ആവശ്യമെങ്കില്‍ ചേരുന്ന ശബ്ദങ്ങള്‍ കടമെടുക്കാം. സത്യത്തില്‍, മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാറിന്റെ പ്രൊഡക്ഷന്‍ കമ്പനിക്ക്, ഷോര്‍ട്ഫിലിമ്‌സില്‍ തുറന്നിടാവുന്ന ഒരു വാതില്‍ കൂടിയാണ് അത്. ആരുടേയും ക്രീയേറ്റീവ് ഫ്രീഡത്തില്‍ കൈ കടത്താന്‍ അവകാശമില്ലെങ്കിലും, മാറിയ കാലത്തെയും, പ്രേക്ഷകരെയും കണക്കിലെടുത്താലേ ഇനിയങ്ങോട്ട് ‘ആരോ’കളെയൊക്കെ സ്വന്തമാക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാവുകയുള്ളു എന്ന് തോന്നുന്നു, അല്ലേ?

Content Summary: Aaro malayalam short film. Ranjith, Mammootty, Manju warrier, shyamaprasad

This post was last modified on November 20, 2025 1:09 pm

സുമി ബാഹുലേയന്‍: സിനിമ നിരൂപക
Related Post
Leave a Comment