’15 വയസിലെ വിവാഹം പോക്‌സോ കുറ്റം’; ഈ വിധി സമൂഹത്തിന് തിരിച്ചടി

കേരളത്തിന്റെ മാനവശേഷി വികസനത്തെ ഇത് ദോഷകരമായി ബാധിക്കും

സാമൂഹിക മുന്നേറ്റങ്ങൾ ഏറെ സംഭവിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സാമൂഹിക ഉന്നമനത്തിനൊപ്പം ഊന്നൽ നൽകി സ്ത്രീ മുന്നേറ്റങ്ങളിലും ഒരു വൻ കുതിപ്പ് ഇന്ത്യയിലുണ്ടായിട്ടുണ്ട്. അതിൽ കേരളത്തിന്റെ സംഭാവനയും വളരെ വലുതാണ്. രാഷ്ട്രീയവും നിലപാടുകളും ഉയർത്തി പിടിച്ചു കൊണ്ടുള്ള സ്ത്രീകൾ മുഖ്യധാരയിലേക്ക് കടന്നു വരുന്നുവെന്ന് പറയുമ്പോഴും ഒരു ഭാ​ഗത്ത് അതിനെ എതിർക്കുന്ന അല്ലെങ്കിൽ പിന്തിരിപ്പിക്കുന്ന പല ഘടകങ്ങളും അവിടവിടെ മുളച്ചു പൊന്തുന്നുണ്ട്. പതിനഞ്ച് വയസ്സ് കഴിഞ്ഞ മുസ്ലിം പെൺകുട്ടികൾക്ക് മുസ്ലിം വ്യക്തിനിയമപ്രകാരം സ്വന്തം ഇഷ്ടത്തിനൊരാളെ വിവാഹം കഴിക്കാൻ സാധിക്കുമെന്ന് സുപ്രീംകോടതി വിധിയും ഇത്തരത്തിലൊന്നാണ്.

2022ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. 16 വയസ്സുള്ള മുസ്ലിം പെൺകുട്ടിയും 30 വയസ്സുകാരനും തമ്മിലുള്ള വിവാഹം ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ കമ്മീഷൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. മുസ്ലിം വ്യക്തിനിയമമനുസരിച്ച്, പ്രായപൂർത്തിയാകാത്ത, എന്നാൽ ഋതുമതിയായ ഒരു പെൺകുട്ടിക്ക് രക്ഷിതാക്കളുടെ സമ്മതമില്ലാതെയും ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കാമെന്നായിരുന്നു പഞ്ചാബ്-ഹരിയാന ഹൈകോടതിയുടെ മുൻ വിധി. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ ഈ വിധിയ്ക്കെതിരെ പ്രതിഷേധങ്ങൾ ശക്തമാണ്.

ഇന്ത്യയിലെ സ്ത്രീകളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് വലിയ ഊന്നൽ നൽകിയ ഒരു സുപ്രധാന നീക്കമായിരുന്നു പെൺകുട്ടികളുടെ വിവാഹപ്രായം വർദ്ധിപ്പിച്ചത് മുസ്ലീം സമുദായത്തിലെ പുരുഷ മേധാവികൾ എല്ലാക്കാലത്തും ശൈശവ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും അഡ്വ സി ഷൂക്കൂർ അഴിമുഖത്തോട് പറഞ്ഞു. 18 വയസിന് മുമ്പ് പെൺകുട്ടികളുടെ വിവാഹം നടക്കുന്ന ഒരു ഘട്ടം വന്നുകഴിഞ്ഞാൽ സ്വാഭാവികമായും അവരുടെ വിദ്യാഭ്യാസം മുടങ്ങും. മുമ്പ് പല മാതാപിതാക്കളും പെൺകുട്ടികളെ സ്കൂളിൽ അയച്ചിരുന്നത് വിവാഹം കഴിക്കുന്നത് വരെ വീട്ടിലിരുത്തേണ്ടെന്ന് കരുതിയാണ്. അങ്ങനെ പഠനം പാതിവഴിയിൽ വച്ച് ഉപേക്ഷിക്കുന്ന കുട്ടികളിൽ പ്രതിഭാശാലികളായവരുണ്ടെന്നും സി ഷുക്കൂർ വ്യക്തമാക്കി.

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഒരു പ്രധാനപ്പെട്ട നിയമനിർമ്മാണം നടത്തുന്നത് ഇന്ദിരാ ​ഗാന്ധി ആയിരുന്നു. ആ നിയമത്തിനെതിരെ അന്ന് മുസ്ലീം മഹൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ വരെ നടന്നിരുന്നു. ഇന്ത്യയുടെ ചരിത്രം നോക്കിയാൽ വ്യക്തമാണ് ബ്രിട്ടീഷുകാരാണ് പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്ന നടപടി സ്വീകരിച്ചത്.

ശൈശവ വിവാഹം നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് അവസാനമായി കേരളത്തിൽ ചില പ്രശ്നങ്ങളുണ്ടാവുന്നത് ഉമ്മൻചാണ്ടി ​സർക്കാരിന്റെ കാലത്തായിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന എം കെ മുനീർ ഈ നിയമത്തെ പിന്തുണച്ചു കൊണ്ട് ഒരു ഉത്തരവിറക്കിയിരുന്നു. ആ നിയമത്തിനെതിരെ വ്യാപക പ്രതിഷേധമുയരുകയും തുടർന്ന് നിയമം പിൻവലിക്കേണ്ടതായും വന്നിട്ടുണ്ടെന്ന് ചരിത്രം വ്യക്തമാക്കുന്നു.

ശൈശവ വിവാഹ നിരോധന നിയമം പാർലമെന്റ് പാസാക്കുകയും ആ നിയമം ശക്തമായി നടപ്പിലാക്കുകയും ചെയ്ത ഘട്ടം വന്നതോടെയാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തോടുള്ള മുസ്ലിം സമുദായത്തിന്റെ സമീപനത്തിൽ പോലും മാറ്റം വന്നത്. അതിന് വിഘാതമാകുന്ന രീതിയാണ് സുപ്രീം കോടതിയുടെ ഈ വിധിയെന്ന് വിലയിരുത്തേണ്ടതുണ്ടെന്നാണ് അഡ്വ ഷുക്കൂറിന്റെ അഭിപ്രായം. പ്രത്യ​ക്ഷത്തിൽ ഈ വിധി മുസ്ലീം വ്യക്തി നിയമം ഉയർത്തിപ്പിടിക്കുന്നുവെന്ന് തോന്നിയാലും, ആത്യന്തികമായി നോക്കിയാൽ ഈ വിധി മുസ്ലീം സ്ത്രീകളെ അപരവത്കരിക്കുന്നതായി തോന്നിയേക്കാമെന്നും അഡ്വ ഷുക്കൂർ നിരീക്ഷിക്കുന്നു.

കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ഡെപ്യൂട്ടി സ്പീക്കർ ഒരു മുസ്ലീം സ്ത്രീയായിരുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. എന്നാൽ മുസ്ലീം ലീ​ഗ് രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ കേരളത്തിൽ ഉയർന്നുവന്നതോടെ സാഹചര്യങ്ങൾ മാറി. അതിൽ നിന്നും വലിയ തോതിലുള്ള ഒരു മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇത്തരമൊരു വിധി പ്രഖ്യാപനം സുപ്രീം കോടതി നടത്തുന്നത്.

ബാലാവകാശ കമ്മീഷന് ഈ നടപടിയെ ചോദ്യം ചെയ്യാൻ അവകാശമില്ലെന്ന് സുപ്രീം കോടതിയുടം വാദവും അത്യന്തം അപകടകരമാണെന്നാണ് അഡ്വ ഷുക്കൂറിന്റെ അഭിപ്രായം. കുട്ടികകളുടെ ശാരീരികവും ബൗദ്ധികവുമായ അവകാശങ്ങളും സംരക്ഷിക്കാൻ അവകാശപ്പെട്ട ഒരു ബോഡിയാണ് ബാലാവകാശ കമ്മീഷൻ. കുട്ടികളുടെ സമ​ഗ്രമായ ഉന്നമനം ലക്ഷ്യം വയ്ക്കുന്ന ഇത്തരമൊരു ബോഡിയെയാണ് സുപ്രീം കോടതി ചോദ്യം ചെയ്തിരിക്കുന്നത്. ഈ വിധിയെ തടുക്കുന്ന വിധത്തിൽ മുസ്ലീം സമുദായത്തിന്റെ അകത്ത് നിന്നും പുറത്തും നിന്നും പ്രതിഷേധങ്ങളുയരണമെന്ന് സി ഷുക്കൂർ വ്യക്തമാക്കി.

കേരളത്തിൽ മുസ്ലീം ജനസംഖ്യ 30 ശതമാനത്തിനടുത്തുണ്ട്. ഇതിൽ 14 ശതമാനവും സ്ത്രീകളാണ്. അവരുടെ വിഭ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുന്നുവെന്ന് പറ‍ഞ്ഞാൽ കേരളത്തിന്റെ ജനസംഖ്യയിലെ 14 ശതമാനത്തെ നിങ്ങൾ കെട്ടിയിടുന്നു എന്നാണ് അർത്ഥം. അത് കേരളത്തിന്റെ മാനവശേഷി വികസനത്തെ ദോഷകരമായി ബാധിക്കുമെന്നും സി ഷുക്കൂർ പറ‍ഞ്ഞു.

മുസ്ലീമുകൾക്കെതിരെ വെറുപ്പുണ്ടാക്കാനും ഈ വിധി ഉപയോ​ഗിക്കപ്പെടുന്നതായും വിലയിരുത്തലുകളുണ്ട്. ഇന്ത്യൻ സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് വിവാഹം കഴിക്കാനും പ്രസവിക്കാനും മാനസികമായ വളർച്ചയെത്തുന്ന പ്രായം പതിനെട്ട് ആണ്. പഠനങ്ങളുടേയും പരീക്ഷണങ്ങളുടേയും അടിസ്ഥാനത്തിൽ സെൻട്രൽ ​ഗവൺമെന്റ് ഉണ്ടാക്കിയ നിയമമാണ് അത്. ആ നിയമത്തിന് ഒരു ലക്ഷ്യമുണ്ട് അതാണിവിടെ തകർക്കപ്പെടുന്നത്. മുസ്ലീം സമുദായത്തെ ഒറ്റപ്പെടുത്താനും പാർശ്വവത്കരിക്കാനും ഈ നിയമം വ്യാപകമായി ഉപയോ​ഗിച്ചേക്കാം. ശിശുമരണ നിരക്ക് പോലും ഏറ്റവും കുറവുള്ള സംസ്ഥാനമാണ് നിലവിൽ കേരളം. അതിന് കാരണം പോലും പതിനെട്ട് വയസിന് ശേഷമുള്ള പ്രസവമാണ്. എന്നാൽ നിയമം നടപ്പിലാവുന്നതോടെ ഇതിലെല്ലാം വലിയ മാറ്റം സംഭവിക്കാം അതുകൊണ്ട് തന്നെ ആവശ്യമെങ്കിൽ നിയമനിർമ്മാണം നടത്താനും സംസ്ഥാന സർക്കാർ തയ്യാറാവണം.

പ്രായപൂർത്തിയായി വിവാഹിതരാവുന്ന സ്ത്രീകൾക്ക് മേലുള്ള അതിക്രമങ്ങൾ പോലും വർദ്ധിക്കുന്ന ഈ കാലത്ത് സുപ്രീം കോടതിയുടെ ഈ വിധി സമൂഹത്തിന് വലിയ തിരിച്ചടിയാണെന്നാണ് പ്രശസ്ത എഴുത്തുകാരി ബി എം സുഹ്റ പറയുന്നത്. പതിനഞ്ച് വയസിൽ വിവാഹം കഴിക്കാമെന്ന് നിയമം ഇന്ത്യയിൽ നടപ്പിലായാൽ ഇന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ ​ഗതി അധോ​ഗതിയാവും എനിക്ക് ഇതിനോട് പൂർണ്ണവിയോജിപ്പാണ്. ഒരു പ്രത്യേക കേസിനെ അടിസ്ഥാനപ്പെടുത്തി നടത്തിയ വിധി പ്രസ്താവമാണെങ്കിൽ പോലും അത് അപകടരമാണ്. അത് തുടരാമെന്ന് പറയുന്നത് തന്നെ തെറ്റാണ്. മുസ്ലീം സ്ത്രീകളുടെ ജീവിതം ഇതോടെ കൂടുതൽ ദുരിതത്തിലായേക്കാമെന്നും ബി എം സുഹ്റ വ്യക്തമാക്കി.

15 വയസിൽ പെൺകുട്ടികളെ വിവാഹം കഴിക്കുന്നതും ശാരീരിക ബന്ധത്തിലേർപ്പെടുന്നത് ഇന്ത്യയിൽ കുറ്റകരമാണ്. അതിന് ലൈം​ഗികാതിക്രമമായി മാത്രമേ പരി​ഗണിക്കാൻ കഴിയൂ അവർക്ക് കൺസെന്റ് കൊടുക്കാനുള്ള അധികാരമില്ലെന്നാണ് നിയമം പറയുന്നത്. മാത്രമല്ല ബിഎൻഎസിലെ നിയമപ്രകാരം കണസെന്റിലാത്ത പക്ഷം വിവാഹജീവിത്തിലെ ലൈം​ഗിക ബന്ധത്തെ പോലും പീഡനമായാണ് പരി​ഗണിക്കുന്നത്.

ഒരിക്കൽ പൂർണ്ണമായി നിരോധിക്കപ്പെട്ടിരുന്ന ബാലവിവാഹങ്ങൾ ഇതോടെ വർദ്ധിക്കാം. മുസ്ലീം പെൺകുട്ടികളിൽ ഏറിയ പങ്കും സ്വന്തം കാലിൽ നിന്നതിന് ശേഷം മാത്രമാണ് വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നത് പോലും. 24 വയസ് മുതലാണ് ഇപ്പോൾ വിവാഹപ്രായം. കണ്ടും കേട്ടും വിവാഹമെന്ന് സങ്കൽപ്പത്തോട് പലർക്കും എതിർപ്പുമുണ്ട്. സ്വതന്ത്രരായി ജീവിക്കാൻ ആ​ഗ്രഹിക്കുന്നവരാണ് ഇപ്പോഴത്തെ കുട്ടികളിൽ ഏറിയ പങ്കും. പണ്ട് കാലത്ത് ഒരു വലിയ വിഭാ​ഗം പെൺകുട്ടികൾക്കും വിദ്യാഭ്യാസം കുറവായതിനാൽ മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കേണ്ടി വരുന്നു. അതിനാൽ വിവാഹം കഴിക്കാനും ആജീവനാന്ത കാലം ഒന്നല്ലെങ്കിൽ മറ്റൊരാളെ ഇവർക്ക് ആശ്രയിക്കേണ്ടിയും വരുന്നു. എല്ലാതരത്തിലും മുസ്ലീം വിഭാ​ഗത്തിലെ സ്ത്രീകൾ ഇപ്പോൾ മുന്നോക്കം നിൽക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരത്തിലൊരു നിയമവുമായി ഒരു പരമോന്നത നീതിപീഠം മുന്നോട്ട് വന്നതിൽ എനിക്ക് എതിർപ്പുണ്ടെന്നും ബി എം സുഹ്റ പറയുന്നു.

വിവാഹം കഴിക്കുന്നയെന്നത് ജീവിതത്തിലെ നിർണ്ണായക തീരുമാനമാണ്. എന്നാൽ ഈ തീരുമാനം പലപ്പോഴും പെൺകുട്ടികൾ സ്വയം സ്വീകരിക്കുന്നതല്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. എന്നാൽ ഇതിൽ നിന്ന് വിഭിന്നമായി വിവാഹവും ജോലിയുമെല്ലാം സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കേണ്ട ​ഘട്ടത്തിലേക്ക് പെൺകുട്ടികളിൽ ഏറിയ പങ്കും എത്തിക്കഴിഞ്ഞു. എന്നാൽ ആ ഒരു തിരഞ്ഞെടുപ്പിന് തടയിടുന്ന സുപ്രീം കോടതി വിധിയോട് അഡ്വ പി എം ആതിരയ്ക്കും എതിർപ്പ് തന്നെയാണ്.

വിവാഹപ്രായം എന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ശാസ്ത്ര യുക്തികൾ വികസിച്ച കാലത്ത് ഏകീകൃത രീതിയിൽ തന്നെ ഉണ്ടാവേണ്ടുന്ന ഒന്നാണ്. അതിൽ നീതിന്യായ സംവിധാനത്തിന് ഇടപെടാൻ ഉള്ള ഒരു സാധ്യതയെ മതങ്ങൾക്കുംവ്യക്തിനിയമത്തിനും മുന്നിൽ അടിയറ വെക്കാതിരിക്കാൻ ഒരു ശ്രമവും ഉണ്ടായില്ല എന്നത് നിരാശാജനകമാണെന്ന് പി എം ആതിര പറയുന്നു.

ബ്രിട്ടീഷ് ഇന്ത്യയിലാണ് ഫുൽമോനി എന്ന 11 വയസ്കാരിയെ 35 വയസുകാരൻ വിവാഹം ചെയ്ത് ആദ്യ ലൈംഗിക ബന്ധത്തിന് ശേഷം 13 മണിക്കൂർ രക്തം വാർന്ന് ആ പെൺകുട്ടിയുടെ ജീവൻ ഇല്ലാതായത്. മാരിറ്റൽ റേപ്പിനോ ഗാർഹിക പീഡനത്തിനോ പകരം ഭർത്താവിൻ്റെ റാഷ് & നെഗ്ലീജൻ്റ് ആക്ട് ആണ് അന്നത്തെ കോടതി കണ്ടെത്തിയത്. അതിലൊന്നും വലിയ മാറ്റം വരികയോ മാരിറ്റൽ റെയിപ്പ് ഇപ്പഴും ഒരു ഒഫൻസായി മാറാത്ത നാടാണ് ജനാധിപത്യ ഇന്ത്യ. ഫുൽമോനിയുടെ മരണശേഷം 44 വനിതാ ഡോക്ടർമാർ ശിശു വിവാഹത്തെ തുടർന്ന് ജീവൻ പൊലിഞ്ഞ് പോയ കുട്ടികളുടെ നീണ്ട പട്ടികയുമായി പ്രതിഷേധഹങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.

ആ കാലത്തിൽ നിന്നും അധികം മുന്നോട്ട് പോകാൻ നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല. നാദിറ പറയുന്നു എന്ന് വർഷങ്ങൾക്ക് മുമ്പ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പ്രവർത്തകർ കേരളത്തിലെ തെരുവിൽ പാടി നടന്നത് ശൈശവ വിവാഹങ്ങൾക്കെതിരായ സാമൂഹ്യ പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് അത്തരം മുന്നേറ്റങ്ങളെയാണ് ഈ വിധി അട്ടിമറിക്കുന്നതെന്നാണ് ആതിരയുടെ വാക്കുകൾ

കേരളത്തിൽ വിജ്ഞാനസമ്പത്ഘടനയിലേക്ക് നടന്നു കയറുമ്പോൾ ക്യാമ്പസിൽ ക്ലാസ് മുറിയുടെ പകുതിയിലധികം പെൺകുട്ടികൾ നിറയുന്നതും ഉന്നത വിദ്യാഭ്യാസ മേഖലയിൽ, പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിൽ കടന്നു വരുന്നതിൽ മുസ്ലീം പെൺകുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായതും തനിയെ സംഭവിച്ചതല്ല. ആ പെൺകുട്ടികൾ അവരവരോടും പ്രിയപ്പെട്ടവരോടും നിരന്തരം നടത്തിയ യുദ്ധങ്ങൾ, കലാപങ്ങളുടെ ഫലമാണത്. മതത്തിനകത്തെ സ്ത്രീ വിരുദ്ധത നിരന്തരം അനുഭവിച്ച ജീവിതങ്ങളെ കാണാനുള്ള കരുത്ത് കൂടി നീതി പീഠങ്ങൾ കാണിക്കേണ്ടതായിരുന്നുവെന്ന് ആതിര വ്യക്തമാക്കി.

content summary: Activists warn that marrying Muslim girls under 15 could be a POCSO case under BNS, negatively impacting society

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment