July 21, 2026 |
Share on

നാലാമത്തെ കണ്മണിയെ വരവേറ്റ് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ഉഷ വാന്‍സും

156 വര്‍ഷത്തിനിടയില്‍ ഔദ്യോഗിക പദവിയിലിരിക്കുന്ന ഒരു യുഎസ് വൈസ് പ്രസിഡന്റിന് ജനിക്കുന്ന ആദ്യ കുഞ്ഞാണിത്

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിനും ഭാര്യയും സെക്കന്‍ഡ് ലേഡിയുമായ ഉഷ വാന്‍സിനും നാലാമത്തെ കുഞ്ഞ് ജനിച്ചു. 156 വര്‍ഷത്തിനിടയില്‍ ഔദ്യോഗിക പദവിയിലിരിക്കുന്ന ഒരു യുഎസ് വൈസ് പ്രസിഡന്റിന് ജനിക്കുന്ന ആദ്യത്തെ കുഞ്ഞാണിത്. ഞായറാഴ്ച ജനിച്ച ആണ്‍കുഞ്ഞിന് അലക് നീല്‍ വാന്‍സ് എന്നാണ് ഇരുവരും പേരിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ജെ.ഡി വാന്‍സും ഉഷ വാന്‍സും ഒന്നിച്ചാണ്
തങ്ങള്‍ക്ക് കുഞ്ഞ് പിറന്ന വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. അലകിന് കൂട്ടായി മൂത്ത സഹോദരങ്ങളായ ഇവാന്‍ (9), വിവേക് (6), മിരാബെല്‍ (4) എന്നിവരുമുണ്ട്.

അമേരിക്കയില്‍ ജനനനിരക്ക് കുറയുന്നതിനെതിരെയും, ദമ്പതികള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നിരന്തരം വാദിക്കുന്ന നേതാവാണ് ജെ.ഡി വാന്‍സ്. തന്റെ നാലാമത്തെ കണ്‍മണിയിലൂടെ സ്വന്തം നിലപാടുകള്‍ക്ക് അടിവരയിടുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 2025-ല്‍ തന്റെ അടുത്ത സുഹൃത്തും കണ്‍സര്‍വേറ്റീവ് ആക്ടിവിസ്റ്റുമായ ചാര്‍ലി കിര്‍ക്ക് കൊല്ലപ്പെട്ട സംഭവം, അലകിന്റെ ജനനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും ജെ.ഡി വാന്‍സ് മുന്‍പ് സൂചിപ്പിച്ചിട്ടുണ്ട്.

jd vance usha vance with kids at tajmahal

ഇന്ത്യന്‍ വംശജരായ മാതാപിതാക്കളുടെ മകളായ ഉഷ വാന്‍സിന്റെ ഗര്‍ഭകാലം മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. അമേരിക്കയില്‍ ഉന്നത പദവിയിലിരിക്കെ ജനപ്രതിനിധികള്‍ക്ക് കുഞ്ഞുങ്ങള്‍ ജനിക്കുന്നത് വളരെ അപൂര്‍വമായതിനാലാണ് ഉഷ വാന്‍സിന്റെ ഗര്‍ഭകാലം വാര്‍ത്തകളില്‍ ഇടം നേടിയത്. തന്റെ ഗര്‍ഭകാലത്ത് ഉഷ വാന്‍സ് ആരംഭിച്ച ‘സ്റ്റോറിടൈം വിത്ത് ദ സെക്കന്‍ഡ് ലേഡി’ എന്ന വീഡിയോ പോഡ്കാസ്റ്റിന്റെ ഫാദേഴ്‌സ് ഡേ എപ്പിസോഡില്‍ അവര്‍ ധരിച്ച മെറ്റേണിറ്റി ഡ്രസ്സ് ഫാഷന്‍ ലോകത്ത് ചര്‍ച്ചയായിരുന്നു. ജെ ഡി വാന്‍സും ഉഷ വാന്‍സും 2014-ലാണ് വിവാഹിതരായത്. ദമ്പതിമാരുടെ മൂത്തമകനായ ഇവാന്‍ വാന്‍സ് 2017-ലും, 2020-ല്‍ രണ്ടാമത്തെ മകനായ വിവേക് വാന്‍സും ജനിച്ചു. തൊട്ടടുത്ത വര്‍ഷം മകള്‍ മിരാബെല്‍ വാന്‍സും പിറന്നു.

വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലറുടെ ഭാര്യ കെയ്റ്റി മില്ലര്‍ അടുത്തിടെ തങ്ങളുടെ നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കൂടാതെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് കഴിഞ്ഞ മെയ് മാസത്തിലാണ് തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്.

American Vice President J.D. Vance and his wife Usha Vance have welcomed their fourth child.

Leave a Reply

Your email address will not be published. Required fields are marked *

×