കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് നടനും കേസിൽ എട്ടാം പ്രതിയുമായ ദിലീപാണെന്ന് പൾസർ സുനി വെളിപ്പെടുത്തി. പ്രതിഫലമായി ഒന്നരക്കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും പൾസർ സുനി പറയുന്നു. റിപ്പോർട്ടർ ടി വി നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് പൾസർ സുനിയുടെ വെളിപ്പെടുത്തൽ. റിപ്പോര്‍ട്ടര്‍ ടി വി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ആര്‍ റോഷിപാല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ തുറന്നുപറച്ചില്‍.
വാഗ്ദാനം ചെയ്തതിൽ മുഴുവൻ തുകയും കിട്ടിയിട്ടില്ലെന്നും 80 ലക്ഷം രൂപ ഇനിയും ലഭിക്കാനുണ്ടെന്നും പൾസർ സുനി പറയുന്നു. ആവശ്യം വരുമ്പോള്‍ പലപ്പോഴായി താന്‍ ദിലീപില്‍ നിന്നും പണം വാങ്ങിയെന്നും സുനി വെളിപ്പെടുത്തുന്നു. ബലാത്സംഗ ദൃശ്യങ്ങള്‍ പകര്‍ത്താനും ദിലീപ് ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെ കുടുംബം തകര്‍ത്തതാണ് നടിയോടുള്ള വൈരാഗ്യത്തിന് കാരണം. അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യം.
ഏല്‍പ്പിക്കപ്പെട്ട കാര്യം താന്‍ കൃത്യമായി ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ആളുണ്ടായിരുന്നുവെന്നും പള്‍സര്‍ സുനി പറഞ്ഞു. അതിക്രമം നടക്കുമ്പോള്‍ താന്‍ ദിലീപിന്റെ നിരീക്ഷണത്തിലാണ്. എല്ലാം തത്സമയം വേറെ ചിലര്‍ അറിയുന്നുണ്ടായിരുന്നു. തന്റെ പിറകില്‍ നിരീക്ഷിക്കാന്‍ ആളുണ്ടായിരുന്നു, പൾസർ സുനി റിപ്പോർട്ടറിനോട് പറഞ്ഞു.
എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നുവെന്നും അതിക്രമം ഒഴിവാക്കാന്‍ എത്ര പണം വേണമെങ്കിലും തരാമെന്ന് നടി പറഞ്ഞിരുന്നുവെന്നും പള്‍സര്‍ സുനി റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തി. ആ പണം വാങ്ങിയിരുന്നെങ്കിൽ ജയിലിൽ പോകാതെ രക്ഷപ്പെടാമായിരുന്നുവെന്നും പള്‍സര്‍ സുനി പറഞ്ഞു.
2017 ഫെബ്രുവരി 17നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് ഏതാനും പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലൂടെ കാര്‍ സഞ്ചരിക്കുന്ന സമയത്ത് കാറിനുള്ളില്‍ വച്ചായിരുന്നു ക്രൂരമായ പീഡനം. നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്. കേസില്‍ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്.
Content Summary: Actress Attack Case: Pulsar Suni Claims Dileep Offered ₹1.5 Crore