വായു മലിനീകരണം മൂലം ലോകത്ത് ദിനം പ്രതി അഞ്ചു വയസില്‍ താഴെയുള്ള 2000 കുട്ടികള്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. ശുദ്ധജല ദൗര്‍ലഭ്യം, ശുചിത്വമില്ലായ്മ എന്നിവയെ മറികടന്ന് ലോകമെമ്പാടുമുള്ള കൊച്ചു കുട്ടികളെ ബാധിക്കുന്ന രണ്ടാമത്തെ വലിയ ആരോഗ്യപ്രശ്‌നമായി മാറിയിട്ടുണ്ട് ശുദ്ധവായുവിന്റെ അഭാവം.
ഹെല്‍ത്ത് എഫക്ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ പഠനത്തില്‍ പറയുന്നത് വായു മലിനീകരണം മൂലം 2021 ല്‍ മാത്രം കുട്ടികളും മുതിര്‍ന്നവരുമടക്കം 80 ലക്ഷം മനുഷ്യര്‍ രോഗികളായി മരിച്ചു പോയിട്ടുണ്ടെന്നാണ്. വീടിന് അകത്തും പുറത്തും നേരിടേണ്ടി വരുന്ന മലിനീകരണം മനുഷ്യരുടെ ആരോഗ്യം കൂടുതല്‍ മോശമാക്കി കൊണ്ടിരിക്കുകയാണെന്നും എച്ച് ഇ ഐ പഠനത്തില്‍ പറയുന്നു.
പുകയില എന്ന വില്ലനെ പിന്നിലാക്കി മനുഷ്യരെ കൊന്നൊടുക്കുന്ന കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ വായു മലനീകരണം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് മനുഷ്യ ജീവനെടുക്കുന്നതില്‍ ഒന്നാം സ്ഥാനത്തുള്ളത്. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളെ അല്‍പ്പായുസിലേക്ക് തള്ളിവിടുന്നതിന് പോഷകാഹരക്കുറവ് കഴിഞ്ഞാല്‍ വായു മലനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് രണ്ടാമത്തെ കാരണം.
2017 മുതല്‍ വായു മലനീകരണവുമായി ബന്ധപ്പെട്ട് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന സ്ഥാപനമാണ് ഹെല്‍ത്ത് എഫക്ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്. യുനിസെഫുമായി സഹകരിച്ച് എച്ച് ഇ ഐ ഈ വര്‍ഷം പുറത്തു വിട്ട സ്റ്റേറ്റ് ഓഫ് ഗ്ലോബല്‍ എയര്‍ റിപ്പോര്‍ട്ട് പറയുന്നത് ദരിദ്ര രാജ്യങ്ങളിലെ കുട്ടികളാണ് മലിന വായുവിന്റെ പ്രധാന ഇരകളാകുന്നതെന്നാണ്. വായു മലനീകരണം മൂലമുള്ള അഞ്ചു വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് ദരിദ്ര രാജ്യങ്ങളില്‍ 100 ശതമാനം അധികമാണെന്നും പഠനം പറയുന്നു.
ചെറിയ കുട്ടികള്‍, പ്രായമായവര്‍, അതുപോലെ ദരിദ്രമായതും മധ്യവര്‍ഗവുമായ രാജ്യങ്ങളുമാണ് ഈ ദുരിതം കൂടുതലായി ചുമക്കേണ്ടി വരുന്നതെന്നാണ് എച്ച് ഇ ഐ യുടെ ഗ്ലോബല്‍ ഹെല്‍ത്ത് മേധാവിയും പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ സംഘത്തിലെ അംഗവുമായ പല്ലവി പന്ത് ചൂണ്ടിക്കാണിക്കുന്നത്.
പിഎം 2.5 കണികകളാണ് (2.5 മൈക്രോമീറ്ററില്‍ താഴെ വ്യാസമുള്ളവ) ആഗോള വായു മലിനീകരണ മരണങ്ങളിലെ 90% ത്തിലധികത്തിനും കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മലിന വായുവിലുള്ള പിഎം 2.5 കണികകള്‍ രക്തത്തില്‍ പ്രവേശിക്കുകയും ശരീരാവയങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ശ്വാസകോശ രോഗം, ഹൃദ്‌രോഗം, പക്ഷാഘാതം, പ്രമേഹം, ഡിമെന്‍ഷ്യ തുടങ്ങിയ ഗര്‍ഭം അലസുന്നത് വരെയുള്ള രോഗദുരിതങ്ങള്‍ മലിന വായു മൂലം മനുഷ്യര്‍ നേരിടേണ്ടി വരുന്നുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
പിഎം 2.5 മലിനീകരണം ലോകമാകമാനം വലിയ തോതില്‍ വ്യാപിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് ലോകത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നു.
നമ്മള്‍ പുലര്‍ത്തുന്ന നിഷ്‌ക്രിയത്വം വരും തലമുറയോടു കൂടി ചെയ്യുന്ന ദ്രോഹമാണെന്നും മനുഷ്യരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കാന്‍ ആഗോളതലത്തിലുള്ള ഇടപെടലിന്റെ ആവശ്യം അവിതര്‍ക്കമാണെന്നുമാണ് എച്ച് ഇ ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുനിസെഫ് ഡെപ്യൂട്ടി ഡയറക്ടര്‍ കിറ്റി വാന്‍ ദേര്‍ ഹെയ്ജ്‌ദെന്‍ പറയുന്നത്.
കാലാവലസ്ഥ പ്രശ്‌നങ്ങളും വായു മലിനീകരണത്തിന് കാരണമാകുന്നുണ്ടെന്ന് എച്ച് ഇ ഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഠിനവും നീണ്ടു നില്‍ക്കുന്നതുമായ വരള്‍ച്ച, വരണ്ടുണങ്ങുന്ന നിലങ്ങള്‍, വനങ്ങള്‍ തിന്നു തീര്‍ക്കുന്ന കാട്ടുതീ, വിസ്തൃതമായ സമതലങ്ങളെ മൂടുന്ന പൊടിക്കാറ്റുകള്‍ വിഷ കണങ്ങള്‍ ദീര്‍ഘനേരം വായുവില്‍ നിറച്ചു നിര്‍ത്തുന്നതിന് കാരണമാകുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വേനല്‍ക്കാലത്തെ ഉയര്‍ന്ന താപനിലയില്‍ നൈട്രജന്‍ ഓക്‌സൈഡ് പോലുള്ളവ വായുവില്‍ പടരുന്നതും മലനീകരണത്തിന്റെ ആഘാതം കൂട്ടുന്നു.
ലോകമെമ്പാടുമുള്ള ഏകദേശം 230 കോടി മനുഷ്യര്‍ക്ക് ശുദ്ധമായ പാചവ വാതക ഇന്ധനം ലഭിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആഫ്രിക്കയിലെ മാത്രം പ്രശ്‌നം പരിഹരിക്കാന്‍ ഇപ്പോള്‍ മുതല്‍ 2030 വരെയുള്ള കാലത്തില്‍ വര്‍ഷം നാല് ബില്യണ്‍ ഡോളര്‍ ചെലവിടേണ്ടി വരുമെന്നാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി കണക്കുകൂട്ടി പറയുന്നത്. കഴിഞ്ഞ മാസം നടത്തിയൊരു ആഗോള ഉച്ചകോടിയുടെ ഭാഗമായി ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മനുഷ്യര്‍ക്ക് മലിനരഹിത അന്തരീക്ഷം ഒരുക്കുന്നതിനായി ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ നേതൃത്വത്തില്‍ 2.2 ബില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു.
ആരോഗ്യം, കാലാവസ്ഥ, ദേശീയ സമ്പദ് വ്യവസ്ഥ എന്നിവയില്‍ സ്വാധീനം ചെലുത്തുന്ന ഈ പ്രശ്‌നം സര്‍ക്കാരുകള്‍ ആഗോള മുന്‍ഗണന നല്‍കി സമീപിക്കണമെന്നാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫത്തിഹ് ബിറോള്‍ ആവശ്യപ്പെടുന്നത്. ഇതില്‍ ലിംഗസമത്വത്തിന്റെതായൊരു പ്രശ്‌നം കൂടിയുണ്ടെന്നും ഫത്തിഹ് ചൂണ്ടിക്കാണിക്കുന്നു. കാരണം, പാചകത്തിനാവശ്യമായ വിറക് ശേഖരിക്കാന്‍ ഇറങ്ങേണ്ടി വരുന്നത് സ്ത്രീകളും പെണ്‍കുട്ടികളുമാണ്. ഇത്തരം അവസ്ഥകള്‍ കാലങ്ങളായി അവഗണിക്കപ്പെട്ടു കിടക്കുകയാണെന്നും ഐ ഇ എ ഡെപ്യൂട്ടി ഡയറക്ടര്‍ പറയുന്നു.
ലോകമെമ്പാടുമുള്ള 200 ല്‍ അധികം രാജ്യങ്ങളിലും ടെറിറ്ററികളിലും നടത്തിയ പഠനമായ, 2021 ലെ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫി ഡിസീസില്‍ നിന്നുള്ള വിവരങ്ങളും ഈ വര്‍ഷത്തെ സ്റ്റേറ്റ് ഗ്ലോബല്‍ എയര്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ കണ്ടെത്തിയിരുന്നത് മനുഷ്യര്‍ ഓരോ ദിവസവും മലിനമായ വായുവാണ് ശ്വസിക്കുന്നതെന്നും ഓരോ വര്‍ഷവും അരലക്ഷത്തോളം കുഞ്ഞുങ്ങള്‍ അശുദ്ധവായു ശ്വസിക്കുന്നതിന്റെ ഫലമായി മരണപ്പെടുന്നുണ്ടെന്നുമായിരുന്നു. പുതിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിന്റെ അന്തരീക്ഷം മുന്‍പത്തെക്കാള്‍ കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. air pollution almost 2000 children die every day global study report finds
Content Summary; air pollution almost 2000 children die every day global study report finds