കൈക്കൂലി, യുഎസ് നിക്ഷേപകരെ കബളിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി യുഎസ് ഡിസ്ട്രിക്റ്റ് കോടതിയും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനും (എസ്ഇസി) കുറ്റം പത്രം ചുമത്തിയതിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് കടുത്ത വിശ്വാസ്യത പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. ആഗോളതലത്തില്‍, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യങ്ങളിലും പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ മേഖലകളിലും ഗ്രൂപ്പിനെ വിപൂലീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്ന സമയത്താണ് നിയമപരമായ പ്രഹരം. ആരോപണങ്ങള്‍ പുറത്തുവരുമ്പോള്‍, നിയമപരമായ വെല്ലുവിളികള്‍ മാത്രമല്ല, ഇന്ത്യയിലും വിദേശത്തും അവരുടെ സത്‌പേരിനും കാര്യമായ നാഷ്ടങ്ങള്‍ നേരിടേണ്ടിവരും.
ലാഭകരമായ കരാറുകള്‍ നേടുന്നതിനും, ഇന്ത്യന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് വന്‍തോതില്‍ കൈക്കൂലി നല്‍കുന്നതിനുമായി അദാനി ഗ്രൂപ്പ് അഴിമതി കാണിച്ചുവെന്നാണ് യുഎസ് അധികൃതരുടെ ആരോപണം. 20 വര്‍ഷത്തിനുള്ളില്‍ 2 ബില്യണ്‍ ഡോളര്‍ ലാഭം പ്രതീക്ഷിക്കുന്ന ഒരു വലിയ സോളാര്‍ പവര്‍ പ്ലാന്റ് ഉള്‍പ്പെടെയുള്ള കരാറുകള്‍ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് 265 ബില്യണ്‍ ഡോളര്‍(2,029 കോടി) കൈക്കൂലി നല്‍കിയതായാണ് ഗ്രൂപ്പിന്റെ സ്ഥാപകനായ ഗൗതം അദാനിക്കും മറ്റ് ഏഴ് പേര്‍ക്കും എതിരെയുള്ള ആരോപണം. ആരോപണങ്ങള്‍ ആഗോള വിപണിയില്‍ അദാനി ഗ്രൂപ്പിനെതിരേയുള്ള മുന്നറിയിപ്പായി മാറി. അദാനി ഗ്രൂപ്പിന്റെ സമഗ്രതയെയും അതിന്റെ ബിസിനസ്സ് രീതികളെയും കുറിച്ച് വലിയ ആശങ്കകള്‍ ഉയര്‍ന്നു. ഈ കുറ്റപത്രം പാശ്ചാത്യ ധനവിപണികളിലെ ഗ്രൂപ്പിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്ന തരത്തിലാണ്. മൂലധനം സമാഹരിക്കാനും കൂടുതല്‍ വളരാനുമുള്ള ഗ്രൂപ്പിന്റെ ശ്രമങ്ങളെ സങ്കീര്‍ണ്ണമാക്കുകയും ചെയ്തു.
ഇന്ത്യയുടെ പുരോഗതിയെ തുരങ്കം വയ്ക്കാന്‍ രൂപകല്‍പ്പന ചെയ്ത ഒരു വിദേശ ഇടപെടലിന്റെ ഫലമായി കെട്ടിച്ചമച്ചതാണ് ഈ വിഷയം എന്നാണ് പ്രസ്തുത ആരോപണങ്ങളോടുള്ള ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം. എന്നിരുന്നാലും, യുഎസ് എസ്ഇസിയുടെയും മറ്റ് പാശ്ചാത്യ സ്ഥാപനങ്ങളുടെയും നിയന്ത്രണ ചട്ടക്കൂടുകളില്‍ കാര്യമായ വിശ്വാസം അര്‍പ്പിക്കുന്ന ആഗോള ധനകാര്യ സ്ഥാപനങ്ങളും കോര്‍പ്പറേറ്റ് നിക്ഷേപകരും ഇന്ത്യന്‍ സര്‍ക്കാരിന്റെ വിശദീകരണം അത്രകണ്ട് വിശ്വസിക്കില്ല. ഇന്ത്യയുടെ പുരോഗതിയെ തടയാന്‍ ശ്രമിക്കുന്ന ‘വിദേശകൈ’യെക്കുറിച്ചുള്ള ആവര്‍ത്തിക്കുന്ന പ്രതിരോധവാദങ്ങള്‍ അദാനി ഗ്രൂപ്പിന്റെ നിയമപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങളെ മറയ്ക്കാനുള്ള ശ്രമം മാത്രമാകും. അദാനി ഗ്രൂപ്പും ഇന്ത്യയും രണ്ടും രണ്ടായി തന്നെയാണ് അന്താരാഷ്ട്ര വിപണികള്‍ കാണുന്നത്, എന്നാല്‍ സര്‍ക്കാര്‍ രണ്ടും ഒന്നാണെന്ന തരത്തില്‍ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നത് തിരിച്ചടിയുണ്ടാക്കുകയേയുള്ളൂ. അദാനിയെപ്പോലുള്ള ഒരു സ്വകാര്യ കോര്‍പ്പറേറ്റ് ഗ്രൂപ്പിന്റെ പ്രശസ്തി ഒരു പരമാധികാര രാഷ്ട്രത്തില്‍ നിന്ന് വ്യത്യസ്തമാണ്, കൂടാതെ ഇന്ത്യന്‍ പതാകയ്ക്ക് പിന്നില്‍ ഗ്രൂപ്പിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ആഭ്യന്തര രാഷ്ട്രീയത്തില്‍ ദേശീയവാദം കൊണ്ട് വാചാടോപം നടത്തുന്നതുപോലെ ഫലം ചെയ്യണമെന്നുമില്ല.
അദാനി ഗ്രൂപ്പിന്റെ വന്‍തോതിലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ക്ക് ധനസഹായം നേടുന്നതിന് നിര്‍ണായകമായ ആഗോള മൂലധന വിപണികളിലേക്കുള്ള പ്രവേശനം നഷ്ടപ്പെടാനുള്ള സാധ്യതയാണ് അമേരിക്കന്‍ കുറ്റപത്രത്തിന്റെ ഏറ്റവും പെട്ടെന്നുള്ള അനന്തരഫലം. ഗ്രൂപ്പിന്റെ വായ്പ്പയുടെ ഗണ്യമായ ഒരു ഭാഗം വിദേശ വിപണിയില്‍ നിന്നാണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് കോര്‍പ്പറേറ്റ് ഭരണ പ്രശ്‌നങ്ങളും സ്റ്റോക്ക് കൃത്രിമത്വവും തുറന്നുകാട്ടിയതിന് ശേഷം, തങ്ങളുടെ വായ്പ്പയുടെ 70 ശതമാനവും അന്താരാഷ്ട്ര സ്രോതസ്സുകളില്‍ നിന്നാണെന്ന് ഗ്രൂപ്പ് വെളിപ്പെടുത്തിയിരുന്നു. ഈ അനുപാതം കഴിഞ്ഞ വര്‍ഷം മാറിയിട്ടുണ്ടാകാം, പക്ഷേ ഗ്രൂപ്പ് ഇപ്പോഴും അതിന്റെ വിപുലീകരണ പദ്ധതികള്‍ക്കുള്ള ഇന്ധനമാക്കുന്നത് വിദേശ വായ്പ്പകളെയാണ്. അമേരിക്കന്‍ കുറ്റാരോപണത്തിന് ശേഷം, യുഎസ് വിപണികളില്‍ നിന്ന് 600 മില്യണ്‍ ഡോളര്‍ സമാഹരിക്കാനുള്ള പദ്ധതികള്‍ റദ്ദാക്കാന്‍ ഗ്രൂപ്പ് നിര്‍ബന്ധിതരായിരുന്നു. ഇത് വിദേശ മൂലധനം സ്വന്തമാക്കുന്നതില്‍ ഇപ്പോഴത്തെ നിയമപരമായ ആരോപണങ്ങള്‍ വിഘാതം സൃഷ്ടിക്കുമെന്നതിന്റെ തെളിവാണ്.
അദാനി ഗ്രൂപ്പിന്റെ തന്ത്രത്തിലെ ഒരു നിര്‍ണായക ഘടകമാണ് വിദേശ വായ്പ്പകള്‍, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യങ്ങള്‍, പുനരുപയോഗ ഊര്‍ജം, ആഗോള വിപുലീകരണം തുടങ്ങിയ അവരുടെ അഭിമാനകരമായ പദ്ധതികള്‍ക്ക്. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയില്‍ അദാനി ഗ്രൂപ്പിന് പങ്കാളിത്തം കിട്ടിയിട്ടുണ്ട്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവിന് വെല്ലുവിളിയാകുന്ന പ്രധാന സംരംഭമാണ്. നിര്‍ദിഷ്ട സാമ്പത്തിക ഇടനാഴിയുടെ കേന്ദ്രമായ ഇസ്രായേലിലെ ഹൈഫ തുറമുഖത്തിന്റെ വികസനത്തില്‍ ഈ പദ്ധതിയയുടെ ഭാഗമായി അദാനി ഗ്രൂപ്പും പങ്കാളിയായിട്ടുണ്ട്. ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ബൈഡനും പ്രഖ്യാപിച്ച പദ്ധതിക്ക് ഗണ്യമായ ധനസഹായം ആവശ്യമാണ്, ഇതില്‍ ഭൂരിഭാഗവും പാശ്ചാത്യ സാമ്പത്തിക വിപണികളില്‍ നിന്ന് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും, യുഎസ് കോടതിയുടെ കുറ്റപത്രത്തിന്റെ വെളിച്ചത്തില്‍, ഈ വിപണികള്‍ അദാനി ഗ്രൂപ്പിന്റെ ഭാവി സാമ്പത്തിക ആവശ്യങ്ങള്‍ക്ക് എത്രമാത്രം സ്വീകാര്യമായിരിക്കുമെന്ന് വ്യക്തമല്ല.
അതുപോലെ, ഇന്ത്യയുടെ ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന പുനരുപയോഗ ഊര്‍ജ മുന്നേറ്റത്തില്‍ അദാനി ഗ്രൂപ്പിന്റെ പങ്കാളിത്തത്തിന് ഇനി കാര്യമായ തടസ്സങ്ങള്‍ നേരിടേണ്ടിവരും. 2030 ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ ശേഷി കൈവരിക്കാന്‍ ലക്ഷ്യമിടുന്ന മോദിയുടെ സൗരോര്‍ജ്ജ ദൗത്യത്തിന്റെ കേന്ദ്രമാണ് അദാനി ഗ്രൂപ്പ്. ഗുജറാത്തിലെ ഖാവ്ദ മരുഭൂമിയില്‍ 30,000 മെഗാവാട്ട് സൗരോര്‍ജ്ജവും കാറ്റ് ഊര്‍ജ്ജവും വികസിപ്പിക്കുക എന്നതാണ് അതിന്റെ ഏറ്റവും വലിയ പദ്ധതികളിലൊന്ന്. ഈ പദ്ധതിയുടെ ഏകദേശ ചെലവ് 65 ബില്യണ്‍ ഡോളറിനു മുകളിലാണ്. മറ്റ് വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടുകള്‍ പോലെ, ഈ പദ്ധതിയും വിദേശ ധനസഹായത്തെ വളരെയധികം ആശ്രയിക്കേണ്ടി വരും. നിലവിലെ പ്രതിസന്ധി അദാനി ഗ്രൂപ്പിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതിനാല്‍, പാശ്ചാത്യ നിക്ഷേപകര്‍ ഈ പദ്ധതികള്‍ക്ക് മൂലധനം നല്‍കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ സാധ്യതയുണ്ട്, ഇത് ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ഗ്രൂപ്പിന്റെ കഴിവിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.
കെനിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ വലിയതോതില്‍ പ്രൊജക്ടുകള്‍ ഏറ്റെടുക്കുന്നത് അദാനി ഗ്രൂപ്പിന്റെ അന്താരാഷ്ട്ര വിപുലീകരണ തന്ത്രമായിരുന്നു. എന്നാല്‍ ഈ രാജ്യങ്ങള്‍ ഇപ്പോള്‍ ഗ്രൂപ്പിനെ കൈവിടുകയാണ്. ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലുകള്‍ക്ക് ശേഷം കെനിയയിലെ ഒരു നിര്‍ദ്ദിഷ്ട ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റ് പെട്ടെന്ന് റദ്ദാക്കപ്പെട്ടിരുന്നു. ചില പ്രദേശങ്ങളില്‍ വ്യാപര കരാറുകള്‍ ഉറപ്പാക്കുന്നതില്‍ ഗ്രൂപ്പ് ഇപ്പോള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. യു.എസ്. ഏജന്‍സിയായ യു.എസ്. ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഡിഎഫ്‌സി), അദാനി ഗ്രൂപ്പിന് ഓഹരി പങ്കാളിത്തമുള്ള ശ്രീലങ്കന്‍ തുറമുഖ പദ്ധതിക്കായി 550 മില്യണ്‍ ഡോളറിലധികം വായ്പ നല്‍കാനുള്ള തീരുമാനത്തില്‍ പുനരാലോചന നടത്തുകയാണ്. കൊളംബോയിലെ തുറമുഖ ടെര്‍മിനലിന് ധനസഹായം നല്‍കാന്‍ ഡിഎഫ്‌സി മുമ്പ് സമ്മതിച്ചിരുന്നു, എന്നാല്‍ സമീപകാല ആരോപണങ്ങള്‍ പദ്ധതിയെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
യു.എസ് കോടതി കുറ്റപത്രം മൂലമുണ്ടായ നിയമപരവും അതിന്റെ വിശ്വാസ്യപരവുമായ തിരിച്ചടികള്‍ അദാനി ഗ്രൂപ്പിന്റെ പ്രധാന വിദേശ നിക്ഷേപകരെ തങ്ങളുടെ നിലപാടുകള്‍ പുനഃപരിശോധിക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍-അമേരിക്കന്‍ ബിസിനസുകാരനായ രാജീവ് ജെയിന്‍ നയിക്കുന്ന ഗ്ലോബല്‍ ഫണ്ടായ ജിക്യുജി പാര്‍ട്‌ണേഴ്‌സ്, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം ഗ്രൂപ്പിനെ തുടര്‍ന്നും പിന്തുണയ്ക്കുന്ന ചുരുക്കം ചില നിക്ഷേപകരില്‍ ഒരാളാണ്. ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെത്തുടര്‍ന്ന് ജിക്യുജി അദാനി സ്റ്റോക്കുകളില്‍ 2 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുകയും ഗ്രൂപ്പിന്റെ കമ്പനികളില്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങുകയും ചെയ്തിരുന്നു.
2024 മെയ് വരെ, ജിക്യുജി യുടെ പോര്‍ട്ട്‌ഫോളിയോയിലെ അദാനി സ്റ്റോക്കുകളുടെ മൂല്യം 150% വര്‍ദ്ധിച്ചു. എന്നാല്‍, യുഎസ് കുറ്റപത്രത്തിന്റെ പശ്ചാത്തലത്തില്‍, ഗ്രൂപ്പിലെ നിക്ഷേപങ്ങള്‍ വീണ്ടും വിലയിരുത്തുമൊണ് ജിക്യുജി അറിയിച്ചിരിക്കുന്നത്. നിയമപരമായ പ്രശ്‌നങ്ങളുടെ വെളിച്ചത്തില്‍ ഏറ്റവും പ്രതിബദ്ധതയുള്ള നിക്ഷേപകര്‍ പോലും തങ്ങളുടെ നിലപാടുകള്‍ പുനഃപരിശോധിക്കുന്നു എന്നതിന്റെ സൂചന അദാനി ഗ്രൂപ്പിനെ സംബന്ധിച്ച് ആശങ്കാജനകമായ കാര്യമാണ്. അദാനി ഗ്രൂപ്പിന്റെ പ്രശ്‌നങ്ങളുടെ കാതല്‍ ഭരണത്തിന്റെ പ്രശ്‌നമാണ്. കമ്പനിയുടെ ദ്രുതഗതിയിലുള്ള വിപുലീകരണവും മോഹ പദ്ധതികളും അതിനെ ഇന്ത്യയുടെ ബിസിനസ്സ് രംഗത്ത് ഒരു പ്രമുഖ കളിക്കാരനാക്കിയെങ്കിലും, ഗ്രൂപ്പിന്റെ ഭരണരീതികള്‍ സൂക്ഷ്മപരിശോധനകള്‍ക്ക് വിധേയമായി. സ്റ്റോക്ക് കൃത്രിമം, ഇന്‍സൈഡര്‍ ട്രേഡിംഗ്, കൈക്കൂലി തുടങ്ങിയ ആരോപണങ്ങള്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ സുതാര്യതയെയും ഉത്തരവാദിത്തത്തെയും കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. യുഎസ് അധികാരികളില്‍ നിന്നുള്ള സമീപകാല ആരോപണങ്ങള്‍ ഗ്രൂപ്പിന്റെ പ്രശസ്തിക്ക് കൂടുതല്‍ കളങ്കമുണ്ടാക്കുന്നു, പ്രത്യേകിച്ചും സംശയാസ്പദമായ ഭരണരീതികളുള്ള കമ്പനികളെക്കുറിച്ച് വളരെക്കാലമായി ജാഗ്രത പുലര്‍ത്തുന്ന പാശ്ചാത്യ നിക്ഷേപകര്‍ക്കിടയില്‍.
അദാനി ഗ്രൂപ്പിന്റെ പ്രതിസന്ധിയുടെ വിശാലമായ പ്രത്യാഘാതങ്ങള്‍ കോര്‍പ്പറേറ്റ് ലോകത്തിനപ്പുറത്തേക്ക് വ്യാപിക്കുന്നുണ്ട്. അദാനി ഗ്രൂപ്പ് പ്രധാനമന്ത്രി മോദിയുടെ സാമ്പത്തിക കാഴ്ചപ്പാടിന്റെ പര്യായമായി മാറിയിരിക്കുന്നു, ഗ്രൂപ്പിന്റെ പ്രശസ്തിക്ക് ഏല്‍ക്കുന്ന ഏതൊരു പ്രഹരവും ഇന്ത്യയുടെ ബിസിനസ്സ് അന്തരീക്ഷത്തിന്റെ വിശ്വാസ്യതയിലും പ്രതിഫലിക്കും. വിദേശ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, അദാനി ഗ്രൂപ്പ് നേരിടുന്ന നിയമപ്രശ്‌നങ്ങള്‍, ഇന്ത്യയുടെ നിയന്ത്രണ ചട്ടക്കൂടിന്റെ ദൃഢതയെക്കുറിച്ചും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്ത് എങ്ങനെയും പ്രവര്‍ത്തിക്കാമെന്നതിനെക്കുറിച്ചും ആശങ്ക ഉയര്‍ത്തുന്നു. ഗ്രൂപ്പിന്റെ നിയമപരമായ വെല്ലുവിളികള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍, ഭാവിയില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നത് ഇന്ത്യയെ കൂടുതല്‍ ബുദ്ധിമുട്ടാക്കും, പ്രത്യേകിച്ച് അടിസ്ഥാന സൗകര്യങ്ങള്‍, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍, കാര്യമായ മൂലധനം ആവശ്യമാണ്.
അദാനി ഗ്രൂപ്പ് ഒരു വിശ്വാസ്യത പ്രതിസന്ധി നേരിടുകയാണ്. അത് അതിന്റെ ഭാവിയെ തന്നെ ബാധിക്കാന്‍ തക്ക ശേഷിയുള്ളതാണ്. ഗ്രൂപ്പിന്റെ നിയമപരമായ പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് കൈക്കൂലി, വഞ്ചന എന്നീ കുറ്റങ്ങള്‍, ഇന്ത്യയിലും അന്തര്‍ദേശീയമായും അതിന്റെ പ്രശസ്തിക്ക് കോട്ടം വരുത്തിയിട്ടുണ്ട്. നിക്ഷേപകരുടെ ആത്മവിശ്വാസം നഷ്ടപ്പെടല്‍, മൂലധനം സമാഹരിക്കുന്നതിലെ ബുദ്ധിമുട്ട്, ഗ്രൂപ്പിന്റെ ഭരണരീതികളെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന സംശയം എന്നിവ ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കോടതിയില്‍ ആരോപണങ്ങള്‍ക്കെതിരെ പോരാടുമെന്നാണ് അദാനി ഗ്രൂപ്പ് പ്രതിജ്ഞയെടുത്തിരിക്കുന്നത്. എന്നാല്‍ നിയമനടപടികള്‍ അവസാനിച്ചാലും കാര്യങ്ങള്‍ ശരിയാകണമെന്നില്ല. ഇപ്പോഴത്തെ ആരോപണങ്ങളും സംശയങ്ങളും ഗ്രൂപ്പിന്റെ പേര് കളങ്കപ്പെടുത്തുന്നതാണ്. അദാനി ഗ്രൂപ്പ് നേരിടേണ്ട യഥാര്‍ത്ഥ പ്രതിസന്ധിയുമതാണ്. ആഗോള വിപണിയില്‍ ഗ്രൂപ്പിന്റെ ഭാവി തകരാതെ നോക്കണമെങ്കില്‍ നിയമപരവും സാമ്പത്തികവും അതോടൊപ്പം തങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്താനുമുള്ള വെല്ലുവിളികളോട് അദാനി ഗ്രൂപ്പ് പോരാടേണ്ടതുണ്ട്. Adani: Reputation damage and Credibility crisis
Content Summary; Adani: Reputation damage and Credibility crisis