ഇന്ത്യ 2028-ലെ കോപ് 33 കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങിയെന്ന് ‘ക്ലൈമറ്റ് ഹോം ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 ഡിസംബറില്‍ ദുബായില്‍ നടന്ന ഉച്ചകോടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ താല്‍പ്പര്യം ആദ്യമായി ലോകത്തെ അറിയിച്ചത്. എന്നാല്‍, ഏപ്രില്‍ 2-ന് അയച്ച കത്തിലൂടെ ഇന്ത്യ ഈ പിന്മാറ്റം ഔദ്യോഗികമായി അറിയിച്ചതായാണ് പുറത്തുവരുന്ന വിവരം.
2028-ലെ മറ്റ് ഉത്തരവാദിത്തങ്ങള്‍ പുനഃപരിശോധിച്ച ശേഷമാണ് ഈ തീരുമാനമെന്ന് പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ രജത് അഗര്‍വാള്‍ ഏഷ്യ-പസഫിക് ഗ്രൂപ്പിനെ അറിയിച്ചു. എന്നാല്‍ എന്തൊക്കെയാണ് ആ ഉത്തരവാദിത്തങ്ങള്‍ എന്നോ, എന്തുകൊണ്ടാണ് ഈ പിന്മാറ്റമെന്നോ ഉള്ള കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല. നിലവില്‍ ഈ വാര്‍ത്തയോട് സര്‍ക്കാര്‍ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ക്ലൈമറ്റ് ഹോം ന്യൂസ് പുറത്തുവിട്ട കത്ത് ഈ പിന്മാറ്റം ശരിവെക്കുന്നു.
അടുത്ത വര്‍ഷങ്ങളില്‍ നടക്കാനിരിക്കുന്ന കാലാവസ്ഥാ ഉച്ചകോടികളില്‍ ബ്രസീല്‍, തുര്‍ക്കി, എത്യോപ്യ തുടങ്ങിയ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്നുണ്ട്. യുഎന്‍ പ്രാദേശിക ഗ്രൂപ്പുകള്‍ക്കിടയില്‍ നിന്നുള്ള ആതിഥേയത്വ ചുമതലയില്‍ 2028-ല്‍ ഏഷ്യ-പസഫിക് ഗ്രൂപ്പിനാണ് ഊഴം. ഇന്ത്യ പിന്മാറിയതോടെ ഈ മേഖലയില്‍ നിന്ന് ഇപ്പോള്‍ ദക്ഷിണ കൊറിയ മാത്രമാണ് ആതിഥേയത്വത്തിനായി താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
നേരത്തെ, ഇന്ത്യയുടെ നീക്കത്തിന് ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവരടങ്ങുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ പൂര്‍ണ്ണ പിന്തുണ ലഭിച്ചിരുന്നു. ഉച്ചകോടിയുടെ തയ്യാറെടുപ്പുകള്‍ക്കായി പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ പ്രത്യേക സെല്‍ രൂപീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പുതിയ തീരുമാനത്തോടെ ഇന്ത്യ പിന്മാറുകയും, അതേസമയം അന്താരാഷ്ട്ര തലത്തിലുള്ള കാലാവസ്ഥാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടരുമെന്നും ഏഷ്യ-പസഫിക് രാജ്യങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ഈ അപ്രതീക്ഷിത പിന്മാറ്റം ആഗോള കാലാവസ്ഥാ ചര്‍ച്ചകളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
Content Summary: Indian government withdrawn bid to host the COP33 climate summit in 2028
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.