July 22, 2026 |
Share on

‘രാഷ്ട്രീയത്തിലേക്കില്ല’; പ്രധാനമന്ത്രിയുടെ വാഗ്ദാനം നിരസിച്ച് ‘ക്വീന്‍ ഓഫ് ചെസ്’ ഹംഗറിയില്‍ പവര്‍ പ്ലേ തുടരുന്നു

ഹംഗറിയുടെ അടുത്ത പ്രസിഡന്റാകാനുള്ള വാഗ്ദാനം നിരസിച്ച് ചെസ് ഇതിഹാസം ജൂഡിറ്റ് പോള്‍ഗാര്‍

ഹംഗറിയുടെ അടുത്ത പ്രസിഡന്റാകാനുള്ള വാഗ്ദാനം നിരസിച്ച് ചെസ് ഇതിഹാസം ജൂഡിറ്റ് പോള്‍ഗാര്‍. പ്രധാനമന്ത്രി പീറ്റര്‍ മഗ്യാര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ച് തൊട്ടടുത്ത ദിവസമാണ് 49-കാരിയായ ജൂഡിറ്റ് തന്റെ തീരുമാനം വ്യക്തമാക്കിയത്.

രാജ്യത്തെ നയിക്കാന്‍ ജൂഡിറ്റ് യോഗ്യയാണെന്നും പ്രകടനമികവിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണെന്നും പീറ്റര്‍ മഗ്യാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. എല്ലാ ഹംഗേറിയക്കാര്‍ക്കും അഭിമാനിക്കാവുന്ന ഒരു പ്രസിഡന്റിനെയാണ് നിലവില്‍ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, അദ്ദേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് പോള്‍ഗാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തനിക്ക് ഈ പദവി സ്വീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയത്. ”വിഭജിക്കപ്പെട്ട് കിടക്കുന്ന ഒരു രാഷ്ട്രത്തെ ഒന്നിച്ചുനിര്‍ത്തുക എന്ന വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള കരുത്ത് തനിക്കുള്ളതായി തോന്നുന്നില്ല. അതിനാല്‍ ഈ അഭ്യര്‍ത്ഥന സ്വീകരിക്കാന്‍ എനിക്ക് കഴിയില്ല,” എന്ന് ജൂഡിറ്റ് കുറിച്ചു.

ലോക ചെസ്സിലെ ഏറ്റവും മികച്ച വനിതാ താരങ്ങളില്‍ ഒരാളായ ജൂഡിറ്റ് പോള്‍ഗാര്‍, കായികയിനത്തില്‍ ലോക റാങ്കിംഗില്‍ ആദ്യ 10-ല്‍ ഇടംനേടിയ ഏക വനിത താരമാണ്. കൂടാതെ, ചെസ്സിലെ ‘സൂപ്പര്‍ ഗ്രാന്‍ഡ്മാസ്റ്റര്‍’ പദവിയുടെ മാനദണ്ഡമായി കരുതപ്പെടുന്ന 2700 റേറ്റിംഗ് പോയിന്റ് കടന്ന ലോകത്തിലെ ഒരേയൊരു വനിതയും ജൂഡിറ്റാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവരുടെ ജീവിതത്തെ ആസ്പദമാക്കി ‘ക്വീന്‍ ഓഫ് ചെസ്’ എന്ന ഡോക്യുമെന്ററിയും പുറത്തിറങ്ങിയിരുന്നു.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി പീറ്റര്‍ മഗ്യാറും മുന്‍ ഭരണാധികാരി വിക്ടര്‍ ഓര്‍ബന്റെ കാലത്ത് ചുമതലയേറ്റ പ്രസിഡന്റ് തമാസ് സുലിയോക്കും തമ്മില്‍ മാസങ്ങളായി നിലനിന്നിരുന്ന കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ക്കൊടുവിലാണ് ജൂഡിറ്റ് പോള്‍ഗാറിന്റെ പേര് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. ഏപ്രിലില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ പീറ്റര്‍ മഗ്യാര്‍, തമാസ് സുലിയോക്കിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. വിക്ടര്‍ ഓര്‍ബന്റെ തീവ്രവലതുപക്ഷ ഫിഡെസ് (Fidesz) പാര്‍ട്ടി രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുകയും ഭരണഘടനയെ മറികടക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ സുലിയോക് കേവലമൊരു കളിപ്പാവയായി പ്രവര്‍ത്തിച്ചു എന്നായിരുന്നു പീറ്റര്‍ മഗ്യാറിന്റെ ആരോപണം.

പീറ്റര്‍ മഗ്യാറിന്റെ ടിസ (Tisza) പാര്‍ട്ടിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള പാര്‍ലമെന്റ്, തമാസ് സുലിയോക്കിന്റെ കാലാവധി അടിയന്തരമായി അവസാനിപ്പിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി കഴിഞ്ഞ ആഴ്ച പാസാക്കിയിരുന്നു. ഒപ്പുവെക്കാന്‍ അഞ്ച് ദിവസത്തെ സമയം ലഭിച്ച തമാസ് സുലിയോക്, ഒടുവില്‍ ബില്ലില്‍ ഒപ്പുവെച്ച് പദവി ഒഴിഞ്ഞു.

അതേസമയം, പ്രസിഡന്റിനെ പുറത്താക്കാനായി കൊണ്ടുവന്ന അടിയന്തര ഭരണഘടനാ ഭേദഗതിയെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അടക്കമുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ രൂക്ഷമായി വിമര്‍ശിച്ചു. ഈ നീക്കം മുന്‍ വിക്ടര്‍ ഓര്‍ബന്‍ സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ ശൈലിയെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ രാജ്യത്ത് വിക്ടര്‍ ഓര്‍ബന്റെ സ്വാധീനം പൂര്‍ണ്ണമായി അവസാനിപ്പിക്കാന്‍ ഇത്തരം കടുത്ത നടപടികള്‍ അനിവാര്യമാണെന്നാണ് പ്രധാനമന്ത്രി മഗ്യാറിന്റെ നിലപാട്.

പ്രസിഡന്റ് തമാസ് സുലിയോക് ഒപ്പുവെച്ച് പദവിയില്‍ നിന്ന് ഒഴിയുന്നതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പീറ്റര്‍ മഗ്യാര്‍ പുതിയ പ്രസിഡന്റായി ജൂഡിറ്റ് പോള്‍ഗാറിന്റെ പേര് നിര്‍ദ്ദേശിച്ചത്. റൂബിക്‌സ് ക്യൂബിന്റെ ഉപജ്ഞാതാവായ എര്‍ണോ റൂബിക് അടക്കം 16 പ്രമുഖ ഹംഗേറിയക്കാര്‍ ഒപ്പിട്ട തുറന്ന കത്തിലൂടെയാണ് ജൂഡിറ്റ് പോള്‍ഗാറിന്റെ പേര് ആദ്യമായി നിര്‍ദ്ദേശിക്കപ്പെട്ടത്. എന്നാല്‍, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ പദവി ഏറ്റെടുക്കാനില്ലെന്ന് ചെസ് താരം വ്യക്തമാക്കിയതോടെ ഹംഗറിയില്‍ അടുത്ത പ്രസിഡന്റ് ആരാകുമെന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്.

ബുഡാപെസ്റ്റില്‍ ജനിച്ച, 50 വയസ്സോളം പ്രായമുള്ള ജൂഡിറ്റ് പോള്‍ഗാര്‍, 2014-ല്‍ പ്രൊഫഷണല്‍ ചെസ്സില്‍ നിന്ന് വിരമിക്കുമ്പോള്‍ തുടര്‍ച്ചയായി 25 വര്‍ഷം ലോകത്തിലെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള വനിതാ താരമായിരുന്നു. 1958-ല്‍ ബോബി ഫിഷര്‍ സ്ഥാപിച്ച റെക്കോര്‍ഡ് തകര്‍ത്ത്, തന്റെ 15-ാം വയസ്സില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്ററായി ജൂഡിറ്റ് ചരിത്രം തിരുത്തിക്കുറിച്ചു. 2002-ല്‍ ഗാരി കാസ്പറോവ് ഉള്‍പ്പെടെ നിരവധി ലോക പുരുഷ ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയ പോള്‍ഗാര്‍, കായികലോകത്ത് സമാനതകളില്ലാത്ത വ്യക്തിത്വമാണ്.

അതേസമയം, ഹംഗറിയില്‍ ‘ഭരണമാറ്റം’ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ പീറ്റര്‍ മഗ്യാറും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മുന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്റെ 16 വര്‍ഷത്തെ ഭരണത്തിന്റെ ശേഷിപ്പുകള്‍ അതിവേഗം തുടച്ച് നീക്കാനുള്ള ശ്രമത്തിലാണ്. വിക്ടര്‍ ഓര്‍ബനുമായി ബന്ധമുള്ള പബ്ലിക് മീഡിയ സ്ഥാപനങ്ങളുടെ വാര്‍ത്താ സംപ്രേക്ഷണം സസ്പെന്‍ഡ് ചെയ്തത് മുതല്‍, കോടതിയുടെ മേല്‍നോട്ടമില്ലാതെ വ്യക്തികളുടെയും സംഘടനകളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയിരുന്ന ‘സൊവറിന്റ്റി പ്രൊട്ടക്ഷന്‍ ഓഫീസ്’ നിര്‍ത്തലാക്കിയത് വരെ പീറ്റര്‍ മഗ്യാറിന്റെ രാഷ്ട്രീയ പരിഷ്‌കാരങ്ങളുടെ ഭാഗമാണ്.

Hungary’s chess queen declines Péter Magyar’s offer of role as president

Leave a Reply

Your email address will not be published. Required fields are marked *

×