January 21, 2025 |
Share on

അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയ നേരിടുന്ന ഭീഷണികള്‍

ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ കരുത്ത് കൂട്ടുമ്പോള്‍, ഓസീസിന്റെ അവസ്ഥ അതല്ല

ഒരു മികച്ച ടീമിന് നേരിടേണ്ടി വന്ന കുറച്ച് മോശം ദിവസങ്ങളായിരുന്നോ, അതോ അവരുടെ എതിരാളികള്‍ ഏറ്റവും മികച്ച കളി പുറത്തെടുത്തതാണോ? അതല്ലെങ്കില്‍ ആദ്യം പറഞ്ഞ, ആ മികച്ച ടീം അവരുടെ ഔന്നിത്യത്തില്‍ നിന്ന് താഴേക്ക് പതിച്ചു തുടങ്ങിയതാണോ? ഇതിനെല്ലാം ഇടയില്‍ നില്‍ക്കുന്ന എന്തെങ്കിലുമൊക്കെയാണോ പെര്‍ത്തില്‍ സംഭവിച്ചത്? എന്തായാലും അഡ്ലെയ്ഡിലെ അടുത്ത കുറച്ച് ദിവസങ്ങള്‍ ഈ ടെസ്റ്റ് പരമ്പരയുടെ ഭാവി എന്തായിരിക്കും എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കും. test cricket

അഡ്‌ലെയ്ഡിലും ഇന്ത്യ വിജയം ആവര്‍ത്തിക്കുകയാണെങ്കില്‍, പരമ്പരയില്‍ തിരിച്ചുവരവ് ഓസ്‌ട്രേലിയയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും. ടെസ്റ്റ് ക്രിക്കറ്റിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഒരേയൊരു ടീം മാത്രമാണ് 2-0 ന് പിന്നില്‍ നിന്നശേഷം അഞ്ച് മത്സര പരമ്പരയില്‍ തിരിച്ചു വന്ന് വിജയികളായിട്ടുള്ളത്, അത് വേറെയാരുമല്ല, ഓസ്‌ട്രേലിയയാണ്. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റെ നേതൃത്വത്തില്‍ 1936-37 ല്‍. ഒരുപക്ഷേ കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്ററില്‍ മഴ പെയ്തില്ലായിരുന്നുവെങ്കില്‍, ഇതേപോലൊരു തിരിച്ചു വരവിന്റെ റെക്കോര്‍ഡ് ഇംഗ്ലണ്ടും അവരുടെ പേരിനൊപ്പം കൊത്തിവയ്ക്കുമായിരുന്നു. അഡലെയ്ഡ് ഓവലിലിലെ പിങ്ക് ബോള്‍ ഓസ്ട്രേലിയയുടെ വിജയ ചരിത്രം മാറ്റിയെഴുതിയില്ലെങ്കില്‍ മൂന്നാം ടെസ്റ്റ് മുതല്‍ പരമ്പര കൂടുതല്‍ ആവേശമാകും.

പെര്‍ത്തില്‍ 295 റണ്‍സിന്റെ വിജയത്തോടെ 1-0 ന് മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയെ സംബന്ധിച്ച്, അഡ്‌ലെയ്ഡിലേക്ക് വരുമ്പോള്‍ മറക്കാനാവാത്ത ചില ചരിത്രങ്ങള്‍ മുന്നിലുണ്ട്. അഡ്ലെയ്ഡില്‍ കളിച്ച അവസാനത്തെ ഡേ-നൈറ്റ് ടെസ്റ്റില്‍ 36 റണ്‍സിന് പുറത്തായതിന്റെ നാണക്കേട് ഇന്ത്യ പേറുന്നുണ്ട്. (നാണക്കേടിന്റെ ആ റെക്കോര്‍ഡിന് പകല്‍ സമയത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നതും ഓര്‍ക്കാം). ഇന്ത്യ അവസാനമായി ഒരു ഫ്‌ളഡ്ലൈറ്റ് ടെസ്റ്റ്കളിച്ചതും 2022-ലാണ്. പിങ്ക് പന്ത് നേരിടുന്നതിലെ വെല്ലുവിളികളെക്കുറിച്ച് കുറച്ച് വിശദമായി സംസാരിച്ച കെഎല്‍ രാഹുലിനെപ്പോലെ പരിചയസമ്പന്നനായ ഒരു കളിക്കാരന് പോലും ഇതാദ്യമായാണ് ഒരു ഡേ-നൈറ്റ് മാച്ച് കളിക്കുന്നത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍ ശുഭ്മാന്‍ ഗില്ലിന്റെയും മടങ്ങിവരവ്, ഇന്ത്യന്‍ ബാറ്റിംഗ് കൂട്ടിയിട്ടുണ്ട്. ബൗളിംഗ് ആക്രമണത്തില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടാകുമോ എന്നതും പ്രധാന ചര്‍ച്ചയാണ്. 850ലധികം ടെസ്റ്റ് വിക്കറ്റുകള്‍ പിഴുതിട്ടുള്ള ആര്‍ അശ്വിന്‍- രവീന്ദ്ര ജഡേജ സഖ്യം ഒരുമിച്ചോ ഇവരില്‍ ആരെങ്കിലുമോ കളിക്കുമോ എന്നതില്‍ ആകാംക്ഷയുണ്ട്. പെര്‍ത്തില്‍ രണ്ടുപേരും സൈഡ് ബെഞ്ചിലായിരുന്നു. അശ്വിനും ജഡേജയും കളത്തില്‍ ഇറങ്ങാതിരുന്നത് നഥാന്‍ ലിയോണിനെപ്പോലും ആശ്ചര്യപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ആവനാഴിയിലുള്ള അസ്ത്രങ്ങളുടെ കരുത്തു കൂടിയാണ് ഈ ഒഴിവാക്കലുകള്‍ പോലും കാണിക്കുന്നത്.

ജോഷ് ഹേസല്‍വുഡിനെ അഡ്‌ലെയഡില്‍ ഓസ്‌ട്രേലിയയ്ക്ക് നഷ്ടമാകും. കളിക്കാരുടെ പരിക്കും ഒരു വശത്ത് ഓസ്ട്രേലിയയെ കുഴയ്ക്കുന്നുണ്ട്. ഹേസല്‍വുഡിന് പകരം സ്‌കോട്ട് ബോളണ്ട് പന്ത് കൈയിലെടുക്കുമെന്ന് കേള്‍ക്കുന്നുണ്ടെങ്കിലും ഉറപ്പായിട്ടില്ല. ബാറ്റിംഗില്‍ ടീമിന് ആശങ്കകളേറെയാണ്. മിച്ചല്‍ മാര്‍ഷിന് ബൗളിംഗ് ജോലിഭാരം എത്രത്തോളം കൈകാര്യം ചെയ്യാനാകുമെന്നതിലും അനിശ്ചിതത്വമുണ്ട്. അഡ്ലെയ്ഡിലും മാര്‍ഷ് പന്ത് എടുക്കേണ്ടി വരും.

Post Thumbnail
നീരജും നദീമും: ധ്രൂവികരണ കാലത്ത് പാഠമാക്കേണ്ടവര്‍വായിക്കുക

പെര്‍ത്തില്‍ നിന്ന് അഡ്‌ലെയ്ഡിലേക്ക് വരുമ്പോള്‍ ടീമിലോ അവരുടെ തന്ത്രങ്ങളിലോ കാര്യമായ മാറ്റങ്ങള്‍ക്ക് ഓസ്‌ട്രേലിയ തയ്യാറാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ അഡ്ലെയ്ഡില്‍ കാര്യങ്ങള്‍ മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍ ടീം പുനര്‍വിചാരം നടത്തേണ്ടിവരും. ആദ്യ മത്സരത്തിലെ തോല്‍വി ഓസട്രേലിയയെ മൊത്തത്തില്‍ അമ്പരിപ്പിച്ചിട്ടുണ്ട്. സ്വന്തം മണ്ണില്‍ കളിക്കുമ്പോള്‍ തീര്‍ച്ചയായും ടീമിനു മേല്‍ പ്രതീക്ഷകള്‍ വര്‍ദ്ധിക്കും. ഇതുവരെ അവര്‍ ആ പ്രതീക്ഷകള്‍ സംരക്ഷിച്ചിട്ടുമുണ്ട്. പക്ഷേ, വരുത്തുന്ന ചെറിയ പിഴവുകള്‍ക്ക് പോലും വലിയ വില നല്‍കേണ്ടി വരുമെന്ന് പെര്‍ത്തില്‍ അവര്‍ക്ക് മനസിലായിട്ടുണ്ട്.

ഈ പരമ്പര തുടങ്ങുന്നത് വരെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് മേല്‍ വലിയ പ്രതീക്ഷകള്‍ തന്നെയായിരുന്നു. പരമ്പരയ്ക്ക് മുന്നോടിയായുള്ള ചതുര്‍ദിന മത്സരം കളിക്കാതെയാണ് ക്യാപ്റ്റന്‍ പെര്‍ത്തില്‍ എത്തിയത്. ഒരു ആഭ്യന്തര ഏകദിനവും രണ്ട് അന്താരാഷ്ട്ര ഏകദിനങ്ങളും മാത്രമാണ് കളിച്ചത്. എങ്കിലും മതിയായ അനുഭവപരിചയം ഉള്ള കളിക്കാരനാണ് അദ്ദേഹം. ടീമിനെയും പരിശീലകരെയും എല്ലാം ഏകോപിപ്പിച്ചു കൊണ്ടു പോകാനും കഴിവുണ്ട്. എങ്കിലും പെര്‍ത്തില്‍ അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാനായില്ല. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയെ 150ന് പുറത്താക്കിയപ്പോഴും ക്യാപ്റ്റന്റെ സംഭാവന തുച്ഛമായിരുന്നു. അതുകൊണ്ട് കമ്മിന്‍സ് നിസ്സാരനാകുന്നില്ല. അദ്ദേഹത്തിന്റെ ബൗളിംഗ് റെക്കോര്‍ഡുകള്‍ ആരെയും ഭയപ്പെടുത്തുന്നതാണ്. എങ്കിലും ഹേസില്‍വുഡിന്റെ അഭാവത്തില്‍, ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. സ്വന്തം പ്രകടനത്തില്‍ കമ്മിന്‍സ് നിരാശനല്ല. ആത്മവിശ്വാസത്തോടെ തന്നെയാണ് ക്യാപ്റ്റന്‍ കളിക്കാനിറങ്ങുന്നത്.

മറുവശത്തും ടീമിലെ പ്രധാനികളുടെ മേല്‍ പ്രത്യേകം കണ്ണുകള്‍ പതിഞ്ഞിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് പെര്‍ത്തില്‍ കളിച്ചിരുന്നില്ല. ക്യാപ്റ്റന്‍ തിരിച്ചു വരുമ്പോള്‍ ബാറ്റിംഗ് ലൈന്‍ അപ്പില്‍ ചര്‍ച്ച വേണ്ടി വരികയാണ്. പെര്‍ത്തിലെ രണ്ടാം ഇന്നിംഗ്സില്‍ രാഹുലും യശസ്വി ജയ്സ്വാളും ചേര്‍ന്ന് 201 എന്ന റെക്കോര്‍ഡാണ് കുറിച്ചത്. അതുകൊണ്ട് തന്നെ ഇരുവരും ഓപ്പണിംഗില്‍ തുടരുകയും രോഹിത് മധ്യനിരയിലേക്ക് സ്ഥലം മാറ്റം തേടുമെന്നും കരുതുന്നു. ക്യാപ്റ്റന്റെ ബാറ്റിംഗ് ഫോമും അത്ര നല്ലതല്ല. അവസാന പത്ത് ഇന്നിംഗ്സുകളിലായി വെറും 52 റണ്‍സാണ് സമ്പാദ്യം. അതേസമയം പെര്‍ത്തില്‍ ജസ്പ്രീത് ബുംറ കളിക്കാരനായും ക്യാപ്റ്റനായും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 2018-19ല്‍ എംസിജിയില്‍ ആറാമനാ.ി ഇറങ്ങി പുറത്താകാതെ 63 റണ്‍സ് നേടിയതാണ് രോഹിതിന്റെ ഓസ്ട്രേലിയയിലെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍.

രണ്ടാം ടെസ്റ്റ് ഇരു ടീമുകളെയും സംബന്ധിച്ച് നിര്‍ണായകമാണ്. പെര്‍ത്തിലെ വിജയത്തോടെ ഇന്ത്യ ഇപ്പോള്‍ 1-0 ന് മുന്നിലാണ്. ഇരു ടീമുകളുടെയും ശക്തിയും ബലഹീനതയും പ്രകടമാക്കപ്പെട്ടു കഴിഞ്ഞു. ഇന്ത്യയുടെ ബാറ്റിംഗ് നിരയും ഓസ്ട്രേലിയയുടെ ബൗളിംഗ് നിരയും തമ്മിലാണ് മത്സരം. 2-0 ലേക്ക് കാര്യങ്ങളെത്തരുതെന്നുള്ളതുകൊണ്ട് ഓസീസ് ബൗളര്‍മാര്‍ കൂടുതല്‍ സമ്മര്‍ദ്ദം നേരിടും.

Post Thumbnail
കലോത്സവ വേദിയിലെ ദ്വയാർത്ഥ പ്രയോഗം; 'റിപ്പോർട്ടറി'നെതിരെ പോക്സോവായിക്കുക

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ശക്തമായ ബാറ്റിംഗ് നിരയാണ് ഇന്ത്യയുടേത്. രോഹിത് ശര്‍മ്മ തിരിച്ചെത്തുന്നതോടെ ഇന്ത്യയുടെ ടോപ്പ് ഓര്‍ഡറില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകും. മധ്യനിരയിലെ രോഹിത്തിന്റെ സാന്നിധ്യം ഒരു കളിയുടെ വിധി മാറ്റിമറിക്കാന്‍ സഹായിച്ചേക്കാം. അദ്ദേഹത്തിന്റെ ഫോമില്‍ ആശങ്കയുണ്ടെങ്കിലും, അദ്ദേഹത്തിന്റെ അനുഭവവും ഓസ്ട്രേലിയയിലെ മുന്‍കാല പ്രകടനങ്ങളും വിസ്മരിക്കരുത്. ഓപ്പണിംഗിനേക്കാള്‍ മധ്യനിരയിലായാരിക്കാം രോഹിത് കൂടുതല്‍ അനുയോജ്യന്‍ എന്നാണ് എംസിജിയെല അര്‍ദ്ധ സെഞ്ച്വറിയും കാണിക്കുന്നത്. പെര്‍ത്തില്‍ കെ എല്‍ രാഹുലും യശസ്വി ജയ്സ്വാളും ചേര്‍ന്ന് കെട്ടിപടുത്ത 201 റണ്‍സാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഉറച്ച അടിത്തറ കെട്ടിപ്പടുക്കാന്‍ ഇന്ത്യയെ സഹായിച്ചത്.

അടുത്ത കാലത്തായി കെ എല്‍ രാഹുല്‍ അസ്ഥിരമായ തന്റെ സ്ഥാനം കൊണ്ട് സമ്മര്‍ദ്ദം നേരിട്ടു വരികയായിരുന്നു. പെര്‍ത്തില്‍ ജയ്സ്വാളുമായി ചേര്‍ന്നുള്ള കൂട്ടുകെട്ട് രാഹുലിനും ടീമിനും ഒരുപോലെ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ സ്ഥിരതയുള്ള ഓപ്പണിംഗ് ജോഡിയാകാനുള്ള കഴിവ് രാഹുലും ജയ്‌സ്വാളും പുറത്തെടുത്തു. പ്രത്യേകിച്ച് ജയ്‌സ്വാള്‍. പക്വമായ ഇന്നിംഗിസ് കളിച്ച് തന്നിലുള്ള മതിപ്പ് അദ്ദേഹം വര്‍ദ്ധിപ്പിച്ചു. സമ്മര്‍ദ്ദത്തെ നന്നായി കൈകാര്യം ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിന്റെ ശീലങ്ങളുമായി 22 കാരന്‍ പെട്ടെന്നു പൊരുത്തപ്പെട്ടിരിക്കുന്നു.

പിങ്ക് പന്തില്‍ അനുഭവ പരിചയമുള്ള കെ എല്‍ രാഹുലിന് അഡ്ലെയ്ഡില്‍ പലതും ചെയ്യാനുണ്ട്. ഇവിടെ നടന്ന അവസാന ഡേ-നൈറ്റ് ടെസ്റ്റില്‍ ഇന്ത്യ വെറും 36 റണ്‍സിന് പുറത്തായിട്ടുണ്ട്. ടോപ് ഓര്‍ഡറിലാണ് ഇന്ത്യ ഇപ്പോഴും പ്രതീക്ഷ വച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെയും ആരാധകരുടെയും പ്രതീക്ഷകള്‍ക്കൊപ്പം പിങ്ക് പന്ത് കൊണ്ടുവരുന്ന വെല്ലുവിളി വളരെ വലുതായിരിക്കും.

പെര്‍ത്തില്‍ സൈഡ് ബെഞ്ചിലിരുന്ന രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ഇന്ത്യയുടെ കരുത്താണ് കാണിക്കുന്നത്. പെര്‍ത്തിലെ സാഹചര്യങ്ങള്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായിരുന്നില്ലെങ്കിലും, അഡ്ലെയ്ഡ് ഓവല്‍ സ്പിന്നര്‍-സൗഹൃദ വേദിയായാണ് അറിയപ്പെടുന്നത്. പ്രത്യേകിച്ച് രാത്രി സമയത്ത്. ടീമില്‍ ഉണ്ടാവുകയാണെങ്കില്‍ അശ്വിനും ജഡേജയും പരമ്പര നേടാനുള്ള ഇന്ത്യയുടെ ആഗ്രഹങ്ങള്‍ക്ക് ശക്തി പകരാന്‍ സഹായിക്കും. പ്രത്യേകിച്ച് ഓസ്ട്രേലിയയുടെ ബാറ്റിംഗ് നിര സമീപ കാലത്തായി ദൗര്‍ബല്യം കാണിച്ചു കൊണ്ടിരിക്കുന്നതിനാല്‍.

പെര്‍ത്തിലെ തകര്‍ച്ചയോടെ ഓസീസ് ബാറ്റര്‍മാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. പരിക്ക് മൂലം ജോഷ് ഹേസില്‍വുഡ് കളിക്കാത്തത് അവരുടെ ബൗളിംഗ് ആക്രമണത്തെയും ദുര്‍ബലപ്പെടുത്തും. എന്നിരുന്നാലും പകരക്കാരനായി സ്‌കോട്ട് ബോളണ്ടിനെ ഉള്‍പ്പെടുത്തിയത് ആശ്വാസം നല്‍കുന്നു. എങ്കിലും പരമ്പരയിലേക്ക് തിരിച്ചു വരാനുള്ള യഥാര്‍ത്ഥ സമ്മര്‍ദ്ദം ഓസ്ട്രേലിയന്‍ ബാറ്റര്‍മാരിലാണ്.

ഹേസില്‍വുഡിനെ പോലൊരു പ്രധാന ബൗളര്‍ മാറി നില്‍ക്കുമ്പോള്‍ ജോലിഭാരം കൂടുന്നത് മിച്ചല്‍ മാര്‍ഷിനാണ്. അയാള്‍ക്ക് ഈ സമ്മര്‍ദ്ദവും അമിത ഭാരവും എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നത് ഓസീസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതുമാത്രമല്ല, ഇന്ത്യയുടെ സ്പിന്നര്‍മാരെ കൈകാര്യം ചെയ്യാനുള്ള ഓസ്ട്രേലിയന്‍ ബാറ്റര്‍മാരുടെ കഴിവും വലിയൊരു ചോദ്യ ചിഹ്നമാണ്. പ്രത്യേകിച്ചും അഡ്ലെയ്ഡിലെ സാഹചര്യത്തില്‍.

Post Thumbnail
ആഘോഷങ്ങളില്ല, ആരവങ്ങളില്ല; അംബേദ്കറിസം മുറുകെ പിടിച്ച് അപൂര്‍വ വിവാഹംവായിക്കുക

ക്യാപ്റ്റന്‍ കമ്മിന്‍സ് ഫോമിലേക്ക് തിരിച്ചെത്തേണ്ടത് ഓസ്‌ട്രേലിയയ്ക്ക് അത്യാവശ്യമാണ്. പന്ത് കൊണ്ട് മുന്നില്‍ നിന്ന് നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പരമ്പരയില്‍ ഓസ്ട്രേലിയയെ കൂടുതല്‍ പിന്നിലാകാതിരിക്കാന്‍ നിര്‍ണായക പങ്ക് വഹിക്കും. പെര്‍ത്ത് ടെസ്റ്റില്‍ വിക്കറ്റ് വീഴ്ത്താന്‍ പ്രയാസപ്പെട്ടെങ്കിലും താളം നഷ്ടപ്പെടുത്തിയിട്ടില്ല. ആ മികവ് അഡ്‌ലെയ്ഡിലും തുടര്‍ന്നേ മതിയാകൂ. ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തോടുള്ള ഓസ്ട്രേലിയയുടെ മറുപടി, പ്രത്യേകിച്ച് അശ്വിനും ജഡേജയ്ക്കും എതിരേ- അഡ്ലെയ്ഡിലെ ഫലത്തെ നിര്‍ണ്ണയിക്കും. സ്പിന്നര്‍മാര്‍ ഉയര്‍ത്തുന്ന കൊടുങ്കാറ്റിനെ നേരിടാന്‍ ഓസ്ട്രേലിയന്‍ ബാറ്റര്‍മാര്‍ക്ക് കഴിയുമെങ്കില്‍, അവര്‍ക്ക് ഈ പരമ്പരയില്‍ തിരിച്ചെത്താന്‍ കഴിയും. മറിച്ചാണെങ്കില്‍ കളി ഇന്ത്യയുടെ കൈയിലിരിക്കും.

രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവും രാഹുലിന്റെയും ജയ്സ്വാളിന്റെയും ഒപ്പം വിരാട് കോഹ്‌ലിയുടെയും ഫോമും അഡ്‌ലെയ്ഡില്‍ ഇന്ത്യയുടെ ബാറ്റിംഗ് നിരയെ കൂടുതല്‍ ശക്തമാക്കുന്നുണ്ട്. സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ അശ്വിനും ജഡേജയും വരുന്നത് ഇന്ത്യയുടെ സാധ്യതകള്‍ ഇരട്ടിയാക്കുന്നു. ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം, അവരുടെ ബാറ്റിംഗ് ഫോം വീണ്ടെടുക്കുക എന്നതാണ് പ്രധാന വെല്ലുവിളി, പ്രത്യേകിച്ച് ഇന്ത്യയുടെ സ്പിന്നര്‍മാരെ കൈകാര്യം ചെയ്യുന്നതില്‍. കമ്മിന്‍സിന്റെ നേതൃത്വവും ഓസ്ട്രേലിയന്‍ ബാറ്റര്‍മാരുടെ പ്രകടനവും നിര്‍ണായകമാകും, അഡ്ലെയ്ഡിനെ മത്സരത്തിന് വാശിയൊട്ടും കുറയില്ല. പരമ്പരയിലെ നിര്‍ണായക മത്സരമാണത്. ഇരുടീമുകളും വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഈ ടെസ്റ്റ് പരമ്പരയുടെ ശേഷിക്കുന്ന മത്സരങ്ങളുടെ ഭാവി കൂടി അഡ്‌ലെയ്ഡ് ഓവലില്‍ കുറിക്കപ്പെടും.  Adelaide test India’s batting line up VS Australia’s batting form in question 

Content Summary; Adelaide test India’s batting line up VS Australia’s batting form in question latestnews

×