മഴ ദുരിതങ്ങളില്‍ നിന്ന് നാം ഒത്തൊരുമയോടെ കരകയറുകയാണ്, എന്നാല്‍ പ്രളയത്തിന് ശേഷം പകര്‍ച്ച വ്യാധികള്‍ നമ്മെ ഗ്രസിക്കാന്‍ സാധ്യതയുണ്ട്, നാം കരുതലോടെയിരിക്കേണ്ടതുണ്ട്. പ്രളയാനന്തരം രംഗപ്രവേശത്തിനായി ഒരുങ്ങിയിരിക്കുന്ന ത്വക് രോഗങ്ങളെ കുറിച്ച്..
വളംകടി (Interdigital candidiasis / erosiointerdigitalis blastomycetica)
ക്യാന്‍ഡിഡ (Candida) എന്ന ഫംഗസ് മൂലമുണ്ടാകുന്ന അണുബാധയാണ് വളംകടി.
വിരലിടുക്കുകളില്‍ ചുവപ്പും അസഹനീയമായ ചൊറിച്ചിലോടും കൂടി ആരംഭിച്ചു ക്രമേണ ചൊറിഞ്ഞു പൊട്ടി മുറിവുകള്‍ ആകുന്നതോടെ ചൊറിച്ചിലിനോടൊപ്പം നീറ്റലും അനുഭവപ്പെടുന്നു. ചര്‍മ്മം വെളുത്തു അഴുകിയ പോലെ കാണപ്പെടുന്നു. ശരീരത്തിന്റെ മറ്റു മടക്കുകളെയും ഈ രോഗം ബാധിക്കാം. മൈക്രോസ്‌കോപ്പി പരിശോധനയിലൂടെ ഫംഗസിനെ നേരിട്ട് കാണാവുന്നതാണ്.
ക്ലോട്രിമസോള്‍ പോലെയുള്ള ആന്റിഫങ്കല്‍ ലേപനങ്ങള്‍ ഈ ചര്‍മ്മരോഗത്തിന് ഫലപ്രദമാണ്.
ഇതോടൊപ്പം കൈകാലുകള്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് അല്ലെങ്കില്‍ ഉപ്പു വെള്ളത്തില്‍ കഴുകി തുടച്ചു വൃത്തിയായി സൂക്ഷിക്കണം.
വിരലിടുക്കുകളില്‍ ഈര്‍പ്പം നില്‍ക്കുന്നത് ഒഴിവാക്കണം.
വായു സഞ്ചാരം ഉള്ള ചെരുപ്പുകള്‍ ഉപയോഗിക്കുന്നത് അഭികാമ്യം.
പ്രമേഹം നിയന്ത്രണവിധേയമാക്കണം.
വട്ടച്ചൊറി / പുഴുക്കടി (Ring worm/Tinea/ Dermatophytosis)
ട്രൈക്കോഫ്യ്‌ടോന്‍ (Trichophyton), എപ്പിഡെര്‍മോഫയ്ടോന്‍ (epidermophyton), മൈക്രോസ്പോറം (microsporum) എന്നീ ജനുസ്സിലുള്ള പൂപ്പല്‍ (mould) വിഭാഗത്തില്‍ പെട്ട ഫംഗസുകളാണ് വട്ടച്ചൊറിക്കു കാരണം.
ചര്‍മ്മത്തിലെ കെരാറ്റിന്‍ (keratin) എന്ന ഘടകത്തോടാണ് ഈ ഫംഗസിനു താത്പര്യം. അതിനാല്‍ കെരാറ്റിന്‍ തീരുന്ന മുറയ്ക്കു ഉത്ഭവസ്ഥാനത്തു നിന്ന് കെരാറ്റിന്‍ തേടി ഇവ പുറത്തേക്കു നീങ്ങുന്നു. തല്‍ഫലമായി ത്വക്കിലെ പാടുകള്‍ മോതിരം പോലെ മധ്യഭാഗം താഴ്ന്നും പുറം ഭാഗം പൊങ്ങിയും വൃത്താകൃതിയില്‍ കാണപ്പെടുന്നു. ഒപ്പം അസഹനീയമായ ചൊറിച്ചിലും അനുഭവപ്പെടുന്നു. ഇതിനാലാണിത് വട്ടച്ചൊറി എന്നറിയപ്പെടുന്നത്. പ്രളയകാലത്തു ഈ രോഗം കൂടുതലായി കാണപ്പെടാനുള്ള പ്രധാനകാരണം ഫംഗസുകളുടെ വളര്‍ച്ചയെയും പ്രജനനത്തെയും സഹായിക്കുന്ന ഈര്‍പ്പത്തിന്റെ സാന്നിധ്യം തന്നെ ആണ്. പ്രളയദുരിതാശ്വാസ ക്യാമ്പിലെ തിരക്കും, വസ്ത്രങ്ങള്‍, തോര്‍ത്ത് മുതലായവ പങ്കിടേണ്ടി വരുന്ന സാഹചര്യവും രോഗസാധ്യത വര്‍ധിപ്പിക്കുന്നു.
ഫംഗസ്ബാധയുണ്ടാകുന്ന ശരീരഭാഗത്തിനനുസരിച്ചു റ്റീനിയ ക്യാപിറ്റിസ് (ശിരോചര്‍മ്മം), റ്റീനിയ ക്രൂരിസ് (തുടയിടുക്കുകള്‍), റ്റീനിയ ബാര്‍ബെ(താടി, മീശ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍), റ്റീനിയ ഫേഷ്യ (മുഖം), റ്റീനിയ മാനം (കൈകള്‍), റ്റീനിയ പിഡിസ്/ അത്‌ലെറ്റ്‌സ് ഫൂട് (പാദം), റ്റീനിയ അന്‍ക്വിസ് (നഖം), റ്റീനിയ കോര്‍പൊരിസ് (മറ്റു ശരീരഭാഗങ്ങള്‍) എന്നീ വിവിധ പേരുകളില്‍ വട്ടച്ചൊറി അറിയപ്പെടുന്നു.
രോഗസ്ഥിരീകരണത്തിനായി ചര്‍മ്മത്തിലെ പാടുകളില്‍ നിന്നു ചുരണ്ടി എടുത്തു മൈക്രോസ്‌കോപ്പി പരിശോധന ചെയ്യാവുന്നതാണ്.
ക്ലോട്രിമസോള്‍ പോലെയുള്ള ആന്റിഫംഗല്‍ ലേപനങ്ങളും ഫ്‌ലുകോണസോള്‍ പോലെയുള്ള ആന്റിഫംഗല്‍ ഗുളികകളും ആണ് ചികിത്സയുടെ ആധാരശില.
സ്റ്റിറോയ്ഡ് അടങ്ങിയ ലേപനങ്ങള്‍ ഉപയോഗിച്ചാല്‍ തനതായ രോഗലക്ഷണങ്ങള്‍ താത്കാലികമായി ശമിക്കുന്നു. എന്നാല്‍ ഇവയുടെ ഉപയോഗം നിര്‍ത്തുന്നതോടെ ചര്‍മ്മത്തിലെ ഫംഗസ് പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തുന്നു. ഇതിനെ റ്റീനിയ ഇന്‍ കോഗ്‌നിറ്റോ / സ്റ്റിറോയ്ഡ് മോഡിഫൈഡ് റ്റീനിയ (Tinea incognito/ steroid modified tinea) എന്നു പറയുന്നു. സ്റ്റീറോയിഡിന്റെ ഉപയോഗം മൂലം ഈ അവസ്ഥയില്‍ മൈക്രോസ്‌കോപ്പി പരിശോധന വിഫലമായേക്കാം എന്നു മാത്രമല്ല, രോഗം സാധാരണ ചികിത്സാരീതികളോട് പ്രതികരിക്കാനുള്ള സാധ്യതയും കുറവാണ്. അതിനാല്‍ ചികിത്സ കൂടുതല്‍ ദുഷ്‌കരവും ചിലവേറിയതും ആയേക്കാം.
വട്ടച്ചൊറി വേരോടെ പിഴുതെറിയാന്‍ ചികിത്സയോടൊപ്പം താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.
നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതും ശരീരഭാഗങ്ങളില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുന്നതും ഒഴിവാക്കുക.
അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
വസ്ത്രം, തോര്‍ത്ത് മുതലായവ പങ്കിടാതിരിക്കുക.
അടിവസ്ത്രങ്ങളും സോക്‌സും ദിവസേന മാറ്റുക.
കാലില്‍ അണുബാധയുള്ളവര്‍ നഗ്‌നപാദരായി പൊതുശുചിമുറികളും നീന്തല്‍കുളങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കണം.
പാടുകളില്‍ കൈ കൊണ്ടു തൊടുകയും നഖം കൊണ്ടു ചൊറിയുകയും ചെയ്യുന്നത് ഒഴിവാക്കുക. ഡോക്ടറുടെ നിര്‍ദേശാനുസാരം ആന്റിഹിസ്റ്റമിന്‍ ഗുളികകള്‍ ഉപയോഗിച്ച് ചൊറിച്ചില്‍ നിയന്ത്രണവിധേയമാക്കാവുന്നതാണ്.
പ്രമേഹം നിയന്ത്രണവിധേയമാക്കണം.
ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ നിര്‍ദിഷ്ട കാലത്തോളം ഉപയോഗിക്കണം.
ഡോക്ടറുടെ നിര്‍ദേശത്തോടെ അല്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും വാങ്ങുന്ന ലേപനങ്ങള്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിക്കരുത്. ഇതു സ്റ്റിറോയ്ഡ് മോഡിഫൈഡ് റ്റീനിയക്കു വഴി വയ്ക്കുകയും പിന്നീടുള്ള രോഗനിര്‍ണയവും ചികിത്സയും ശ്രമകരവും ചിലവേറിയതും ആക്കുന്നു.
പിറ്റട് കെരറ്റോലൈസിസ് (Pitted keratolysis)
കോറിനെ ബാക്റ്റീരിയ (Corynebacteria)യുടെ അണുബാധ മൂലം കാല്‍വെള്ളയില്‍ ആഴമില്ലാത്ത ചെറിയ വൃത്താകൃതിയിലുള്ള കുഴികളായി ഈ രോഗം കാണപ്പെടുന്നു. മുഷിഞ്ഞ ഒരുതരം ഗന്ധം ഒഴിച്ചാല്‍ ചൊറിച്ചിലോ വേദനയോ ഇതിന് ഉണ്ടാകാറില്ല. ക്ലോട്രിമസോള്‍, ഫ്യൂസിഡിക് ആസിഡ് എന്നീ ലേപനങ്ങള്‍ ഫലപ്രദമാണ്.
ബാക്റ്റീരിയല്‍ അണുബാധ (Pyoderma)
പ്രളയകാലത്തെ പരിമിതികള്‍ മൂലം ഉണ്ടാകുന്ന ശുചിത്വക്കുറവും, രോഗമുള്ളവരുമായി അടുത്തിടപഴകാനുള്ള സാഹചര്യവും ചര്‍മ്മപ്രതലത്തില്‍ ബാക്ടീരിയ പെറ്റുപെരുകാന്‍ സഹായിക്കുന്നു. സ്‌ട്രെപ്‌റ്റോകോക്കസ് (streptococcus), സ്റ്റാഫ്‌ലോകോക്കസ് (staphylococcus) എന്നിവയാണ് പ്രധാന ഇനങ്ങള്‍. ഇവ മൂലം വിവിധ തരം ചര്‍മ്മരോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഫോളിക്യൂളിറ്റിസ് (folliculitis), ഫറന്‍കുലോസിസ് (furunculosis), കാര്‍ബങ്കില്‍ (carbuncle) എന്നിവ രോമകൂപങ്ങളുടെ അണുബാധയാണ്. വേദനയോടു കൂടിയ ചുവന്ന കുരുക്കളായി തുടങ്ങി പിന്നീട് അവയില്‍ നിന്നും പഴുപ്പ് പുറത്തേക്കു വരുന്നു.
കുട്ടികളില്‍ സാധാരണ കണ്ടു വരുന്ന ഒരു ബാക്റ്റീരിയല്‍ അണുബാധയാണ് ഇമ്പെറ്റിഗോ(impetigo). തേനിന്റെ നിറമുള്ള പൊറ്റയാണ് ഇതിന്റെ പ്രധാനലക്ഷണം.
വേദനയുള്ള ചുവന്ന പാടുകളായി കാണപ്പെടുന്ന മറ്റൊരു ബാക്റ്റീരിയല്‍ അണുബാധയാണ് എരിസിപ്പലാസ് (erysipelas). കൂടുതല്‍ ആഴത്തിലേക്ക് ഈ അണുബാധ വ്യാപിക്കുമ്പോള്‍ സെല്ലുലൈറ്റിസ് (cellulitis) എന്ന സങ്കീര്‍ണതകള്‍ ഉണ്ടായേക്കാവുന്ന അവസ്ഥയിലേക്ക് എത്തുന്നു.
നേരത്തെ തന്നെ ഉണ്ടായിരുന്ന എക്സിമ, സ്‌കെബിസ് മുതലായ ചര്‍മ്മരോഗങ്ങള്‍ക്ക് മീതെയും ബാക്റ്റീരിയല്‍ അണുബാധയുണ്ടാകാം.
ആന്റിബയോടിക് ലേപനങ്ങളും ഗുളികകളും ആണ് ബാക്റ്റീരിയല്‍ അണുബാധയുടെ പ്രധാനചികിത്സ.
പഴുപ്പിന്റെ മൈക്രോസ്‌കോപ്പി പരിശോധനയും കള്‍ചറും ബാക്ടീരിയയെ തിരിച്ചറിയാനും ഉചിതമായ ആന്റിബയോടിക് തിരഞ്ഞെടുക്കാനും സഹായിക്കും.
വ്യക്തിശുചിത്വം ചികിത്സ ഫലപ്രദമാകാന്‍ പ്രധാനമാണ്.
സോപ്പും വെള്ളവും ഉപയോഗിച്ച് അണുബാധയുള്ള ഭാഗങ്ങള്‍ കഴുകി വൃത്തിയാക്കണം.
ഉപ്പു വെള്ളവും നേര്‍പ്പിച്ച പൊട്ടാസിയം പേര്‍മാംഗനെറ്റ് ലായിനിയും ഉപയോഗിക്കാം.
പ്രമേഹം നിയന്ത്രവിധേയമാക്കണം.
സ്‌കേബിസ് (Scabies)
സര്‍കോപ്റ്റസ് സ്‌കെബി വാര്‍ ഹോമിനിസ് (Sarcoptes scabiei var. hominis) എന്ന മൈറ്റ് (mite) വര്‍ഗ്ഗത്തില്‍ പെട്ട ജീവിയാണ് രോഗത്തിന് കാരണം.
നേരിട്ടുള്ള സമ്പര്‍ക്കം വഴിയാണ് രോഗം പകരുന്നത്.രോഗം പിടിപെട്ടവര്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, പുതപ്പുകള്‍, തോര്‍ത്ത് മുതലായവ ഉപയോഗിച്ചാലും ഈ രോഗം പകരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലെ തിരക്കും, ആളുകള്‍ തമ്മിലുള്ള അടുത്ത സമ്പര്‍ക്കവും ഈ ചര്‍മ്മരോഗം പകരാനിടയാക്കുന്നു.
അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികള്‍ക്ക് 3-4 ആഴ്ചകള്‍ക്കു ശേഷം ശരീരമാസകലം അസഹനീയമായ ചൊറിച്ചില്‍ അനുഭവപ്പെടുന്നു. ഇതോടൊപ്പം വിരലുകളുടെ ഇടകള്‍, കൈത്തണ്ട, കൈമടക്ക്, കക്ഷം, പൊക്കിള്‍, തുടകള്‍, സ്ത്രീകളില്‍ സ്തനങ്ങള്‍, പുരുഷന്മാരിലും ആണ്കുട്ടികളിലും ലിംഗം, ശിശുക്കളില്‍ മുഖം കൈകാല്‍ വെള്ള എന്നീ ഭാഗങ്ങളില്‍ അസഹനീയമായ ചൊറിച്ചിലും ചുവന്ന കുരുക്കളും പാടുകളും കണ്ടു വരുന്നു. രാത്രിയില്‍ ചൊറിച്ചില്‍ കൂടുതലായി അനുഭവപ്പെടാം.
മൈക്രോസ്‌കോപ്പിലൂടെ മാത്രമേ ഈ ജീവിയെയെ കാണാന്‍ സാധിക്കുകയുള്ളു.
രോഗം പൂര്‍ണമായി ഭേദമാകാന്‍ രോഗിയും രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന എല്ലാവരും ശരീരമാസകലം പെര്‍മെത്രിന്‍ (permethrin) പോലെയുള്ള ആന്റി-സ്‌കെബിറ്റിക് മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കണം.
വസ്ത്രങ്ങള്‍, പുതപ്പുകള്‍, തോര്‍ത്ത് മുതലായവ ചൂടുവെള്ളത്തില്‍ പുഴുങ്ങി ഉണക്കി ഉപയോഗിക്കണം .
പേന്‍ ശല്യം (Louse infestation)
പെഡിക്യൂലസ് ക്യാപിറ്റിസ് എന്നാണ് തലയിലെ പേനിന്റെ ശാസ്ത്രീയ നാമം. അസഹനീയമായ ചൊറിച്ചിലിനോടൊപ്പം പേനുകളെയും ഈരുകളെയും മുടിയിഴകളിലും തലയോട്ടിയിലും കാണാന്‍ കഴിയും. ചില സന്ദര്‍ഭങ്ങളില്‍ ബാക്റ്റീരിയല്‍ അണുബാധയും അതോടൊപ്പം ചെവിക്കു പുറകിലെ കഴലവീക്കവും ഉണ്ടാകാം. പെര്‍മെത്രിന്‍/ ഐവര്‍മെക്ടിന്‍ ഷാംപൂ, പേനും ഈരും ചീകി കളയുക എന്നിവയാണ് പ്രതിവിധി.
മേല്പറഞ്ഞതിനു സമാനമായി പെഡിക്യൂലസ് കോര്‍പോരിസ്(pediculus corporis) എന്ന പേന്‍ ദേഹത്തെ രോമങ്ങളെയും ഫ്ത്തീരിയാസിസ് പ്യൂബിസ് (phthiriasis pubis) സ്വകാര്യഭാഗങ്ങളിലെ രോമങ്ങളെയും ബാധിക്കുന്നു. വസ്ത്രങ്ങള്‍ അണുനശീകരണം ചെയ്യുന്നതോടൊപ്പം പെര്‍മെത്രിന്‍ / ഐവര്‍മെക്ടിന്‍ ലേപനങ്ങള്‍ ഫലപ്രദമാണ്.
പ്രളയകാലത്തു ത്വക് രോഗങ്ങളെ പ്രതിരോധിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക..
വ്യക്തിശുചിത്വം പാലിക്കുക
ശരീരഭാഗങ്ങള്‍ ഈര്‍പ്പരഹിതമായി വയ്ക്കാന്‍ ശ്രമിക്കുക
വസ്ത്രങ്ങള്‍ പങ്കിടുന്നത് കഴിവതും ഒഴിവാക്കുക
പ്രമേഹം നിയന്ത്രണവിധേയമാക്കുക
ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരമല്ലാതെ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും വാങ്ങുന്ന ലേപനങ്ങള്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിക്കാതിരിക്കുക
ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കുക
(ഇന്‍ഫോ ക്ലിനിക്കിന് വേണ്ടി ഡോ. അശ്വനി രംഗനാഥ് എഴുതിയ ലേഖനം)
ചിത്രം – ഇന്‍ഫോ ക്ലിനിക്ക്