March 28, 2025 |
Share on

ശ്രീലങ്കൻ കാറ്റാടി പദ്ധതിയിൽ നിന്ന് പിന്മാറി അദാനി

തീരുമാനം ഇന്ത്യ-പാക് അതിർത്തിയിലെ വൈദ്യുതി പ്ലാന്റ് വിവാദത്തിനിടെ

വടക്കൻ ശ്രീലങ്കയിലെ 484 മെ​ഗാവാട്ട് കാറ്റാടി പദ്ധതിയിൽ നിന്ന് അദാനി ​ഗ്രൂപ്പ് പിന്മാറി. പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി അദാനി ഗ്രീൻ എനർജി ലിമിറ്റഡ് ശ്രീലങ്കയുടെ നിക്ഷേപ ബോർഡിനെ അറിയിക്കുകയായിരുന്നു. പദ്ധതിക്കായി പുതിയ കമ്മിറ്റികൾ രൂപീകരിക്കുന്നതിന് ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകേ തിരഞ്ഞെടുപ്പിന് മുന്നോടിയായി കാറ്റാടി പദ്ധതി അഴിമതിയാണെന്നും അത് റദ്ദാക്കുമെന്നും അറിയച്ചതോടെ പദ്ധതിക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

കമ്പനി എക്സിക്യൂട്ടീവുകൾ അടുത്തിടെ സിഇബി (സിലോൺ ഇലക്ട്രിസിറ്റി ബോർഡ്) ഉദ്യോഗസ്ഥരുമായും കൊളംബോയിലെ മന്ത്രാലയ ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തിയിരുന്നുവെന്നും പദ്ധതി വീണ്ടും ചർച്ച ചെയ്യുന്നതിനായി മറ്റൊരു ചർച്ചാ സമിതിയും (സിഎഎൻസി) പ്രോജക്ട് കമ്മിറ്റിയും (പിസി) രൂപീകരിക്കുമെന്ന് അറിയാൻ കഴിഞ്ഞുവെന്നും അദാനി ​ഗ്രൂപ്പ് നിക്ഷേപ ബോർഡ് ചെയർമാൻ അർജുന ഹെരാത്തിന് അയച്ച കത്തിൽ പറയുന്നു.

ശ്രീലങ്കയുടെ പരമാധികാര അവകാശങ്ങളെയും തിരഞ്ഞെടുപ്പുകളെയും മാനിച്ചുകൊണ്ടാണ് പദ്ധതിയിൽ നിന്ന് പിന്മാറാൻ കമ്പനി തീരുമാനിച്ചതെന്നാണ് വാദം. പദ്ധതി നടപ്പിലായാൽ പ്രാദേശിക മത്സ്യബന്ധന സമൂഹങ്ങളിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെയും പദ്ധതിക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

അദാനി ഗ്രൂപ്പിൽ നിന്ന് 1 ബില്യൺ ഡോളർ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്കായി 20 വർഷത്തെ വൈദ്യുതി വാങ്ങൽ കരാർ (പിപിഎ) നേരത്തെ അംഗീകരിച്ചിരുന്നു. സ്വന്തമായി നിർമ്മിക്കാവുന്ന മാതൃകയിൽ മാന്നാറിലും പൂണേരിനിലും കാറ്റാടി ഉൽപാദന ശേഷിയും ട്രാൻസ്മിഷൻ ഇൻഫ്രാസ്ട്രക്ചറും നിർമ്മിക്കാനും പദ്ധതിയിട്ടിരുന്നു.

അതേസമയം, ഭാവിയിലെ ഏതൊരു വികസന പദ്ധതികളിലും ശ്രീലങ്കൻ സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ എപ്പോഴും തയ്യാറാണെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കൊളംബോ തുറമുഖത്ത് ടെർമിനൽ വികസിപ്പിക്കുന്നതിനായി ശ്രീലങ്കൻ തുറമുഖ അതോറിറ്റിയുമായും ജോൺ കീൽസ് ഹോൾഡിംഗ്സുമായും ഗ്രൂപ്പ് സഹകരിക്കുന്നുണ്ട്.

ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന് ഹൈബ്രിഡ് വൈദ്യുതി നിലയം സ്ഥാപിക്കാൻ അദാനി ഗ്രൂപ്പിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിൽ ഇന്ത്യയിൽ പ്രതിപക്ഷ പ്രതിഷേധം അലയടിക്കുന്ന അവസരത്തിലാണ് ശ്രീലങ്കയിലെ പദ്ധതിയിൽ നിന്നുള്ള അദാനി ​ഗ്രൂപ്പിന്റെ പിന്മാറ്റം. അദാനി പ്രൊജക്ടിനെക്കുറിച്ചുള്ള വിശദമായ അന്വേഷണാത്മക റിപ്പോര്‍ട്ട് അഴിമുഖം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.

Content Summary: Adani Group has pulled out of a wind power project in Sri Lanka , The decision comes amid Hybrid power plant near India-Pakistan border
Adani Group Hybrid power plant 

Leave a Reply

Your email address will not be published. Required fields are marked *

×