June 16, 2026 |
Share on

സതീശനേയും സൈഡാക്കുന്ന പവര്‍ പൊളിറ്റിക്‌സ്

ആരാകും ആ നായര്‍ മുഖ്യന്‍

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസ്സിലെ സൈബര്‍ സംഘങ്ങള്‍ നടപ്പാക്കുന്ന അസാധാരണമായ കൂട്ടപ്പൊരിക്കല്‍ ശമനമില്ലാതെ തുടരുകയാണ്. അദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടന്നുവരുന്ന വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കും പിന്നില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദവും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഓണസദ്യ ഉണ്ടതും മാത്രമാണോ പ്രകോപനം? ലൈംഗികാരോപണത്തില്‍ ഉള്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവും പാലക്കാട് എംഎല്‍എ യുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുക്കാന്‍ വി.ഡി. സതീശന്‍ ശക്തമായ നിലപാടെടുത്തതാണ് പ്രധാന കാരണമെന്ന് പലരും വ്യാഖ്യാനിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആരാധകരില്‍ ചിലര്‍ക്ക് ഹാലിളകളിയതിനാലാണത്രെ സൈബറിടത്തിലെ ഒരു പറ്റം ഭടന്മാര്‍ സതീശനെതിരെ പടയ്ക്കിറങ്ങിയത്.

രാഹുലിനെതിരായ നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സതീശന്‍ വ്യക്തമാക്കിയതോടെ സൈബര്‍ ആക്രമണങ്ങളുടെ തീവ്രതയും വര്‍ധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സതീശന്‍ ഓണസദ്യ കഴിച്ചതിനെ ചൊല്ലിയായി അടുത്ത കീറാമുട്ടി. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ ക്രൂര മര്‍ദ്ദനത്തിനിരയായ സുജിത്ത് എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ആര്‍ടിഐ ആക്റ്റ് പ്രകാരം പുറത്തുവന്ന ശേഷം, ആ ദിവസം തന്നെ സതീശന്‍ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടി. പാര്‍ട്ടിയുടെ മുന്‍ അദ്ധ്യക്ഷനും എംപിയുമായ കെ. സുധാകരന്‍ അടക്കമുള്ള ചില നേതാക്കളും ഇതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഈ സംഭവവും സൈബര്‍ ഇടങ്ങളില്‍ സതീശനെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായി.

ഇപ്പോള്‍ കോണ്‍ഗ്രസ് സൈബര്‍ പോരാളികള്‍ക്കിടയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അനുകൂലികള്‍, സതീശന്‍ അനുകൂലികള്‍ എന്നിങ്ങനെ ചേരിതിരിഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്ക് ഔദ്യോഗികമായി ഒരു സോഷ്യല്‍ മീഡിയ സംവിധാനം ഇല്ലെന്ന് സതീശന്‍ പറഞ്ഞതും വിമര്‍ശനങ്ങള്‍ക്ക്
വഴിവെച്ചിരുന്നു. ഏതായാലും ഈ വിവാദങ്ങളാകെ, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ ചീത്തപ്പേരാണ് വരുത്തി വെക്കുന്നത്.

VD Satheesan

മേല്‍പ്പറഞ്ഞ രണ്ട് കാരണങ്ങളും വാസ്തവത്തില്‍ കേവലം നിഴല്‍ നാടകങ്ങള്‍ മാത്രമാണ്. യാഥാര്‍ത്ഥ്യം ശരിക്കും മറ്റൊന്നാണ്. വി ഡി സതീശന്‍ എന്ന പ്രതിപക്ഷ നേതാവ്, കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഇരയായി കേരളത്തില്‍ അതിവേഗം വിലയിടിവിന് വിധേയനാക്കപ്പെടുന്നു എന്നതാണത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് ഇക്വേഷന് കേരളത്തില്‍ സംഭവിക്കുന്ന പുതുപരിണതിയുടെ പ്രധാന ദൃഷ്ടാന്തമാണ് വി.ഡി സതീശന്‍ എന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവിന് ഇപ്പോള്‍ അനുഭവിക്കേണ്ടി വരുന്ന ദ്രുതവാട്ടം. സംഘടനാപരവും തികച്ചും ആന്തരികവുമായ ഒരു പ്രക്രിയ എന്ന നിലയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഈ പ്രവണതയെ ഇവിടെ വിലയിരുത്താന്‍ ശ്രമിക്കുന്നത്.

വടക്കന്‍ പറവൂരിന്റെ എംഎല്‍എ ആയി 2001 ല്‍ നിയമസഭാംഗമായ സതീശന്‍ ഇതാ അടുത്ത വര്‍ഷം, 2026 ല്‍ തന്റെ നിയമസഭാംഗത്വത്തിന്റെ സില്‍വര്‍ ജൂബിലി വര്‍ഷത്തിലാണെത്തുക. കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി ഉയര്‍ന്നു വന്ന സതീശന്‍ എന്നും ഉറച്ച ഐ ഗ്രൂപ്പുകാരനായിരുന്നു. ലീഡര്‍ കെ കരുണാകരന്റെ മുന്‍നിര സൈന്യാധിപന്മാരായ രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍, കെ മുരളീധരന്‍, ജോസഫ് വാഴയ്ക്കന്‍ തുടങ്ങിയവര്‍ക്കൊപ്പം ചേര്‍ന്നു നിന്നാണ് സതീശന്‍ രാഷ്ട്രീയക്കളരിയില്‍ ചുവടുറപ്പിച്ചത്. ലീഡര്‍ 2004ല്‍ കോണ്‍ഗ്രസ് വിട്ടപ്പോഴും പിന്നീട് തിരിച്ചെത്തിയപ്പോഴും സതീശന്‍ കാലുമാറാതെ രമേശിനും കെ സിക്കുമൊപ്പം ഉറച്ച് നിന്നു. മറുഭാഗത്ത് ഉമ്മന്‍ ചാണ്ടി എ ഗ്രൂപ്പിനെ നയിച്ച് അതിശക്തനായി നിലകൊണ്ടപ്പോഴും സതീശന്‍ തന്റെ ഗ്രൂപ്പ് പക്ഷപാതിത്വത്തില്‍ ലവലേശം മായം കലര്‍ത്താതെ ഐ ഗ്രൂപ്പില്‍ത്തന്നെ തുടര്‍ന്നു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭൂരിപക്ഷം നേടി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ തനിക്ക് മന്ത്രി സ്ഥാനം ഉറപ്പായും കിട്ടുമെന്ന് സതീശന്‍ കരുതി. അദ്ദേഹത്തെ മന്ത്രിയാക്കുന്നതിന് ഉമ്മന്‍ ചാണ്ടിക്കും പൂര്‍ണ്ണ സമ്മതമായിരുന്നു. പക്ഷേ അന്ന് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല അതിനെ എതിര്‍ക്കുകയും ആ സമയത്ത് എന്‍എസ്എസ് പിന്തുണ നേടാന്‍ സാധിച്ച വി എസ് ശിവകുമാറിനെ ഐ ഗ്രൂപ്പ് ക്വാട്ടയില്‍ മന്ത്രിയാക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റു. വിജയിച്ച എല്‍ഡിഎഫ് പിണറായി വിജയനെ മുഖ്യമന്ത്രിയാക്കി. അതേസമയം, പ്രതിപക്ഷ നേതാവാകാന്‍ താനില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാട്, രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃപദവിയിലുമെത്തിച്ചു. ഇതിനിടെ കെ.സി വേണുഗോപാല്‍ ഹൈക്കമാന്‍ഡിന്റെ അവിഭാജ്യ ഭാഗമാകുകയും 2017 ല്‍ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന അസൂയാര്‍ഹമായ പദവിയില്‍ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. പാര്‍ട്ടിയില്‍ പൊടുന്നനെ സര്‍വ്വശക്തനായി മാറുന്ന
വേണുഗോപാലിനെയാണ് പിന്നെ നാം കാണുന്നത്. ഇതോടെ ഐ ഗ്രൂപ്പിന്റെ പരമാധികാര പദവി രമേശ് ചെന്നിത്തലയ്ക്ക് നഷ്ടപ്പെടുകയും സ്വാഭാവികമായും ആ കിരീടം കെ സി വേണുഗോപാലിന്റെ ശിരസ്സില്‍ അണിയിക്കപ്പെടുകയും ചെയ്തു. മറുവിഭാഗമായ എ ഗ്രൂപ്പിന്റെ അനിഷേധ്യ നേതാവ് ഉമ്മന്‍ ചാണ്ടി ഇതിനിടെ രോഗബാധിതനായത്, കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളെ ആകെത്തന്നെ വിഷമവൃത്തത്തിലാക്കി. പക്ഷേ 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 20 ല്‍ 19 ലും യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത് യുഡിഎഫിന്
പൊതുവിലും കോണ്‍ഗ്രസിന് വിശേഷിച്ചും അസാധാരണമായ ഊര്‍ജ്ജമാണ് സമ്മാനിച്ചത്. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കി അവതരിപ്പിച്ച് കെ സി കളിച്ച ആ പൂഴിക്കടകന്‍, എതിരാളികളെ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ കടപുഴക്കി.

ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയും സംഘപരിവാറും നടപ്പാക്കുന്ന വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ അപായ സാധ്യതകളെ, കേരളത്തിലെ മതനിരപേക്ഷ വോട്ടര്‍മാരിലേക്ക് യുഡിഎഫ് രാഹുല്‍ ഗാന്ധിയിലൂടെ കമ്മ്യൂണിക്കേറ്റ് ചെയ്തപ്പോള്‍ വോട്ട് മുഴുവന്‍ യുഡിഎഫിന്റെ പെട്ടിയിലായി. അങ്ങനെയാണവര്‍ 19 സീറ്റില്‍ വിജയിച്ചത്. പക്ഷേ മറ്റുള്ളവര്‍ അത് മനസ്സിലാക്കാതിരിക്കാന്‍ വേണ്ടിയാണ് യുഡിഎഫ്, വിജയത്തിന്റെ ക്രെഡിറ്റ് ശബരിമല പ്രക്ഷോഭത്തിനും കൂടി വീതം വെച്ചത്. 2019ലെ അതേ ഫോര്‍മാറ്റിലാണ് 2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും യുഡിഎഫ് ഫീല്‍ഡിലിറങ്ങിയതും പഴയതുപോലെ തന്നെ വീണ്ടും വന്‍ വിജയം കൊയ്തതും.

എന്നാല്‍ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് അനായാസം വന്‍ വിജയം നേടുന്നതും ഇതിനിടെ കേരളം കണ്ടു. കേന്ദ്ര ഭരണത്തിനുള്ള തെരഞ്ഞെടുപ്പില്‍ തങ്ങളുടെ നാഷണല്‍ ഐക്കണ്‍ രാഹുല്‍ ഗാന്ധിയാണെന്നും എന്നാല്‍ കേരള ഭരണത്തിനുള്ള തങ്ങളുടെ ബെസ്റ്റ് ചോയിസും കേരള ഐക്കണും പിണറായി വിജയന്‍ തന്നെയാണ് എന്നുമുള്ള സുനിശ്ചിതമായ ജനവിധിയാണ് 2020 ലും 2021ലും കേരളത്തിലെ വോട്ടര്‍മാര്‍ നിസംശയം കാട്ടിത്തന്നത്.

അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായിട്ടും 2021 ലും ഭരണം പിടിക്കാന്‍ പറ്റാതായതോടെ രമേശ് ചെന്നിത്തല ബഹിഷ്‌കൃതനായി. ആ സമയത്ത് കെപിസിസി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ കസേരയും ഇതോടൊപ്പം തെറിച്ചു. പ്രസ്തുത ഒഴിവുകളിലേക്കാണ് യഥാക്രമം വി ഡി സതീശനും കെ സുധാകരനും പോസ്റ്റ് ചെയ്യപ്പെട്ടത്. മുല്ലപ്പള്ളിയെ മാറ്റി സുധാകരനെ പരീക്ഷിച്ചത് നാല് വര്‍ഷം. ഇക്കഴിഞ്ഞ മേയ് മാസം സുധാകരനെയും ഇളക്കി മാറ്റി ആ കസേരയില്‍ സണ്ണി ജോസഫിനെ കുടിയിരുത്തി. ഇതോടൊപ്പം എം എം ഹസ്സനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നു മാറ്റി അടൂര്‍ പ്രകാശിനെ വാഴിച്ചു.

ഉമ്മന്‍ ചാണ്ടി ജീവിച്ചിരിക്കെത്തന്നെ ബെന്നി ബെഹനാന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ പ്രമുഖര്‍ എ ഗ്രൂപ്പ് വിട്ട്, ഹൈക്കമാന്‍ഡില്‍ ആധിപത്യ സ്വഭാവമുള്ളതും പുതുതായി രൂപം കൊണ്ടതുമായ കെ സി വേണുഗോപാല്‍ ഗ്രൂപ്പിലേക്ക് കുടിയേറി. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, വി ടി ബല്‍റാം, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയ യുവ നേതാക്കള്‍ എ ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ സ്ഥാനങ്ങള്‍ നേടിയവരാണെങ്കിലും അവരുമിപ്പോള്‍ വേണുഗോപാല്‍ പക്ഷത്തിലാണ്. എന്തിന്, ഉമ്മന്‍ ചാണ്ടിയുടെ മാനസപുത്രനെന്നറിയപ്പെട്ട പി സി വിഷ്ണുനാഥും കുഞ്ഞൂഞ്ഞിന്റെ സ്വന്തം ചോരയായ ചാണ്ടി ഉമ്മന്‍ വരെയും കെ സി ഗ്രൂപ്പിലെത്തിക്കഴിഞ്ഞു. അടുത്ത കാലം വരെ കെ സി വിരുദ്ധനായി അറിയപ്പെട്ടിരുന്ന വി എസ് ശിവകുമാറും ഇപ്പോള്‍ വലിയ കെ സി ഭക്തനാണ്. കെ സുധാകരന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്,
യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നു തുടങ്ങി കെ സി അനുകൂലികളായ നേതാക്കളാല്‍ സമൃദ്ധമാണിപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. ഐ ഗ്രൂപ്പിനെ നയിക്കുന്നത് സാങ്കേതികമായി ഇപ്പോഴും രമേശ് ചെന്നിത്തലയാണ്. പക്ഷേ ശക്തിയും സ്വാധീനവു
മുള്ള നേതാക്കളെല്ലാം വേണുഗോപാല്‍ ക്യാമ്പിലേക്ക് ചേക്കേറുന്നത് നിസ്സഹായതയോടെ കണ്ടു നില്‍ക്കുന്ന ഒരു കാഴ്ചക്കാരന്‍ മാത്രമായിരിക്കുന്നു ഇപ്പോഴദ്ദേഹം.

രമേശ് ചെന്നിത്തലയുമായി ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ സുരക്ഷിതമായ അകലം പാലിച്ചും, എന്നാല്‍ വേണുഗോപാല്‍ പക്ഷവുമായി ഏറെ അടുപ്പം പുലര്‍ത്തിയും പ്രവര്‍ത്തിച്ചു വരികയായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമസഭയ്ക്കുള്ളിലും പുറത്തും പിണറായി സര്‍ക്കാരിനെതിരെ പോരാട്ട വീര്യത്തോടെ പട നയിക്കുന്ന ഒരു വി ഡി സതീശന്‍ രാഷ്ട്രീയ കേരളത്തിന് മുന്‍പില്‍ നിശ്ചയമായും ഇപ്പോഴും ഉണ്ട്. പക്ഷേ, പഴയ എ, ഐ ഗ്രൂപ്പ് നേതാക്കളില്‍ ഭൂരിപക്ഷവും ഇപ്പോള്‍ കെ സി വേണുഗോപാലിന്റെയും കേരളത്തില്‍ അദ്ദേഹത്തിന്റെ ഫസ്റ്റ് ലഫ്റ്റനന്റായ വണ്ടൂര്‍ എംഎല്‍എ അനില്‍ കുമാറിന്റേയും നിര്‍ദ്ദേശങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്നവരാകുമ്പോള്‍, ക്ലേശങ്ങള്‍ ഒട്ടേറെയാണ് സതീശന് മുന്നിലുള്ളത്. കാരണം, കോണ്‍ഗ്രസില്‍ നാമിപ്പോള്‍ കാണുന്നത് ഗ്രൂപ്പ് പൊളിറ്റിക്‌സ് അല്ല, കൃത്യമായ പവര്‍ പൊളിറ്റിക്‌സ് ആണത് ? രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ ആയി തുടരാന്‍ കഴിയുന്നത് അതുകൊണ്ടാണ്. സ്വന്തം മണ്ഡലത്തില്‍ പോയാലുമില്ലെങ്കിലും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്താലുമില്ലെങ്കിലും അയാള്‍ രാഷ്ട്രീയമായി സദാ സംരക്ഷിക്കപ്പെടുന്നതും അതുകൊണ്ടാണ്. പ്രതിപക്ഷ നേതാവായ വി ഡി സതീശനെതിരെ കുട്ടിക്കുരങ്ങന്മാരെ ഇറക്കിവിട്ട്, സോഷ്യല്‍ മീഡിയ വഴി അതിനീചമായ ഭാഷാപ്രയോഗങ്ങളാല്‍ ചീത്ത വിളിക്കാന്‍ ബോധപൂര്‍വ്വം അണിനിരത്തുന്നതും, ഇതേ പവര്‍ പൊളിറ്റിക്‌സിന്റെ താന്ത്രിക വിദ്യകളാല്‍ത്തന്നെയാകുന്നു.

പുതിയ കെപിസിസി പ്രസിഡന്റ് ക്രൈസ്തവന്‍, പുതിയ യുഡിഎഫ് കണ്‍വീനര്‍ ഈഴവന്‍, അപ്പോള്‍ അടുത്ത അസംബ്ലി ഇലക്ഷനില്‍ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ പുതിയ മുഖ്യമന്ത്രി സ്ഥാനം ആര്‍ക്ക്? എന്താ സംശയം, നായര്‍ക്ക് തന്നെ. ആരാകും ആ നായര്‍ മുഖ്യന്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മുന്നണി ജയിച്ചാല്‍ കീഴ്പ്പതിവ് പ്രകാരം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകണം. ഇവിടെ പക്ഷേ ആ കീഴ്പ്പതിവ് കണിശമായും മാറ്റിയെഴുതും.

Chennithala and KC

യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ കെ സി വേണുഗോപാല്‍ നിയമസഭാകക്ഷി നേതാവാകും. എം പി സ്ഥാനം രാജിവെച്ച് മുഖ്യമന്ത്രി പദത്തിലെത്തിയാല്‍, നിയമപ്രകാരം ആറുമാസത്തിനകം എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടാല്‍ മതി. എഐസിസിയുടെ സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി എന്ന സുപ്രധാന പദവി കെസി ക്ക് അപ്പോള്‍ നഷ്ടമാകില്ലേ എന്നതാണ് ഉയരുന്ന അടുത്ത ചോദ്യം. അതെ, ചിലതൊക്കെ നേടണമെങ്കില്‍ മറ്റ് ചിലത് ത്യജിക്കേണ്ടിയും വരും എന്നതാണല്ലൊ കൗടില്യ മതം!

അപ്പോള്‍ അതാണ് ഗെയിം പ്ലാന്‍. സതീശനെ മൂലയ്ക്കിരുത്തുക എന്നത് കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ ആസൂത്രണം ചെയ്യപ്പെട്ടു കഴിഞ്ഞ ഒരു പദ്ധതിയാണ്. തേരും കുതിരയും ആനയും കാലാളുമായി ചെസ് ബോര്‍ഡിലെ മന്ത്രിയും സന്നാഹങ്ങളും ചേര്‍ന്ന് രാജാവിനെ പൊതിഞ്ഞ് സംരക്ഷിക്കും, തുടര്‍ന്ന് വാഴിക്കും.

പക്ഷേ ഈ തിരക്കഥ നിര്‍വഹിക്കപ്പെടണമെങ്കില്‍ മറ്റൊരു വലിയ കടമ്പ കയറേണ്ടതുണ്ടല്ലൊ. പിണറായി വിജയന്‍ എന്ന, അപാരമായ ആ കടമ്പയെ മറികടക്കാന്‍ സാധിച്ചാല്‍ മാത്രമേ മേല്‍പ്പറഞ്ഞ മോഹങ്ങള്‍ക്കൊക്കെ കേവലമായ പ്രസക്തിയെങ്കിലും കൈവരിക്കാനാകൂ. അതിനകം, കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയിലേയും യുഡിഎഫ് എന്ന രാഷ്ട്രീയ മുന്നണിയിലേയും ചെറുതും വലുതുമായ അനേകമനേകം അവനവന്‍ കടമ്പകളേയും സൂക്ഷ്മതയോടെ മറികടക്കേണ്ടതുണ്ട് കോണ്‍ഗ്രസിന്റെ പുതിയ ടീമിന്. ഇടവേളകളില്ലാത്ത ആ രാഷ്ട്രീയ ഉദ്വേഗങ്ങള്‍ക്കായി നമുക്കിനി കാത്തിരിക്കാം. Power politics in Congress; VD Satheesan is being sidelined

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Content Summary: Power politics in Congress; VD Satheesan is being sidelined

എം ജയചന്ദ്രൻ

എം ജയചന്ദ്രൻ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×