കേന്ദ്രസര്‍ക്കാര്‍ രൂപകല്പന ചെയ്ത സൗരോര്‍ജ ലേലം യഥാര്‍ത്ഥത്തില്‍ വ്യാവസായിക മത്സരരംഗത്തെ തളര്‍ത്തുകയും അടുത്ത 25 വര്‍ഷത്തേക്കുള്ള ആയിരക്കണക്കിന് കോടി രൂപയുടെ സൗരോര്‍ജ്ജ വൈദ്യുതി കരാറുകള്‍ സുരക്ഷിതമാക്കുന്നതിന് അദാനി ഗ്രൂപ്പിന് അവസരമൊരുക്കുന്നതുമായിരുന്നു.Adani coal controversy in Modi government’s script
കേന്ദ്ര ആഭ്യന്തര മന്ത്രാലയങ്ങള്‍ കൊണ്ടുവന്ന അസാധാരണമായ ലേല വ്യവസ്ഥകളും ഇളവുകളുടെ ഒരു പരമ്പരയും, റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയത്തിന് കീഴിലുള്ള സോളാര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും, അദാനി ഗ്രൂപ്പിന് പുറമെ പ്രബലരായ മറ്റ് രണ്ട് ടീമുകളും (അസ്യൂര്‍ പവര്‍ ഇന്ത്യ ലിമിറ്റഡും, നവയുഗ എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡും) മാത്രമേ മത്സര രംഗത്തുണ്ടാവാന്‍ പാടുള്ളു എന്ന കാര്യത്തില്‍ 2019 ല്‍ തന്നെ ഉറപ്പുവരുത്തിയിരുന്നു.
വളരെ ദുര്‍ലഭമായ മത്സരമായിരുന്നിട്ടുകൂടി അനുവദനീയമായ ഉയര്‍ന്ന നിരക്കില്‍ ലേലം വിളിച്ച നവയുഗ എന്‍ജിനീയറിങ് ലജ്ജാകരമായി പരാജയപ്പെടുകയായിരുന്നു. സൗരോര്‍ജ പദ്ധതിയുടെ കരാറിനായി മത്സരിക്കുന്ന അതേ സമയത്ത് തന്നെയാണ് നവയുഗ ആന്ധ്രാപ്രദേശിലെ തുറമുഖം വില്‍ക്കാന്‍ അദാനി ഗ്രൂപ്പുമായി ആയിരക്കണക്കിന് കോടി രൂപയുടെ കരാര്‍ ഒപ്പിട്ടത്, ഇതിന് തൊട്ടുപിന്നാലെയാണ് നവയുഗയ്ക്ക് സൗരോര്‍ജ്ജ കരാര്‍ നഷ്ടമായതും.
വൈദ്യുതി വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഇടനിലയായി പ്രവര്‍ത്തിക്കുന്ന സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (SECI ) വിറ്റ വിലകൂടിയ സോളാര്‍ പവര്‍ വാങ്ങാന്‍, ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 2,000 കോടിയിലധികം രൂപ കൈക്കൂലി നല്‍കാന്‍ അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് പദ്ധതിയിട്ടെന്ന യുഎസ് ആരോപണത്തിലൂടെ പ്രശ്തമായ അസ്യൂര്‍ പവര്‍ ആണ് മത്സരരംഗത്തെ മറ്റൊരു താരം.
കൈക്കൂലി വിവാദത്തില്‍ സംസ്ഥാനതല രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പങ്കിനെക്കുറിച്ചാണ് ഇപ്പോള്‍ പൊതുചര്‍ച്ചകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പിന് അനുയോജ്യമായ നിലയ്ക്ക് സോളാര്‍ പവര്‍ ലേലം ചെയ്തതിലും 4 ജിഗാവാട്ട് പദ്ധതികള്‍ക്കായി ആദ്യം ലേലം വിളിച്ചിരുന്നിടത്ത് 8 ജിഗാവാട്ട് വൈദ്യുതി വിതരണത്തിന്റെ കരാറുകള്‍ ഉണ്ടാക്കിയതിലും കേന്ദ്ര സര്‍ക്കാരിന്റെയും എസ്.ഇ.സി.ഐയുടെയും പങ്ക് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് ഇന്‍വെസ്റ്റിഗേഷന്‍ കാണിക്കുന്നു. മതിയായ നിയന്ത്രണമോ മേല്‍നോട്ടമോ കൂടാതെ സൗരോര്‍ജ്ജം ലേലം ചെയ്യാന്‍ വൈദ്യുതി മന്ത്രാലയം, റിന്യൂവമ്പിള്‍ എനര്‍ജി മന്ത്രാലയം, SECI എന്നിവയ്ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള വിപുലമായ നയ വിവേചനാധികാരം ഉപയോഗപ്പെടുത്തിയാണ് ഈ നീക്കമെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
കരാറിലെ ഈ അപൂര്‍വ്വ വ്യവസ്ഥകള്‍ കാരണം അദാനിയും, അസ്യൂറും ടെന്‍ഡര്‍ നേടിയ വിലയ്ക്ക് 25 വര്‍ഷത്തിനുള്ളില്‍ അവര്‍ക്ക് 1.5 ലക്ഷം കോടി രൂപയുടെ ഉറപ്പായ വരുമാനം ലഭിക്കുമായിരുന്നു. ഇതില്‍ അസ്യൂറിന്റെ വരുമാനത്തിന്റെയും ഇരട്ടിയോളമാണ് അദാനി ഗ്രൂപ്പിന് ലഭിക്കുമായിരുന്നത്.
ഇതാദ്യമായല്ല സൗരോര്‍ജ ടെന്‍ഡറുകള്‍ അദാനി ഗ്രൂപ്പിന് അനുകൂലമായ നിലയ്ക്ക് എത്തിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന രണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ എങ്ങനെയാണ് അദാനി ഗ്രൂപ്പിന്റെ ഗ്രൗണ്ട് പ്ലാനുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും യോജിക്കുന്ന തരത്തില്‍ ടെന്‍ഡറുകള്‍ നല്‍കിയതെന്ന് ദി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് ഇതിന് മുന്‍പും വെളിപ്പെടുത്തിയിട്ടുണ്ട്.
ദി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ അദാനി ഗ്രൂപ്പ് ഒരു ടെന്‍ഡര്‍ എടുത്തിരുന്നു, മറ്റൊന്ന് സ്വന്തമാക്കാനും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ഞങ്ങളുടെ അന്വേഷണം പ്രസിദ്ധീകരിച്ച് ഒരു മാസത്തിന് ശേഷം രണ്ടാമത്തെ ടെന്‍ഡര്‍ പിന്‍വലിക്കുകയാണുണ്ടായത്. ഈ ടെന്‍ഡറുകള്‍ 25 വര്‍ഷത്തേക്ക് ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ സംസ്ഥാനങ്ങളെയും സര്‍ക്കാരുകളെയും നിര്‍ബന്ധിതമാകുന്നു. അതേസമയം, സാങ്കേതികവിദ്യയില്‍ പുരോഗതി കൈവരിക്കുകയും സൗരോര്‍ജ്ജത്തിന്റെ വില ഇടിയുകയും ചെയ്തു. ഈ ഉയര്‍ന്ന ചെലവ് നികത്താന്‍, സംസ്ഥാന സര്‍ക്കാരുകള്‍ ഉയര്‍ന്ന വൈദ്യുതി ബില്‍ ഉപഭോക്താക്കളിലേക്ക് അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്.
ഇതേക്കുറിച്ച് വിശദമായി തന്നെ പഠിക്കാന്‍ കളക്റ്റീവ്, സര്‍ക്കാര്‍, എസ്.ഇ.സി.ഐ, സ്വകാര്യ കമ്പനികള്‍ എന്നിവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീടും നിരന്തരമായി അവരെ പിന്തുടര്‍ന്നെങ്കിലും അവരാരും പ്രതികരിക്കാനും കൂട്ടാക്കിയില്ല.
‘അസ്യൂറിന്റെ ചില മുന്‍ ഡയറക്ടര്‍മാര്‍ക്കും ഓഫീസര്‍മാര്‍ക്കും ചില മൂന്നാം കക്ഷികള്‍ക്കും എതിരെ യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ്, യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ പ്രഖ്യാപിച്ച നടപടികളെക്കുറിച്ച് തങ്ങള്‍ക്ക് അറിയാമെന്ന് പരസ്യമായി തന്നെ അസ്യൂര്‍ പ്രഖ്യാപിക്കുകയുണ്ടായി.
”2023 ജനുവരിയിലാണ് അസ്യൂര്‍ ഇക്കാര്യം ആദ്യമായി വെളിപ്പെടുത്തിയത്, തുടര്‍ന്നുള്ള അന്വേഷങ്ങളിലും, വാര്‍ഷിക റിപ്പോര്‍ട്ടുകളിലും, ഞങ്ങള്‍ ഏജന്‍സികളുമായി സഹകരിച്ചു, ഇനിയും അത് തുടരും,” അസ്യൂര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം തന്നെ ‘അടിസ്ഥാനരഹിതം’ എന്ന് പറഞ്ഞാണ് കുറ്റാരോപണത്തെ അദാനി ഗ്രൂപ്പ് തള്ളിയത്. ഇതുവരെ തങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളിലും സുതാര്യത പാലിച്ചിട്ടുണ്ടെന്നും രാജ്യത്തെ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിതെന്നും അദാനി ഗ്രൂപ്പ് തങ്ങളുടെ പ്രസ്താവനയില്‍ പറയുന്നു.
അത്യപൂര്‍വമായ ടെന്‍ഡര്‍
2011 മുതല്‍, നിര്‍മ്മാതാക്കളില്‍ നിന്ന് ലേലത്തിലൂടെ വൈദ്യുതി വാങ്ങുകയും സംസ്ഥാനങ്ങള്‍ക്ക് കമ്മീഷന്‍ വാങ്ങി വില്‍ക്കുകയും ചെയ്യുന്ന ഒരു ഇടനിലക്കാരനായാണ് എസ്.ഇ.സി.ഐ. പ്രവര്‍ത്തിച്ചുവരുന്നത്. വൈദ്യുതി മന്ത്രാലയം
ടെന്‍ഡര്‍ വിളിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിശ്ചയിക്കുന്നുണ്ടെങ്കിലും, റിന്യുവബിള്‍ എനര്‍ജി മന്ത്രാലയവും എസ്.ഇ.സി.ഐയ്ക്കും ലേലത്തിന്റെ വിശദാംശങ്ങള്‍ എഴുതുന്നതില്‍ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്.
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (SECI) ബോര്‍ഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി സേവനമനുഷ്ഠിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ (പിഎസ്യു) മുതിര്‍ന്ന ഉദ്യോഗസ്ഥരും ന്യൂ ആന്റ് റിന്യൂവബിള്‍ എനര്‍ജി (എംഎന്‍ആര്‍ഇ) മന്ത്രാലയത്തില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന മറ്റ് ഡയറക്ടര്‍മാരും ചേര്‍ന്നാണ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ബിജെപി അംഗവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ രാജ്കുമാര്‍ സുദം ബഡോലെയാണ് നിലവില്‍ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (SECI) ബോര്‍ഡ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നത്. കൂടാതെ, റിന്യുവബിള്‍ എനര്‍ജി മന്ത്രാലയത്തിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ബോര്‍ഡിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. 2018-ല്‍, മാനുഫാക്ചറിംഗ്-ലിങ്ക്ഡ് ലേലം എന്ന പേരില്‍ എസ്.ഇ.സി.ഐ ഒരു പുതിയ പ്രോഗ്രാം ആരംഭിച്ചു. സോളാര്‍ പാനലുകളും മറ്റ് ഘടകങ്ങളും നിര്‍മ്മിക്കുന്ന കമ്പനികളില്‍ നിന്ന് സോളാര്‍ വൈദ്യുതി വാങ്ങാന്‍ അവര്‍ തീരുമാനിച്ചു. എന്നാല്‍, ഇന്ത്യയിലെ ചുരുക്കം ചില കമ്പനികള്‍ മാത്രമാണ് എസ്.ഇ.സി.ഐ യുടെ ഈ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായിരുന്നത്. അതില്‍ ഒന്നായിരുന്നു അദാനി ഗ്രൂപ്പ്. എസ്.ഇ.സി.ഐ ഒരു വലിയ കരാറാണ് ഇതിനായി മുന്നോട്ടുവച്ചത്. 2 ജിഗാവാട്ട് വരെ ശേഷിയുള്ള സോളാര്‍ ഉപകരണങ്ങളുടെ നിര്‍മ്മാണ സൗകര്യങ്ങള്‍ സ്ഥാപിക്കാന്‍ സമ്മതിച്ച കമ്പനികളില്‍ നിന്ന് 6 ജിഗാവാട്ട് (GW) സൗരോര്‍ജ്ജം വാങ്ങും. 2.5 വര്‍ഷത്തേക്ക് (30 മാസം) എല്ലാ വര്‍ഷവും കുറഞ്ഞത് 500 മെഗാവാട്ട് സോളാര്‍ പവര്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഉല്‍പ്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് ലേലം വിളിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്യേണ്ടിവന്നു. ആവശ്യമെങ്കില്‍ ഈ സമയപരിധി നീട്ടാനുള്ള ഓപ്ഷനും അവര്‍ക്ക് ഉണ്ടായിരുന്നു.
ലേലം വിളിക്കാന്‍ ശേഷിയുള്ള കമ്പനികള്‍ക്ക് ഇതൊരു ആകര്‍ഷകമായ ഓഫറായിരുന്നു, കാരണം അടുത്ത 25 വര്‍ഷത്തേക്ക് വന്‍തോതില്‍ വൈദ്യുതി വാങ്ങി സോളാര്‍ ഘടക പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ഒരു കമ്പനിയുടെ ചെലവ് ക്രോസ് സബ്സിഡിയായി നല്‍കുമെന്ന് എസ്.ഇ.സി.ഐ വാഗ്ദാനം ചെയ്തിരുന്നു. അവര്‍ എസ്.ഇ.സി.ഐയ്ക്ക് വില്‍ക്കുന്ന വൈദ്യുതിക്ക് അല്‍പ്പം ഉയര്‍ന്ന വില നിശ്ചയിച്ച്, ഒന്നല്ല, അവരുടെ രണ്ട് ബിസിനസുകളുടെയും ചിലവും ലാഭവും കവര്‍ ചെയ്യാന്‍ അവര്‍ക്ക് ഈ പ്ലാന്‍ മതിയാകും. അതിനാല്‍, ഫാക്ടറി വരുന്നതിന് മുമ്പുതന്നെ, നിരവധി എതിരാളികള്‍ക്കെതിരെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പൊതുവിപണിയില്‍ മത്സരിക്കേണ്ടി വരുന്ന നിര്‍മ്മാതാവിന് കേന്ദ്രസര്‍ക്കാര്‍ തന്നെ സ്ഥിരമായ വരുമാനമാര്‍ഗം വാഗ്ദാനം ചെയ്യുകയായിരുന്നു.
സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തിന്റെ ഭാഗമായി ഒരു പ്രധാന സോളാര്‍ പവര്‍ ഘടക നിര്‍മ്മാതാവ് സോളാര്‍ ടെന്‍ഡറിനെ പരസ്യമായി വിമര്‍ശിച്ചു. വിക്രം സോളാര്‍ ലിമിറ്റഡ്, SECI യുടെ ഒരു സോളാര്‍ ടെന്‍ഡറിനെ വിമര്‍ശിച്ചു. അവര്‍ അന്യായമായി ഡെവലപ്പര്‍മാരെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ്, ഇത് തികച്ചും വ്യത്യസ്തമായ ഒരു ബിസിനസ്സ് പ്രിക്രിയയാണ്. നിര്‍മ്മാണത്തിന് ഉയര്‍ന്ന ഇക്വിറ്റിയും കുറഞ്ഞ വായ്പയും ആവശ്യമാണെന്ന് അവര്‍ വാദിക്കുന്നു. അതേസമയം പ്രോജക്റ്റ് വികസനത്തിന് കുറഞ്ഞ ഇക്വിറ്റിയും ഉയര്‍ന്ന വായ്പയും ആവശ്യമാണ്. ഇത് രണ്ടും വിജയകരമായി കൈകാര്യം ചെയ്യുക എന്നത് ഒരു സ്ഥാപനത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.
”2018 മെയ് മാസത്തില്‍ കമ്പനി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിമര്‍ശനത്തിന്റെ ഭാഗമാണിത്. ‘മെയ്ഡ് ഇന്‍ ഇന്ത്യ’ സംരംഭത്തെ തുരങ്കം വയ്ക്കുന്ന ടെന്‍ഡറിലെ പഴുതുകള്‍ കമ്പനി ചൂണ്ടിക്കാണിച്ചു. ടെന്‍ഡര്‍ ആഭ്യന്തര ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിച്ചെങ്കിലും, സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിന് കരാറുകാരന് ഇന്ത്യന്‍ നിര്‍മ്മിത ഘടകങ്ങള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല.
‘… ഈ ടെന്‍ഡറുകള്‍ ആഭ്യന്തര സൗരോര്‍ജ്ജ നിര്‍മ്മാണ വ്യവസായങ്ങള്‍ക്കുള്ള പിന്തുണയായി നിര്‍ദ്ദേശിച്ചിട്ടുള്ളതാണെങ്കിലും നിലവിലുള്ള നിര്‍മ്മാതാക്കള്‍ക്ക് മുന്നില്‍ യാതൊരു ഡിമാന്‍ഡും SECI മുന്നോട്ട് വെച്ചിട്ടില്ല. ഇത് അവരുടെ ശേഷി വിനിയോഗിക്കാതിരിക്കാന്‍ ഇടയാക്കി.’ അതിന്റേതായ നിയമങ്ങളുള്ള ഒരു പുതിയ വ്യവസായം (സൗരോര്‍ജ്ജ പദ്ധതി വികസനം + നിര്‍മ്മാണം) സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ വളരെ ലാഭകരമാണ് വലിയ ഓഫറില്‍ മുന്നോട്ട് വെച്ചിരിക്കുന്ന നിലവിലുള്ളതുമായ വ്യവസായത്തെ പിന്തുണയ്ക്കുക എന്നത്.
ടെന്‍ഡര്‍ വ്യവസ്ഥകള്‍ 2019 വരെ പലതവണ തിരുത്തി, ഇത് അവര്‍ക്കാവശ്യമുള്ള സ്‌കെയിലില്‍ ലേലം വിളിക്കാന്‍ കമ്പനികള്‍ക്ക് കൂടുതല്‍ പ്രലോഭനമുണ്ടാക്കിയതായി ഒരു നിക്ഷേപക കോണ്‍ഫറന്‍സില്‍ അദാനി ഗ്രൂപ്പ് സമ്മതിച്ചിട്ടുണ്ട്.
ഈ ടെന്‍ഡറിന് കീഴില്‍ വൈദ്യുതി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാരുകളെ എത്തിക്കാന്‍ എസ്ഇസിഐക്ക് ഒന്നര വര്‍ഷത്തിലേറെ സമയമെടുക്കും. ഈ സമയത്ത്, അദാനി ഗ്രീന്‍ നിക്ഷേപകരില്‍ നിന്ന് പദ്ധതിയുടെ ഭാവിയെക്കുറിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ നേരിട്ടു. അവരില്‍ ഒരാളെങ്കിലും ലേലത്തിന് കീഴില്‍ നിശ്ചയിച്ചിട്ടുള്ള ‘താരതമ്യേന ഉയര്‍ന്ന വില’ യിലേക്ക് വിരല്‍ചൂണ്ടിയെങ്കിലും കമ്പനി അത് നിഷേധിച്ചില്ല.
അമേരിക്കയുടെ ജസ്റ്റിസ് ഓഫ് ബ്രെബറി ആന്റ് ഫ്രോഡ് വകുപ്പും യുഎസ് മാര്‍ക്കറ്റ് റെഗുലേറ്ററും കുറ്റവാളികളായി കണ്ടെത്തിയവരില്‍ ഒരാളായ, അദാനി ഗ്രൂപ്പ് എക്‌സിക്യൂട്ടീവായ വിനീത് ജെയിന്, ഇത് വാങ്ങാന്‍ ആളെ കണ്ടെത്തുമെന്ന് കൂടുതല്‍ ആത്മവിശ്വാസമുണ്ടായിരുന്നു. ‘മറ്റേതൊരു’ ടെന്‍ഡറിലും ഇല്ലാതിരുന്ന ടെന്‍ഡറിന്റെ ‘പ്രധാന സവിശേഷതകള്‍’, തന്നെയായിരുന്നു ഇതിന് കാരണം. കമ്പനി രേഖകളും അദ്ദേഹം തന്റെ നിക്ഷേപകനോട് വെളിപ്പെടുത്തിയിരുന്നു.
യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ ചുമത്തിയ കുറ്റങ്ങള്‍ അനുസരിച്ച്, വാങ്ങാന്‍ ആളെ കിട്ടുന്നതിലെ ബുദ്ധിമുട്ടാണ് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ഉള്‍പ്പെടുന്ന രണ്ട് സ്ഥാപനങ്ങളുടെയും എക്‌സിക്യൂട്ടീവുകളെ വൈദ്യുതി വാങ്ങല്‍ ഇടപാടുകള്‍ക്കായി 2,000 കോടി രൂപ കൈക്കൂലിയായി നല്‍കാന്‍ പ്രേരിപ്പിച്ചത്.
4 ന് വിളിച്ചു, 8 ന് കിട്ടി
സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (SECI) ലേലത്തില്‍ പങ്കെടുക്കാന്‍ അദാനി ഗ്രൂപ്പ്, അസ്യൂര്‍ ഗ്രൂപ്പ്, നവയുഗ ഗ്രൂപ്പ് എന്നിങ്ങനെ മൂന്ന് കമ്പനികളാണ് അവരുടെ ഓഫറുകള്‍ സമര്‍പ്പിച്ചത്. നവയുഗ സൗരോര്‍ജ്ജം, യൂണിറ്റിന് 2.93 രൂപയ്ക്ക് വില്‍ക്കാമെന്നായിരുന്നു വാഗ്ദാനം ചെയ്തത്. യൂണിറ്റിന് 2.92 രൂപയായിരുന്നു അദാനിയുടെ ഓഫര്‍. 15 മിനിറ്റിനുശേഷം സമര്‍പ്പിച്ച അസ്യൂറിന്റെ ഓഫറിലും അതേ വില തന്നെയായിരുന്നു. ഒരു പൈസയുടെ മാത്രം വ്യത്യാസത്താല്‍ ലേലത്തില്‍ പരാജയപ്പെട്ട നവയുഗ ഗ്രൂപ്പിന്റെ നവയുഗ എഞ്ചിനീയറിംഗ് അതേസമയം തന്നെ മറ്റൊരു കരാറിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കൃഷ്ണപട്ടണം തുറമുഖത്തിലെ ഓഹരി അദാനി ഗ്രൂപ്പിന് വില്‍ക്കാന്‍ കമ്പനി, അദാനി ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. 2019 ഓഗസ്റ്റില്‍ തുറമുഖത്തിനായുള്ള ചര്‍ച്ചകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നു (ഇലക്ടറല്‍ ബോണ്ടുകള്‍ വഴി നവയുഗം 45 കോടി രൂപ ബിജെപിക്ക് സംഭാവന നല്‍കിയ വര്‍ഷം കൂടിയാണിത്). 2019 നവംബറോടെ, തുറമുഖത്തിനായുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ തന്നെ, SECI ക്ക് മുമ്പാകെ നവയുഗ എഞ്ചിനീയറിംഗ് അദാനി ഗ്രൂപ്പിന്റെ എതിരാളിയായി നിന്ന് ലേലം വിളിച്ചു.
സോളര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്ഇസിഐ) 2019 ഡിസംബറിലാണ് 10 ജിഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിനുള്ള പദ്ധതിയില്‍ അസ്യൂര്‍ പവറിനെയും അദാനി ഗ്രീന്‍ പവറിനെയും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്. അസ്യൂര്‍ പവര്‍ 2 ജിഗാവാട്ട് വൈദ്യുതിയും അദാനി ഗ്രീന്‍ എട്ട് ജിഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കാനായിരുന്നു കരാര്‍. ഒരു മാസത്തിന് ശേഷം അദാനി ഗ്രൂപ്പ് നവയുഗ ഗ്രൂപ്പുമായി തുറമുഖ കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2020 ജനുവരിയോടെ കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. അദാനി ഗ്രൂപ്പിന് 3,375 കോടി രൂപയ്ക്ക് നവയുഗ ഗ്രൂപ്പില്‍ നിന്ന് തുറമുഖത്തിന്റെ 75 ശതമാനം ഓഹരി ലഭിച്ചിരുന്നു. സര്‍ക്കാര്‍ ചട്ടങ്ങള്‍ അനുസരിച്ച്, ലേലക്കാര്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള ഒത്തുകളി കണ്ടെത്താന്‍ അധികാരികള്‍ ലേലം ശ്രദ്ധാപൂര്‍വ്വം പരിശോധിക്കേണ്ടതുണ്ട്. ലേലം വിളിക്കുന്നവര്‍ തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നവരാണെങ്കില്‍ അത്തരം സൂക്ഷ്മപരിശോധന കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു.
നവയുഗ, അദാനി ഗ്രൂപ്പുകള്‍ക്ക് പക്ഷേ, അത്തരം സൂക്ഷ്മപരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞു. 2020 ജനുവരിയില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യോട് വെളിപ്പെടുത്തിയ തുറമുഖ ഇടപാടിന് ശേഷം നവയുഗ എഞ്ചിനീയറിംഗും അദാനി ഗ്രൂപ്പും നിയമപരമായി ബന്ധമുള്ള കക്ഷികളായി. നവയുഗ ഗ്രൂപ്പ് എതിരെ നിന്ന് വിളിച്ച സൗരോര്‍ജ ലേലത്തില്‍ അദാനി ഗ്രൂപ്പ് വിജയിച്ച് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു ഈ സംഭവ വികാസങ്ങളെല്ലാം. സോളാര്‍ ലേലത്തില്‍ എതിരാളികള്‍ എന്ന നിലയില്‍ നിന്ന് പരസ്പരം ലേലം വിളിക്കുമ്പോഴും തുറമുഖ ഇടപാടിനായി ഇരുവരും മാസങ്ങളോളം ചര്‍ച്ചകള്‍ നടത്തിയ കാര്യങ്ങള്‍ പരസ്യമായിരുന്നിട്ട് കൂടിയും ഈ രണ്ട് കരാറുകാരെക്കുറിച്ചും SECI അവലോകനം നടത്തിയിരുന്നില്ല. ടെന്‍ഡര്‍ പ്രക്രിയയില്‍ അസ്യൂറിന്റെയും നവയുഗത്തിന്റെയും തീരുമാനങ്ങള്‍ അദാനിയെ തുണച്ചു. ലേലം വിളിക്കാതെ തന്നെ SECI മൂവര്‍ക്കും അധിക സൗരോര്‍ജ്ജ ശേഷിക്കായി കരാര്‍ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, അസ്യൂറും നവയുഗവും ഈ ഓഫര്‍ പ്രയോജനപ്പെടുത്തിയില്ല. SECI-യും കേന്ദ്രസര്‍ക്കാരും മുന്‍കൂട്ടി ക്രമീകരിച്ച നിയമങ്ങള്‍ക്കനുസൃതമായി ലേലം വിളിക്കാതെ തന്നെ ഈ അധികശേഷിയും അദാനി സ്വന്തമാക്കി. അവസാനം, അദാനി ഗ്രൂപ്പിന് ആദ്യം ലേലം വിളിച്ച 4 ജിഗാവാട്ടിന് പകരം 8 ജിഗാവാട്ട് വാങ്ങാന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചു.
യഥാര്‍ത്ഥത്തില്‍ 2 ജിഗാവാട്ട് ലേലം ചെയ്തതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് 4 ജിഗാവാട്ടിന്റെ ഡീലാണ് അസ്യൂര്‍ നേടിയത്. ടെന്‍ഡറുകളില്‍ പാലിക്കേണ്ട നിയമങ്ങളുടെയും നിബന്ധനകളുടെയും വിവേചനാധികാരവും / സ്വയം നിര്‍ണ്ണയാധികാരവും, ടെന്‍ഡറുകളില്‍ പ്രത്യേക നിബന്ധനകള്‍ കൂടി കൊണ്ടുവരുവാനും, ആവശ്യാനുസരണം മാറ്റം വരുത്തുവാനുമുള്ള അധികാരം SECI ക്ക് നല്‍കുന്നുണ്ട്. വിക്രം സോളാറിന്റെ, സോളാര്‍ പവര്‍ വില്‍പ്പന ടെന്‍ഡറിനെതിരായ മത്സരരംഗത്തെ മറ്റ് എതിരാളികളുടെ വിമര്‍ശനങ്ങള്‍ ‘കിട്ടാത്ത മുന്തിരി പുളിക്കുമെന്ന’ അവസ്ഥയ്ക്ക് സമാനമാണെങ്കിലും വ്യവസായ നിരീക്ഷകര്‍ ഇതേക്കുറിച്ച് വലിയ ആശങ്കയാണ് പുലര്‍ത്തുന്നത്.
‘ഇത് യാതൊരു പ്രയോജനവുമില്ലാത്ത നടപടിയാണ്. കാരണം ദേശീയ പിവി (സോളാര്‍ പാനല്‍) നിര്‍മ്മാതാക്കളുടെ മത്സരരംഗത്തെ പോരായ്മയുടെ അടിസ്ഥാന കാരണങ്ങള്‍ ഇപ്പോഴും അവഗണിക്കപ്പെടുകയാണ്’. കൂടാതെ, ഈ നടപടി ടെന്‍ഡറില്‍ കണ്ടെത്തിയ താരിഫ്, പണമില്ലാത്ത വിതരണക്കാരെ കൂടുതല്‍ ഭാരപ്പെടുത്തും,” 2020 ജൂലൈയില്‍ ഇന്ത്യയിലെ ഏറ്റവും പ്രമുഖ പബ്ലിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപനമായ കൗണ്‍സില്‍ ഓണ്‍ എനര്‍ജി എന്‍വയോണ്‍മെന്റ് ആന്‍ഡ് വാട്ടറിലെ ഒരു അസോസിയേറ്റിന്റെ പ്രതികരണമാണിത്. ടെന്‍ഡര്‍ വിജയിച്ച ലേലക്കാര്‍ക്ക് ഉപഭോക്താവിന്റെ ചിലവില്‍ ഇത്രയും വലിയ തുക ലഭിച്ചതെങ്ങനെയെന്ന് തിങ്ക് ടാങ്കിലെ ഗവേഷകന്‍ വിശദീകരിക്കുന്നു. സാധാരണയായി നിലവിലുള്ള സൗരോര്‍ജ്ജ നിരക്കുകള്‍ അനുസരിച്ച് തന്നെ അദാനിക്കും അസ്യൂറിനും 22,000 കോടി രൂപയുടെ അന്യായവരുമാനം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ വിലയിരുത്തല്‍ പ്രകാരം മുന്നോട്ടുവെച്ച ഓഫറിലെ ഒരു യൂണിറ്റിന് 2.92 രൂപ നിരക്കില്‍ രണ്ട് ഗ്രൂപ്പുകള്‍ക്കും 25 വര്‍ഷത്തിനുള്ളില്‍ 1.5 ലക്ഷം കോടി രൂപയിലധികം വരുമാനം നേടാന്‍ സാധിക്കുമെന്ന് കരുതപ്പെടുന്നു.’സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ പവര്‍ സെയില്‍ കരാറില്‍ ഒപ്പിടാന്‍ വിതരണക്കാരെ കണ്ടെത്തുന്നത് SECI യ്ക്ക് വെല്ലുവിളിയായി തീര്‍ന്നിരിക്കുന്നു.’ ഗവേഷകന്‍ നേരത്തെ എഴുതിയിരുന്നു.
മറ്റൊരു സോളാര്‍ മാര്‍ക്കറ്റ് നിരീക്ഷകനായ ബ്രിഡ്ജ് ടു ഇന്ത്യയും, അദാനി ഗ്രൂപ്പിന് അനുകൂലമായി അവസാനിച്ച ഒരു കരാര്‍ ഉറപ്പിക്കാന്‍ ഒരുങ്ങുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലേലത്തില്‍ ‘അര്‍ത്ഥമില്ല’ എന്നാണ് ബ്രിഡ്ജ് ടു ഇന്ത്യ അഭിപ്രായപ്പെട്ടത്. ഉയര്‍ന്ന വിലയ്ക്ക് അദാനിയും അസ്യൂറും ധാരണയിലെത്തിയ വന്‍തോതിലുള്ള വൈദ്യുതി വാങ്ങാന്‍ പക്ഷേ, സംസ്ഥാന സര്‍ക്കാരുകളില്‍ ആളെ കണ്ടെത്താന്‍ എസ്.ഇ.സി.ഐ ക്ക് കഴിഞ്ഞില്ല. യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് ചുമത്തിയ കുറ്റങ്ങള്‍ പ്രകാരം, രണ്ട് സ്വകാര്യ സ്ഥാപനങ്ങളും SECI യുമായി വൈദ്യുതി വാങ്ങല്‍ കരാറില്‍ ഒപ്പിടുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 2,000 കോടിയിലധികം രൂപയാണ് കൈക്കൂലി നല്‍കിയിരിക്കുന്നത്. കരാറുകളില്‍ ഒപ്പുവെക്കുന്നതിലൂടെ സംസ്ഥാനങ്ങള്‍ അടുത്ത രണ്ടര ദശാബ്ദത്തേക്കുള്ള വൈദ്യുതിയാണ് വാങ്ങുന്നത്. എന്നാല്‍ ഇവിടം മുതലാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നത്. സോളര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും വൈദ്യുതി വാങ്ങേണ്ട സംസ്ഥാനങ്ങള്‍ അസ്യൂര്‍ – അദാനി കരാറില്‍ പറഞ്ഞ തുകയ്ക്ക് വൈദ്യുതി വാങ്ങാന്‍ പവര്‍ സപ്ലൈ കരാറിലെത്താന്‍ തയ്യാറാകാഞ്ഞത് ഇരുവര്‍ക്കും തിരിച്ചടിയായി. SECI അദാനിക്കും അസ്യൂറിനും 2.92/kWh എന്ന നിരക്കില്‍ SECI ലെറ്റര്‍ ഓഫ് അവാര്‍ഡ് ഇഷ്യു ചെയ്തതിന് ശേഷം ഒന്നരവര്‍ഷത്തിലേറെയായി, കമ്പനികള്‍ തങ്ങളുടെ താരിഫുകള്‍ 2.54, 2.42kWh എന്ന നിലയിലേക്ക് കുറയ്ക്കാന്‍ തീരുമാനിച്ചു. അവര്‍ വിജയിച്ച താരിഫ് സുസ്ഥിരമല്ലെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു ഇത്. ഈ കുറഞ്ഞ താരിഫ് ഉപയോഗിച്ച് അദാനി ഗ്രൂപ്പിന് ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന് ‘കളക്ടീവ്’ സ്വതന്ത്രമായി കണക്കാക്കി. ഞങ്ങളുടെ കണക്കുകള്‍ പ്രകാരം, ടെന്‍ഡറില്‍ അനുവദിക്കപ്പെട്ട ഏറ്റവും കുറഞ്ഞശേഷി ഉപയോഗം പോലും കണക്കിലെടുത്താല്‍, അദാനി ഗ്രൂപ്പ് രണ്ടര ദശകത്തിനിടയില്‍ കുറഞ്ഞത് 53,000 കോടി രൂപ വരുമാനം നേടുമെന്ന് കാണിക്കുന്നു. പര്‍ച്ചേസിംഗ് പവറിന്റെ പുതിയ വിലകള്‍ ഇനി കേന്ദ്ര സര്‍ക്കാരിന്റെ പവര്‍ റെഗുലേറ്റര്‍ അംഗീകരിക്കേണ്ടതുണ്ട്. ഒരു സാധാരണ വിചാരണയായി മാത്രം ഒരുപക്ഷേ ഒതുങ്ങി പോകാമായിരുന്ന കേസിലാണ് ആന്ധ്രാപ്രദേശിലെ പ്രതിപക്ഷ പാര്‍ട്ടിയുമായി ബന്ധമുള്ള രണ്ട് വ്യക്തികള്‍ ലേലത്തെ വിമര്‍ശിച്ച് മുന്നിട്ടിറങ്ങിയപ്പോള്‍ ഈ അപ്രതീക്ഷിത വഴിത്തിരിവുണ്ടായിരിക്കുന്നത്.
ദി ഹിയറിംഗ്
അദാനിയുമായുണ്ടാക്കിയ ഊര്‍ജവിതരണ കരാറുകള്‍ റദ്ദാക്കിയ ആന്ധ്രാപ്രദേശിന്റെ ധനമന്ത്രിയായ പയ്യാവുല കേശവ് അന്ന് പ്രതിപക്ഷ എംഎല്‍എയായിരുന്നു. എതിര്‍പ്പ് ഉന്നയിച്ച മറ്റൊരാള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സെക്രട്ടറി കെ രാമകൃഷ്ണയും. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണ് ടെന്‍ഡര്‍ നടപടിയെന്നാണ് ഇരുവരുടെയും വാദം.
പവര്‍ റെഗുലേറ്ററി കമ്മീഷന്‍ ശ്രദ്ധ ചെലുത്തിയത് പയ്യാവുല കേശവിന്റെ വാദങ്ങളിലായിരുന്നു. സൗരോര്‍ജ്ജ ഉല്‍പ്പാദനവും സൗരോര്‍ജ ഉപകരണ നിര്‍മാണവും സംയോജിപ്പിച്ച് ടെന്‍ഡര്‍ ചെയ്തത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. അന്നത്തെ വൈദ്യുതി മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സൗരോര്‍ജ്ജം വാങ്ങാന്‍ മാത്രമായിരുന്നുവെന്നും സോളാര്‍ ഘടകങ്ങളുടെ നിര്‍മ്മാണം അതില്‍ ചേര്‍ത്തിട്ടില്ലായിരുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ രണ്ട് കരാറുകളും ഒരു കുടക്കീഴിലാക്കി ഒരു kWh-ന് 2.75 രൂപയില്‍ നിന്ന് 2.93 kWh ആയി ഉയര്‍ത്തുകയും, ടെന്‍ഡറില്‍ പങ്കെടുക്കുന്നവരെ പരിമിതപ്പെടുത്തി മത്സരം നിയന്ത്രിക്കുകയും ചെയ്തു. ഇത് ഉപഭോക്താക്കള്‍ക്ക് മേല്‍ ഉയര്‍ന്ന താരിഫുകള്‍ ചുമത്തുന്നതിലേക്ക് കാര്യങ്ങളെ നയിച്ചു. ഒരു kWh-ന് 2 രൂപയ്ക്ക് വൈദ്യുതി വില്‍ക്കാന്‍ ഈ സോളാര്‍ പദ്ധതികള്‍ക്ക് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനെടുക്കുന്ന സമയം, ലേലം ചെയ്തതിനേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാറുകള്‍ നല്‍കാനുള്ള തീരുമാനം തുടങ്ങി ലേലത്തിന്റെ മറ്റ് അനുകൂല വ്യവസ്ഥകളും കേശവ് ചൂണ്ടിക്കാട്ടി. ലേലക്കാര്‍ക്കുള്ള ഇടപാട് ‘സുതാര്യമാക്കാന്‍’ വരുത്തിയ ഈ മാറ്റങ്ങളില്‍ പലതും റിന്യുവബിള്‍ എനര്‍ജി മന്ത്രാലയത്തിന്റെ ‘ഉദാരമായ’ ഉത്തരവുകളിലൂടെയാണ് നടപ്പിലാക്കിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തങ്ങള്‍ കൃത്യമായി പാലിച്ചാണ് തീരുമാനങ്ങള്‍ നടപ്പിലാക്കിയതെന്നാണ് SECI ന്യായീകരിക്കുന്നത്. അതേസമയം ഇതേ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ആവശ്യാനുസരണം മാറ്റം വരുത്താനും, വ്യാഖ്യാനിക്കാനുമുള്ള വിവേചനാധികാരം ഉത്തരവുകളിലൂടെ കേന്ദ്രം SECI ക്ക് നല്‍കുന്നുണ്ട്. അതും പരസ്യപ്പെടുത്തേണ്ട ആവശ്യകതയില്ലാതെ തന്നെ. ലേലത്തിന് ശേഷം ടെന്‍ഡര്‍ ജയിച്ച രണ്ടുപേരും ടെന്‍ഡര്‍ വിളിച്ചെടുത്ത തുകയേക്കാള്‍ വില കുറച്ചാണ് ചോദിച്ചതെന്ന വസ്തുതയും SECI ചൂണ്ടിക്കാട്ടി. കൂടാതെ, ലേലത്തിന്റെ മുന്‍കൂര്‍ വ്യവസ്ഥയായി വൈദ്യുതി വില്‍പനയ്ക്കൊപ്പം സോളാര്‍ ഘടകങ്ങളുടെ നിര്‍മ്മാണത്തിന്റെ കരാറും ഉള്‍പ്പെടുത്താന്‍ വൈദ്യുതി മന്ത്രാലയം പ്രത്യേകം അനുമതി നല്‍കുകയോ തടയുകയോ ചെയ്തിരുന്നില്ലെന്നും അതിനാല്‍ തുടര്‍ന്നുവന്ന നടപടി അതിന്റെ അധികാര പരിധിക്കുള്ളില്‍ വരുന്നതാണെന്നും SECI വാദിച്ചു. സൗരോര്‍ജ്ജ ഉല്‍പ്പാദനവും, സൗരോര്‍ജ ഉപകരണ നിര്‍മാണവുമെല്ലാം ഉള്‍പ്പെട്ട ഈ വിവാദത്തില്‍ നിന്ന് എന്തായാലും പവര്‍ റെഗുലേറ്റര്‍ കൈ കഴുകിയിരിക്കുകയാണ്.
”ഇന്ത്യാ ഗവണ്‍മെന്റ്, സ്വന്തം നിലയ്ക്ക്, സോളാര്‍ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാനുള്ള സോളാര്‍ പവര്‍ പ്ലാന്റുകള്‍ക്കായി പിപിഎയുമായി കരാറിലേര്‍പ്പെട്ടിരിക്കുകയാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ ഈ നയപരമായ തീരുമാനത്തില്‍ നിയമത്തില്‍ വിഭാവനം ചെയ്തിട്ടുള്ള കമ്മീഷന് യാതൊരു പങ്കുമില്ല” എന്നതാണ് സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ പ്രസ്താവന. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, കേന്ദ്ര ഗവണ്‍മെന്റ് അത്തരം ഒരു അനുവാദം നല്കാന്‍ തീരുമാനിച്ച് കഴിഞ്ഞാല്‍, അത്തരം കരാറുകള്‍ ഉപഭോക്താക്കളെ ഉയര്‍ന്ന വൈദ്യുതി നിരക്കിലേക്ക് നയിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഇന്ത്യയിലെ ഒരു റെഗുലേറ്ററിനും സാധിക്കില്ല.
Adani & Modi
കല്‍ക്കരി ഖനികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതി ഉല്‍പ്പാദകര്‍ക്ക് എങ്ങനെ അവസരം ലഭിച്ചുവോ അതുപോലെ, സൗരോര്‍ജ മേഖലയിലെ ഘടകങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സോളാര്‍ പവര്‍ ജനറേറ്ററുകളെ പ്രോത്സാഹിപ്പിക്കാമെന്ന SECIയുടെ വാദവും സമാനമാണ്. മോദി സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ (സ്വാശ്രയ ഇന്ത്യാ കാമ്പയിന്‍) പ്രോത്സാഹിപ്പിക്കാനാണ് ഈ നീക്കമെന്ന് SECI പറഞ്ഞിരുന്നു. പക്ഷേ, ടെന്‍ഡറില്‍ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള്‍ പ്രകാരം പവര്‍ ജനറേറ്ററിന് ഇന്ത്യന്‍ സോളാര്‍ പവര്‍ ഘടകങ്ങള്‍ ഉപയോഗിക്കേണ്ടതില്ലെന്ന കാര്യം SECI വിസ്മരിച്ചു.
അദാനി ഗ്രൂപ്പിനെതിരെയും അസ്യൂറിനെതിരെയും യുഎസ് കുറ്റപത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്ന കൈക്കൂലി അഴിമതി ആരോപണങ്ങള്‍ ഒരു ഒറ്റപ്പെട്ട സംഭവമല്ലായെന്നും, മറിച്ച് ഒരു വലിയ ശൃംഖലയുടെയോ പദ്ധതിയുടെയോ ഭാഗമാണെന്ന് യുഎസ് അധികാരികളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. താരിഫ് കുറയ്ക്കുന്നത് കൂടാതെ ഈ വിവാദ ടെന്‍ഡറിന് കീഴിലുള്ള അന്തിമ കരാറുകള്‍ തങ്ങള്‍ക്ക് അനുകൂലമായ നിലയ്ക്ക് ലഭ്യമാകുന്നതിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും കൈക്കൂലി നല്‍കാന്‍ അദാനിയും അസ്യൂര്‍ പവറും പദ്ധതിയിട്ടിരുന്നതായും യുഎസ് അധികൃതര്‍ ആരോപിക്കുന്നു.Adani coal controversy in Modi government’s script
ഈ അന്വേഷണ റിപ്പോര്‍ട്ട് ആദ്യം പ്രസിദ്ധീകരിച്ചത് ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവില്‍ ആണ്. ഇംഗ്ലീഷിലുള്ള ഒറിജനല്‍ റിപ്പോര്‍ട്ട് വായനക്കാര്‍ക്ക് ഇവിടെ വായിക്കാം.അനുമതിയോടെയാണ് അഴിമുഖം ഈ റിപ്പോര്‍ട്ട് മലയളാത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
Content Summary: Adani coal controversy in Modi government’s script
Adani Nerandra modi india government solar power controversy in adani & modi