ഡല്‍ഹിയുടെ അധികാരം 26 വര്‍ഷത്തിനുശേഷം തിരിച്ചു പിടിച്ചതിനു ശേഷമുള്ള സര്‍പ്രൈസ് നിറഞ്ഞ 11 ദിവസങ്ങള്‍. ഒടുവില്‍ രേഖ ശര്‍മയെന്ന പേരില്‍ ബിജെപി തീരുമാനം ഉറപ്പിച്ചു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ മറിടകടന്നാണ്, കന്നി നിയമസഭ പ്രവേശനത്തില്‍ തന്നെ 52 കാരിയായ രേഖ മുഖ്യമന്ത്രി കസേരയില്‍ എത്തുന്നത്. പര്‍വേഷ് വര്‍മ, ആശിഷ് സൂദ്, വീരേന്ദ്ര സച്ച്‌ദേവ്, വിജേന്ദര്‍ ഗുപ്ത, സതീഷ് ഉപാധ്യായ എന്നീ പേരുകളുടെ കൂട്ടത്തില്‍ രേഖയും ഉണ്ടായിരുന്നുവെങ്കിലും അവസാന വിജയായി അവരാരുകുമെന്ന് കരുതിയില്ല. ഡല്‍ഹിയുടെ മുന്‍ ബിജെപി മുഖ്യമന്ത്രിയായിരുന്ന സഹിബ് സിംഗ് വര്‍മയുടെ മകനായ പര്‍വേശ് വര്‍മയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയുടെ നാലാമത്തെ വനിത മുഖ്യമന്ത്രിയാണ് രേഖ ശര്‍മ. ബിജെപിയുടെ തന്നെ സുഷമ സ്വരാജ്, കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിത്, ആം ആദ്മി പാര്‍ട്ടിയുടെ അതിഷി എന്നിവരാണ് രേഖയുടെ മുന്‍ഗാമികള്‍. ബുധനാഴ്ച്ച രേഖയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി നിര്‍ദേശിച്ചതിന് പിന്നാലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേനയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം രേഖ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഗുപ്തയെ ക്ഷണിച്ചു.
ആര്‍എസ്എസ് പ്രവര്‍ത്തകയായാണ് രേഖ ഗുപ്തയുടെ തുടക്കം. ആര്‍എസ്എസ്സിന്റെ പിന്തുണയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് രേഖയെ തിരഞ്ഞെടുക്കുന്നതില്‍ ബിജെപി നേതൃത്വത്തെ സ്വാധീനിച്ചിട്ടുണ്ട്.
1974 ല്‍ ഹരിയാനയിലെ ജിന്ദില്‍ ആണ് രേഖ ഗുപ്തയുടെ ജനനം. കാലങ്ങളായി ഡല്‍ഹിയിലെ ബിജെപിയുടെ നെടുംതൂണായി നില്‍ക്കുന്ന ബനിയ സമുദായത്തിലെ അംഗമാണ് രേഖ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജീവനക്കാരനായിരുന്ന പിതാവിന്റെ സ്ഥലം മാറ്റത്തെ തുടര്‍ന്നാണ് രേഖയുടെ കുടുംബം ഡല്‍ഹിയില്‍ എത്തുന്നത്. അന്ന് രണ്ട് വയസായിരുന്നു രേഖയുടെ പ്രായം. ഡല്‍ഹി സര്‍വകലാശയില്‍ പഠിക്കുന്ന സമയത്ത്, ആര്‍എസ്എസ് വിദ്യാര്‍ത്ഥി സംഘടനയായ അഖില ഭാരത വിദ്യാര്‍ത്ഥി പരിഷത്തില്‍(എബിവിപി)അംഗമായി രേഖ. ദൗലത്ത് റാം കോളേജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട രേഖ, 1995-ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്റെ പ്രസിഡന്റായും വിജയിച്ചു. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴില്‍ നിയമ ബിരുദം നേടിയ രേഖയുടെ, ബിജെപിയിലെ വളര്‍ച്ച പടിപടിയായിട്ടായിരുന്നു.
2007 ല്‍ നോര്‍ത്ത് പിതാംപുരയില്‍ നിന്നുള്ള മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആകുന്നതാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ തുടക്കം. ഡല്‍ഹി ബിജെപിയുടെ വനിത വിഭാഗം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള രേഖ, പാര്‍ട്ടിയുടെ ദേശീയ വനിത സംഘടനയുടെയും ഭാഗമായി.
2012ല്‍ മുനിസിപ്പല്‍ കൗണ്‍സിലറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട രേഖ സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മേയറായി. അക്കാലത്ത്, നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, സൗത്ത് ഡല്‍ഹി കോര്‍പ്പറേഷന്‍ എന്നിങ്ങനെ മൂന്നു കോര്‍പ്പറേഷനുകള്‍ ഡല്‍ഹിയിലുണ്ടായിരുന്നു. പിന്നീട് ഇവയെല്ലാം ഏകോപിപ്പിച്ചു.
നേരത്തെ രണ്ട് തവണ ഡല്‍ഹി നിയമസഭയിലേക്ക് മത്സരിച്ചിരുന്നുവെങ്കിലും തോല്‍ക്കാനായിരുന്നു വിധി. വടക്ക്-പടിഞ്ഞാറന്‍ ഡല്‍ഹിയിലുള്ള ഷാലിമാര്‍ ബാഗില്‍ നിന്ന് 2015 ലും 2020 ലും ജനവിധി തേടിയെങ്കിലും തോറ്റു. 2015ല്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ചപ്പോള്‍ എഎപിയുടെ ബന്ദന കുമാരി 11,000 വോട്ടുകള്‍ക്കാണ് രേഖയെ പരാജയപ്പെടുത്തിയത്. 2020ല്‍ വീണ്ടും ബന്ദനയോട് തോറ്റു. 3400-ഓളം വോട്ടുകളായി എതിരാളിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ രേഖയ്ക്കായിരുന്നു. 2023 ലെ ഡല്‍ഹി മേയര്‍ തിരഞ്ഞെടുപ്പിലും എഎപിയുടെ ഷെല്ലി ഒബ്‌റോയിയോടും രേഖ തോറ്റിരുന്നു. എന്നാല്‍ ഇത്തവണത്തെ മത്സരത്തില്‍ തന്നെ രണ്ടു തവണ പരാജയപ്പെടുത്തി ബന്ദന കുമാരിയെ തന്നെ 29,500 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് അവര്‍ കന്നി വിജയം നേടി.
ബിജെപിയുടെ 14 മുഖ്യമന്ത്രിമാരിലെ ഏക വനിതയാകും ഇനി രേഖ ശര്‍മ. ഉന്നത സ്ഥാനങ്ങളിലേക്ക് സത്രീകള്‍ക്കും ബിജെപി പരിഗണന കൊടക്കുന്നു എന്നൊരു രാഷ്ട്രീയ തന്ത്രം പയറ്റാന്‍ കൂടി രേഖയിലൂടെ പാര്‍ട്ടി ശ്രമിക്കുന്നുണ്ട്. രാജ്യത്ത് സ്ത്രീ വോട്ടര്‍മാരുടെ എണ്ണം കൂടുന്നു എന്ന കണക്കില്‍ ഈ തന്ത്രം പാര്‍ട്ടിയെ സഹായിക്കുമെന്നാണ് അവര്‍ കരുതുന്നത്.
രേഖയുടെ സ്ഥാനലബ്ധിക്ക്, ബിജെപി കേന്ദ്ര നേതൃത്വം ഇപ്പോള്‍ മുന്നോട്ടു വയ്ക്കുന്ന ഒരു മാനദണ്ഡം കൂടി കാരണമായിട്ടുണ്ട്. ഒരു സംസ്ഥാനത്ത് അടിത്തട്ടില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും അവിടെ പാര്‍ട്ടിക്ക് നേട്ടം ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്നവര്‍ക്ക്, അവര്‍ ഭരണപരിചയംഅധികമില്ലാത്ത, താഴേത്തട്ടിലുള്ള നേതാക്കളാണെങ്കിലും അവരെ മുന്നിലേക്ക് കൊണ്ടുവരിക. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരിലൂടെ കേന്ദ്രനേതൃത്വം ഈ മാനദണ്ഡം നേരത്തെ തന്നെ നടപ്പാക്കിയിട്ടുണ്ട്.
70 അംഗ സഭയില്‍ 48 സീറ്റുകള്‍ നേടിയാണ് 26 വര്‍ഷത്തിനിടെ ഡല്‍ഹിയില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തുന്നത്. അര്‍ദ്ധ സംസ്ഥാനമായ ഡല്‍ഹിയില്‍ ആദ്യമായി നിയമസഭ തിരഞ്ഞെടുപ്പ് നടന്ന 1993 ലാണ് ബിജെപിയും ആദ്യമായി അവിടെ അധികാരത്തില്‍ വരുന്നത്. 93 മുതല്‍ 98 വരെയുള്ള അഞ്ചുവര്‍ഷക്കാലത്ത് മൂന്നു മുഖ്യമന്ത്രിമാരെയും അവര്‍ക്ക് ഡല്‍ഹിയില്‍ പരീക്ഷിക്കേണ്ടി വന്നു. മദന്‍ലാല്‍ ഖുറാനയായിരുന്നു ആദ്യ മുഖ്യമന്ത്രി. എന്നാല്‍ അദ്ദേഹത്തിന്റെ ഭരണം 1993 ഡിസംബര്‍ 2 ന് ആരംഭിച്ച് 1996 ഫെബ്രുവരി 26 ന് അവസാനിച്ചു. തുടര്‍ന്ന് സാഹിബ് സിംഗ് വര്‍മയെ നിയോഗിച്ചു. രണ്ട് വര്‍ഷത്തോളമേ അദ്ദേഹത്തിനും മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ സാധിച്ചുള്ളു(1996 ഫെബ്രുവരി 26- 1998 ഒക്ടോബര്‍ 12). തുടര്‍ന്നാണ് സംസ്ഥാനത്തെ ആദ്യ വനിത മുഖ്യമന്ത്രിയായി സുഷ്മ സ്വരാജ് അധികാരത്തില്‍ വരുന്നത്. 1998 ഒക്ടോബര്‍ 12 മുതല്‍ 1998 ഡിസംബര്‍ മൂന്നു വരെ മൂന്നു മാസം പോലും തികയ്ക്കാനില്ലാത്ത ഭരണമായിരുന്നു സുഷമയുടേത്. പിന്നീട് ഡല്‍ഹി ബിജെപിക്ക് കൈയെത്തും അകലത്തായി. കോണ്‍ഗ്രസും പിന്നീട് ആം ആദ്മി പാര്‍ട്ടിയും അധികാരത്തില്‍ എത്തി. തുടര്‍ച്ചയായി രണ്ട് തവണ ഭരിച്ച എഎപിയെ മൂന്നാം ഊഴത്തിന് അവസരം നല്‍കാതെയാണ് ഇത്തവണ ബിജെപി തോല്‍പ്പിച്ചതും തിരിച്ചവര്‍ അധികാരത്തില്‍ എത്തിയതും. Rekha Gupta, Delhi new Chief Minister
Content Summary; Rekha Gupta, Delhi new Chief Minister