റിപ്പോര്‍ട്ടര്‍ ടിവിയില്‍ കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്ത അഭിമുഖം ഒളിക്യാമറയില്‍ റിക്കോര്‍ഡ് ചെയ്യുന്ന കാര്യം പള്‍സര്‍ സുനിക്ക് അറിയാമായിരുന്നുവെന്ന് പ്രതിയുമായി അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു. നടന്‍ ദിലീപ് പ്രതിയായ ലൈംഗികാതിക്രമ കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകള്‍ റിപ്പോര്‍ട്ടര്‍ ടിവി സംപ്രേക്ഷണം ചെയ്തതോടെ അടുത്ത ദിവസങ്ങളില്‍ അന്തിമ വിചാരണ നടത്താനിരിക്കുന്ന കേസ് കൂടുതല്‍ വിവാദമായി. ദിലീപ് ഒന്നരക്കോടി രൂപ നടിയെ ആക്രമിക്കാന്‍ പ്രതിഫലം വാഗ്ദാനം ചെയ്തുവെന്നും ആക്രമണം മൊബൈലില്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നും തുടര്‍ന്ന് തന്റെ പ്രവര്‍ത്തികള്‍ നിരീക്ഷിക്കാന്‍ മറ്റാളുകളെ ഏര്‍പ്പെടുത്തിയെന്നുമായിരുന്നു പള്‍സര്‍ സുനി വെളിപ്പെടുത്തിയത്. റിപ്പോര്‍ട്ടര്‍ ടി.വി സ്പെഷ്യല്‍ കറസ്പോണ്ടന്റ് ആര്‍.റോഷിപാലാണ് സ്റ്റിംഗ് ഓപറേഷന്‍ നടത്തിയത്.
എന്നാല്‍ ഈ വെളിപ്പെടുത്തലുകളെല്ലാം ക്യാമറയിലൂടെ പുറത്ത് വരുമെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് പള്‍സര്‍ സുനി ഇക്കാര്യം ചെയ്തതെന്നാണ് ഇപ്പോള്‍ പ്രതിയുമായി അടുപ്പമുള്ളവര്‍ പറയുന്നത്. ഇതേ ആരോപണം അതിജീവിതയുടെ നിയമവൃത്തങ്ങളും ഉന്നയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത് പ്രതികളുടെ നാടകമാണ് എന്നും പ്രോസിക്യൂഷന്റെ വാദത്തെ ദുര്‍ബലപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളാണ് ഇതെന്നുമാണ് ഇവരുടെ ആരോപണം. ‘സ്റ്റിങ് ഓപ്പറേഷനെന്ന് പറഞ്ഞ് പുറത്തു വരുന്ന വീഡിയോയില്‍ ക്യാമറ വിസിബിള്‍ ആണ്. സുനിയുമായി ധാരണയിലെത്തി സുനി സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ സുനിയെ രക്ഷിക്കാനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തിയിരിക്കുന്നത്. സുനി മാധ്യമങ്ങളോട് സംസാരിക്കാന്‍ പാടില്ലെന്ന് നിബന്ധനയുണ്ട്. അതിജീവിതയെ പിന്തുണയ്ക്കാനുള്ള ശ്രമമാണ് നടത്തിയതെങ്കില്‍ അതിജീവിതയുടെ നിയമസഹായികളോടും ചര്‍ച്ച ചെയ്യേണ്ടതുണ്ട്’- അവര്‍ പറഞ്ഞു.
2021 മുതൽ റിപ്പോർട്ടർ ടിവിക്ക് വേണ്ടി നടിയെ ആക്രമിച്ച കേസിലെ വാർത്തകളും, ഫോളോ അപ്പുകളും ചെയ്യുകയും, അതിന്റെ ഭാഗമായി അന്ന് തുടങ്ങിയ അന്വേഷണത്തിൽ ഇപ്പോൾ ഫലം കണ്ടുവെന്നും റിപ്പോർട്ടർ ടിവിക്ക് വേണ്ടി സ്റ്റിങ് ഓപ്പറേഷൻ നടത്തിയ സീനിയർ ന്യൂസ് എഡിറ്റർ ആർ റോഷിപാൽ അഴിമുഖത്തോട് പറഞ്ഞു.
”ഞാനെഴുതുന്ന പുസ്തകത്തിന്റെ ഭാഗമായി നടിയെ ആക്രമിച്ച കേസിലെ നിരവധിയാളുകളെ കാണുകയും സംസാരിക്കുകയും വേണമായിരുന്നു. കേസിലെ എട്ടാം പ്രതി ദിലീപിനെ ഉൾപ്പെടെ പലരെയും കാണാൻ ശ്രമിക്കുകയാണ് ഞാൻ, ഇക്കാര്യങ്ങൾ പറഞ്ഞാണ് പൾസർ സുനിയെ സമീപിക്കുന്നത്. എഴുതി തയ്യാറാക്കിയ നോട്ടുകളടക്കം പല കാര്യങ്ങളും പറഞ്ഞ് ബോധ്യപ്പെടുത്തിയ ശേഷമാണ് സുനി സംസാരിക്കാൻ തയ്യാറായത്. പൾസർ സുനി അറിഞ്ഞുകൊണ്ടാണ് വീഡിയോ എടുത്തത് എന്ന വാദം തെറ്റാണ്. ഇനിയൊന്നും ചെയ്യാനില്ലെന്ന് കണ്ട സുനിയുടെ പ്രതിരോധമായി മാത്രമേ അതിനെ കാണാൻ കഴിയുകയുള്ളു. സുനിക്ക് കുരുക്ക് വീഴുന്ന തരത്തിലുള്ള സംസാരമാണ് വീഡിയോയിലുള്ളത്, അത്തരത്തിൽ തനിക്ക് എതിരായ കാര്യങ്ങൾ പുറത്ത് വിടാൻ ഒരാളും മനഃപൂർവം സമ്മതിക്കില്ലല്ലോ.” റോഷിപാൽ പറഞ്ഞു.
പൾസർ സുനിയുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച്ച ഒരു ഗൂഢവനത്തിനുള്ളിൽ വച്ചായിരുന്നു. അതൊരു ക്രിമിനൽ സംഘത്തിനിടയിലേക്കാണ്, കത്തിയും ആയുധങ്ങളുമായി നിൽക്കുന്ന ക്രിമിനൽ സംഘത്തിനിടയിലേക്കാണ് ആദ്യം പോകുന്നത്. ഏതെങ്കിലും തരത്തിലുള്ള ചതി കാണിച്ചാൽ തനിക്ക് ഇത്രയും സന്നാഹങ്ങളുണ്ടെന്ന് കാണിക്കുക എന്നതായിരുന്നു സുനിയുടെ ലക്ഷ്യം. ആദ്യത്തെ മൂന്ന് മണിക്കൂർ വളരെ ആശങ്കപ്പെടുത്തുന്നതായിരുന്നു. റോഷിപാൽ പറഞ്ഞു.
എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നുവെന്നും അതിക്രമം ഒഴിവാക്കാന്‍ എത്ര പണം വേണമെങ്കിലും തരാമെന്ന് നടി പറഞ്ഞിരുന്നുവെന്നും പ്രതി സുനി പറഞ്ഞിരുന്നു. ഇതും കേസിലെ തെളിവായ ക്യാമറയിലെ ദൃശ്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചയും കോടതിയില്‍ പ്രോസിക്യൂഷന്‍ വാദങ്ങളെ ഖണ്ഡിക്കാനായി പ്രതിഭാഗം ഉപയോഗിക്കുമെന്ന ചര്‍ച്ചയും നടക്കുന്നുണ്ട്.
രണ്ടായിരത്തി പതിനേഴ് ഫെബ്രുവരി 17ന് എറണാകുളം ജില്ലയിലെ ആലുവഭാഗത്തും സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലുമായാണ് സഞ്ചരിക്കുന്ന വാഹനത്തില്‍ നടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. 2018 മാര്‍ച്ചിലാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ രഹസ്യവിചാരണ നടക്കുന്ന കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയും എട്ടാം പ്രതി ദിലീപുമാണ്. ഒന്‍പത് പ്രതികളാണ് കേസിലുള്ളത്. ദിലീപും അതിജീവിതയും തമ്മിലുണ്ടായി വന്ന കടുത്ത ശത്രുതയാണ് തന്നെ ഉപയോഗിച്ച് നടിയെ ആക്രമിക്കാനുള്ള കാരണമെന്നും സുനി റിപ്പോര്‍ട്ടര്‍ ടിവിയോട് പറയുന്നു. കേസിലെ അതിനിര്‍ണായക തെളിവാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആക്രമണം ചിത്രീകരിച്ചത്. ഈ ഫോണിന് എന്ത് സംഭവിച്ചുവെന്ന് സുനി വെളിപ്പെടുത്തിയിട്ടില്ല.
Content Summary: actress attack case; was pulsar suni aware of the hidden camera in revelation