Continue reading “പോക്‌സോ കവരുന്ന ആദിവാസി ജീവിതം ഒരു യാഥാര്‍ഥ്യമാണ്”

" /> Continue reading “പോക്‌സോ കവരുന്ന ആദിവാസി ജീവിതം ഒരു യാഥാര്‍ഥ്യമാണ്”

"> Continue reading “പോക്‌സോ കവരുന്ന ആദിവാസി ജീവിതം ഒരു യാഥാര്‍ഥ്യമാണ്”

">

UPDATES

കേരളം

പോക്‌സോ കവരുന്ന ആദിവാസി ജീവിതം ഒരു യാഥാര്‍ഥ്യമാണ്

                       

രമേഷ്‌കുമാര്‍ വെള്ളമുണ്ട

വയനാട്ടിലെ ആദിവാസി ജീവിതവ്യഥകളില്‍ ഏറ്റവും പുതിയ വലിയൊരു പ്രശ്‌നം എന്താണെന്ന് ചോദിക്കുന്നവര്‍ അനേകമുണ്ട്. അവിവാഹിത അമ്മമാര്‍, അരിവാള്‍ രോഗം, ലഹരിജീവിതം, ഭൂരാഹിത്യം എന്നിവയെക്കുറിച്ചെല്ലാം ചോദിച്ചറിയുന്നവരാണ് കൂടുതല്‍. ഇവ പരിഹരിക്കാന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ വരെയും അവരുടെ അന്വേഷണമെത്താം. എന്നാല്‍ ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം വ്യവസ്ഥ ചെയ്യപ്പെട്ട ഒരു നിയമം ഇവരെ എങ്ങനെ വേട്ടയാടുന്നുവെന്നറിയണമെങ്കില്‍ വയനാട്ടിലെ പിന്നാക്ക ഗ്രാമങ്ങളിലെ ഊരുകളില്‍ എത്തണം. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ പശ്ചാത്തലത്തില്‍ പ്രാബല്യത്തില്‍ വന്ന ‘പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്ട്’ എന്നറിയപ്പെടുന്ന ‘പോക്‌സോ’ നിയമം എതിരാവുന്നതിലൂടെ ജയിലിലടക്കപ്പെട്ട ആദിവാസി യുവാക്കളുടെ ദൈന്യത ആരു കാണാന്‍. ഇഷ്ടപ്പെട്ട പെണ്ണിനെ പരമ്പരാഗത ആചാരപ്രകാരം വിവാഹം ചെയ്തുവെന്ന കേസിലാണ് അനവധി യുവാക്കള്‍ പോക്‌സോ നിയമം ചുമത്തി ജീവപര്യന്തം തടവിനുവരെ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത്. ഇന്ത്യന്‍ നിയമം അനുശാസിക്കുന്ന പ്രായം പെണ്‍കുട്ടികള്‍ക്ക് 18 വയസ്സും ആണ്‍കുട്ടികള്‍ക്കും 21 വയസ്സും തികഞ്ഞിട്ടില്ലെങ്കില്‍ പോക്‌സോ പ്രകാരം കേസെടുക്കാം.

ആദിവാസികളുടെ ജീവിതനിലവാരം ഇനിയും മെച്ചപ്പെടാത്ത ഊരുകളില്‍ ഏറിയവയിലും കുട്ടികളുടെ പ്രായം വരെ എത്രയെന്ന് കൃത്യതയില്ല; അത്തരത്തിലുള്ളവരുടെ എണ്ണം കൂടുതലുമാണ്. പലര്‍ക്കും ജനന സര്‍ട്ടിഫിക്കറ്റുകളില്ല; അതിന്റെ കണക്കുകളും ലഭ്യമല്ല. ഇതിനിടയില്‍ പെണ്‍കുട്ടികള്‍ ഋതുമതിയായി, ആര്‍ത്തവചക്രത്തിനു തുടക്കമിടുമ്പോള്‍ പ്രായപൂര്‍ത്തിയായി എന്നു വിശ്വസിക്കുന്നതാണ് ഇവരുടെ ശീലം. വയസ്സറിയിച്ചു കഴിഞ്ഞാല്‍ പെണ്‍കുട്ടിയേക്കാള്‍ അല്‍പ്പം മുതിര്‍ന്ന ആണ്‍കുട്ടികളുമായുള്ള വിവാഹാലോചന സാധാരണമാണ്. ഇവര്‍ തമ്മില്‍ അധികം വൈകാതെ തന്നെ ഗോത്രാചാര പ്രകാരം കല്യാണവും നടക്കും. ഇവിടെ നിന്നാണ് ഇവരുടെ കുടുംബജീവിതത്തിന്റെ തുടക്കം. ഓരോ ആദിവാസി വിഭാഗങ്ങളിലും ഇത്തരത്തിലുള്ള പരമ്പാരഗത ആചാര പ്രകാരമുള്ള വിവാഹമാണ് ഇന്നും നിലനില്‍ക്കുന്നത്. പതിനേഴ് ശതമാനത്തോളം വ്യത്യസ്ത വിഭാഗത്തിലുള്ള പത്തിലധികം ആദിവാസി സമുദായങ്ങള്‍ തിങ്ങിപാര്‍ക്കുന്ന വയനാട്ടില്‍ ഇങ്ങനെയുള്ള ഇവരുടെ പരമ്പരാഗത ജീവിതക്രമങ്ങള്‍ക്ക് ആരും തടസ്സമായിരുന്നില്ല. ഇന്നിപ്പോള്‍ പരമ്പരാഗത ആചാരത്തില്‍ വിവാഹം നടക്കുന്നുവെന്നറിഞ്ഞാല്‍ അവിടെ പോലീസെത്തും, പോക്‌സോ ചുമത്തി വരനെ ജയിലിലടക്കും.

ഇങ്ങനെ ജയിലില്‍ അകപ്പെട്ടുപോയവര്‍ ഇപ്പോള്‍ അടുത്തകാലത്ത് തന്നെ 50-ലധികം പേര്‍ വരും. നാല്‍പ്പതിനായിരം രൂപയോളം പിഴയും ഇരട്ട ജീവപര്യന്തവുമൊക്കെ ഇവരുടെ പേരില്‍ ചുമത്തുന്നതും സ്വാഭാവികമായി മാറിയിരിക്കുന്നു. ഒരു പക്ഷേ മറ്റേത് സമുദായത്തിലും ചുമത്താന്‍ അധികാരികള്‍ ഭയക്കപ്പെടുന്ന ഈ നിയമം ഇവിടെ ആദിവാസികളുടെ മുകളില്‍ വളരെ എളുപ്പം ചുമത്തപ്പെടുന്നു. ഇവിടെയാണ് ഒരു ആദിവാസിയുടെ ജീവിതം വഴിമുട്ടി പോകുന്നത്. യഥാര്‍ത്ഥത്തില്‍ എന്താണ് തങ്ങളുടെ പേരില്‍ ചുമത്തപ്പെട്ട കുറ്റം എന്നുപോലും മനസ്സിലാക്കാത്തവര്‍ ഇവരുടെ കൂട്ടത്തിലുണ്ട്. വരന്‍ ജയിലില്‍ അകപ്പെടുന്നതോടെ കല്യാണം കഴിഞ്ഞ യുവതികളുടെ അവസ്ഥയാണ് ഭീകരം. പലരും മറ്റു വിവാഹത്തിന് നിര്‍ബന്ധിക്കപ്പെടുന്നു. ശിക്ഷ കഴിഞ്ഞ് തിരികെയത്തുന്നവരാകട്ടെ കുറ്റകൃത്യങ്ങളിലേക്ക് വഴിതെറ്റിപോകുന്നതും ഇവിടെ പതിവാണ്.

ശൈശവ വിവാഹത്തിനെതിരെയുള്ള ഏറ്റവും ഫലവത്തായ നിയമം എന്നാണ് പോക്സോ രാജ്യവ്യാപകമായി നിരീക്ഷിക്കപ്പെടുന്നത്. ചൈല്‍ഡ് അബ്യൂസ് എന്ന പട്ടികയിലല്ലാതെ ജൈവപരമായ പ്രായപൂര്‍ത്തിയാകല്‍ ആര്‍ത്തവ ചക്രത്തിനെയും മറ്റും അടിസ്ഥാനമാക്കി കണക്കാക്കുന്നവരാണ് ഈ നിയമത്തിന്റെ ബലിയാടുകള്‍. വയനാട്ടിലെ ഏറ്റവും പിന്നാക്കമായതും കേരളത്തിലെ ഏറ്റവും വലുതുമായ പണിയ സമുദായമടക്കമുള്ള ആദിവാസികളെയാണ് ഇത് സാരമായി ബാധിക്കുന്നത്. നിലവിലുള്ള വിവാഹ നിയമങ്ങളെക്കുറിച്ചൊന്നും ഇവര്‍ കൂടുതല്‍ ബോധവാന്‍മാരല്ല. എന്നാല്‍ കുറെ നിയമങ്ങളെക്കുറിച്ച് നന്നായും അറിയാം; ചാരായക്കടത്തിനുള്ള ശിക്ഷ തുടങ്ങിയവ. വിവാഹം എന്തുകൊണ്ട് ഒരു കുറ്റമാകുന്നു എന്നതിനെക്കുറിച്ചാണ് ഇവരുടെ വേവലാതി. പെണ്‍കുട്ടിയുടെയും അവരുടെ കുടുംബത്തിന്റെയും പൂര്‍ണ്ണസമ്മതത്തോടെ വിവാഹം ചെയ്ത് ഒന്നിച്ച് താമസിക്കാനാഗ്രഹിച്ചവരെ എന്തിനാണ് ഒരു നിയമം വേര്‍പിരിക്കുന്നത് എന്ന ചോദ്യമാണ് പലയിടത്തുനിന്നും ഉയരുന്നത്. ഇതൊരു മനുഷ്യാവകാശ പ്രശ്‌നമായി ഉയര്‍ന്നു വന്നത് ഈയടുത്തകാലത്താണ്.


ദയാബായിയുടെ ഐക്യദാര്‍ഢ്യം

വയനാട്ടിലേക്ക് ദയാബായി ആദ്യമായി ചുരം കയറി വന്ന് മണ്ണിന്റെ മക്കള്‍ക്ക് ഐക്യദാര്‍ഢ്യം നല്‍കുകയാണ്. ആദിവാസികള്‍ക്ക് നീതി ലഭ്യമാക്കണം. നിയമങ്ങള്‍ ഇവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ വേണ്ടിയാകരുത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ ഗണത്തില്‍പ്പെടുത്തി നിരപരാധികളായ ആദിവാസി യുവാക്കള്‍ ശിക്ഷിക്കപ്പെടുന്നു എന്ന വാര്‍ത്തയറിഞ്ഞാണ് ദയാബായി വയനാട്ടിലേക്ക് യാത്ര തിരിച്ചത്. കല്‍പ്പറ്റയിലെ പോക്‌സോ കോടതിയിലേക്ക് ആദിവാസി ജനകീയ സമിതി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ആദിവാസികള്‍ പ്രകൃതിയുടെ നിയമങ്ങള്‍ പാലിച്ച് ജീവിക്കുന്നവരായിരുന്നു. അവരെ മറ്റിടത്തൊന്നും ചെലവാകാത്ത നിയമങ്ങള്‍ക്കുള്ളില്‍ നിര്‍ത്തി പീഢിപ്പിക്കേണ്ടതില്ലെന്ന് ദയാബായി പറയുന്നു. ഡോ.ആസാദ്, പി.എ.പൗരന്‍, എം.ഗീതാനന്ദന്‍, ആമി രൂപേഷ് തുടങ്ങിയവരൊക്കെ ഈ സമരത്തില്‍ പങ്കാളികളായി. ജില്ലാ കളക്ടര്‍ അടക്കമുള്ളവരില്‍ നിന്ന്‍ ആദിവാസികള്‍ക്ക് നേരെയുള്ള നിയമവാഴ്ച നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ പിരിഞ്ഞു പോയത്.

 

ഇതിനിടയില്‍ പോക്‌സോ നിയമം ആദിവാസികളിലെ ശൈശവ വിവാഹത്തിന് തടയിടാന്‍ കഴിയുന്നതാണ് എന്നവകാശപ്പെട്ട് ചില സംഘടനകള്‍ പോസ്റ്റര്‍ പ്രചാരണം നടത്തിയതും വിവാദമായിരുന്നു. ആദിവാസി സമൂഹത്തിനിടയില്‍ ശരിയായ അവബോധം സൃഷ്ടിച്ച് അവരെ മുഖ്യധാരയോടൊപ്പം ചേര്‍ക്കുക. അതല്ലാതെ കാലങ്ങളായി പാലിച്ച് പോന്ന ശീലങ്ങളും ജീവിതരീതികളും ഒരു നിയമത്തിന്റെ പേരില്‍ ഒറ്റയടിക്ക് മാറ്റാന്‍ ആവശ്യപ്പെടുകയും അതിനെക്കുറിച്ച് ബോധ്യമില്ലാത്തവരെ ജയിലില്‍ അടയ്ക്കുകയും ചെയ്യുക എന്നതല്ല ഇതിന്റെ പ്രതിവിധി.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Share on

മറ്റുവാര്‍ത്തകള്‍