February 01, 2026 |
Share on

ആദ്യ വനിത ഗവര്‍ണറും ആദ്യ മുസ്ലിം ലെഫ്. ഗവര്‍ണറും; വിര്‍ജീനിയയില്‍ ചരിത്രം കുറിച്ച് ഡെമോക്രാറ്റുകള്‍

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പ് ഫലം ഉടന്‍

വിര്‍ജീനിയ ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി അബിഗെയ്ല്‍ സ്പാന്‍ബര്‍ഗര്‍ വിജയിച്ചു. ഇതോടെ, വിര്‍ജീനിയയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത ഗവര്‍ണര്‍ പദവിയില്‍ എത്തുകയാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി വിന്‍സം ഏള്‍-സേര്‍സിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്.

ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ ഗസാല എഫ്. ഹാഷ്മിയും വിജയിച്ചു. അമേരിക്കയില്‍ ഒരു മുസ്ലീം വനിത സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ സംഭവമാണിത്.

വിര്‍ജീനിയയിലെ ഈ വിജയം, 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഡെമോക്രാറ്റുകള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

പ്രസിഡന്റ് ട്രംപിന്റെ നയങ്ങള്‍ക്കെതിരായ വികാരം സ്പാന്‍ബര്‍ഗറുടെ വിജയത്തിന് ഒരു ഘടകമായതായി വാദമുണ്ട്. സാമ്പത്തിക വിഷയങ്ങളില്‍ ഊന്നിയ മിതവാദപരമായ നിലപാടായിരുന്നു അബിഗെയ്ല്‍ സ്വീകരിച്ചത്.

ഗസാല എഫ്. ഹാഷ്മി

അതേസമയം ലോകം തന്നെ ഏറെ ശ്രദ്ധയോടെ കാത്തിരിക്കുന്ന ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അധികം വൈകാതെ പുറത്തുവരും. ഇന്ത്യന്‍ സമയം രാവിലെ 7:30-ന് ശേഷം വോട്ടെണ്ണല്‍ തുടങ്ങിയിട്ടുണ്ട്. ആദ്യ ഫലങ്ങള്‍ ഉടന്‍ പുറത്തുവരും. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മംദാനിക്കാണ് വിജയിക്കാന്‍ വ്യക്തമായ സാധ്യത കൂടുതല്‍.

ഡെമോക്രാറ്റിക് പ്രൈമറിയില്‍ തോറ്റ, മുന്‍ ഗവര്‍ണര്‍ കൂടിയായ ആന്‍ഡ്രൂ ക്യൂമോ സ്വതന്ത്രനായും. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവയും മാംദാനിക്ക് എതിരാളികളായുണ്ട്. ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ പോളുകള്‍ പ്രകാരം, മംദാനി എതിരാളികളേക്കാള്‍ 5 മുതല്‍ 25 പോയിന്റ് വരെ മുന്നിലാണ്.

സൊഹ്റാന്‍ മംദാനി വിജയിച്ചാല്‍, ന്യൂയോര്‍ക്ക് സിറ്റിയുടെ ആദ്യ മുസ്ലീം മേയറും ഈ തലമുറയിലെ ഏറ്റവും പ്രായം കുറഞ്ഞ നേതാക്കളില്‍ ഒരാളുമായി അദ്ദേഹം മാറും.

ഈ വര്‍ഷം ന്യൂയോര്‍ക്ക് സിറ്റിയില്‍ റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 30 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വോട്ടര്‍ പങ്കാളിത്തമാണ് ന്യൂയോര്‍ക്ക് സിറ്റിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 20 ലക്ഷത്തിലധികം വോട്ടുകള്‍ രേഖപ്പെടുത്തിയതായാണ് കണക്ക്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മത്സരിക്കുമ്പോഴും പ്രസിഡന്റ് ട്രംപ് പരസ്യമായി ആന്‍ഡ്രൂ ക്യൂമോയ്ക്കാണ് പിന്തുണ പ്രഖ്യാപിച്ചത്. സൊഹ്‌റാന്‍ മാംദാനി വിജയിക്കുകയാണെങ്കില്‍ അത് ട്രംപിന് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും വലിയ പ്രഹരമാണ്. മാംദാനിയുടെ വിജയം തടയാന്‍ ട്രംപ് കഴിയാവുന്ന വഴിയെല്ലാം നോക്കിയിരുന്നു. മാംദാനിയെ കമ്യൂണിസ്‌റ്റെന്നും ഭ്രാന്തനെന്നുമൊക്കെ അപമാനിച്ചു. മാംദാനിയെ തിരഞ്ഞെടുത്താല്‍ ന്യൂയോര്‍ക്കിനുള്ള ഫണ്ടുകള്‍ തരില്ലെന്നായിരുന്നു ഏറ്റവും ഒടുവിലത്തെ ഭീഷണി.

Content Summary; Democrat Abigail Spanberger to become Virginia’s first female governor. Ghazala Hashmi elected Virginia’s Lieutenant Governor

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×