June 04, 2026 |
Share on

ജയിലറ കാണിച്ചാല്‍ പേടിക്കുന്നതല്ല മഹാരാജാസിന്റെ ചരിത്രം; പ്രിന്‍സിപ്പിലിന് ആഷിഖ് അബുവിന്റെ മറുപടി

പോലീസിനെ കൊണ്ട് കുട്ടികളെ ജയിലില്‍ ഇട്ട ടീച്ചറല്ല എന്നുതന്നെ ഉറപ്പിച്ചുപറയുന്നു

എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ബീന വേണുഗോപാലിന്റെ ഫെയ്‌സബുക്ക് പോസ്റ്റിനു സംവിധായകന്‍ ആഷിഖ് അബുവിന്റെ മറുപടി.

ബഹുമാന്യ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍, 

മതസ്പര്‍ധയോ വ്യക്തിഹത്യയോ ഒരു കോളേജിന്റെ ചുമരില്‍ എന്നല്ല എവിടെ എഴുതിയാലും അത് തെറ്റുതന്നെയെന്നു നിങ്ങളെപോലെ തന്നെ കരുതുന്നയാളാണ് ഞാനെന്ന് ആദ്യമേ പറയട്ടെ. ആ പോയിന്റില്‍ തര്‍ക്കമില്ല ടീച്ചര്‍. അത് ചെയ്തവരെ തിരുത്തുകയും വേണം. അതിലും തര്‍ക്കമില്ല. വിയോജിപ്പുള്ളത് മറ്റുപല കാര്യങ്ങളിലുമാണ്. ഉദാഹരണത്തിന് കൂട്ടികളെ ജയിലിലടച്ച കാര്യത്തില്‍. അശ്ലീല ചുമരെഴുത്തു മായ്ചുകളഞ്ഞത് മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ്, അവിടുത്തെ പുരോഗമന വിദ്യാര്‍ഥിസമൂഹം അതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. എതിര്‍ക്കുക തന്നെ ചെയ്യും, അത് തന്നെയാണവര്‍ ചെയ്തതും. കുട്ടികളെ തിരുത്താനും, അച്ചടക്ക നടപടി സ്വീകരിക്കാനും എല്ലാ അധികാരവമുള്ള പ്രിസിപ്പാള്‍, അധ്യാപകര്‍ പിടിഎ തുടങ്ങിയ സംവിധാനങ്ങള്‍ ഉണ്ടായിട്ടുകൂടി കുട്ടികളെ ജയിലില്‍ അടച്ചത് ഒട്ടും ശരിയായ നടപടിയല്ല എന്നുതന്നെയാണ് അഭിപ്രായം. ഏഴു വര്‍ഷം മഹാരാജാസില്‍ പഠിച്ച ഒരാളെന്ന നിലക്ക് ആ ക്യാമ്പസ്സിന്റെ ചരിത്രം കുറച്ചൊക്കെ അറിയാമെന്നത്‌കൊണ്ട് വാര്‍ത്ത കേട്ടപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നി.

സിനിമയിലെ എഡിറ്റിംഗ് എന്ന സങ്കേതത്തെ പറ്റി ടീച്ചര്‍ പരാമര്ശിക്കുകയുണ്ടായി, വിഷയങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധം കണ്‍ഫ്യൂസിങ് ആണെങ്കിലും അങ്ങനെ ഒരു എഡിറ്റ് മറ്റുവിദ്യാര്ഥികള് ചെയ്തല്ലോ ടീച്ചര്‍. അത് മായ്ചുകളഞ്ഞ കുട്ടികളാണ് ശരി. പോലീസിനെ കൊണ്ട് കുട്ടികളെ ജയിലില്‍ ഇട്ട ടീച്ചറല്ല എന്നുതന്നെ ഉറപ്പിച്ചുപറയുന്നു. പ്രക്ഷുബ്ധമായിരുന്നു ടീച്ചര്‍ എല്ലാ കാലവും മഹാരാജാസ്. ജയിലറ കാണിച്ചുപേടിപ്പിച്ചാല്‍ പേടിക്കില്ല എന്ന് മാത്രമല്ല അത് കൂടുതല്‍ പ്രക്ഷുബ്ദമാവും, അതാണ് ചരിത്രം. !

 

മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ബീന വേണുഗോപാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

Leave a Reply

Your email address will not be published. Required fields are marked *

×