June 04, 2026 |

‘365 ദിവസവും നട തുറക്കണം, 60 ദിവസത്തിൽ രണ്ടരക്കോടി ജനങ്ങളെത്തിയാൽ ഒരു ജില്ല അതെങ്ങനെ നേരിടും?’

പത്തനംതിട്ട ജില്ലയുടെ ആകെ ജനസംഖ്യ 11 ലക്ഷമാണ്

മണ്ഡല–മകരവിളക്ക് സമയമായതോടെ ശബരിമലയിൽ ഭക്തരുടെ ഒഴുക്ക് കുത്തനെ വർധിച്ചിരിക്കുകയാണ്. ദിവസേന ലക്ഷക്കണക്കിന് തീർത്ഥാടകരാണ് സന്നിധാനത്തിലേക്ക് എത്തുന്നത്. വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും നിരവധി വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.

ശബരിമലയിൽ പൊലീസ് സംവിധാത്തിൻ്റെ പ്രവർത്തനത്തെക്കുറിച്ചും ശരിക്കും എന്താണ് ശബരിമല വിഷയത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതെന്നും മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് അഴിമുഖത്തോട് പ്രതികരിച്ചു. 365 ദിവസവും ഭക്തർക്കായി സന്നിധാനം തുറന്നുകൊടുക്കണമെന്നും അലക്സാണ്ടർ ജേക്കബ് കൂട്ടിച്ചേർത്തു.

‘ശബരിമല ഉൾക്കൊള്ളുന്ന പത്തനംതിട്ട ജില്ലയുടെ ആകെ ജനസംഖ്യ 11 ലക്ഷമാണ്. അങ്ങനെയുള്ള ഒരു ജില്ലയിലേക്ക് 60 ദിവസത്തിൽ രണ്ടരക്കോടി ജനങ്ങളെത്തിയാൽ എങ്ങനെയാണ് ഒരു ജില്ലയ്ക്ക് അതിനെ നേരിടാൻ കഴിയുക?

കഴിഞ്ഞ 50 വർഷമായി ശബരിമലയിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനായി ശ്രമിക്കുകയാണ്. ബിജെപി ഒഴിച്ചുള്ള രാഷ്ട്രീയ പാർട്ടികൾ കേരളം ഭരിച്ചിട്ടുണ്ട്. ശബരിമലയിൽ സൗകര്യം വർദ്ധിപ്പിക്കുക എന്നത് എല്ലാ പാർട്ടികളുടെയും ഉത്തരവാദിത്തമാണ്. തിരക്കു നിയന്ത്രണത്തിന്റെ ഭാഗമായി സ്പോട്ട് ബുക്കിങ് 5,000 ആയി കുറയ്ക്കാനാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ഒരു കോടി 20 ലക്ഷം പേരാണ് ശബരിമലയിലെത്താനായി മാലയിട്ടിരിക്കുന്നത്. ഹൈക്കോടതി പറയുന്നതനുസരിച്ച് നോക്കുമ്പോൾ മണ്ഡലകാലം അവസാനിക്കുമ്പോൾ 30 ലക്ഷം പേർക്ക് മാത്രമാണ് ശബരിമലയിൽ പ്രവേശിക്കാൻ കഴിയുന്നത്. ബാക്കിയുള്ളവരോട് വരരുതെന്ന് പറയാൻ സംസ്ഥാന സർക്കാരിനോ കേന്ദ്ര സർക്കാരിനോ കഴിയില്ല.

മക്കയിലെത്തുന്നവരുടെ എണ്ണം കുറയ്ക്കാനായി ഇത്ര പേർക്ക് മാത്രമേ ആ സമയത്ത് ഹജ്ജിന് എത്താൻ കഴിയുകയുള്ളൂവെന്ന് സൗദി ​ഗവൺമെൻ്റ് പറഞ്ഞിരിക്കുകയാണ്. ഇന്ത്യയിൽ ഹജ്ജിന് അപേക്ഷിക്കുന്നവർ ലക്ഷങ്ങളാണ്. അതേസമയം, അനുമതി ലഭിക്കുന്നത് 30000 പേർക്കായിരിക്കും. സൗദി ​ഗവൺമെൻ്റിനോട് ആർക്കും എതിര് പറയാൻ കഴിയാത്തതിനാൽ അത് അം​ഗീകരിക്കേണ്ടതായി വന്നു. എന്നാൽ ഈ നിയമം ശബരിമലയിൽ നടപ്പാക്കാൻ കഴിയില്ല.

ശബരിമലയിൽ ജനങ്ങളെത്തിയാൽ അത് മറ്റൊരു വിഷയമാകും. ശബരിമലയെ തൊടാതിരിക്കുക എന്നത് നാഷണൽ ലോബിയുടെ ശ്രമമാണ്. ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലും തിരക്ക് മൂലമുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ 365 ദിവസവും ക്ഷേത്രം തുറന്നുകൊടുത്താണ് അവർ ഈ പ്രശ്നത്തിന് പരിഹാരം കണ്ടത്.

ശബരിമലയിലെ പ്രശ്നവും ഇത്തരത്തിൽ പരിഹരിക്കാൻ കഴിയുന്നതാണ്. മാലയിട്ട ഒരു കോടി 20 ലക്ഷം അയ്യപ്പ ഭക്തർക്ക് 365 ദിവസവും ശബരിമലയിൽ കയറാനുള്ള അവസരമുണ്ടായാൽ, എല്ലാം ശരിയാകും. ഇതിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞപ്പോൾ അദ്ദേഹത്തെ ആചാരത്തിൻ്റെ പേര് പറഞ്ഞ് എല്ലാവരും വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയ്തത്’, അലക്സാണ്ടർ ജേക്കബ് അഴിമുഖത്തോട് പ്രതികരിച്ചു.

Content Summary: Sabarimala should remain open all 365 days, how can a small district like Pathanamthitta handle 25 million visitors in just 60 days?

Leave a Reply

Your email address will not be published. Required fields are marked *

×