July 08, 2025 |

പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകള്‍ക്കെതിരെ വാദിഭാഗവും പ്രതിഭാഗവും

കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമെന്ന് ആരോപണം; അന്തിമ വിചാരണ തിങ്കളാഴ്ച മുതല്‍

നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമവാദം കേള്‍ക്കല്‍ സെഷന്‍സ് കോടതിയില്‍ ഏപ്രില്‍ ഏഴിന് പുനരാരംഭിക്കാനിരിക്കെയാണ് റിപ്പോര്‍ട്ടര്‍ ടിവി, ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ ഒളികാമറ വെളിപ്പെടുത്തലുകള്‍ പുറത്തു വിടുന്നത്. കേസിലെ എട്ടാം പ്രതി ദിലീപിനെതിരായ ആരോപണങ്ങളാണ് സുനി നടത്തുന്നത്. ഇതില്‍ ഗൗരവമായി പറയാവുന്ന വെളിപ്പെടുത്തല്‍, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനെ കുറിച്ച് സുനിക്ക് വിവരമുണ്ടെന്നതാണ്. ഇതടക്കമുള്ള കാര്യങ്ങള്‍ വിചാരണയെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം.

വിചാരണ പൂര്‍ത്തിയാകുന്നത് തടയാനുള്ള നാടകമാണ് ഒളികാമറ വെളിപ്പെടുത്തല്‍ എന്നാണ് പ്രധാന ആക്ഷേപം. അതിജീവിതയുമായും, എട്ടാം പ്രതിയുമായും ബന്ധപ്പെട്ട നിയമകേന്ദ്രങ്ങള്‍ ഒരുപോലെ പരസ്പരം ഉയര്‍ത്തുന്ന ആക്ഷേപമാണിത്. വാദം പൂര്‍ത്തിയായി കേസില്‍ വിധി വരുന്നത് തടയുകയാണ് പൊലീസും പ്രോസിക്യൂഷനും ലക്ഷ്യമിടുന്നതെന്ന് എട്ടാം പ്രതിയുമായി ബന്ധപ്പെട്ട് പ്രതികരിച്ചവര്‍ അഴിമുഖത്തോട് പറയുന്നു. വാദം വൈകിപ്പിച്ച് ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ നോക്കുന്ന പ്രതിയുടെ നാടകമാണ് ഒളികാമറ അഭിമുഖത്തിലൂടെ കണ്ടതെന്നാണ് അതിജീവിതയുടെ ഭാഗത്ത് നില്‍ക്കുന്നവരില്‍ നിന്നും അഴിമുഖത്തിന് കിട്ടിയ പ്രതികരണം.

വിചാരണയെ സ്വാധീനിക്കാവുന്ന തുറന്നു പറച്ചിലുകളെന്ന് സുനിയെ ഒളികാമറ ഓപ്പറേഷനില്‍ കുടുക്കിയ റിപ്പോര്‍ട്ടര്‍ ചാനല്‍ അവകാശപ്പെടുമ്പോള്‍, ഈ വെളിപ്പെടുത്തലുകള്‍ ഒട്ടും തന്നെ ‘ഞെട്ടിച്ചിട്ടില്ല’ എന്നാണ് പ്രതിഭാഗം പറയുന്നത്. അന്വേഷണ സംഘത്തിന്റെ നാടകമാണിതെല്ലാം എന്നാണ് ആരോപണം. വിചാരണ വൈകിപ്പിക്കുക, അന്തിമ വിധി തടയുക എന്നീ ലക്ഷ്യങ്ങളാണ് പൊലീസിനുള്ളത്. ദിലീപിനെ സംശയത്തിന്റെ നിഴലില്‍ തന്നെ നിര്‍ത്തുകയെന്ന നിര്‍ബന്ധ ബുദ്ധിയാണ് പൊലീസിനുള്ളതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

കേസിനെ തുടരന്വേഷണത്തിലേക്ക് എത്തിച്ച് വിധി വൈകിപ്പിക്കുക എന്നത് പ്രതി ഭാഗത്തിന്റെ ആവശ്യമാണെന്നാണ് വാദിഭാഗത്തിന്റെ ആക്ഷേപം.

‘ഈ വെളിപ്പെടുത്തല്‍ അതിജീവിതയെ സഹായിക്കാനല്ല’
‘സ്റ്റിംഗ് ഓപ്പറേഷനെന്ന് പറഞ്ഞു പുറത്തു വരുന്ന വീഡിയോയില്‍ ക്യാമറ വിസിബിള്‍ ആണ്. സുനിയുമായി ധാരണയിലെത്തി സുനി സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ സുനിയെ രക്ഷിക്കാനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തിയിരിക്കുന്നത്’; അതിജീവിതയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒരു നിയമജ്ഞ ചൂണ്ടിക്കാണിക്കുന്നു. ‘സുനി മാധ്യമങ്ങളോട് സംസാരിക്കാന്‍ പാടില്ലെന്ന് നിബന്ധനയുണ്ട്. അതിജീവിതയെ പിന്തുണയ്ക്കാനുള്ള ശ്രമമാണ് നടത്തിയതെങ്കില്‍ അതിജീവിതയുടെ അഭിഭാഷകരോട് ഇക്കാര്യങ്ങള്‍ സംസാരിക്കേണ്ടതായിരുന്നു. അങ്ങനെ അല്ലാത്ത പക്ഷം എന്തോ ഒന്ന് മറച്ചു വയ്ക്കുന്നുവെന്ന കാര്യം ഉറപ്പാണ്’. ഇക്കാര്യം സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തിയ ചാനലിനോടും കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും. ഇതിന് ശേഷമാണ് ദിലീപിന്റെ അഭിഭാഷകന്‍ തുടരന്വേഷണം വേണമെന്ന വാദവുമായി എത്തുന്നതെന്നും അവര്‍ പറയുന്നു.

pulsar suni-actress attack case

‘പലപ്പോഴായി തനിക്ക് 70 ലക്ഷം രൂപയോളം കിട്ടിയിട്ടുണ്ടെന്ന് പള്‍സര്‍ സുനി പറയുന്നു. ഞങ്ങളുടെ അറിവില്‍ കേസിന്റെ ആദ്യ കാലത്ത് സുനിയ്ക്ക് ഒരു ലക്ഷം രൂപ മാത്രമാണ് ലഭിച്ചിരുന്നത്. ഇടയ്ക്കിടയ്ക്ക് പണം കൈപ്പറ്റിയിരുന്നു എന്നാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. കോടതിയില്‍ വെളിപ്പെടുത്താതെ ഇത് പരസ്യമായി വന്ന് പറയുന്നതിന്റെ ഉദ്ദേശം വ്യക്തമാണ്’.

കേസില്‍ അനുകൂല വിധി വന്നാല്‍ ദിലീപ് ശിക്ഷിക്കപ്പെടും. അത്രയധികം തെളിവുകളാണ് കേസില്‍ ലഭിച്ചിരിക്കുന്നത്. ഈ ഒരു വീഡിയോയുടെ പേരില്‍ ഒരു സിബിഐ അന്വേഷണത്തിന് കേസ് ഫയല്‍ ചെയ്യുക, അതിലൂടെ കേസ് നീട്ടി കൊണ്ട് പോവുക, അതിനാണ് അവര്‍ ശ്രമിക്കുന്നതെന്നും പ്രതിഭാഗത്തെ കുറ്റപ്പെടുത്തിക്കൊണ്ട് വാദിഭാഗത്ത് നിന്ന് പ്രതികരിച്ച വ്യക്തി പറയുന്നു.

‘സുനിയുടെ കൂടെ നിന്നിരുന്ന മുഴുവന്‍ സാക്ഷികളും വാദി ഭാഗത്തിന് അനുകൂലമായാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഈ കേസിന് ഗുണകരമാവുന്ന രീതിയില്‍ അവര്‍ മൊഴി നല്‍കിയിട്ടുമുണ്ട്. മൊബൈല്‍ ഫോണില്‍ വീഡിയോ കൊണ്ടു പോയി കാണിച്ച അയാളുടെ സുഹൃത്തുക്കള്‍, അയാളവിടെ വന്നു എന്ന് പറയുന്ന ആളുകള്‍, അയാള്‍ താമസിക്കുന്ന വീട്ടിലെ ആളുകള്‍, അയല്‍വാസികള്‍ എല്ലാവരും പൊലീസിന് നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ്. ആകെ കേസില്‍ മൊഴി മാറ്റിയിരിക്കുന്നത് ദീലീപുമായി ബന്ധപ്പെട്ട ആളുകള്‍ മാത്രമാണന്നും അഴിമുഖത്തോട് സംസാരിച്ച വ്യക്തി അവകാശപ്പെടുന്നു.

എട്ടാം പ്രതി കേസുമായി ബന്ധപ്പെട്ട പലരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന ആരോപണവും ഇതിനൊപ്പം ഉയര്‍ത്തിയിട്ടുണ്ട്. സ്വാധീനിക്കാന്‍ ശ്രമിച്ചതുപോലെ, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ അടിസ്ഥാനമില്ലാത്ത ആരോപണവും ഉയര്‍ത്തിയിട്ടുണ്ട്. ദിലീപിനെ ഈ കേസില്‍ ഉള്‍പ്പെടുത്തിയത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജു പൗലോസ് ആണെന്നാണ് ആരോപണം. ഇങ്ങനെ ഒരു ആരോപണമുയര്‍ത്തുമ്പോള്‍ എന്താണ് അതിന് പിന്നിലെ ഉദ്ദേശം എന്നു കൂടി വെളിപ്പെടുത്തേണ്ടത് പ്രതി ഭാഗത്തിന്റെ ഉത്തരവാദിത്തമല്ലേ? ഒരു അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയില്‍ അയാളുടെ കടമ നിര്‍വഹിക്കുക മാത്രമാണ് ബൈജു പൗലോസ് ചെയ്തതെന്നുമാണ് പ്രതിഭാഗത്തിനെതിരായ ആരോപണങ്ങളായി വരുന്നത്.

അതേസമയം, സ്റ്റിംഗ് ഓപ്പറേഷനും വെളിപ്പെടുത്തലുകളുമെല്ലാം പ്രോസിക്യൂഷന്റെയും പൊലീസിന്റെയും നാടകമാണെന്നാണ് പ്രതിഭാഗത്ത് നിന്നും സംസാരിച്ച വ്യക്തി അഴിമുഖത്തോട് പറയുന്നത്.

‘അതൊരു സ്റ്റിംഗ് ഓപ്പറേഷന്‍ അല്ല, അത് സെറ്റ് ചെയ്തതാണ്’. കേസിന്റെ വിചാരണ അവസാനിക്കാറാകുമ്പോള്‍ നടത്താറുള്ള നാടകത്തിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ കണ്ടതെന്നും പ്രതിഭാഗം കുറ്റപ്പെടുത്തുന്നു.

‘വിചാരണ നീട്ടാനുള്ള പ്രോസിക്യൂഷന്‍ നാടകം’
‘വിചാരണയുടെ അവസാനഘട്ടത്തില്‍ അവര്‍ സ്ഥിരമായി നടത്തുന്നൊരു നാടകം. പൊലീസും റിപ്പോര്‍ട്ട് ടിവിയും ചേര്‍ന്ന് ഇത്തവണയൊരുക്കിയ നാടകമാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. മുമ്പ് അന്വേഷണ ഉദ്യോഗസ്ഥനെ മാത്രം വിസ്തരിക്കാന്‍ ബാക്കിയുള്ളപ്പോഴാണ്, അതായത് വിചാരണ അവസാനിക്കാറായപ്പോള്‍- സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ എന്നൊരാളെ റിപ്പോര്‍ട്ടര്‍ ടിവി കൊണ്ടുവരുന്നത്. മൂന്നു കൊല്ലം മുമ്പ് തീരേണ്ട വിചാരണ, ബലചന്ദ്രകുമാറിനെ ഉപയോഗിച്ച് അവര്‍ നീട്ടി’.

തെളിവുകള്‍ ഹാജരാക്കി, ഹിയറിംഗ് കഴിയാറാകുന്നു. രണ്ടോ മൂന്നു ദിവസം കൊണ്ട് ഹിയറിംഗ്പൂര്‍ത്തിയാകേണ്ടതാണ്. അത് തടയാന്‍ വേണ്ടിയാണ് പൊലീസും പ്രോസിക്യൂഷനും ഇപ്പോഴൊരു ചാനലിന്റെ സഹായത്തോടെ പുതിയ നാടകങ്ങള്‍ അവതരിപ്പിക്കുന്നതെന്നാണ് പരാതി.

ചാനലിനോട് പള്‍സര്‍ സുനി പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ അയാളെക്കൊണ്ട് പൊലീസ് പറയിപ്പിച്ചതാണെന്നാണ് എതിര്‍ഭാഗത്തിന്റെ കുറ്റപ്പെടുത്തല്‍. പള്‍സര്‍ സുനി പറഞ്ഞതെല്ലാം അയാള്‍ നേരത്തെയും പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ തന്നെയാണ്. ഇതൊന്നും തന്നെ പുതിയ വെളിപ്പെടുത്തലുകളല്ല എന്നും കൂട്ടിച്ചേര്‍ക്കുന്നു. അവര്‍ക്കൊരു പബ്ലിസിറ്റി ഉണ്ടാക്കണം, ദിലീപിനെതിരായ ജനവികാരം ഇളക്കി വിടണം. കേസിന്റെ വിധി താമസിപ്പിക്കണം; ഇതൊക്കെയാണ് ഇപ്പോഴത്തെ ആവശ്യങ്ങളെന്നും കുറ്റപ്പെടുത്തുന്നു.

കേസില്‍ ഏറ്റവും നിര്‍ണായകമായ, നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കൈവശമുണ്ടെന്ന സൂചന, തങ്ങളുടെ സ്റ്റിംഗ് ഓപ്പറേഷനിടയില്‍ സുനി നല്‍കിയെന്നാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പറയുന്നത്. ” ആ മൊബൈല്‍ ഫോണ്‍ എവിടെയാണെന്നു പറയാന്‍ പറ്റില്ല, മൊബൈല്‍ ഫോണ്‍ സൂക്ഷിച്ചത് പറയാന്‍ പറ്റാത്ത രഹസ്യമാണ്’ എന്നാണ് സുനി പറയുന്നത്. ഇത്രനാളായും ഫോണ്‍ കണ്ടെത്താന്‍ പറ്റാത്തത് പൊലീസിന്റെ കുഴപ്പമാണെന്നും സുനി ചാനലിനോടായി പറയുന്നുണ്ട്.

ഇതില്‍ ഞെട്ടിക്കുന്നതായി ഒന്നും തന്നെയില്ല, ആദ്യം മുതല്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളാണിതെല്ലാമെന്നാണ് കുറ്റാരോപിതന്റെ ഭാഗത്തുള്ളവര്‍ പറയുന്നത്.

‘ഫോണ്‍ അയാളുടെ(സുനിയുടെ) കൈയില്‍ ഉണ്ടെന്ന് പറയുന്നതാണ് ഈ കേസിലെ പ്രധാന ആരോപണം. അതു തന്നെയാണ് സുനി ഇപ്പോള്‍ പറഞ്ഞിരിക്കുന്നതും. പൊലീസ് എന്താണ് പറഞ്ഞുകൊണ്ടിരിക്കുന്നത്, ഞങ്ങള്‍ ഇത്രനാളും അന്വേഷണം നടത്തിയിട്ടും ഫോണ്‍ കണ്ടുപിടിക്കാന്‍ പറ്റിയില്ലെന്ന്!. പ്രോസിക്യൂഷനാകട്ടെ ഫോണ്‍ ദീലിപിന്റെ കൈയില്‍ ഉണ്ടെന്നു പറഞ്ഞാണ് പ്രതിയാക്കുന്നത്. ദിലീപിനെ പ്രതിയാക്കാനുള്ള ഒരു മെറ്റീരിയലും ഇല്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. പൊലീസിന് എട്ടു കൊല്ലമായിട്ട് ഫോണ്‍ കണ്ടു പിടിക്കാന്‍ കഴിയുന്നില്ല. ഫോണും റെക്കോര്‍ഡിംഗുമൊക്കെ പുറത്തുവന്നാല്‍ ഇപ്പോള്‍ അവര്‍ പറയുന്നതൊന്നുമല്ല സത്യം എന്നു വരുമെന്നുള്ളതുകൊണ്ട് ഫോണ്‍ അന്നേ മാറ്റിയതാണെന്നും വിമര്‍ശനങ്ങളുണ്ട്’.

സുനിയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണെന്നോ, ഇതുവരെ പറയാത്തതാണെന്നോ ഈ കേസ് പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാകുന്നതെന്നാണ് എതിര്‍ഭാഗം അവകാശപ്പെടുന്നത്. ‘ഇതേ ആരോപണങ്ങള്‍ തന്നെയാണ് മുമ്പും പറഞ്ഞിട്ടുള്ളത്, അതുവച്ചാണ് ദിലീപിനെ പ്രതിയാക്കിയിരിക്കുന്നത്. ഇതില്‍ പുതിയതായി ഒന്നും തന്നെയില്ല. പൊലീസ് പറഞ്ഞുകൊണ്ടിരിക്കുന്നത് ഞങ്ങള്‍ മൊബാല്‍ കണ്ടുപിടിക്കാന്‍ വേണ്ടി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ്. ഇതേ കാര്യം പൊലീസിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ഫൈനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്’.

കേസിലെ ഒന്നാം പ്രതിയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മറ്റൊരു അന്വേഷണ ഏജന്‍സിയുടെ അന്വേഷണം ദിലീപ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന്, എതിര്‍ഭാഗത്തിന് അങ്ങനെയുള്ള ഉദ്ദേശവും ഉണ്ടായിരിക്കാം എന്നായിരുന്നു പ്രതിഭാഗത്തിന്റെ മറുപടി. ‘പുതിയ അന്വേഷണ ഏജന്‍സികളെ കൊണ്ടുവരാനായിരിക്കും അവരുടെ ഉദ്ദേശം. കേസില്‍ ഒരു തീരുമാനം ഉണ്ടാകരുത്. എട്ടു കൊല്ലം കഴിഞ്ഞില്ലേ. ഈ കേസില്‍ അന്തിമ വിധി വരരുത് എന്നൊരു നിര്‍ബന്ധ ബുദ്ധി പൊലീസിനുണ്ട്. ദിലീപിനെ നിഴലില്‍ നിര്‍ത്തിക്കൊണ്ടു പോവുകയാണ് അവരുടെ ലക്ഷ്യം”.

‘വെളിപ്പെടുത്തല്‍ നാടകമല്ല, നീതിക്കായുള്ള പോരാട്ടം’
തങ്ങള്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷന്‍ ആരുടെയെങ്കിലും പ്രേരണയാല്‍ അല്ലെന്നാണ് റിപ്പോര്‍ട്ടര്‍ ടിവി അഴിമുഖത്തോട് പ്രതികരിച്ചത്. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവി നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലൂടെ ലഭിച്ച വിവരങ്ങളെല്ലാം ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് ചാനലിന്റെ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാര്‍ പ്രതികരിച്ചു. സംഭവത്തില്‍ ഇപ്പോള്‍ പുനരന്വേഷണം പ്രഖ്യാപിച്ചാല്‍ അത് പ്രോസിക്യൂഷനെ ദുര്‍ബലമാക്കുമെന്നും അരുണ്‍ കുമാര്‍ വ്യക്തമാക്കി.

2021 മുതല്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് വേണ്ടി നടിയെ ആക്രമിച്ച കേസിലെ വാര്‍ത്തകളും, ഫോളോ അപ്പുകളും ചെയ്യുകയും, അതിന്റെ ഭാഗമായി അന്ന് തുടങ്ങിയ അന്വേഷണത്തില്‍ ഇപ്പോള്‍ ഫലം കണ്ടുവെന്നാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് വേണ്ടി സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തിയ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ആര്‍ റോഷിപാല്‍ അഴിമുഖത്തോട് പറഞ്ഞത്. പള്‍സര്‍ സുനി ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ അയാളില്‍ നിന്ന് വിവരങ്ങളെടുക്കണമെന്നത് മുന്നേ തീരുമാനിച്ചിരുന്ന കാര്യമാണ്. ഒരുപാട് ദിവസങ്ങളായി നിരന്തരം പിന്തുടര്‍ന്ന ശേഷം വിവരങ്ങള്‍ ലഭിച്ചത് ഇപ്പോഴാണ്. പള്‍സര്‍ സുനിയെ പോലൊരു ക്രിമിനലിനടുത്ത് എത്തിപ്പെടുക എന്നത് എളുപ്പമുള്ള കാര്യമല്ല. പല വഴികളിലൂടെ പള്‍സര്‍ സുനിയെ പിന്തുടര്‍ന്ന്, അയാളുടെ വിശ്വാസം നേടിയെടുത്ത ശേഷമാണ് സംസാരിക്കാന്‍ സുനി തയ്യാറാകുന്നത്’ റോഷിപാല്‍ പറയുന്നു. പള്‍സര്‍ സുനി അറിയാതെ അയാളുടെ വീഡിയോ എടുക്കുക എന്നത് വളരെ ശ്രമകരമായ കാര്യമായിരുന്നു, മാത്രമല്ല ഇത്തരം കാര്യങ്ങള്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നുവെന്നും റോഷിപാല്‍ വ്യക്തമാക്കി.

pulsar suni

മാധ്യമപ്രവര്‍ത്തകന്‍ തുടരുന്നു; ‘പള്‍സര്‍ സുനിയുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച്ച ഒരു ഗൂഢവനത്തിനുള്ളില്‍ വച്ചായിരുന്നു. കത്തിയും ആയുധങ്ങളുമായി നില്‍ക്കുന്ന ക്രിമിനല്‍ സംഘത്തിനിടയിലേക്കാണ് ആദ്യം പോകുന്നത്. ഏതെങ്കിലും തരത്തിലുള്ള ചതി കാണിച്ചാല്‍ തനിക്ക് ഇത്രയും സന്നാഹങ്ങളുണ്ടെന്ന് കാണിക്കുക എന്നതായിരുന്നു സുനിയുടെ ലക്ഷ്യം. ആദ്യത്തെ മൂന്ന് മണിക്കൂര്‍ വളരെ ആശങ്കപ്പെടുത്തുന്നതായിരുന്നു’.

തന്റെ ദൗത്യം എങ്ങനെ വിജയിച്ചു എന്ന് റോഷിപാല്‍ വിശദീകരിക്കുന്നു; ”ഞാനെഴുതുന്ന പുസ്തകത്തിന്റെ ഭാഗമായി നടിയെ ആക്രമിച്ച കേസിലെ നിരവധിയാളുകളെ കാണുകയും സംസാരിക്കുകയും വേണമായിരുന്നു. കേസിലെ എട്ടാം പ്രതി ദിലീപിനെ ഉള്‍പ്പെടെ പലരെയും കാണാന്‍ ശ്രമിക്കുകയാണ് ഞാന്‍. ഇക്കാര്യങ്ങള്‍ പറഞ്ഞാണ് പള്‍സര്‍ സുനിയെ സമീപിക്കുന്നത്. എഴുതി തയ്യാറാക്കിയ നോട്ടുകളടക്കം പല കാര്യങ്ങളും പറഞ്ഞ് ബോധ്യപ്പെടുത്തിയ ശേഷമാണ് സുനി സംസാരിക്കാന്‍ തയ്യാറായത്. പള്‍സര്‍ സുനി അറിഞ്ഞുകൊണ്ടാണ് വീഡിയോ എടുത്തത് എന്ന വാദം തെറ്റാണ്. ഇനിയൊന്നും ചെയ്യാനില്ലെന്ന് കണ്ട സുനിയുടെ പ്രതിരോധമായി മാത്രമേ അതിനെ കാണാന്‍ കഴിയുകയുള്ളു. സുനിക്ക് കുരുക്ക് വീഴുന്ന തരത്തിലുള്ള സംസാരമാണ് വീഡിയോയിലുള്ളത്, അത്തരത്തില്‍ തനിക്ക് എതിരായ കാര്യങ്ങള്‍ പുറത്ത് വിടാന്‍ ഒരാളും മനഃപൂര്‍വം സമ്മതിക്കില്ലല്ലോ.”

പള്‍സര്‍ സുനിയുടെ ജാമ്യ വ്യവസ്ഥയില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു മാധ്യമങ്ങളോട് സംസാരിക്കരുത് എന്നത്. കോടതിയില്‍ കഷ്ടപ്പെട്ട് വക്കീലിനെ വച്ച് ജാമ്യം നേടിയ ഒരാള്‍ ഒരിക്കലും അറിഞ്ഞുകൊണ്ട് ജയിലില്‍ പോകുന്ന തരത്തിലുള്ള കാര്യങ്ങള്‍ വീണ്ടും ചെയ്യില്ല എന്നാണ്, സ്റ്റിംഗ് ഓപ്പറേഷന്‍ അറഞ്ഞുകൊണ്ടുള്ള നാടകമായിരുന്നുവെന്ന ആക്ഷേപങ്ങളെ റോഷിപാല്‍ പ്രതിരോധിക്കുന്നത്. അദ്ദേഹം തുടരുന്നു; ‘വീഡിയോയിലൂടെ തന്നെ മറ്റൊരു കൊലക്കുറ്റത്തെക്കുറിച്ചും അയാള്‍ വ്യക്തമാക്കുന്നുണ്ട്. അറിഞ്ഞുകൊണ്ട് ചെയ്തതാണെങ്കില്‍ അതൊക്കെ ഒഴിവാക്കാമായിരുന്നല്ലോ?. നാല് മണിക്കൂറിലധികം നീണ്ട വീഡിയോയില്‍ പല കാര്യങ്ങളും പറയുന്നുണ്ട്. അതില്‍ പുറത്തുവിടാന്‍ കഴിയുന്നതിലെ പരമാവധി കാര്യങ്ങള്‍ ചാനലിലൂടെ പുറത്തുവിട്ടിരുന്നു. നിയമപരമായി നോക്കുകയാണെങ്കില്‍ അയാളെ പ്രതികൂലമായി ബാധിക്കുന്ന നിരവധി കാര്യങ്ങള്‍ പുറത്തുവിട്ട വീഡിയോയിലും അല്ലാതെയും പറയുന്നുണ്ട്. പള്‍സര്‍ സുനിയും ആളുകളും വാര്‍ത്തയെ ചെറുക്കുന്നതിന് ഉണ്ടാക്കിയ വാദമാണെന്ന് സാമാന്യ യുക്തിയില്‍ തന്നെ മനസിലാക്കാം’.

കേസിനെ ഒരുതരത്തിലും ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍ പ്രതികൂലമായി ബാധിക്കില്ലെന്നാണ് റോഷിപാല്‍ കരുതുന്നത്. എങ്കിലും അതിനെ കുറിച്ച് വ്യക്തമായി പറയേണ്ടത് പ്രോസിക്യൂഷനാണെന്ന കാര്യവും അദ്ദേഹം അഴിമുഖത്തോട് പറയുന്നുണ്ട്. ‘ഞങ്ങളുടെ അന്വേഷണത്തില്‍ പ്രോസിക്യൂഷന് ഈ വെളിപ്പെടുത്തല്‍ സഹായകരമാകുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ഒരിക്കലും തിരിച്ചടിയാവില്ല’. വിഷയത്തില്‍ ഇപ്പോള്‍ ജില്ലാ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റോഷിപാല്‍ കൂട്ടിച്ചേര്‍ത്തു.

‘കേസിലെ പ്രധാനപ്പെട്ട തെളിവാണ് ഫോണ്‍. ആ ഫോണ്‍ കിട്ടിക്കഴിഞ്ഞാല്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോ, മറ്റെന്തെങ്കിലും തെളിവുകളുണ്ടോ എന്നൊക്കെ കണ്ടെത്താന്‍ സഹായകമാകും. അഞ്ചുപേരെ സമാനമായി ആക്രമിച്ചു, പ്രശ്നം ഒതുക്കി തീര്‍ത്തു തുടങ്ങിയ കാര്യങ്ങളെല്ലാം പള്‍സര്‍ സുനി തന്നെ വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്. ഈ കാര്യങ്ങളെക്കുറിച്ചെല്ലാം തുമ്പ് ലഭിക്കാന്‍ ആ ഫോണ്‍ സഹായകമായേക്കാം. ഈ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അത് അതിജീവിതയ്ക്ക് ഏറെ സഹായകരമായിരിക്കും. പോലീസ് കണ്ടെത്തേണ്ടതാണ്. ഫോണ്‍ നിശിപ്പിച്ചു എന്നായിരുന്നു സുനിയുടെ ആദ്യത്തെ അഭിഭാഷകന്‍ വ്യക്തമാക്കിയത്. എന്നാല്‍ അങ്ങനെയല്ലെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ വന്നിരിക്കുന്നത്’. തന്റെ ഓപ്പറേഷനിലൂടെ പുറത്തു വന്ന നിര്‍ണായക വിവരത്തെ കുറിച്ച് റോഷിപാല്‍ പറയുന്നത് ഇങ്ങനെയാണ്.

അതിജീവിത സ്വന്തം നിലയ്ക്ക് നടത്തുന്ന പോരാട്ടത്തിന് പിന്തുണ നല്‍കാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ടര്‍ ടിവി ഈ വിഷയത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് റോഷിപാല്‍ പറയുന്നത്. വാര്‍ത്തകള്‍ നല്‍കിയതിന്റെ ഭാഗമായി പ്രതിഭാഗത്ത് നിന്ന് നിരവധി കേസുകള്‍ ചാനലിനെതിരെ വന്നിട്ടുണ്ടന്നും റോഷിപാല്‍ പറഞ്ഞു.

വളരെ വലിയ റിസ്‌കിലാണ് ഇപ്പോളും കാര്യങ്ങള്‍ ചെയ്യുന്നത്. നിരന്തരം ഭീഷണികളും വെല്ലുവിളികളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതെല്ലാം പോലീസ് നോക്കുന്നുണ്ട്. ആദ്യം മുതല്‍ ഞങ്ങള്‍ വ്യക്തമാക്കുന്ന കാര്യം റഷ് വീഡിയോയും, ഷൂട്ട് ചെയ്ത ഡിവൈസും ഉള്‍പ്പെടെ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ടെലികാസ്റ്റ് ചെയ്ത് അഞ്ച് മിനിട്ടിനുള്ളില്‍ ഞങ്ങള്‍ പോലീസിനെ അറിയിച്ചത് വീഡിയോയും ഡിവൈസും കൈമാറാമെന്നതായിരുന്നു. ഇത്രയും കാര്യങ്ങള്‍ ഉറപ്പിച്ച് പറയുമ്പോള്‍ തന്നെ അതിലെ സത്യസന്ധത മനസിലാക്കാവുന്നതല്ലേ’ റോഷിപാല്‍ ചോദിക്കുന്നു.  Actress attack case; prosecution and defense are contesting the revelations of pulsar suni and reporter tv’s sting operation 

Content Summary; Actress attack case; prosecution and defense are contesting the revelations of pulsar suni and reporter tv’s sting operation

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×