അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം തകർന്നുവീണ സംഭവത്തിൽ മെഡിക്കൽ വിദ്യാർത്ഥികളുടെ മരണസംഖ്യയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു.
കഴിഞ്ഞ ദിവസം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മെഡിക്കൽ സ്റ്റുഡന്റ്സ് നെറ്റ്വർക്ക് പുറത്തിറക്കിയ (IMA MSN) ഔദ്യോഗിക ലെറ്റർഹെഡിൽ 50 മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചതായാണ് അറിയിച്ചിരുന്നത്. എന്നാൽ ജൂൺ 12 ന് വൈകുന്നേരം എക്സിൽ പോസ്റ്റ് ചെയ്ത MSN/UP/2025/003 എന്ന റഫറൻസ് നമ്പറുള്ള ഒരു കത്തിൽ മെഡിക്കൽ വിദ്യാർത്ഥികളുടെ മരണം സ്ഥിരീകരിച്ചിരുന്നെങ്കിലും എത്ര പേർ മരിച്ചുവെന്ന് വ്യക്തമാക്കിയിരുന്നില്ല. ശേഷം രാത്രിയിൽ ആദ്യം അറിയിച്ചിരുന്ന കണക്കുകൾ തിരുത്തി മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചതായി ഐഎംഎ എംഎസ്എൻ അറിയിച്ചു. നിലവിൽ അനൗദ്യോഗിക കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. എത്രപേർ മരിച്ചുവെന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകൾ ലഭിച്ചിട്ടില്ലായെന്നാണ് മെഡിക്കൽ അധികൃതർ അറിയിച്ചിട്ടുള്ളത്. വിമാനം ജനവാസ മേഖയിൽ തകർന്നുവീണതിനാൽ നിരവധി തദ്ദേശീയവാസികളും മരിച്ചതായാണ് കണക്കാക്കപ്പെടുന്നത്.
ദേശീയ സംഘടനയുടെ ലെറ്റർഹെഡിലായിരുന്നു ആദ്യത്തെ പ്രസ്താവന വന്നിരുന്നത്. പിന്നീട് പുറത്തുവിട്ടത് ഉത്തർപ്രദേശ് സംസ്ഥാന ഘടകത്തിന്റെ ലെറ്റർഹെഡിലുമായിരുന്നെന്ന് ദി വീക്ക് റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 294 പേര് മരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. മേഘാനി നഗറിലെ ബി.ജെ. മെഡിക്കൽ കോളേജ് ആൻഡ് സിവിൽ ആശുപത്രിയിലെ ബിരുദ വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. ഉച്ചഭക്ഷണത്തിനായി വിദ്യാർത്ഥികൾ ഹോസ്റ്റൽ മെസ് ഹാളിൽ ഒത്തുകൂടിയതിനാൽ അപകടത്തിൽപ്പെട്ടലരുടെ എണ്ണം വർദ്ധിക്കുകയായിരുന്നു.
വിദ്യാർത്ഥികളുടെ മരണത്തിൽ അനുശോചനം അറിയിച്ചുകൊണ്ടുള്ളതായിരുന്നു ഐഎംഎ എംഎസ്എനിന്റെ ആദ്യത്തെ പത്രക്കുറിപ്പ്. എല്ലാ എംഎസ്എൻ സംസ്ഥാന യൂണിറ്റുകളോടും പ്രത്യേകിച്ച് ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുടെ സമീപത്തുള്ളവരോട് കഴിയുന്ന വിധത്തിൽ സഹായം നൽകാൻ അഭ്യർത്ഥിക്കുന്നതായും ഐഎംഎ അറിയിച്ചിരുന്നു.
Content Summary: Air India plane crash; The death toll among medical students remains unknown
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.