April 20, 2025 |

പരിസ്ഥിതി അനുമതി ഇല്ലാതെ നിര്‍മാണം, അദാനിയുടെ മൂന്ന് പദ്ധതികളില്‍ കൂടി നിയമലംഘന ആരോപണം

കേന്ദ്ര സര്‍ക്കാര്‍ നിയമഭേദഗതി വരുത്തുന്നതായി വിമര്‍ശനം

രാജ്യത്തും പുറത്തും പലതരം നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അദാനി ഗ്രൂപ്പിന്റെ മൂന്ന് പ്രൊജക്ടുകള്‍ക്കെതിരെ കൂടി പരിസ്ഥിതി നിയമ ലംഘനമാരോപണം. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലുള്ള വൈദ്യുതി പദ്ധതിയും മുംബൈ നഗരത്തിലെ രണ്ട് ആഡംബര ഭവന സമുച്ചയവുമാണ് പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതായി ആരോപണം ഉയര്‍ന്നിട്ടുള്ളത്. ഓസ്ട്രേലിയയില്‍ ഏഴ് വര്‍ഷമാണ് കാര്‍മൈക്കിള്‍ കല്‍ക്കരി ഖനിക്ക് പ്രതിഷേധങ്ങളും സമരങ്ങളും നേരിടേണ്ടി വന്നത്. കേരളത്തില്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കരാര്‍ അദാനിക്ക് ലഭിച്ചപ്പോഴും പരിസ്ഥിതി പ്രശ്നങ്ങളും പ്രാദേശിക പ്രശ്നങ്ങളും ഉയര്‍ന്ന് വന്നു. ഇതേസമയം ഗൗതം അദാനിയും മരുമകനും അമേരിക്കന്‍ കോടതിയില്‍ 26.5 കോടി ഡോളറിന്റെ അഴിമതി ആരോപണ കേസുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ നേരിടുകയുമാണ്.adani group faces allegations of three more violations

പരിസ്ഥിതി അനുമതിയില്ലാതെ ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ വൈദ്യുതി നിര്‍മ്മാണ പ്ലാന്റ് ആരംഭിച്ചുവെന്ന പരാതിയിലാണ് ഒരു കേസ്. പരിസ്ഥിതി പ്രവര്‍ത്തകന്‍ നല്‍കിയ കേസ് വെള്ളിയാഴ്ച ഗ്രീന്‍ട്രിബ്യൂണല്‍ പരിഗണിച്ചു. 200 കോടി ഡോളറിന്റെ ഈ പദ്ധതി കാടിനുള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നും ഇത് ആ പ്രദേശത്തെ നശിപ്പിക്കുകയും വന്യജീവികളെ ബാധിക്കുകയും ചെയ്യുമെന്നും കോടതിയില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. എന്നാല്‍ പദ്ധതി ഭൂമി വനഭൂമിയല്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം. നവംബറില്‍ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നോട്ടീസ് അയച്ചതിന് ശേഷം അദാനി കോര്‍പറേഷന്‍ ഇവിടുത്തെ പണി നിര്‍ത്തിവച്ചതായി സംസ്ഥാന മലിനീകരണ നിയന്ത്രണ ഓഫീസര്‍ രതീഷ് കുമാര്‍ തിവാരി അറിയിച്ചു. ഇത് സംബന്ധിച്ച വാര്‍ത്താ ഏജന്‍സിയായ റോയിറ്റര്‍ നടത്തിയ അന്വേഷണത്തിനോട് അദാനി ഗ്രൂപ്പ് പ്രതികരിച്ചില്ല. പരാതി ഉന്നയിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ ദേബ്ആദിത്യ സിന്‍ഹയാകട്ടെ കേസ് നിലവിലുള്ളതിനാല്‍ പ്രതികരിച്ചില്ല.

തീരദേശ നിര്‍മ്മാണ നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ചുവെന്ന പേരിലാണ് മുംബൈയിലെ ബാന്ദ്രയില്‍ അദാനി ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ആഢംബര ഭവന സമുച്ചയ പദ്ധതിക്കെതിരെയുള്ള പരാതി. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഗൗരവമേറിയ പ്രശ്നമാണ് ഈ കേസിലുള്ളതെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ 2019-ല്‍ നിയമം മാറിയെന്നും പരിസ്ഥിതി സംരക്ഷണ മേഖലയില്‍ നിന്ന് ആ ഭൂമി ഒഴിവാക്കിയെന്നും കോടതിയും അദാനി ഗ്രൂപ്പും അറിയിച്ചു. മാര്‍ച്ച് 27ന് ഈ കേസിന്റെ അടുത്ത ഹിയറിങ് നടക്കും.

മുംബൈയിലെ ധാരാവി പ്രദേശത്തിന്റെ പുനര്‍വികസനമാണ് അദാനി ഗ്രൂപ്പിന്റെ മറ്റൊരു പദ്ധതി. 61.9 കോടി ഡോളറിന്റെ ബിസിനസാണ് രണ്ട് വര്‍ഷം മുമ്പ് അദാനി കൈവശപ്പെടുത്തിയത്. പത്തു ലക്ഷത്തിലധികം മനുഷ്യരെ പുനരധിവസിപ്പിക്കേണ്ട ഈ പദ്ധതിക്ക് വേണ്ടി 104 ഹെക്ടര്‍ അഥവാ 256 ഏക്കര്‍ ഉപ്പുപാട ഭൂമി സര്‍ക്കാര്‍ ഇവര്‍ക്ക് വിട്ടു നല്‍കിയിട്ടുണ്ട്. അദാനിയുടെ ധാരാവി പ്രൊജക്ട് ചെയ്യുന്ന കമ്പിനിയുടെ പേര് നവഭാരത് മെഗാ ഡെവലപ്പേഴ്സ് എന്നാണ്. ധാരാവിയില്‍ നിന്ന് ഒഴിപ്പിക്കുന്നവരെ ഈ ഭൂമിയിലുണ്ടാക്കുന്ന താത്കാലിക വീടുകളിലേക്ക് മാറ്റാനാണ് പദ്ധതി. എന്നാല്‍ പരിസ്ഥിതി ലോല പ്രദേശങ്ങളായ ഉപ്പുപാടങ്ങള്‍ വെള്ളപ്പൊക്കം തടയുന്നതിലും നിര്‍ണ്ണായക പങ്കുവഹിച്ച് മുംബൈ നഗരത്തെ കാക്കുന്ന ഇടമാണെന്നും ഇതിനെതിരെ കേസ് നല്‍കിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കഴിഞ്ഞവര്‍ഷം പൊടുന്നനെ നിയമം മാറ്റി ഈ പ്രദേശത്തെ പരിസ്ഥിതി ലോല പ്രദേശത്ത് നിന്ന് ഒഴിവാക്കുകയായിരുന്നു. അദാനിയെ സഹായിക്കാന്‍ മോഡി സര്‍ക്കാര്‍ നടത്തിയ മറ്റൊരു നിയമ നിര്‍മ്മാണം മാത്രമാണിത് എന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്.

ഇത്തരത്തില്‍ അദാനി കോര്‍പറേഷന്റെ പദ്ധതികള്‍ക്ക് അനുസൃതമായി അവസാന നിമിഷത്തില്‍ പല നിയമങ്ങളിലും കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തുന്നുവെന്ന ആക്ഷേപം കുറച്ച് കാലമായി നിലനില്‍ക്കുന്നതാണ്. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഹൈബ്രിഡ് വൈദ്യുതി പദ്ധതിക്കും കടല്‍ത്തീരങ്ങളില്‍ മണല്‍ ഖനനത്തിനും പല ഖനന പദ്ധതികള്‍ക്കും വൈദ്യുതി പദ്ധതികളും അവസാന നിമിഷം, നിലനില്‍ക്കുന്ന നിയമം മാറ്റി അദാനി കമ്പിനികള്‍ക്ക് ഗുണകരമാകുന്ന തരത്തിലാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത് എന്നാണ് ആരോപണം. adani group faces allegations of three more violations

Content Summary: adani group faces allegations of three more violations

Leave a Reply

Your email address will not be published. Required fields are marked *

×