‘കൊടുങ്ങല്ലൂരില്‍ നമ്പൂരി മഠത്തില്‍ പിറന്ന കുഞ്ഞാലു.
ഇന്റര്‍ മീഡിയേറ്റ് വരെ പഠിച്ചു. ചേട്ടന്‍ മനോരോഗി.
ആറു പെങ്ങന്മാര്‍, പ്രൈവറ്റ് ബസ്സില്‍ കണ്ടക്ടറായി.
നൊമ്പരച്ചൂടില്‍ ചിരിപ്പൂക്കള്‍ നിറഞ്ഞു വിടര്‍ന്നു.
കണ്ണുനീര്‍ നനവില്‍ പുഞ്ചിരി നിറവ്.
മലയാള സിനിമയില്‍ ‘ബഹദൂര്‍’ ജന്മം കൊണ്ടു.
സി. ആര്‍. ഓമനക്കുട്ടന്‍.
ഒരു സര്‍ക്കസ് കോമാളിയുടെ കഥ പറയുന്ന അമേരിക്കന്‍ എഴുത്തുകാരനായ ഡൊണാള്‍ഡ് മക്മാനസിന്റെ എമ്മെറ്റ് ‘കെല്ലി: ദി ഗ്രേറ്റസ്റ്റ് കോമാളി ഓണ്‍ എര്‍ത്ത്’ എന്ന പുസ്തകം തന്നെ ഏറെ സ്വാധീനിച്ചതായി ബഹദൂര്‍ തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. എമ്മെറ്റ് കെല്ലി ഈ നൂറ്റാണ്ടിന്റെ ആദ്യം അമേരിക്കയിലെ തെരുവുകളില്‍ പ്രകടനം നടത്തുന്ന ഒരു കോമാളിയായിരുന്നു. ലോകത്തിനെ ബാധിച്ച 1930 കളിലെ ലോകം നേരിട്ട സാമ്പത്തിക മാന്ദ്യകാലത്ത് ജീവിച്ചിരുന്ന എമ്മെറ്റ് കെല്ലി വ്യത്യസ്തനായ ഒരു കോമാളിയായിരുന്നു. തൊഴിലില്ലായ്മയും പട്ടിണിയും നടമാടിയ ആഗോള സാമ്പത്തിക മാന്ദ്യകാലത്ത് ആളുകളെ അവരുടെ പോരാട്ടങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന, എന്നാല്‍ അതേസമയം അവരെ ചിരിപ്പിക്കുന്ന, ദുഃഖിതനായ ഒരു കോമാളിയായി അയാള്‍. ജീവിതത്തിലെ പ്രയാസകരമായ സമയങ്ങളില്‍ മുന്നോട്ട് പോകാന്‍ ആളുകളെ പ്രചോദിപ്പിച്ചു. സര്‍ക്കസ് ആ വറുതിയുടെ കാലത്ത് സമൂഹത്തിനെ ഏറെ ആശ്വസിപ്പിച്ച ഒരു കലാരൂപമായിരുന്നു. തന്റെ വിദൂഷകവേഷം ആളുകളെ ചിരിപ്പിക്കുകയും അവരുടെ പ്രശ്നങ്ങളില്‍ അവരെ സഹായിക്കുകയും ചെയ്തതിനാല്‍, എമ്മെറ്റ് കെല്ലി തന്റെ കാലഘട്ടത്തിലെ ലോകത്തിലെ ഏറ്റവും പ്രശസ്തനായ കോമാളിയായി മാറി. പക്ഷെ കുടുംബം പോറ്റാന്‍ അയാള്‍ പാടുപെട്ടു. തെരുവില്‍ കാണിക്കുന്ന പ്രകടനത്തിലെ വരുമാനം അയാള്‍ക്ക് മതിയാവില്ലായിരുന്നു. കോമാളിയായതിനാല്‍ പ്രാരാബ്ദതങ്ങളുടെ ഭാരം കാരണം സ്വന്തം ദുഃഖം ഓര്‍ത്ത് ഒന്ന് കരയാന്‍ പോലും കഴിയാതെ അയാള്‍ എല്ലാം മനസ്സിലൊതുക്കി ആളുകളെ ചിരിപ്പിച്ചു കൊണ്ടിരുന്നു.
എമ്മെറ്റ് കെല്ലിയേപ്പോലെ തെരുവില്‍ കോമാളിയായില്ലെങ്കിലും നാടകത്തിലും സിനിമയിലും അഭിനയിക്കുമ്പോള്‍ ബഹദൂര്‍ എന്ന നടന്റെ അവസ്ഥ എമ്മെറ്റ് കെല്ലിയുടേത് പോലെയോ അതിലും മോശമോ ആയിരുന്നു. മനോരോഗിയായിരുന്നു ബഹദൂറിന്റെ ചേട്ടന്‍. എങ്ങനെങ്കിലും ഷൂട്ടിങ്ങ് തീര്‍ത്ത് നടന്‍ സത്യനോടോ നസീറിനോടോ കുറച്ച് കാശ് കടം വാങ്ങി. വീട്ടിലേക്ക് ഓടും. ചേട്ടനെ മാനസികാരോഗ്യ കേന്ദത്തില്‍ ചികിത്സിക്കായി കൊണ്ടുപോകാന്‍. മനോരോഗം മാറാന്‍ ചേട്ടന്‍ വിവാഹം കഴിച്ചു. രോഗം മാറിയില്ല. മൂന്നു കുട്ടികളുണ്ടായി. ചേട്ടന്റെ കുടുംബവും സ്വന്തം സഹോദരികളുടേയും കാര്യം നോക്കേണ്ടി വന്നു. എല്ലാം സ്‌നേഹത്തോടെ, നിശബ്ദമായി നേരിട്ടു. അതായിരുന്നു ബഹദൂറെന്ന കോമാളിയുടെ ജീവിതം.
ബഹദൂറിന്റെ അവസാന ചിത്രം ലോഹിത ദാസ് സംവിധാനം ചെയ്ത ‘ജോക്കര്‍’ ആയിരുന്നു. ബഹദൂര്‍ അവസാനമായി അഭിനയിച്ച വേഷം സര്‍ക്കസിലെ അബൂക്കയെന്ന മുതിര്‍ന്ന സര്‍ക്കസ് കോമാളിയായായിട്ടും. അബൂക്ക മറ്റൊരു കോമാളിയായ ബാബുവിനോട് പറയുന്നുണ്ട്
‘കോമാളി കരയാന്‍ പാടില്ല. ചത്താലും കരയാന്‍ പാടില്ല. കോമാളി കരഞ്ഞാല്‍ ആളുകള്‍ ചിരിക്കും. ചിരിപ്പിക്കാന്‍ വേണ്ടി കരഞ്ഞോ, അല്ലാതെ കരയരുത്. കോമാളിയുടെ കണ്ണുനീര് മനസിലിരുന്നാല്‍ മതി. ചിരിക്കണം ചിരിപ്പിക്കണം. നെഞ്ചില് തീപിടിച്ചാലും ചിരിക്കണം.’ സഹോദരനെ ചിത്തരോഗാശുപത്രിയില്‍ അഡ്മിറ്റാക്കി തിരിച്ച് വരുമ്പോള്‍ അനുഭവിച്ച തന്റെ മാനസിക വ്യഥ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. ‘ദുരിതങ്ങളുടേയും വേദനകളുടേയും നടുവില്‍ ഹാസ്യം അഭിനയിക്കുന്ന എന്റെ ജീവിതത്തെ കുറിച്ചോര്‍ത്ത് എനിക്ക് അത്ഭുതം തോന്നി. എനിക്കെങ്ങനെ കോമഡി അഭിനയിക്കാന്‍ കഴിയുന്നു? ഈ വികാരവിചാരങ്ങളൊക്കെ മനസിലുള്ളതിനാല്‍ ജോക്കറെന്ന തന്റെ അവസാന കഥാപാത്രത്തെ അദ്ദേഹം ഹൃദയസ്പര്‍ശിയാക്കി. തന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ കടന്നുപോയ മാനസികവ്യഥയായിരുന്നു അറിഞ്ഞോ അറിയാതേയോ ലോഹിതദാസ് സൃഷ്ടിച്ച ആ കഥാപാത്രത്തിലൂടെ വെള്ളിത്തിരയില്‍ ബഹദൂര്‍ അവതരിപ്പിച്ചത്. ‘ബഹദൂറിക്കയുടെ ആത്മാംശങ്ങള്‍ കലര്‍ന്നതായിരുന്നു ജോക്കറിലെ കഥാപാത്രം’ ലോഹിത ദാസ് എഴുതി.
കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം നമ്പൂതിരി മഠത്തില്‍ പടിയത്ത് കൊച്ചുമൊയ്തീന്റെയും ഖദീജയുടേയും മൂന്നാമത്തെ മകനായി ജനിച്ച കുഞ്ഞാലിയെന്ന ബഹദൂര്‍ മലയാള സിനിമയുടെ ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തെ അവിഭാജ്യ ഘടകമായിരുന്നു. മുതുകുളം രാഘവന്‍ പിള്ളയും എസ്.പി പിള്ളയും ഹാസ്യരംഗങ്ങളില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ബഹദൂറിന്റെ വരവ്.
വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ പഠിപ്പ് ഇന്റര്‍മീഡിയറ്റില്‍ നിറുത്തിയ കുഞ്ഞാലു കുടുംബം പുലര്‍ത്താന്‍ പല തൊഴിലും ചെയ്തു. റേഷനരി കമ്മീഷന്‍ ഏജന്റ്, ബസ്സിലെ ടിക്കറ്റ് ചെക്കര്‍ തുടങ്ങിയ പണികള്‍ ചെയ്യുമ്പോഴും പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടകത്തില്‍ അഭിനയിച്ച ഓര്‍മകള്‍ നടനാവാനുള്ള ശ്രമത്തിലേക്ക് എത്തിച്ചു.
ഏതാണ്ട് 70 വര്‍ഷം മുന്‍പാണ് കെ.വി. കോശി, അന്നത്തെ പ്രമുഖനായ ചലച്ചിത്ര നിര്‍മ്മാതാവ്. ഉദയാ കുഞ്ചാക്കോവിന്റെ പങ്കാളിയായിരുന്ന കെ.വി. കോശി സ്വന്തമായി ഒരു പടം മെറിലാന്റില്‍ നിര്‍മിക്കുന്നു. തിക്കുറിശ്ശി സുകുമാരന്‍ നായരാണ് കഥയും സംഭാഷണവും നായകനും. തിക്കുറുശ്ശി കുഞ്ഞാലുവിന് ഒരു വേഷം കൊടുക്കാന്‍ തയ്യാറായി. മലയാള സിനിമയിലെ എല്ലാ നടമാരുടേയും തലതൊട്ടപ്പനായ തിക്കുറുശ്ശി തന്നെ പുതിയ പേരും ഇട്ടു ‘ബഹദൂര്‍’. അങ്ങനെ കുഞ്ഞാലു ബഹദൂറായി നാല് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതമാരംഭിച്ചു. എസ്. പി. പിള്ളക്ക് വെച്ചിരുന്ന റോളാണ് ബഹദൂറിന് നല്‍കിയത്. ആദ്യമായി അഭിനയിക്കുകയാണെന്ന പകപ്പൊന്നും ബഹദൂറിന് ഉണ്ടായില്ല. പടത്തില്‍ ബുദ്ദു എന്ന വേലക്കാരന്റെ വേഷമായിരുന്നു. അത് അഭിനയിച്ചത് നന്നായെന്ന് എല്ലാവരും പറഞ്ഞു.
തിക്കുറുശ്ശി, ബഹദൂർ, ശങ്കരാടി
ഇത്ര നാളത്തെ ദുരിതത്തിനും കഷ്ടപ്പാടിനും അറുതിയായെന്ന് ബഹൂറിന് തോന്നി. എസ്.പി. പിള്ളക്ക് 5,000 രൂപയാണ് പ്രതിഫലം. 1954 ല്‍, അന്നത്തെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണത്. തനിക്ക് ഒരു 2,000 രൂപയെങ്കിലും കിട്ടുമെന്ന് അയാള്‍ പ്രതീക്ഷിച്ചു. താന്‍ വലിയ സിനിമാ നടനായെന്നും, നല്ലപ്രതിഫലം കിട്ടുമെന്ന് പറഞ്ഞ് പിതാവിന് ഒരു കത്തെഴുതി. നമ്മുടെ ബുദ്ധിമുട്ട് തീരാന്‍ പോകുകയാണ്. ഷൂട്ടിംഗ് തീരും വരെ തിരുവനന്തപുരത്ത് മെറിലാന്റ് സ്റ്റഡിയോവിലായിരുന്നു താമസം.
പുത്രധര്‍മ്മം പടം പൂര്‍ത്തിയായപ്പോള്‍ പ്രതിഫലം ലഭിച്ചു. എണ്ണി നോക്കിയപ്പോള്‍ 150 രൂപ. പ്രതീക്ഷകളെല്ലാം തകര്‍ന്ന അയാള്‍ ദുഃഖത്തോടെ വീട്ടിലേക്ക് തിരിച്ചു. പിതാവിനോട് എന്ത് പറയുമെന്നാലോചിച്ച് അയാള്‍ ആകെ തകര്‍ന്നു പോയി. ഏറെ നാള്‍ക്ക് ശേഷം മകനെ കണ്ടപ്പോള്‍ ആ പിതാവ് ചോദിച്ചു. ‘ നിന്റെ കയ്യില്‍ കാശെത്രയുണ്ട്. മറുപടി പറയാന്‍ കഴിയാതെ ബഹുദൂര്‍ പൊട്ടിക്കരഞ്ഞു.
ബഹദൂറിന്റെ ആദ്യപടത്തിന്റെ പ്രതിഫലത്തിന്റെ കാര്യം പുത്രധര്‍മ്മത്തിന്റെ കഥ പോലെയായ് – പുത്രധര്‍മ്മം നിവവേറ്റപ്പെടുമെന്ന് പിതാവും പുത്ര ധര്‍മ്മം നിറവേറ്റാമെന്ന് മകനും സങ്കല്‍പ്പക്കോട്ടകള്‍ കെട്ടിയ കഥയാണ് പുത്രധര്‍മ്മം എന്ന പടം. പ്രതീക്ഷകള്‍ എല്ലാം തകര്‍ന്നടിയുന്നത് കണ്ട് നിസ്സഹായനായി നില്‍ക്കാനേ ബഹദൂറിന് കഴിഞ്ഞുള്ളൂ.
നടനായി അറിയപ്പെട്ടില്ലേ. ഇനി വെറെ ജോലി ചെയ്യാന്‍ വിഷമം. നാട്ടില്‍ നില്‍ക്കാനും വീട്ടിലെ പ്രാരാബ്ദങ്ങള്‍ അനുവദിച്ചില്ല. പണമുണ്ടാക്കണം അങ്ങനെ നടനാവാന്‍ നിശ്ചയിച്ചു. അപ്പോഴാണ് ഒരാശയം തോന്നിയത് ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോവില്‍ ചെന്ന് കുഞ്ചാക്കോവിനോട് ഒരു ചാന്‍സ് ചോദിക്കുക. മെറിലാന്റ് സുബ്രഹ്‌മണ്യത്തേപ്പോലെ മലയാള സിനിമയിലെ മറ്റൊരു സര്‍വ്വശക്തനാണ്. കുഞ്ചാക്കോ മുതലാളി.
ഉദയായിലെത്തിയ ബഹദൂര്‍ കുഞ്ചാക്കോവിന്റെ മുന്നിലെത്തി. ആ രംഗം മലയാള സിനിമയുടെ ആദ്യകാല ചരിത്രമെഴുതിയ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ ‘മലയാള സിനിമ ചരിത്രം വിചിത്രം’ എന്ന പുസ്തകത്തില്‍ ഇങ്ങനെ വിവരിക്കുന്നു. ‘ഉദായായിലെത്തിയ കുഞ്ഞാലുവിനെ അടിമുടി നോക്കിയിട്ട് കുഞ്ചാക്കോ ചോദിച്ചു. നീ കുരങ്ങാണോ മനുഷ്യനാണോടാ. നിനക്ക് സിനിമയിലഭിനയിക്കണമല്ലേടാ ഓടടാ ഇവിടെ നിന്ന്. കുഞ്ഞാലു നിലവിളിച്ചു കൊണ്ടിറങ്ങിപ്പോന്നു’. സിനിമേലഭിനയിക്കാന്‍ ഇത്രയധികം മനോവിഷമം അനുഭവിച്ച ബഹദൂറിനെപ്പോലെ ഒരു നടന്‍ മലയാള സിനിമയില്‍ വേറെയാരുമില്ല. ഇത്ര മനശുദ്ധിയുള്ള, സഹാനുഭൂതിയുള്ള ബഹദൂറിനേപ്പോലെ മറ്റൊരു നടനെ മലയാളത്തില്‍ കാണാനാവില്ല.’ ചേലങ്ങാട് ഗോപാലകൃഷ്ണന്‍ എഴുതി.
വീണ്ടും തിരുവനന്തപുരത്തേക്ക് തിരിച്ചു. മെറിലാന്റില്‍ പല പടങ്ങളും ഷൂട്ട് ചെയ്യുന്ന കാലമാണ്. ചാന്‍സ് തേടി ബഹദൂര്‍ അവിടെയെത്തി. നീലസുബ്രഹ്‌മണ്യം മുതലാളി ആദ്യമായി ഒരു പടം സംവിധാനം ചെയ്യുന്നു. ‘മന്ത്രവാദി’ ഭാഗ്യത്തിന് അതിലെ ഒരു ജോത്സ്യന്റെ വേഷം കിട്ടി. പ്രേംനസീര്‍ നായകന്‍. കൊട്ടാരക്കരയും ജോസ് പ്രകാശമൊക്കെ പടത്തിലുണ്ട്. ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍ ബഹദൂറിന് പരവേശമായി. വിറയല്‍ കാരണം ഡയലോഗ് പറയാന്‍ സാധിക്കുന്നില്ല. ഒരു രംഗം ചിത്രീകരിക്കാന്‍ ഏഴും എട്ടും ടേക്ക് വേണ്ടി വന്നതോടെ സുബ്രഹ്‌മണ്യം തെറി വിളിച്ചു ഓടിച്ചു.
ദുഃഖിതനായ ബഹദൂറിനെ ജോസ് പ്രകാശ് സമാധാനിപ്പിച്ചു. ജോസ് പ്രകാശിന്റെ നയപരമായ ഇടപെടലിലാണ് സുബ്രഹ്‌മണ്യം വീണ്ടും ബഹദൂറിനെ അഭിനയിപ്പിച്ചത്. പില്‍ക്കാലത്ത് നീലായുടെ ചിത്രങ്ങളില്‍ സുബ്രഹ്‌മണ്യം സ്ഥിരമായി ബഹദൂറിന് അവസരങ്ങള്‍ നല്‍കി. മുട്ടത്തു വര്‍ക്കിയുടെ നോവല്‍ പാടാത്ത പൈങ്കിളി മെറിലാന്റ് സിനിമയാക്കിയപ്പോള്‍ അതിലെ ‘ചക്കര വക്കന്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ബഹദൂര്‍ മലയാള സിനിമയില്‍ മുന്‍നിര ഹാസ്യനടനായി ഉയര്‍ന്നത്.
മലയാളത്തിലെ ആദ്യത്തെ മുഴുനീള ഹാസ്യചിത്രമായ ഉദായായുടെ ‘നീല സാലി’ (1960) കുഞ്ചാക്കോ സംവിധാനം ചെയ്തപ്പോള്‍ ബഹദൂര്‍ നായകനായി. പണ്ട് ചീത്ത വിളിച്ച നടനെ കുഞ്ചാക്കോക്ക് നായകനാക്കേണ്ടി വന്നു. ബഹദൂര്‍ എന്ന നടന്‍ അത്രമാത്രം ജനപ്രിയനായി കഴിഞ്ഞിരുന്നു. കാലത്തിന്റെ നീതി ഒടുവില്‍ ബഹദൂറിനെ തേടി വന്നു എന്ന് മാത്രമല്ല, ആ പടത്തില്‍ അഭിനയിച്ച ഗാനരംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിമയിലെ നിത്യകാമുകനായ പ്രേംനസീറിന്റെ ഒരു പ്രേമരംഗം അനുകരിച്ച് ബഹദൂര്‍ പാടി അഭിനയിച്ച് തകര്‍ത്തു.
‘നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍
നീയല്ലാതാരുണ്ടെന്നുടെ കുടിലില്‍ ഒരുനാള്‍ കുടിവെയ്ക്കാന്‍
നീയല്ലാതാരുണ്ടെന്നുടെ കുടിലില്‍ ഒരുനാള്‍ കുടിവെയ്ക്കാന്‍
നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാന്‍
നീയല്ലാതാരുണ്ടെന്നും നീലിപ്പെണ്ണൊടു കഥപറയാന്‍’
പി. ഭാസ്‌ക്കരന്‍ എഴുതി കെ. രാഘവന്‍ ഈണമിട്ട് മെഹബൂബും എം.പി. കോമളയും പാടിയ ഈ ഹിറ്റ് യുഗ്മഗാനം പ്രേംനസീര്‍ പ്രണയ ഗാനങ്ങളുടെ ഒരു മിമിക്രിയായിരുന്നു.
ബഹദൂറെന്ന ചെറിയ മനുഷ്യന്റെ കണ്ണുരുട്ടിയുള്ള നോട്ടം കൊണ്ട് പ്രേക്ഷകര്‍ ചിരിക്കുകയും ദൈന്യമേറിയ ഒരു നോട്ടം കൊണ്ട് പ്രേക്ഷകരെ കരയിപ്പിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടം മലയാള സിനിമയില്‍ ആരംഭിച്ചു. ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് സിനിമയിലെത്തിയ അടൂര്‍ ഭാസി ബഹദൂറിനോടൊപ്പം ചേര്‍ന്നതോടെ പ്രശസ്തമായ ഭാസി – ബഹദൂര്‍ കൂട്ടുകെട്ട് ആരംഭിക്കുന്നത്. വേലുത്തമ്പി ദളവ (1962) യിലാണ് ഇരുവരും ഒന്നിക്കുന്നത്. ഡേറ്റ് ചോദിച്ച് നിര്‍മ്മാതാവ് ചെന്നാല്‍ അടൂര്‍ ഭാസി ചോദിക്കുക ബഹദൂര്‍ ഇല്ലെ എന്നാണ്. ബഹദൂറിന്റെ അടുത്ത് ചെന്നാല്‍ ഭാസിയില്ലെ എന്നും? അന്നത്തെ സിനിമാ കഥയ്ക്കനുസരിച്ച് നിലവാരമില്ലാത്ത തമാശകളാണെങ്കിലും ആളുകള്‍ക്ക് രസിച്ചു.
ബഹദൂറും അടൂർ ദാസിയും
70 കളുടെ പകുതി വരെ ഭാസി – ബഹദൂര്‍ കൂട്ടുകെട്ട് തമാശ രംഗങ്ങള്‍ അക്കാലത്തെ അടിയിടി പടങ്ങളുടെ അവിഭാജ്യ ഘടകമായിരുന്നു. മലയാള ചലച്ചിത്ര നടന്മാരെ കഥാപാത്രമാക്കി ആദ്യമായി ഭാസി – ബഹദൂര്‍ എന്ന ചിത്രകഥ ഒരു വാരികയില്‍ വരാന്‍ തുടങ്ങിയത് ഈ നടന്മാരുടെ സ്വീകാര്യത എത്രമാത്രമുണ്ടന്ന് തെളിയിക്കുന്നു. രണ്ടു നടന്‍മാര്‍ക്കും എല്ലായിടത്തും സമൃദ്ധിയായി ആരാധകവൃന്ദവും ഉണ്ടായിരുന്നു.
തിരുവനന്തപുരത്തെ നാടകരംഗത്തെ പ്രമുഖരായ സി.എന്‍. ശ്രീകണ്ഠന്‍ നായര്‍, വിക്രമന്‍ നായര്‍ തുടങ്ങിയ ബൗദ്ധിക നാടക സദസ്സില്‍ പങ്കെടുത്തും അഭിനയിച്ചുമുള്ള അനുഭവങ്ങളുമായാണ് അടൂര്‍ ഭാസി സിനിമയില്‍ എത്തുന്നത്. എന്നാല്‍ സ്വന്തമായി ഉണ്ടായിരുന്ന നാടക ട്രൂപ്പിലെ അഭിനയത്തിന്റെ മാത്രം പിന്‍ബലത്തിലാണ് ബഹദൂര്‍ സിനിമയില്‍ അഭിനയിക്കുന്നത്. രണ്ടുപേരും ജോഡിയാണെങ്കിലും സ്വഭാവത്തില്‍ തികച്ചും വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നു. അടുര്‍ ഭാസി മലയാള സിനിമാ ലോകത്ത് താന്‍ പോരിമ കാണിക്കുന്ന ആളും പിശുക്കിന് പേര് കേട്ടയാളായിരുന്നു. കെ.പി.എ.സി. ലളിതയുടെ ആത്മകഥയില്‍ അടൂര്‍ ഭാസിയില്‍ നിന്ന് തനിക്ക് നേരിടേണ്ട പീഡന പരമ്പര വിശദമായി അവര്‍ എഴുതിയിട്ടുണ്ട്. സിനിമയിലെ നല്ല തമാശക്കാരനായ അടൂര്‍ ഭാസിയുടെ ഒട്ടും തമാശയല്ലാത്ത കാര്യങ്ങളാണ് അതില്‍ പറയുന്നത്.
എന്നാല്‍ ബഹുദൂര്‍ എന്ന നടനും വ്യക്തിയും കറകളഞ്ഞ സ്വഭാവത്തിന് ഉടമയായിരുന്നു. ‘ഒരാള്‍ക്കൊരു വിഷമം വന്നാല്‍ അത് എങ്ങനെയെങ്കിലും തീര്‍ത്താല്‍ മാത്രം ഉറക്കം കിട്ടുന്ന ചിലരുണ്ടല്ലോ അങ്ങനെയാണ് ബഹദൂറിക്ക’ മാമ്മുകോയ ബഹദൂറിനെ കുറിച്ചു പറഞ്ഞതാണ്. എസ്. കോന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ (1983) ലാണ് മാമുക്കോയ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. അതും ഒരു ചെറിയ വേഷം. അത് മനസിലാക്കി ആ പടത്തില്‍ അഭിനയിക്കുന്ന ബഹദൂര്‍ കോന്നനാട്ടിനോട് പറഞ്ഞു ‘മാമൂനെ എങ്ങനെയെങ്കിലും കുറച്ച് സീനിലേക്ക് കേറ്റണം. അങ്ങനെ മാമുക്കോയക്ക് കുറച്ച് കൂടി രംഗവും ഡയലോഗും കിട്ടി. അന്ന് തുടങ്ങിയ ബന്ധമാണ് അവര്‍ തമ്മില്‍. ‘ബഹദൂര്‍ക്കയാണ് എനിക്ക് പ്രിയപ്പെട്ട ഹാസ്യ നടന്‍. ഹാസ്യ നടന്‍ എന്ന് പറയാന്‍ പറ്റില്ല. ഹാസ്യത്തോടൊപ്പം തന്നെ വളരെ ഗൗരവമുള്ള കഥാപാത്രങ്ങളേയും ബഹദൂറിക്ക അവതരിപ്പിച്ചിട്ടുണ്ട്. അഭിനയം കൊണ്ടും വ്യക്തിത്വം കൊണ്ടും എനിക്ക് ഏറ്റവും ആദരവ് തോന്നിയ ആളാണ് ബഹദൂറിക്ക. ഇത്രയും ആദരവ് അടൂര്‍ ഭാസിയോട് എനിക്ക് തോന്നിയിട്ടില്ല. മലയാള സിനിമയില്‍ വ്യക്തിത്വം കൊണ്ട് ഞാന്‍ ഏറ്റവും ബഹുമാനിച്ചു പോയ നടന്‍ ബഹദൂറിക്കയാണ്. ഒരു കലാകാരന്‍ എന്ന നിലയില്‍ ബഹദൂറിക്കാന്റെ മനുഷ്യത്വം വളരെ വലുതായിരുന്നു’. മാമുക്കോയ ഒരിക്കല്‍ പറഞ്ഞു.
ഭാസി – ബഹദൂർ ചിത്രക്കഥ
ഹാസ്യവേഷങ്ങളില്‍ നിന്ന് പുറത്തുകടന്ന് കാരക്ടര്‍ വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങിയ ആദ്യ നടനാണ് ബഹദൂര്‍. ഇത് മനസിലാക്കി അന്നത്തെ മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകന്‍ കെ.എസ്. സേതു മാധവന്‍ തന്റെ ചിത്രങ്ങളില്‍ ബഹദൂറിന് ഗൗരവമുള്ള വേഷങ്ങള്‍ നല്‍കി. ‘കടല്‍പ്പാലം’, ‘വാഴ് വേമായം’, ‘യക്ഷി’, ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്നീ സേതു മാധവന്റെ സിനിമകളില്‍ ബഹദൂര്‍ ഉജ്ജ്വലമായ ഭാവാഭിനയമാണ് കാഴ്ചവച്ചത്.
ആ കാലത്തെ ചിത്രങ്ങളില്‍, പ്രത്യേകിച്ചും മുസ്ലിം കുടുംബ കഥ പ്രമേയമായവയില്‍ മൊല്ലാക്കയായും നിക്കാഹിനായി വീടു വീടാന്തരം കേറിയിറങ്ങുന്ന മുസലിയാരായും ബഹദൂര്‍ വെള്ളിത്തിരയില്‍ തിളങ്ങി. അരനൂറ്റാണ്ടു മുന്‍പ് വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത നോവല്‍ മുച്ചീട്ട് കളിക്കാരന്റെ മകള്‍ തോപ്പില്‍ ഭാസിയുടെ സംവിധാനത്തില്‍ പുറത്ത് വന്നപ്പോള്‍ പ്രധാന കഥാപാത്രമായ മണ്ടന്‍ മുത്തപ്പയായി അഭിനയിച്ചത് ബഹദൂറായിരുന്നു.
സത്യന്‍ അന്തിക്കാടിന്റെ ആദ്യ ചിത്രമായ ‘കുറുക്കന്റെ കല്യാണം’ (1982) ത്തിലെ ബഹദൂറിന്റെ സൂപ്പി ഹാജി വ്യത്യസ്തമായ ഒരു വേഷമായിരുന്നു. തനിക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന സ്വന്തം വീടരുടെ തെറ്റിദ്ധാരണ മാറ്റാന്‍ പാടുപെടുന്ന ശുദ്ധഗതിക്കാരനായ ഹാജിയാരുടെ ദുരവസ്ഥ മനോഹരമായി ബഹദൂര്‍ അഭിനയിച്ചു.
മീന, ബഹദൂർ, സുകുമാരൻ – ചിത്രം :കുറുക്കൻ്റെ കല്യാണം
1970, 72 വര്‍ഷങ്ങളില്‍ മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡ് 1973 ലും 76 ലും മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം 1976 ല്‍ ‘മാധവിക്കുട്ടി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ പുരസ്‌കാരം എന്നിവ അദ്ദേഹം നേടി.
സ്വന്തം ജീവിതത്തില്‍ കയ്പ്പ് ഏറെ രുചിച്ചതിനാലാകാം, മറ്റുള്ളവരുടെ വിഷമങ്ങള്‍ അറിയാന്‍ ശ്രമിക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്ന ഒരാളായിരുന്നു ബഹദൂര്‍. സഹായിക്കുക ആ മനുഷ്യന്റെ ദൗര്‍ബല്യമായിരുന്നു. അതില്‍ അഭിനയം ലവശേമില്ലായിരുന്നു. സിനിമാ ലോകത്ത് കാണാത്ത ഒരു അപൂര്‍വ്വ നന്മ’. ഒരു കാലത്ത് തിരക്കുള്ള നടനായിട്ടും ഒരു ചലച്ചിത്ര താരത്തിന്റെ സാമ്പത്തിക സൗഭാഗ്യങ്ങളില്‍ നിന്ന് ഏറെ അകലെയായിരുന്നു ബഹദൂര്‍. മറ്റുള്ളവരെ സഹായിക്കുക, ആരേയും വിശ്വസിക്കുക ആരുടേയും മുന്‍പില്‍ തന്റെ വാതില്‍ തുറന്നിടുക എന്ന ശീലം അദ്ദേഹം ജീവിതത്തില്‍ എന്നും പുലര്‍ത്തിയത് ഏറെ സാമ്പത്തിക നഷ്ടവും അബദ്ധങ്ങളും വരുത്തി വെച്ചു.
ബഹദൂര്‍ എല്ലാവരേയും വിശ്വാസത്തിലെടുക്കും. ആരുടെയോ പ്രേരണയാല്‍ ഒരു ഫിലിം ലാബ് തുടങ്ങി. തിരുവനന്തപുരത്ത് 1978 ല്‍ ബഹദൂര്‍ പാപ്പനം കോട് ആര്‍.കെ. ലാബ് എന്നൊരു ബ്ലാക് ആന്റ് വൈറ്റ് പ്രൊസസ്സ് യൂണിറ്റ് ആരംഭിച്ചു. വര്‍ഷങ്ങളായുള്ള സിനിമയിലെ ബന്ധങ്ങള്‍ കാരണം പടങ്ങളുടെ വര്‍ക്ക് കിട്ടുമെന്ന പ്രതീക്ഷയാല്‍ കടമെടുത്താണ് ഉപകരണങ്ങള്‍ വാങ്ങി യൂണിറ്റ് ആരംഭിച്ചത്. സംരംഭം നല്ലതായിരുന്നു. പക്ഷേ, സന്ദര്‍ഭം മോശമായിരുന്നു. മലയാള സിനിമ ബ്ലാക്ക് ആന്റ് വൈറ്റില്‍ നിന്ന് കളറിലേക്ക് മാറുന്ന സമയത്താണ്. ആര്‍. കെ. ലാബ് ആരംഭിക്കുന്നത്. പല ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളും നിര്‍മ്മാണം പകുതിയില്‍ ഉപേക്ഷിക്കപ്പെട്ടു. നിര്‍മ്മാണം കഴിഞ്ഞ ചില ചിത്രങ്ങള്‍ പെട്ടിയില്‍ വെളിച്ചം കാണാതെ ഇരുന്നു. (രണ്ടാം നിര നായക നടനായ വിന്‍സെന്റിന്റെ എട്ട് സിനിമകളാണ് ഈ മാറ്റത്തില്‍ വെളിച്ചം കാണാതെ പെട്ടിയില്‍ ഒതുങ്ങിയത്. അതോടെ നായകനാകാനുള്ള വിന്‍സെന്റിന്റെ വളര്‍ച്ച നിലച്ചു.)
ജോക്കറിൽ ദിലീപിനോടൊപ്പം
ഈ സംരംഭത്തില്‍ എട്ട് ലക്ഷം രൂപ കെ. എഫ്. സി യില്‍ നിന്ന് കടമെടുത്താണ് ബഹദൂര്‍ സ്ഥലവും കെട്ടിടവും ഉപകരണവും സ്ഥാപിച്ചത്. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ നിര്‍മ്മാണം അവസാനിപ്പിച്ചു. ഒടുവില്‍ ലാബ് അടച്ചുപൂട്ടി. തുടങ്ങുന്നതിന് മുന്‍പ് കാലഹരണപ്പെട്ട സ്ഥാപനമായി അത് അവസാനിച്ചു. ലോണ്‍ അടവ് മുടങ്ങിയപ്പോള്‍ ബാദ്ധ്യത ഒഴിവാക്കി സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുത്തു. സര്‍ക്കാരിന് ഒഴിഞ്ഞു കൊടുക്കുന്നതിന് മുന്‍പ് ബഹദൂര്‍ തന്റെ സ്വപ്നമായിരുന്ന ആ സ്ഥാപനം സന്ദര്‍ശിക്കാനെത്തി. അതിന്റെ ഓഫീസിന്റെ ഭിത്തിയില്‍ എല്ലാ മതസ്ഥരുടേയും ദൈവങ്ങളുടെ വലിയ ഫോട്ടോ ഫ്രെയിം ചെയ്ത് മാല തൂക്കിയിരുന്നു. ബഹദൂര്‍ തിരികെ പോകുമ്പോള്‍ അതില്‍ ഒരെണ്ണം മാത്രം പൊതിഞ്ഞെടുത്തു. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ചോദിച്ചു. ‘ബാക്കിയുള്ള ചിത്രങ്ങളോ ? ബഹദൂര്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു ‘വേണ്ട, അവരാരും എന്നെ സഹായിച്ചില്ല’. എല്ലാ നിരാശയും അദ്ദേഹം ആ വാചകത്തില്‍ ഒതുക്കി.
1971 ല്‍ ബഹദൂര്‍ അടുത്ത തന്റെ പദ്ധതിയായ ഇതിഹാസ് എന്ന സിനിമ വിതരണക്കമ്പനി തുടങ്ങി. അതിന്റെ ഭാഗമായി പി.എ. ബക്കര്‍ നിര്‍മ്മിക്കുന്ന ‘മാന്‍പേട’ എന്ന പടത്തിന്റെ നിര്‍മ്മാണ മൂലധനം കൊടുത്തു. അസീസ് സംവിധാനം ചെയ്ത ജയഭാരതിയും പ്രേം നവാസുമൊക്കെ അഭിനയിച്ച പടം ഒരു ദിവസം ഓടി. ആദ്യ ദിവസം മാറ്റിനി കണ്ട പ്രേക്ഷകര്‍ തിയേറ്റില്‍ അടുത്ത ഷോക്ക് ടിക്കറ്റിനായി നില്‍ക്കുന്നവരെ അടിച്ചോടിക്കുകയായിരുന്നു എന്ന് ഒരു ചലച്ചിത്ര പ്രസിദ്ധീകരണം എഴുതി. അത്രയ്ക്ക് കേമമായിരുന്നു പടം. ‘കേരളത്തില്‍ ഒരു തിയറ്ററിലും രണ്ട് ദിവസത്തില്‍ കൂടുതല്‍ ഓടാത്ത ചിത്രത്തിന് അവാര്‍ഡ് കൊടുക്കുമെങ്കില്‍ അതിന് അര്‍ഹതപ്പെട്ട പടമായിരുന്നു മാന്‍പേട എന്നാണ് ബഹദൂര്‍ ആത്മകഥയില്‍ എഴുതിയത്. ആ പടത്തിനും ലക്ഷങ്ങള്‍ പോയി അതോടെ വിതരണക്കമ്പനി കാലിയായി പൂട്ടി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തന്റെ പണം കൊണ്ടു നിര്‍മിച്ച സിനിമയിലൂടെ തനിക്ക് തന്ന നഷ്ടവും വേദനയും അദ്ദേഹം മറന്നില്ല. സത്യന്‍ അന്തിക്കാടിനോട് ഒരിക്കല്‍ അദ്ദേഹം പറഞ്ഞു. ‘കരയുന്ന രംഗം വരുമ്പോള്‍ ഗ്ലിസറിന്‍ വേണ്ട, മാന്‍ പേട എന്ന് പറഞ്ഞാല്‍ മതി കണ്ണില്‍ നിന്ന് കുടു കുടുയെന്ന് വെള്ളം ചാടും’
സന്തത സഹചാരിയായ അടൂര്‍ഭാസിയാണ് ബഹദൂറിന് പറ്റിയ പല അബദ്ധങ്ങളും തന്റെ ശൈലിയില്‍ പലരോടും കഥയായി പറഞ്ഞത്. ചരിത്രമാക്കിയത്. അതിലൊന്ന് ബഹദൂര്‍ വാങ്ങിയ ഒരു പട്ടിയെ കുറിച്ചായിരുന്നു. ബഹദൂര്‍ നല്ലൊരു പട്ടിക്കുട്ടിയെ വാങ്ങി. കാണാന്‍ ഭംഗിയുള്ള, വിലയേറിയ ഒരു ഇനം എന്ന് പറഞ്ഞാണ് വാങ്ങിയത്. അതിനെ രാജകീയമായി പരിചരിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ പട്ടിയുണ്ട് കൂവുന്നു. അത് കുറുക്കന്റെ കുഞ്ഞായിരുന്നു!. പിന്നെ അതിനെ കളഞ്ഞ് വെറെ ഒന്നിനെ വാങ്ങി. അത് വീടിന്റെ വരാന്തയില്‍ കിടക്കും. ആരെങ്കിലും വന്നാല്‍ വാലാട്ടി നേരെ സന്ദര്‍ശകനെ ബെഡ്‌റൂമില്‍ കൊണ്ടുപോയി അലമാരയും താക്കോല്‍ വെച്ചിരിക്കുന്ന ഇടവും കാണിച്ചു കൊടുക്കും.
ഒരിക്കല്‍ ജോസ് പ്രകാശും ബഹദൂറും കൂടി എസ്.പി പിള്ളയെ കാണാന്‍ പോയി. വഴിക്ക് ഒരു ബാറില്‍ കയറി. ഒരു സ്‌മോള്‍ കഴിക്കാന്‍ പറഞ്ഞപ്പോള്‍ ബഹദൂറിന് എതിര്‍പ്പ്. ഒടുവില്‍ ഒരു ഗ്ലാസ് ബിയര്‍ കഴിക്കാന്‍ തയാറായി. ജോസ് പ്രകാശ് സപ്ലെയര്‍ക്ക് ഒരു രഹസ്യ സിഗ്‌നല്‍ കൊടുത്തു. അയാള്‍ ഒരു ഗ്ലാസില്‍ ബിയര്‍ കൊണ്ടു വെച്ചു. ബഹദൂര്‍ അത് മുഴുവന്‍ അകത്താക്കി. വാസ്തവത്തില്‍ അത് രണ്ട് പെഗ് ബ്രാന്‍ഡിയായിരുന്നു. ഏറ്റുമാനൂരില്‍ എസ്.പി. പിള്ളയെ കാണാനായി രണ്ടുപേരും കുടി പോകുമ്പോള്‍ ബഹദൂര്‍ പറഞ്ഞു. ‘എടോ ജോസ് പ്രകാശേ, ഈ കോട്ടയം മുഴുവന്‍ കറങ്ങുകയാണല്ലേടോ? വീട്ടിലെത്തിയ ബഹദൂര്‍ എസ്. പി. പിള്ളയോട പരാതി പറഞ്ഞു. ‘ഈ ജോസ് പ്രകാശ് ബിയറാണെന്ന് പറഞ്ഞ് എന്നെ ബ്രാന്‍ഡി കുടിപ്പിച്ചു. ഇത് കേട്ട എസ്. പി.പിള്ള ജോസ് പ്രകാശിനെ ചീത്ത വിളിച്ചു. കെട്ട് വിടാന്‍ ഒരു മരുന്ന് ഉണ്ട് അത് കുടിച്ചോ എന്ന് പറഞ്ഞ് ഒരു ഗ്ലാസില്‍ മരുന്ന് കൊടുത്തു. ബഹദൂര്‍ മരുന്ന് ഒറ്റ വലിക്ക് അകത്താക്കിയതും, ഠിം ന്ന് തല കറങ്ങി താഴെ വീണു. മരുന്ന് എന്ന് പറഞ്ഞ് എസ് പിയാശാന്‍ കൊടുത്തത് ഒന്നാം തരം വാറ്റു ചാരായമായിരുന്നു. പിന്നെ രണ്ട് നാള്‍ കഴിഞ്ഞാണ് ബഹദൂര്‍ പൊന്തിയത്. ഇങ്ങനെ പോയി ഭാസിക്കഥകള്‍. ഇതൊക്കെ കെട്ട ആരോ പറഞ്ഞു. ‘ഇതൊക്കെ ഭാസി തമാശ പറഞ്ഞതാണെന്ന്’ അപ്പോള്‍ അടൂര്‍ ഭാസി പറഞ്ഞു. ഞാനിത് ചിരിച്ച് കൊണ്ടാണ് പറയുന്നത് ബഹദൂര്‍ കരഞ്ഞു കൊണ്ടാണ് പറഞ്ഞത് എന്ന വ്യത്യാസമേയുളളൂ.
പഴയതലമുറയിലേയും പുതിയ തലമുറയിലെയും സിനിമാ പ്രവര്‍ത്തകരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന അപൂര്‍വ്വം നടനായിരുന്നു ബഹദൂര്‍. ശത്രുക്കളില്ലാത്ത ഒരു മനുഷ്യന്‍ എന്നാണ് ശ്രീ കുമാരന്‍ തമ്പി ബഹദൂറിനെ വിശേഷിപ്പിച്ചത്. യൂസഫലി കേച്ചേരി ആദ്യമായി മൂടുപടത്തില്‍ പാട്ടെഴുതുന്നത് ബഹദൂറിന്റെ ശക്തമായ ശുപാര്‍ശയിലാണ്. ചന്ദതാരയുടെ ഉടമ പരിക്കുട്ടി സാഹിബ് പി. ഭാസ്‌കരന്‍ മാസ്റ്ററെയല്ലാതെ ആരെയും പാട്ടെഴുതാന്‍ വിളിക്കില്ല. പി. ഭാസ്‌കരനോട് ബഹദൂര്‍ കാര്യം പറഞ്ഞു, പരിക്കുട്ടി സാഹിബിന്റെ അമ്മാവനെ കൊണ്ട് പറയിച്ചാണ് ബഹദൂര്‍ യൂസഫലിക്ക് അവസരം നേടിക്കൊടുത്തത്.
മൂടുപടത്തിലെ ‘മയിലാഞ്ചിത്തോപ്പില്‍ മയങ്ങി നില്‍ക്കുന്ന സുന്ദരി’ എന്ന യൂസഫലിയുടെ ആദ്യ ഗാനം തന്നെ ശ്രദ്ധേയമായി. പ്രശസ്ത സംവിധായകന്‍ കമല്‍ സിനിമാ മോഹവുമായി മദ്രാസില്‍ എത്തിയപ്പോള്‍ ആദ്യം കണ്ടത് തന്റെ ബന്ധു കൂടിയായ ബഹദൂറിനെയാണ്. പക്ഷേ, കോടംബാക്കത്തെ എല്ലാ കളികളും അറിയാവുന്ന ബഹദൂര്‍ ആദ്യം കമലിനെ നിരുത്സാഹപ്പെടുത്തി. തിരികെ പോകാന്‍ ടിക്കറ്റ് വരെ എടുത്തു കൊടുത്തു. പിന്നീടാണ് കമലിന്റെ നിശ്ചയദാര്‍ഢ്യം മനസിലാക്കിയ ബഹദൂര്‍ അന്നത്തെ പ്രമുഖ സംവിധായകനായ ഐ.ബി.രാജിനോട് പറഞ്ഞ് അദ്ദേഹത്തിന്റെ കീഴില്‍ കമലിനെ സഹ സംവിധായകനാക്കാന്‍ ഏര്‍പ്പാട് ചെയ്തു. സുധീര്‍ കുമാര്‍ എന്ന നടനോട് ബഹദൂര്‍ പറഞ്ഞു. ‘സുധീര്‍ എന്ന പേര് സിനിമയില്‍ രക്ഷപ്പെടില്ല. ഇപ്പോള്‍ത്തന്നെ ഒരു സുധീര്‍ ഉണ്ട് അത് കൊണ്ട് നീ പേര് മാറ്റണം. പിന്നീട് അയാള്‍ പേര് മാറ്റി മണിയന്‍ പിള്ള രാജു എന്നറിയപ്പെട്ടു.
ശുദ്ധഗതിക്കാരനായതിനാല്‍ ബഹദൂര്‍ പല അപകടങ്ങളിലും പെട്ട് പോയിട്ടുണ്ട്. ഒരു ബന്ധുവിന്റെ ഉപദേശം കേട്ട് മീന്‍ കമ്പ വല വാങ്ങിച്ചു. കരയില്‍ നിന്ന് എറിഞ്ഞ് വീശി മീന്‍ പിടിക്കുന്ന വലയാണ് കമ്പ വല. ആദ്യത്തെ ദിവസം നല്ല പോലെ മീന്‍ കിട്ടി. രണ്ടാം ദിവസം വല കീറി. പിന്നെ അത് നന്നാക്കി മറ്റൊരാള്‍ക്ക് വിറ്റു. അയാള്‍ ആദ്യം വീശിയപ്പോള്‍ കിട്ടിയത് ഒരാളുടെ മൃതദേഹം. പിന്നെ കേസായി. നാട്ടില്‍ കാണാതായ ഒരാളുടെ ശവശരീരമാണെന്ന് പ്രചരിച്ചു. മൃതശരീരം തിരിച്ചറിയാനും കഴിഞ്ഞില്ല. വിറ്റവനും വാങ്ങിയവനും പോലീസ് സ്റ്റേഷനില്‍. ഒടുവില്‍ കാണാതായ വ്യക്തിയെ തേടിപ്പിടിച്ച് കോടതിയില്‍ ഹാജരാക്കിയാണ് ബഹദൂര്‍ കേസില്‍ നിന്ന് രക്ഷപ്പെട്ടത്.
തന്റെ നിലയും വിലയും നന്നായി മനസിലാക്കിയ ബഹദൂറെന്ന നടന്‍ ഒരു വിവാദങ്ങളിലും പെട്ടില്ല. ഔചിത്യപൂര്‍വ്വം പെരുമാറാനും അദ്ദേഹത്തിന് കഴിഞ്ഞു. ഒരിക്കല്‍ ഒരു പരിപാടിക്ക് ദുബായ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി. സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയമാണ്. കൂടെ ഫ്‌ലൈറ്റില്‍ അതേ പരിപാടിയില്‍ പങ്കെടുക്കാന്‍ എം.ടി. വാസുദേവന്‍ നായരുമുണ്ടായിരുന്നു. ഫ്‌ലൈറ്റ് ഇറങ്ങി വന്ന ബഹദൂറിനെ ആരാധകര്‍ പൊതിഞ്ഞു. തോളിലേറ്റി നിലം തൊടിക്കാതെയാണ് അദ്ദേഹത്തെ എയര്‍പോര്‍ട്ടിന് പുറത്തേക്ക് ആനയിച്ചത്. മലയാളത്തിന്റെ മഹാപ്രതിഭ എം.ടി. ഒറ്റയ്ക്ക് നില്‍ക്കുന്നു. സ്വീകരിക്കാന്‍ വന്നവര്‍ സിനിമാതാരത്തെ കണ്ടപ്പോള്‍ എല്ലാം മറന്ന് അദ്ദേഹത്തിന്റെ കൂടെ പോയി.
പിറ്റെന്നാള്‍ ബഹദൂറിനും എം.ടിക്കും സ്വീകരണ യോഗമുണ്ടായിരുന്നു. അതില്‍ പ്രസംഗിക്കുമ്പോള്‍ തലേദിവസം എയര്‍പ്പോര്‍ട്ടില്‍ നടന്ന സംഭവത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, തന്നേക്കാള്‍ എത്രയോ ഉന്നത പരിഗണന അര്‍ഹിക്കുന്ന മഹാപ്രതിഭയാണ് എം.ടി. അദ്ദേഹത്തിന് വേണ്ട പരിഗണന നല്‍കാത്ത മലയാളി സംഘടനയുടെ സാംസ്‌കാരിക രാഹിത്യത്തെ ബഹദൂര്‍ ചോദ്യം ചെയ്യുകയും, അവരെ പരിഹസിക്കുകയും ചെയ്തു. ‘ഈ സംഭവം എം.ടിയെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍, അതിന് ഞാന്‍ കാരണമായെങ്കില്‍ ഹൃദയപൂര്‍വ്വം മാപ്പ് ചോദിക്കുന്നു.’ ബഹദൂര്‍ പറഞ്ഞു നിറുത്തി. താരങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ കാഴ്ച്ചപ്പാട് അദ്ദേഹം എല്ലായ്‌പ്പോഴും കാത്തുസൂക്ഷിച്ചു.
80 കളുടെ മധ്യത്തോടെ പുതിയ ബാനറുകള്‍, സംവിധായകര്‍, കഥാകൃത്തുക്കള്‍ വന്നതോടെ അവസരങ്ങള്‍ കുറഞ്ഞു. എങ്കിലും ബഹദൂറെന്ന നടനെയും വ്യക്തിയേയും മനസിലാക്കിയിരുന്ന സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ എന്നിവര്‍ സ്വതന്ത്ര സംവിധായകരായപ്പോള്‍ അവര്‍ ബഹദൂറിനെ മറന്നില്ല. അവരുടെ പടങ്ങളില്‍ അവസരങ്ങള്‍ നല്‍കി. അടൂര്‍ ഭാസിക്ക് ഇല്ലാതെ പോയതും ബഹദൂറിനുള്ളതുമായ നന്മയായിരുന്നു അതിന് കാരണം.
സിനിമാലോകത്ത് നിന്ന് തനിക്ക് കിട്ടിയ പരിഹാസങ്ങളെക്കുറിച്ച് നിസംഗതയോടെ അദ്ദേഹം ആത്മകഥയില്‍ എഴുതി’ എന്റെ സിനിമാ കുടുംബത്തിലെ പല അംഗങ്ങളും പല തരത്തില്‍ എന്നെ കുറിച്ച് പറയാറുണ്ട്. വിവേകാനന്ദന്‍, ഉപദേശി, പെന്തകോസ്തുകാരന്‍. ഒരംഗം ഒരു ദിവസം എന്നോട് പറഞ്ഞു.’ സുപ്രീം കോടതിയില്‍ നിന്നും രണ്ട് പേരെ തൂക്കി കൊല്ലാന്‍ വിധിച്ചത് പത്രത്തില്‍ കണ്ടില്ലെ? എന്താണ് കരയാത്തത്?
എറണാകുളത്ത് നിന്ന് മുഹമ്മദ് സലിം എന്ന പത്രപ്രവര്‍ത്തകന്‍ ‘പാര’ എന്നൊരു ഹാസ്യ പ്രസിദ്ധീകരണം മാസം തോറും ഇറക്കിയിരുന്നു. അവാര്‍ഡുകളെ പരിഹസിച്ചു കൊണ്ട് ‘അവാര്‍ഡിതരായി’ എന്നൊരു ചരമകോളം പോലെയൊന്ന് അതില്‍ പ്രസിദ്ധീകരിച്ചിരുന്നു. പാരയുടെ പ്രസിദ്ധീകരണത്തിന്റെ ഒന്നാം വാര്‍ഷികത്തിന് അവര്‍ ‘പാര’ പുരസ്‌കാരത്തിന് ബഹദൂറിനെ തിരഞ്ഞെടുത്തു.’ ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്ത നല്ലവന്‍ ഇതായിരുന്നു ബഹദൂറിനെ അവാര്‍ഡിനര്‍ഹമാക്കിയ മാനദണ്ഡം.
അവാര്‍ഡും പുതമയുള്ളത് പതിവുപടി ശില്‍പ്പമോ ഷീല്‍ഡോ അല്ല. പഴയകാല രീതിയില്‍ ‘പട്ടും വളയും’. ഒരു സായാഹനത്തില്‍ ചടങ്ങില്‍ ആ പട്ടും വളയും ബഹദൂറിന് സമ്മാനിച്ചു. പാരയുടെ എഡിറ്ററും, എഴുത്തുകാരനും, മഹാരാജാസിലെ അദ്ധ്യാപകനുമായ സി. ആര്‍. ഓമനക്കുട്ടന്‍ സാറായിരുന്നു ഇതിനൊക്കെ ചുക്കാന്‍ പിടിച്ചത്.
അവസാന പടം ‘ജോക്കര്‍’ സംവിധാനം ചെയ്ത ലോഹിതദാസിന് പത്ത് പതിനഞ്ച് വര്‍ഷമായി നേരിട്ടറിഞ്ഞിട്ടും താന്‍ എഴുതിയ ഒരു പടത്തിലും റോള്‍ കൊടുക്കാന്‍ കഴിഞ്ഞില്ല. ജോക്കറിന്റെ ഷൂട്ടിംഗിനിടെ ചിലര്‍ വന്ന് ബഹദൂറില്‍ നിന്ന് സഹായം വാങ്ങി ‘പോകുന്നു എന്നറിഞ്ഞ ലോഹിത ദാസ് നിര്‍മ്മാതാവിനെ പണം കൊടുക്കുന്നതിനു വിലക്കി. പടം തീരുമ്പോള്‍ പ്രതിഫലം ഡ്രാഫ്റ്റ് എടുത്ത് കൊടുത്താ മതി എന്ന് നിര്‍ദേശം കൊടുത്തു. ബഹദൂറിനെ ചൂഷണം ചെയ്യുന്ന കഥകള്‍ നന്നായി അറിയുന്നത് കൊണ്ടായിരിക്കാം ലോഹിത ദാസ് അത് ചെയ്യാന്‍ കാരണം.
അതറിഞ്ഞ ബഹദൂര്‍ ചൂടായി ലോഹിയോട് പറഞ്ഞു ‘ആരും എന്നെ പഠിപ്പിക്കേണ്ട. ഞാന്‍ ജോലി ചെയ്യുന്ന പണം ഞാനിഷ്ടമുള്ളവര്‍ക്ക് കൊടുക്കും. അതിലാരും ഇടപെടേണ്ട’ നാലെണ്ണം അടിച്ചിട്ടായിരുന്നു ബഹദൂര്‍ തന്റെ ആത്മരോഷം പ്രകടിപ്പിച്ചത്. പിറ്റെന്ന് ലോഹിയോട് മുറിയില്‍ ചെന്ന് ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കതയോടെ ബഹദൂര്‍ പറഞ്ഞു ‘പാവങ്ങളാ മോനെ, അവരു ചോദിക്കുമ്പോള്‍ ഇക്ക എങ്ങനെയാണ് കൊടുക്കാതിരിക്ക്യ. ഉണ്ടായിട്ട് കൊടുത്തില്ലെങ്കില്‍ ഇക്കക്ക് മനസിന് സമാധാനമുണ്ടാവില്ല’. എനിക്കുത്തരമില്ലായിരുന്നു. ‘കിട്ടിയത് മുഴുവന്‍ മറ്റുള്ളവര്‍ക്കായി വാരിക്കൊടുത്ത ആ കൈകളെ തടയാന്‍ ഞാനല്ല പടച്ചവന്‍ വിചാരിച്ചാല്‍ പോലും കഴിയില്ല.’ ലോഹിത ദാസ് എഴുതി.
പുരാതന കേരളത്തിലെത്തിയ മുസ്ലീം പണ്ഡിതനും സഞ്ചാരിയുമായിരുന്ന മാലിക്ക് ദിനാറിനെ കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മിക്കാന്‍ സംവിധായകന്‍ പി.എ. ബക്കര്‍ ശ്രമിച്ചപ്പോള്‍ വിദേശത്ത് ചിത്രീകരണമുള്ള ആ വലിയ പദ്ധതി നിര്‍മ്മിക്കാന്‍ തയ്യാറായി പണം കൊടുക്കാന്‍ ബഹദൂര്‍ മുന്നോട്ട് വന്നു. പക്ഷേ, അത് നടന്നില്ല. അതായിരുന്ന ബഹദൂറിന്റെ അവസാന സ്വപ്നങ്ങളിലൊന്ന്
തന്റെ നമ്പറിന് വേണ്ടി സര്‍ക്കസ് കൂടാരത്തിലെ മുറിയില്‍ കാത്തിരിക്കുന്ന മുതിര്‍ന്ന കോമാളിയായിട്ടാണ് ബഹദൂര്‍ അവസാന സിനിമയായ ജോക്കറില്‍ അഭിനയിച്ചത്. ഏറെ കഴിയും മുന്‍പ്, രംഗബോധമില്ലാത്ത മറ്റൊരു കോമാളി അദ്ദേഹത്തെ തട്ടിയെടുത്തു കൊണ്ടുപോയി. 25 വര്‍ഷം മുന്‍പ്, 2000 മെയ് 22 ന് ബഹദൂര്‍ അന്തരിച്ചു. actor Bahadur has been dead for 25 years
Content summary: actor Bahadur has been dead for 25 years
Leave a Comment